2019, നവംബർ 3, ഞായറാഴ്‌ച

കാടിറക്കം

കര തൊട്ടു
വന്ദിക്കുമ്പോൾ
കാലുകൾ രണ്ടും
നഗ്നമായിരിക്കണമെന്ന്
ഞാനവളോടു പറഞ്ഞിരുന്നു.
കടലും കപ്പലും കപ്പിത്താനും
ഞാനായിരിക്കുമെന്നും.

കരയെത്തുംവരെ
കണ്ണുകൾ
അടഞ്ഞിരിക്കണമെന്ന്
ഓരോ തിരയിളക്കത്തിലും
ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.

കടലിന്റെ മടിയിൽ
ഭയമില്ലെന്നൊരു
കുതിർന്ന മുഖവുരയോടെ
കണ്ട നിറങ്ങളെക്കുറിച്ചും
കേട്ട കാലത്തെക്കുറിച്ചും
അവൾ വാചാലയാകുന്നു.
കറുപ്പും വെളുപ്പും
ഒന്നു തന്നെയാണെന്നും
അതുകൊണ്ട്
കാലത്തെയടയാളപ്പെടുത്താൻ
ഒരക്കം മതിയാവുമെന്നും
അവളെയൊരടക്കിപ്പിടിക്കൽ.

വെളിച്ചമിറങ്ങിവരുന്ന
നാട്ടുവഴികൾ.
പൂക്കളുടെ നിറങ്ങളും
നാഴികമണിയുടെ ശബ്ദവും
അവൾ മറന്നിരിക്കുന്നു.
വെളുത്ത ആകാശത്തിലൂടെ
പതിയെ ഇഴഞ്ഞുനീങ്ങുന്ന
കറുത്ത മേഘങ്ങൾ.
കറുപ്പും വെളുപ്പുമെന്ന്
അവളൊരു വിരൽ മടക്കി.
ആരോ മഷി തട്ടിമറിച്ചതാവാം
അക്കാണുന്ന കറുപ്പെന്നു ഞാനും.

അടുത്ത അക്കം
മുന്നിലെത്തും മുമ്പേ
കടലും
കടലിനു മീതെ കോറി വരച്ച 
തിരകളും
മറഞ്ഞുപോയിരുന്നു,
ഒരു കറുത്ത പൊട്ടായ് ഞങ്ങളും.