2018, നവംബർ 20, ചൊവ്വാഴ്ച

മുറിവെന്നു വായിക്കാതിരിക്കുക

അടങ്ങാത്ത
വിശപ്പിൻ മുന്നിൽ
പൊതിച്ചോറുപോലെ 
തുറന്നുവെച്ചിരുന്നു 
വായിച്ചു നിറയാൻ.

വഴിമധ്യേയല്ല
കാത്തുനിന്നാണ്
കണ്ടതെന്ന്
ഉണരാൻ വെമ്പുന്ന
ഒരു യാത്ര.

കാടിന്റെ നിഴൽ
ചാരിയിരുന്ന്
വിയർപ്പാറ്റിയിരുന്ന
വെയിൽനേരങ്ങൾ.

കടലിന്റെ നിറം
പുതച്ചിരുന്ന്
കിനാവിനെയൂട്ടിയ
രാനേരങ്ങൾ.

ഒരു വിള്ളൽ !

നെഞ്ചിനുള്ളിലൂടെ
പാഞ്ഞുപോയ
അടഞ്ഞ
മുറികളുടെ വണ്ടി.

ചതഞ്ഞ ഒച്ചകളുടെ
ദീനരോദനങ്ങൾ.

നിറമിരുന്നിടത്ത്
ആഴത്തിലോ പരപ്പിലോ
അളവൊക്കാത്ത
വലിയ വടുക്കൾ.

കോടിമുണ്ടു പുതച്ച
വരികളുടെ നഗ്നശരീരം.

മുനയൊടിഞ്ഞ
എഴുത്താണിയിൽനിന്ന്
കിനിഞ്ഞിറങ്ങുന്ന
ചുവന്ന രേഖകൾ.

ഒരു വിതുമ്പലിന്
അലമുറയെക്കാൾ
ഒച്ചയാണെന്ന്  
ഓർമ്മപ്പെടുത്തുന്നു
കറുത്ത നേരങ്ങൾ.

മുറിഞ്ഞ തുഴയുടെ
നിലയ്ക്കാതൊഴുകുന്ന
വിലാപമെന്നു മാത്രം 
വായിച്ചു പോകുക.

_________________________

2018, നവംബർ 19, തിങ്കളാഴ്‌ച

പെയ്തൊഴിയാതൊരു കടലിന്നും

മേശമേൽ
എഴുത്തിനായ്
നിവർത്തിയിട്ടിരിക്കുന്ന
കാടിന്റെ വരയുള്ള
വിരിമേൽ
എന്റേതല്ലാത്ത
വളപ്പൊട്ടുകൾ.

ചില്ലുപാത്രത്തിൽ
ഞാനറിയാത്ത
ഏതോ ഒരു നാട്ടിലെ
വസന്തത്തിന്റെ
നിറങ്ങൾ.

ചെയ്തു തീരാത്ത
ഒരു യാത്രയെ
തീവണ്ടിച്ചക്രങ്ങളിൽ
തിരിച്ചും മറിച്ചുമെഴുതി
മതിവരാതെ
നിശ്ചലതയെന്ന വാക്ക്.

നിറഞ്ഞിട്ടും
നിറഞ്ഞില്ലെന്നൊരു
കടൽപ്പേച്ചിൽ
ഉരുൾപൊട്ടുന്നു
വായനയുടെ
നിലാത്തുരുത്ത്.

കരിവളകളായ്
നുറുങ്ങിയും
കാശിത്തുമ്പയായ്
വാടിയും
കണ്ണിൽ കാർകൊണ്ട്
വഴി കാണാതെ
ഇരുണ്ടും
പരാജിതയെന്ന്
മുദ്ര കുത്തി
ഞാനെന്നിൽ നിന്ന്
നാടുകടത്തപ്പെട്ടവൾ.

_______________________

2018, നവംബർ 18, ഞായറാഴ്‌ച

നോവിനുമപ്പുറം

തൊടിക്കപ്പുറം
ഒരു കാവ്
ആകാശം മുട്ടി മരങ്ങൾ
പേരറിയാത്ത വള്ളിച്ചെടികൾ
പൂക്കൾ
പൂമ്പാറ്റകൾ
കിളിയൊച്ച.

