ഒച്ച മുറിഞ്ഞ തീവണ്ടിയുടെ
കഷണങ്ങൾക്കിടയിൽ നിന്ന്
സാവിത്ര്യേച്ചിയെ
പെറുക്കിക്കൂട്ടിയെടുത്തു
ആരൊക്കെയോ കൊണ്ടുവന്ന്
നിലത്തുവെച്ചപ്പോഴാണ്
ഹരിയേട്ടൻ ഉറക്കെക്കരഞ്ഞു
കരഞ്ഞ്
ചിരിക്കാൻ തുടങ്ങിയത്.
പുകയുയരുന്നതു നോക്കി നിന്ന്
കൈകളുയർത്തി
ആരെയോ
അന്നുവരെ ആരും കേട്ടിട്ടില്ലാത്ത
പുലഭ്യങ്ങൾ പറഞ്ഞത്
ദിവസം കഴിയുന്തോറും
വരാന്തയിലങ്ങോട്ടുമിങ്ങോട്ടും
നടത്തത്തിനു വേഗത കൂട്ടിയത്.
എനിക്കു ഭയമാണുറക്കെ
കരയാൻ
ഒരു കുട്ടിയുമുണ്ടാവില്ല
വിരലിനേക്കാൾ വളരാതെ
നഖം വെട്ടിത്തരാൻ
മുടിയിലല്പം എണ്ണ പുരട്ടി
ഇല്ലാത്തതുണ്ടെന്നു പറഞ്ഞ്
കുളിമുറിവരെ കൊണ്ടുചെന്നാക്കാൻ
വഴിയിലേയ്ക്കൊരു കണ്ണും തന്ന്
കൂടെയിരിക്കാൻ
ഈ ലോകത്തിപ്പോൾ
ആരും മരിക്കാറില്ലെന്ന്
കൈവെള്ളയിലടിച്ച് സത്യം ചെയ്യാൻ.
കള്ളം പറഞ്ഞാൽ
നിന്റെ തല പൊട്ടിപ്പോകുമെന്ന്
തിരിച്ചു പറയാൻ
എനിക്കന്ന് ബോധവുമുണ്ടാവില്ല.