2018, നവംബർ 20, ചൊവ്വാഴ്ച

മുറിവെന്നു വായിക്കാതിരിക്കുക

അടങ്ങാത്ത
വിശപ്പിൻ മുന്നിൽ
പൊതിച്ചോറുപോലെ 
തുറന്നുവെച്ചിരുന്നു 
വായിച്ചു നിറയാൻ.

വഴിമധ്യേയല്ല
കാത്തുനിന്നാണ്
കണ്ടതെന്ന്
ഉണരാൻ വെമ്പുന്ന
ഒരു യാത്ര.

കാടിന്റെ നിഴൽ
ചാരിയിരുന്ന്
വിയർപ്പാറ്റിയിരുന്ന
വെയിൽനേരങ്ങൾ.

കടലിന്റെ നിറം
പുതച്ചിരുന്ന്
കിനാവിനെയൂട്ടിയ
രാനേരങ്ങൾ.

ഒരു വിള്ളൽ !

നെഞ്ചിനുള്ളിലൂടെ
പാഞ്ഞുപോയ
അടഞ്ഞ
മുറികളുടെ വണ്ടി.

ചതഞ്ഞ ഒച്ചകളുടെ
ദീനരോദനങ്ങൾ.

നിറമിരുന്നിടത്ത്
ആഴത്തിലോ പരപ്പിലോ
അളവൊക്കാത്ത
വലിയ വടുക്കൾ.

കോടിമുണ്ടു പുതച്ച
വരികളുടെ നഗ്നശരീരം.

മുനയൊടിഞ്ഞ
എഴുത്താണിയിൽനിന്ന്
കിനിഞ്ഞിറങ്ങുന്ന
ചുവന്ന രേഖകൾ.

ഒരു വിതുമ്പലിന്
അലമുറയെക്കാൾ
ഒച്ചയാണെന്ന്  
ഓർമ്മപ്പെടുത്തുന്നു
കറുത്ത നേരങ്ങൾ.

മുറിഞ്ഞ തുഴയുടെ
നിലയ്ക്കാതൊഴുകുന്ന
വിലാപമെന്നു മാത്രം 
വായിച്ചു പോകുക.

_________________________