കാവിനുള്ളിൽ
മണ്ണുതേച്ച മുറിയിൽ
ആഭരണങ്ങളില്ലാതെ 
ശാന്തതയോടിരിക്കുന്ന
തേജസ്സുറ്റ മുഖം,
അത് ദൈവമാണെന്ന്
മൂത്തവർ പറഞ്ഞുതന്ന
അറിവ്.

എത്രയോവട്ടം
ഇരുട്ട് കുടഞ്ഞെറിഞ്ഞ്  
അകത്തു കയറി
തൊട്ടുനിന്ന്
പറയാനുള്ളത്
ഒട്ടും പേടിയില്ലാതെ
പറഞ്ഞുപോന്നതാണ്.
കണക്കിനൊന്നാമതാവാൻ
നട്ടുവെച്ചു വെള്ളമൊഴിച്ച
ചെടിക്ക്
നന്നായി വേരുപിടിക്കാൻ
പയ്യ് സുഖമായിട്ട്
കിടാവൊന്നിനെ പെറ്റുതരാൻ
അങ്ങനെയങ്ങനെ.

കാവിനൊരല്പം താഴെ
ചെറിയ തോട്
കണ്ണീരുപോലെ തെളിഞ്ഞ്
പതിഞ്ഞ്
പാടിയൊഴുകുന്നവൾക്ക്
എത്ര ഞൊറികളെടുത്തിട്ടും
തീരാത്ത ദാവണി.

പല നാവുകളിലൂടെ
കേൾക്കാറുണ്ടിപ്പോൾ
ഉത്സവമേളങ്ങളെക്കുറിച്ച്
ആനകളുടെ
സംഖ്യാബലത്തെക്കുറിച്ച്
വാഹനങ്ങളുടെ
ഒഴുക്കിനെക്കുറിച്ച്
എന്തും വാങ്ങാൻ കിട്ടുമെന്ന
അതിശയത്തെക്കുറിച്ച്.

കാവിനെ
തെളിനീരുറവയെ
ദൈവമിറങ്ങിപ്പോയ
മണ്ണു തേയ്ച്ച മുറിയെ
മറന്നുപോയ നാവുകൾ.

ഒറ്റയ്ക്ക്
പോയിരിക്കാറുണ്ട് 
ചിറകുമുളയ്ക്കുന്ന 
നേരങ്ങളിൽ
എങ്ങോ മറഞ്ഞുപോയ
ദൈവത്തെ
കൂട്ടിക്കൊണ്ടുവരാറുണ്ട്
ആ പഴയ മുറിയിൽ
ഞങ്ങൾ പരസ്പരം
വെച്ചുമാറാറുമുണ്ട്.

---------------------------------------------------------

2018, നവംബർ 16, വെള്ളിയാഴ്‌ച

കിഴക്കേ
പായും റെയിലിൽ
മുമ്പേയോടുന്ന
വഴിയും നോക്കി
മഞ്ഞുകമ്പളം
പുതച്ചിരിക്കുന്നവളേ,

നിശ്വാസത്തിന്റെ
കാൻവാസിൽ
ഞാനൊരു
രാഗം ചാലിച്ചാണ്
നിന്നെ വരയ്ക്കുക.

നീ തിളങ്ങുന്ന
ഒറ്റക്കൽ വെളിച്ചം
നിറവോടെ
ഒരു പ്രാർത്ഥനയായ് 
ഞാനെന്റെ 
ചൂട്ടുകറ്റയിലേയ്ക്ക്
പകർന്നെടുക്കും.

നിന്റെ വളയൊച്ച
ഉടയാതഴിച്ചെടുത്ത്
അണിയാത്ത 
കൈത്തണ്ടയൊരുക്കി
ഞാനൊരുത്സവം
കാണാനിറങ്ങും.

പാതിയുടൽ
തുന്നിച്ചേർത്ത്
നീയാകും ശലഭത്തെ
പറത്തിവിട്ട്
ഞാനൊരാകാശം
തുറന്നുപിടിക്കും.

