2024, ഒക്‌ടോബർ 15, ചൊവ്വാഴ്ച



ദൂരെനിന്നുതന്നെ കാണാം
നുണകളിടിച്ചുപിഴിഞ്ഞ് 
കുറുക്കിയെടുത്ത കഥയുടെ 
കയ്ക്കുന്ന രസായനം 
മടിക്കുത്തിൽ തൂങ്ങിക്കിടക്കുന്നത്.

കാലെടുത്തുവെയ്ക്കുമ്പൊ
ചെവിയ്ക്ക് കിഴുക്ക് കിട്ടിയതുപോലെ 
പതിവുചോദ്യം ഒച്ചയിട്ട് പൊങ്ങും
ഇവിടെ വിശേഷിച്ചെന്തെങ്കിലും?
മുത്തിയുടെ ചോദ്യം ചെന്നുമുട്ടി 
വാതിലുകളൊന്നോടെ വാപൊളിക്കും 
വലുതും ചെറുതുമായ കാലുകൾ 
പല താളങ്ങളായി പൂമുഖത്ത് 
അണിനിരക്കും.
 
വരാന്തയിലെ തൂണിൽ 
കാലുകൾക്ക് ലംബമായി
മുതുക് നന്നായുറപ്പിച്ചിരുന്ന് 
സഞ്ചി തുറന്നുവെച്ച്
മുത്തി കഥയുടെ കെട്ട് അഴിച്ചുമാറ്റും 
അത് ഓരോ ചെവിക്കുമൊപ്പം വളർന്ന് 
ഒഴുകിയിറങ്ങും 
നാവുകളതിന്റെ കയ്പിനെ 
മധുരമെന്ന് തമ്മിൽതമ്മിൽ പറഞ്ഞ്
കണ്ണുകളിൽ നിറച്ചുവെയ്ക്കും.
 
പല്ലില്ലാത്ത മോണകൊണ്ട് 
പല്ലിനേക്കാളുറപ്പുള്ളത് ചവച്ച് 
കനമുള്ള പോയകാലത്തിന്റെ 
മധുരം കൂട്ടി മുത്തി അത് കുടിച്ചിറക്കും.

മുത്തി പോയതിൽപ്പിന്നെ 
കഥയില്ലാത്തവളായിരിക്കുന്നു വീട്.