2018, ജൂൺ 30, ശനിയാഴ്‌ച



വാക്കിന്നിറയത്ത്
ഇരുതിരി കത്തിച്ചുവെച്ച്
അണയാതെ കാത്തിരിപ്പാണ് .

മലയിറങ്ങി
കാടിറങ്ങി
ഇടവഴി താണ്ടിവരും
ഒരുപൊതിയാകാശം നിറയെ
വരികളുമായ്
ചൂട്ടുകത്തിച്ചുപിടിച്ചൊരോർമ്മ .

2018, ജൂൺ 29, വെള്ളിയാഴ്‌ച



തിരയുന്നെന്തോ
വാനിൽ
അടർന്നോരുടലുമായ്
ഇരുട്ടിൻ മടിത്തട്ട്
കുടയുന്നിതാ ചന്ദ്രൻ

ഉറങ്ങിക്കിടക്കുന്ന
നക്ഷത്രക്കുഞ്ഞുങ്ങളെ
വിരൽതൊട്ടുണർത്തുന്നു
മിന്നലിൻ മഴവേര് !


2018, ജൂൺ 28, വ്യാഴാഴ്‌ച

വരമുറി

ഒലിച്ചു പോകുന്നിതാ
പുരയുമെൻ തോണിയും
മടക്കിത്തരുന്നെന്റെ
ചിറകും സ്വപ്നങ്ങളും

കൊണ്ടുപോകുവാനില്ല
പൂക്കളെ മണങ്ങളെ
പായാരം പറഞ്ഞതാം
ചെറുകാറ്റിനെപ്പോലും

ഞെട്ടറ്റു വീഴുന്നിതാ
വിവശം മഴയുള്ളിൽ
തളിർക്കില്ലിനിയെന്നിൽ
ഒരു പുൽക്കൊടിപോലും

ചുവക്കുന്നല്ലോ വാനം
പോകുവാൻ സമയമായ്
മുറിവിൻ നിണം വീണ
മണ്ണിനെ ചുംബിച്ചോട്ടെ .
________________________

2018, ജൂൺ 16, ശനിയാഴ്‌ച

അടർന്നൊലിച്ചുപോയ
മണ്ണിന്റെ മാറിൽ
കിളിർത്തു നിൽക്കുന്നു
നീ തന്ന പൂവിന്റെ വിത്തുകൾ

മുറിഞ്ഞ ചില്ലകളിൽ
തങ്ങി നിൽപ്പുണ്ട്
ഞാൻ ചൂടിയ മഞ്ഞുതുളളികൾ

ഏതോ വളവിൽവെച്ചന്ന്
നമ്മൾ പകുത്ത കരൾ
ഇടറാതെ തുടിക്കുന്നുണ്ടിപ്പൊഴും

ഒരുരുൾപൊട്ടലിലും
ഒലിച്ച് , മാഞ്ഞുപോവില്ല
നീ പാടിയ പാട്ടിന്റെ ശീലുകൾ

പുരയിലെത്തണം
വഴിപാർത്തു നിൽക്കും
കാട്ടുമരക്കൊമ്പിൽ
ഇത്തിരിനേരമിരിക്കാൻ
ഇടമുറിയാത്ത മഴയിൽക്കുളിച്ച്
ചുരം കയറിവരുന്ന സന്ധ്യ

കാത്തുനിൽപ്പുണ്ടാവും
ഏറെ തണുത്തിട്ടെന്ന പോലെ
പറ്റിച്ചേർന്നുനിന്ന
വിടർന്ന കണ്ണുകളുള്ള പെൺകുട്ടി .




2018, ജൂൺ 12, ചൊവ്വാഴ്ച

കാറ്റിന്റെ
വിരൽപിടിച്ച്,
പറക്കാൻ
പഠിക്കുകയാവും
മറന്നുവെച്ചൊരു
പാട്ടിന്റെ ചില്ല.

