ഒലിച്ചുപോകുന്ന
വഴിയെയും
വഴിവെട്ടിയവരെയും
നോക്കി നിന്ന്
അലമുറയിട്ട്
നെഞ്ചിനെ നീളത്തിൽ
രണ്ടായ് വരയുന്നു
വരാന്തയിലെ തൂണ്.
ആർത്തലച്ചു വരുന്ന
മഴയെപ്പേടിച്ച്
മുറ്റത്തേയ്ക്കിറങ്ങിക്കിടക്കുന്നു
വിരിയില്ലാത്ത ചാരുകസേര.
കുടിയൊഴിഞ്ഞുപോയവർ
തിരികെ വരുന്നേരം
എന്തു പറയുമെന്നറിയാതെ
നാവു കുഴഞ്ഞ്
നിലംപതിക്കുന്നു
കെട്ടഴിഞ്ഞുപോയ
മേൽക്കൂര.
കനത്തു പെയ്തിട്ടും
കനിവൊട്ടും കാട്ടാതെ
മേഘക്കൂട്ടങ്ങളെയും
തെളിച്ചു വരുന്നുണ്ട്
വീണ്ടും
കലിപൂണ്ടാകാശം.
കയറിയിരിക്കാറുള്ള
മലകളെ,
കാൽ കഴുകാറുള്ള
പുഴകളെ,
തലതോർത്താറുള്ള
മരങ്ങളെ
ചികഞ്ഞുചികഞ്ഞ്
മൂർച്ചപ്പെട്ടതാണ്
മഴയുടെ വിരലുകൾ .!