2016, ജൂലൈ 30, ശനിയാഴ്‌ച

പ്രിയപ്പെട്ട എന്റെ അച്ഛന് ,
ഓർമ്മക്കുറിപ്പ് എഴുതിയില്ല ഇന്ന് ,കവിതയും .
അച്ഛനെ വായിച്ചുകേൾപ്പിക്കാൻ ഒരു കവിത ബഹുമാന്യനായ കവി
ശ്രീ .സച്ചിദാനന്ദൻ മാതൃഭൂമിയിൽ എഴുതിയിരുന്നു .എനിക്കുവേണ്ടി
എന്ന് തോന്നിപ്പിക്കുംവിധം .
ഞാൻ വായിക്കട്ടെ ....

കവിതയുടെ പേര് ' അച്ഛൻ ഇരുന്നിടം '

അച്ഛൻ ഇരുന്നിടത്ത്
പഴയ ചാരുകസേരയിൽ
ഇപ്പോൾ ഒരു പാട് മാത്രമുണ്ട്
വിയർപ്പും ചന്ദനവും മണക്കുന്ന
ഒരു കുഴി .

അച്ഛൻ വായിച്ചിരുന്ന 'എക്സ്പ്രസ് '
പത്രത്തിൻെറ ഒരു തുണ്ട്
ചാരുകസേരയുടെ കാലിൽ
ഒട്ടിപ്പിടിച്ചിരുപ്പുണ്ട്.
ഞാൻ അവിടെ ഇരുന്ന് മുകളിലേക്കു നോക്കി
അച്ഛൻ വായിക്കുന്ന പത്രത്തിന്റെ
പിൻപുറം വായിക്കുമായിരുന്നു.

അച്ഛന്റെ കണ്ണടക്കൂട്
അവിടെത്തന്നെ  ഉണ്ട് ,
അതിലെ കണ്ണട ഇപ്പോൾ
മറ്റൊരു ലോകം കാണുകയാണെങ്കിലും.

പിന്നെ മുഷിഞ്ഞ ഒരു തോർത്ത്
ഷർട്ടിൽ ഇടാറുള്ള
സ്വർണം പൂശിയ കുടുക്ക്
സിംഗപ്പൂരിൽ നിന്ന്
ആരോ കൊണ്ടുവന്നു കൊടുത്ത
ഒരു തോൽപഴ്സ്
അച്ഛൻ മേശ തുറക്കുമ്പോൾ വന്നിരുന്ന
ഏതോ പഴയ കാലത്തിന്റെ മണം
അച്ഛൻ എന്നെ പാടിയുറക്കാറുള്ള,
ഒരു മരത്തെയും പക്ഷിയെയും
കുറിച്ചുള്ള, തമിഴ് താരാട്ടിന്റെ ഈണം.

നാരായണീയത്തിലെ ഒരു ശ്ലോകം
അച്ഛന്റെ ശബ്ദം തേടി അലയുന്നു
രാത്രി അതു നാലു
നെൽകതിരുകളായി മാറുന്നു
മുറ്റം വയലായി പഴുത്തുലയുന്നു .

അച്ഛൻ മാത്രം ഇല്ല,
വെളുപ്പാൻ കാലത്തു വരാറുള്ള
ചില ഇളംതവിട്ടു നിറമുള്ള
സ്വപ്നങ്ങളിൽ ഒഴികെ.

ഞാൻ താമസിയാതെ
അച്ഛനെ കാണും
ആ നെറ്റിയിൽ
എന്റെ നീലിച്ച ചുണ്ടുകൾ കൊണ്ട്
ഒരു ഉമ്മ കൊടുക്കും.  
അച്ഛൻ കേട്ടില്ലേ ? എന്തുതോന്നുന്നു ? 
എന്റെ അച്ഛനെക്കുറിച്ചു തന്നെയല്ലേ കവി എഴുതിയത് ? !!!!!!
അച്ഛൻ പറയുന്നത് ഞാൻ കേൾക്കുന്നു .'' ഞാൻ നിന്നെ പാടിയുറക്കിയിരുന്നില്ലല്ലോ ''
ആ ശ്വാസത്തിന്റെ താളം എനിക്ക് പാട്ടിനേക്കാൾ മധുരമായിരുന്നു .
ആ ചാരുകസേര എനിക്ക് ദൈവമിരുന്നിടം .വീട് എന്റെ സ്വർഗ്ഗവും .
( എന്റെ അച്ഛൻ നക്ഷത്രങ്ങളുടെ കൂട്ടുകാരനായിട്ട് ഇന്നേക്ക് ഏഴ് വർഷം .)

