2024, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

വീടുകളൊക്കെ
വിളക്കണച്ചുറക്കമായി
നീണ്ടകാലുകളിൽ തെക്കുവടക്ക് 
നടക്കുന്നു മുറ്റം
പൂക്കളും ചുമന്ന് 
കൂടെനടക്കുന്നു ചെടികൾ
മണ്ണിന്റെ ശ്വാസം കുഴച്ചെടുത്ത്
ആകാശത്തിനൊരു
ചെരാത് മെനയുന്നിരുട്ട്
ചിരിയടക്കിപ്പിടിച്ച്
നിലാവതിന്റെ  തുലാസിൽ 
കൂട്ടിയും കിഴിച്ചുമളന്നിടുന്ന
ഇച്ചിരിപ്പോന്ന തരി 
കൊത്തിവിഴുങ്ങി പറന്നുപോകുന്നു 
രാക്കിളിക്കൂട്ടം 
മുറിഞ്ഞുപോയ പാട്ടിൽ കുറുകി 
ഇരുട്ടിലിരുളാകുന്നിരുട്ട്
വീണുകിടക്കുന്ന
കറുത്ത പൂക്കളെടുത്ത് 
നെഞ്ചിൽ തിരുകിവെച്ച്
കൂനിക്കൂടിയ കൈവരിയിൽ
മരവിച്ചിരിക്കുന്ന തണുപ്പിന്
മൂടാനൊരു പുതപ്പും കൊടുത്ത്
ഇരുളിന്നിരുളാകുന്നിരുട്ട്.

ചിറകൊതുക്കിയിരുന്ന് 
ഒന്ന്
രണ്ട് 
മൂന്നെന്ന്
പടർത്തേണ്ട വാർത്തകൾ
നിരത്തിവെച്ച് 
പായ കുടഞ്ഞുവിരിക്കുന്നു 
വരാന്തയിലിരുന്നൊരു നാടോടിക്കാറ്റ്
നാളെ ഇതിലുമേറെ
ഇരുട്ടേണ്ടിവരുമെന്ന ചിന്തയെ
നിവരാതെ ചുരുട്ടിയെറിഞ്ഞ് 
നിവർന്നു നടന്ന് 
മാനത്തോളം ഇരുളാകുന്നിരുട്ട്
ഹാ !
ആരോ വിരൽകുടഞ്ഞ 
മാത്രയിൽ തട്ടിത്തെറിച്ച് 
നക്ഷത്രമാകുന്നൊരു
മിന്നാമിനുങ്ങ്.!
അണഞ്ഞുമണിഞ്ഞും
ഇരുട്ടിന്റെ വിരിഞ്ഞ നെഞ്ചിൽ
വരയ്ക്കുന്നവൾ
മഴയ്ക്കായൊരു നിറവില്ല്...!