2018, നവംബർ 18, ഞായറാഴ്‌ച

നോവിനുമപ്പുറം

തൊടിക്കപ്പുറം
ഒരു കാവ്
ആകാശം മുട്ടി മരങ്ങൾ
പേരറിയാത്ത വള്ളിച്ചെടികൾ
പൂക്കൾ
പൂമ്പാറ്റകൾ
കിളിയൊച്ച.

കാവിനുള്ളിൽ
മണ്ണുതേച്ച മുറിയിൽ
ആഭരണങ്ങളില്ലാതെ 
ശാന്തതയോടിരിക്കുന്ന
തേജസ്സുറ്റ മുഖം,
അത് ദൈവമാണെന്ന്
മൂത്തവർ പറഞ്ഞുതന്ന
അറിവ്.

എത്രയോവട്ടം
ഇരുട്ട് കുടഞ്ഞെറിഞ്ഞ്  
അകത്തു കയറി
തൊട്ടുനിന്ന്
പറയാനുള്ളത്
ഒട്ടും പേടിയില്ലാതെ
പറഞ്ഞുപോന്നതാണ്.
കണക്കിനൊന്നാമതാവാൻ
നട്ടുവെച്ചു വെള്ളമൊഴിച്ച
ചെടിക്ക്
നന്നായി വേരുപിടിക്കാൻ
പയ്യ് സുഖമായിട്ട്
കിടാവൊന്നിനെ പെറ്റുതരാൻ
അങ്ങനെയങ്ങനെ.

കാവിനൊരല്പം താഴെ
ചെറിയ തോട്
കണ്ണീരുപോലെ തെളിഞ്ഞ്
പതിഞ്ഞ്
പാടിയൊഴുകുന്നവൾക്ക്
എത്ര ഞൊറികളെടുത്തിട്ടും
തീരാത്ത ദാവണി.

പല നാവുകളിലൂടെ
കേൾക്കാറുണ്ടിപ്പോൾ
ഉത്സവമേളങ്ങളെക്കുറിച്ച്
ആനകളുടെ
സംഖ്യാബലത്തെക്കുറിച്ച്
വാഹനങ്ങളുടെ
ഒഴുക്കിനെക്കുറിച്ച്
എന്തും വാങ്ങാൻ കിട്ടുമെന്ന
അതിശയത്തെക്കുറിച്ച്.

കാവിനെ
തെളിനീരുറവയെ
ദൈവമിറങ്ങിപ്പോയ
മണ്ണു തേയ്ച്ച മുറിയെ
മറന്നുപോയ നാവുകൾ.

ഒറ്റയ്ക്ക്
പോയിരിക്കാറുണ്ട് 
ചിറകുമുളയ്ക്കുന്ന 
നേരങ്ങളിൽ
എങ്ങോ മറഞ്ഞുപോയ
ദൈവത്തെ
കൂട്ടിക്കൊണ്ടുവരാറുണ്ട്
ആ പഴയ മുറിയിൽ
ഞങ്ങൾ പരസ്പരം
വെച്ചുമാറാറുമുണ്ട്.

---------------------------------------------------------