2016, ജൂലൈ 29, വെള്ളിയാഴ്‌ച

അദ്ധ്യായാവസാനം

ഒരു വരിയുടെ
പാദസ്പർശം കൊണ്ട്
ഉയിർത്തെഴുന്നേൽക്കുന്നു
ഒരുവൾ

അക്കരെയിക്കരെ
ഉടലുയിരുകൾ വേറിട്ട്
മറ്റൊരുവൾ

നീ
വരികൾ മേയ്ച്ചു നടക്കുന്ന
കൗശലക്കാരനായ ഒരിടയൻ

ഞാൻ
ദിശയേതെന്നറിയാത്ത
കിനാവുകളുടെ കാവൽക്കാരി

കൊണ്ടുപോകണം
ഇന്നലെ പെയ്ത നിലാവിനെ

പുതപ്പിച്ചുറക്കണം
നനഞ്ഞൊരോർമ്മയെ

മടിയിലിരുത്തണം
ഒരു താരകക്കുഞ്ഞിനെ

കഥപറഞ്ഞു കഥപറഞ്ഞ്
വിരൽ വിടുവിച്ച്‌ പായ നിവർത്തണം

ഇളക്കിയെടുക്കണം
സൂര്യകാന്തത്തിന്റെ ഒരു വരി 

ഒരു വിരൽസ്പർശം 
എനിക്ക് വീണ്ടുമെരിഞ്ഞടങ്ങണം .
 

2016, ജൂലൈ 28, വ്യാഴാഴ്‌ച

ഉയിരുണരുമിടം

കാഴ്ചയുടെ
വരമ്പത്തിരുന്നാരോ
കൃഷ്ണമണിയിലേയ്ക്കൊരു
ചൂണ്ടൽ .

കൊളുത്ത് നിറയെ
ഇരുട്ടിന്റെ ചെതുമ്പലുകൾ .

നടത്തം മറന്നുപോകുന്ന
സമയത്തിന്റെ കാലുകൾ .

വരികളിഴഞ്ഞുകയറിപ്പോകുന്ന
ഇരുട്ടിന്റെ മാളങ്ങൾ.

ഇടവഴി താണ്ടി
ഒരു കൈ ചൂട്ടുവെളിച്ചം .

കൂരിരുട്ട് ചുരണ്ടിമാറ്റി
നിന്റെ നോട്ടത്തിന്റെ മുന .

എനിക്കു വായിക്കാൻ
ആവാത്തതുകൊണ്ടു മാത്രം
നീ എഴുതാതിരുന്ന കവിത .

പിറക്കാതെപോയ
വരികളിഴചേർത്ത്
നമ്മളുണ്ടാക്കുന്ന ഗോവണി .

വിരൽത്തുമ്പിന്  തൊട്ടെടുക്കാൻ
ആകാശത്തിന്റെ അനന്തനീലിമ
കാൽനഖത്തിനു നനച്ചെടുക്കാൻ
തെളിനീരരുവിയുടെ തണുപ്പ് .

ഈ ഭൂമികയാണ്
നീ നീ നീയെന്നെഴുതി
ഞാനെന്നു വായിക്കുമിടം .

2016, ജൂലൈ 20, ബുധനാഴ്‌ച

പച്ചത്തുന്നൽ ...

ഇന്നലെപ്പാട്ട്
കളഞ്ഞുപോയെന്ന്
കിളിമരച്ചില്ലയെ
ഊയലാട്ടം പഠിപ്പിക്കുന്നു
കുഞ്ഞു കുരുവിപ്പെണ്ണ്
ഇത്രേം ചുവന്നിട്ടോയെന്ന്
തലയുംകുത്തി നിന്ന്
കാണാപ്പുറം തിരയുന്നു
ചിരിയെ പാതി വിരിയിച്ച്
ചെമ്പരത്തിപ്പൂക്കൾ
കുശലം പറഞ്ഞ്
വരിതെറ്റിച്ച്‌
ഞങ്ങൾ കണ്ടില്ലേയെന്ന്
നിവർത്തിയിട്ട മുറ്റത്ത് 
വെടിപ്പായി നേർവരയിടുന്നു 
ഉറുമ്പിൻ പറ്റം
കരിയില ചിക്കിനോക്കി
അവിടേമിവിടേം തിരയാൻ
തുള്ളിയോടി വരുന്നു
കാറ്റൊരുത്തി
ഞാനെടുത്തു വെച്ചിട്ടുണ്ടെന്ന്
ചേമ്പിലയിലിരുന്ന്
ഇത്തിരിപ്പോന്നൊരു
ഭൂമിയെന്നുരുണ്ടുലഞ്ഞ്
കുസൃതിക്കാരി മഴത്തുള്ളി .
 
