നമ്മളാദ്യമായ്
പകുത്തൊരുച്ചയുടെ
ഇഴകളെടുത്താണ്
രാത്രിയുടെ
കണ്ണീർതുടയ്ക്കാൻ
ഞാനെന്നുമൊരു
കസവുതൂവാല
തുന്നിയെടുക്കുക.
ഉച്ചവെയിൽ
വഴിചോദിച്ചുവന്ന്
ഇത്തിരിനേരമിരുന്ന
നേരുള്ള കഥകേട്ട്
വട്ടംകൂടിയിരിക്കാൻ
കൂട്ടമായെത്തും
വിയർപ്പു തുടച്ച്
അടുക്കളപൂട്ടിയിറങ്ങുന്ന
താരകപ്പെണ്ണുങ്ങൾ.
കഥയിലുറങ്ങി
കിനാവിലുണരാൻ
ഞാനവരെ
ഇനിയും പറയാത്ത
വരികൾ പുതപ്പിച്ച്,
നിലാവിളക്കിന്റെ
തിരിതാഴ്ത്തിവെയ്ക്കും.
ഒരു നുള്ള്
തണുപ്പു ചേർത്ത്
രാവിനത്താഴമൂട്ടി
മിണ്ടാതെപോകുന്ന
കാറ്റിനെ തടഞ്ഞുനിർത്തി
നാളേയ്ക്കൊരുവട്ടിപ്പൂവ്
കടം ചോദിക്കും.
രാക്കിളി വരുന്നതും
പാടുന്നതും കാതോർത്ത്
ഉറങ്ങാപ്പുരയുടെ
തൂണുംചാരിയിരുന്ന്
ഞാനെന്റെ ചരമക്കുറിപ്പ്
വീണ്ടും വായിക്കാനെടുക്കുന്നു.
"നീ'യെന്നൊരൊറ്റക്ഷരമെഴുതി
വരികളെന്ന് പേരിട്ടു വിളിച്ച്
കവിതയാവാതെ മരണപ്പെട്ടവൾ."