ഇരുട്ടിന്റെ
വിരൽ കുടിച്ചു-
റങ്ങുകയാവും
പുരപ്പുറത്ത്,
മറിച്ചു വെച്ചൊരു
നിലാവുരുളി.

ആകാശ-
ച്ചെരുവിലിരുന്ന് 
കിനാവിന്റെ
തൂവൽ മിനുക്കി,
കുറുകാൻ
തുടങ്ങുകയാവും
തെളിച്ചു-
വെച്ചൊരോർമ്മ.

കുടംനിറയെ
മഴയെന്ന്
തൂവൽ കുടഞ്ഞിടുന്നു
ആകാശച്ചോപ്പിനെ
കൂട്ടിലടച്ച്
പാറിപ്പറന്നുപോകുന്ന
വെളുത്ത നിറമുള്ള
പക്ഷി.

2018, ജൂൺ 9, ശനിയാഴ്‌ച

നീയെനിക്ക്
കണ്ടുതീരാത്ത
ഒരു 'യാത്ര'

എത്ര നിർമ്മലമാണ്
നമ്മൾ കടന്നുപോകുന്ന
ഓരോ ഭൂമികയും

അടർന്നുപോയ മലകളെയും
ആണ്ടുപോയ പുഴകളെയും
എത്ര  അനായാസമായാണ്
ഒരു പച്ചിലയുടെ ഞരമ്പുകൊണ്ട്
നീയെന്നിൽനിന്ന് മറച്ചുപിടിക്കുന്നത്

എത്ര ചാതുര്യത്തോടെയാണ്
ദിനരാത്രങ്ങളുടെ വിലാപങ്ങളെ
ഒരു ചെറു ചിരികൊണ്ട്
നീയെന്നിൽനിന്ന് തുടച്ചുകളയുന്നത്

പൊള്ളിയടർന്ന കരകളിൽ
കിനാവിന്റെ വിത്തുകൾ പാകി
നൂറുമേനി കൊയ്തെടുക്കുന്നത്

ഒടുവിൽ പൂക്കാത്ത മരങ്ങളിൽ
നമ്മൾ പൂക്കളായ് നിറയുന്നത്

നക്ഷത്രങ്ങളുറങ്ങാൻ കിടക്കുംവരെ
കൈകോർത്തു നടക്കുന്ന നമ്മളെ
ആകാശം എന്തു പേരിട്ടാവും വിളിക്കുക .! 

2018, ജൂൺ 5, ചൊവ്വാഴ്ച

നമ്മൾ
പെറുക്കിവെച്ച
വെളളാരംകല്ലുകൾ
പെററുപെരുകിയോയെന്ന്
നീ ചോദിച്ചതേയില്ല.

ദാഹിച്ചു വരുന്ന
കൊടും വെയിലിന്
വെളളം കൊടുക്കാൻ
നീയൊരു മൺപാത്രം
മെനഞ്ഞു തന്നില്ല

തുയിലുണർത്തിയ
കിളികൾക്ക്
കൊത്തിപ്പെറുക്കാൻ
പാട്ടുകൾ വിതറി
മുററത്തിരിക്കാൻ
കൂട്ടിന് വന്നതുമില്ല.

കാറ്റിന്
മുഖം തുടയ്ക്കാൻ
ഞാനെന്റെ സാരിത്തുമ്പ്
നീട്ടിയെറിഞ്ഞ നേരത്ത്
നീയെന്നെയൊന്ന്
പൊതിഞ്ഞുപിടിച്ചതുമില്ല.

കടവുപൂത്ത
ചില്ലയിൽ നിന്ന്
പുഴയ്ക്കൊരുങ്ങാൻ
ഞാനൊരു മാല കൊരുക്കട്ടെ.

കുടുക്കഴിക്ക്,

മുറിയാതെ പെയ്യാൻ
മഴ വരുന്നുണ്ട്,
പുരയ്ക്ക് മേലേ
നമുക്കൊരു കൂടൊരുക്കാം.

നമ്മൾ പണ്ടേയ്ക്കു പണ്ടേ
ഉടലറ്റുപോയവർ.