പടംവര നിർത്തി
ചൂലൊതുങ്ങിയില്ലേയെന്ന്
കുത്തരിത്തിളമണമുണ്ട്
എരിവും പുളിയും നനയാൻ
അക്ഷമപ്പെട്ട്
ഇളകിനോക്കുന്നുണ്ട്  
അകത്തൊരു അരകല്ലും കുഞ്ഞും.

വെയിലിന്റെ
പീലിയൊന്നിളക്കിയെടുക്കണം
കൈനീട്ടിപ്പിടിച്ച് വെള്ള കാട്ടാൻ
വരിയിൽ  നിർത്തേണ്ടതുണ്ടിവരെ
സന്ധ്യയെ കൂട്ടി വന്നാൽ മതിയെന്ന്
ചട്ടംകെട്ടി വിടണം 
തിരിഞ്ഞു നോക്കാതെ നടന്നോളാൻ
ഇന്നും ഓർമ്മപ്പെടുത്തണം
ഹാ !  ശ്രീകരങ്ങൾ .  

2016, ജൂലൈ 16, ശനിയാഴ്‌ച

മോക്ഷപ്രാപ്തി


ഒരുമിച്ചിരുന്നൊരിലയിൽ
ഒറ്റയ്‌ക്കൊരോർമ്മയുണ്ണുക

പുറംപോക്കിലെ
വഴിവിളക്കിൽ 
വിശന്നടഞ്ഞുപോയ
കണ്ണിനു മുന്നിൽ
ആരോ നീട്ടിയ കരുണയുടെ
കിലുകിലുത്ത 
തിളക്കം പോലെ.

കീറിയെടുത്ത്
കൃത്യമായ ചതുരംകൊണ്ട്
ഒരു കളിത്തോണി
ഒരു കളിവീട്
ഒരു കിനാക്കൂട്
ഒടുവിലുറങ്ങിയ
തൂവെള്ള പുതപ്പ്
ചന്ദനമണം ചാരിയ ചുവരുകൾ
അങ്ങനെ ........
മാഞ്ഞുപോയൊരക്ഷരത്തെ
അക്ഷരമാലയിൽ
തിരഞ്ഞു തിരഞ്ഞ് ......

ഒറ്റയ്ക്കെന്നൊരോർമ്മ
വീണ്ടും തൊടുമ്പോൾ
ഒരു നേർത്ത ജലകണമായ്
ചുട്ടുപഴുത്ത
വറച്ചട്ടിയിൽ വീണ്
ചിതറിയോടി
ഉച്ചസ്ഥായിയിൽ ചിരിച്ച്
വെളുത്തുരുണ്ട്
ഒരു മാത്ര
ഒരേയൊരു മാത്ര അഥവാ ........

2016, ജൂലൈ 15, വെള്ളിയാഴ്‌ച



കടുത്ത മാരിയിൽ തകർന്ന കൂടിനെ
നിലാവിലക്കൊമ്പിലെടുത്തു വെച്ചിട്ട്
കിഴക്ക് നോക്കുന്നു കിനാക്കുരുന്നുകൾ .
-------------

ഇളകുംദാവണി ഞൊറിയൊതുക്കീട്ട്
ഇരുണ്ട പെണ്ണിന്റെയഴിഞ്ഞ കൂന്തലിൽ
തിരുകിവെയ്ക്കുന്നു താരകൾ, ചന്തിരൻ..!
--------------

മാനത്ത് രാവിലെ
പേറ്റുനോവുംകൊണ്ട്
മുറ്റമടിക്കുന്നു മേഘക്കറുമ്പി .
--------------

കാറ്റിന്റെ തോളേറി
വരിനെല്ലൊടിക്കാൻ
ചിക്കെന്ന് പായുന്നു മഴക്കുറുമ്പൻ.
----------------

കിഴക്കു നീട്ടിയ ചുവന്ന പൊട്ടിനെ
പെരുവിരൽപ്പച്ചത്തണുപ്പിനാൽ തൊട്ട്
വെളുത്ത മൂക്കുത്തി മിനുക്കിവെയ്ക്കുന്നു
നനഞ്ഞ മുറ്റത്തു നിറഞ്ഞ മുക്കുറ്റി ..!
----------------

ആകാശച്ചെരുവിൽ നീളെ
നനമാറാ ചോരച്ചെന്തുണി
നിലയില്ലാതുഴറും ധരയുടെ
കണ്ണീർപ്പുഴ തോർത്തിയതാവാം .
----------------------------------------