നീ പൂത്തിറങ്ങുന്ന
നിറങ്ങൾ കൊണ്ട്
ഞാനൊരു മഴവില്ലിന്റെ
ഉടൽ കടഞ്ഞെടുക്കും.

നീ ചുറ്റിയുടുത്ത
ദാവണികൊണ്ടൊരു  
തിരയടങ്ങാക്കടൽ
വരച്ചുതീർക്കും.

പുഴയായ്
തെളിനീരായ്
ശാന്തമായൊഴുക്കായ്
നിന്റെ പേരിനെ
ഞാനൊരു കവിതയിൽ
പരിഭാഷപ്പെടുത്തും.

വരിയൊടുക്കം   
നീ ചിറകുകുടഞ്ഞ്
പോകുന്നേരമാണ് 
വരച്ചുതീരാതെ   
വിറകൊണ്ട വിരലാൽ
ഞാനെന്നെയിരുട്ടെന്ന്
ഒപ്പു ചാർത്തുക.

ഞാനപ്പോളാണ്
നോവുപാടത്തിന്റെ
അതിർത്തി വകഞ്ഞ്
വിണ്ടു കീറിയ കാലിന്   
ഒരു തുള്ളി വെള്ളമെന്ന്
കിതച്ചോടുന്നൊരു
യാത്രയായ് മാറുക.

---------------------------------------------------

2018, നവംബർ 12, തിങ്കളാഴ്‌ച

കൺനിറച്ചുപോകുന്നതാണോരോവട്ടവും

തീപ്പെട്ടതാണെന്ന്,
അതും നീ തീണ്ടിയിട്ട്.

എഴുതിവെച്ചത് വെറുതെ.

നീയെത്തിനോക്കുമെന്ന്  
മോഹിച്ചുപോയതാണ്.

കിനാവേ,

ഇനി വരുന്നവരൊക്കെയും
ചമയാൻ മറന്നവർ.

ഞാൻ'

നീ'യെന്ന ഊരിൽനിന്ന്  
പുറത്താക്കപ്പെട്ടവൾ
വരാനിരിക്കുന്ന രാവിന് 
ഇനിമേൽ അപരിചിത.

തലക്കെട്ടഴിഞ്ഞ
മറുകിൻ കറുപ്പിൽ
മുഖം പൂഴ്ത്തിയിരുന്ന്
തെളിയാ ചിത്രത്തിന് 
മിഴിതുറക്കാൻ
ബ്രാഹ്മമുഹൂർത്തമായ്
ഉണർന്നെഴുന്നേൽക്കുന്നവൾ.

ഇനിയാകാശത്തിന്
നാലതിരുകൾ.
ഇനിയില്ലെനിക്ക് കടലും
വിയർക്കാനൊരു സൂര്യനും.

ഇല്ലെനിക്കൊരു പുരയും
നിലാപ്പെയ്ത്തുള്ളൊരു മുറ്റവും.

____________________________

2018, നവംബർ 10, ശനിയാഴ്‌ച

പ്രജ്ഞാതാരാ....

ഓഷോയുടെ ' ബോധിധർമ്മൻ: മഹാനായ
സെൻഗുരു' നിവർത്തിവെയ്ക്കുന്നു.

പ്രജ്ഞാതാര...

(ഗൗതമബുദ്ധന്റെ അനുയായിയായ
ബോധധർമ്മന് സന്യാസദീക്ഷ നൽകിയ
പ്രബുദ്ധയായൊരു സ്ത്രീ.ഒരു സ്ത്രീക്ക്
പ്രബുദ്ധത നേടിയെടുക്കാൻ കഴിയുമെന്നും
അവർ ഒരു ശിഷ്യഗണത്തെ നയിക്കാൻ
പ്രാപ്തയാണെന്നും കാണിക്കുവാനായിരുന്നു അദ്ദേഹം
അവരിൽനിന്ന് ദീക്ഷ സ്വീകരിച്ചത്.)

ദക്ഷിണഭാരതത്തിലെ ഒരു രാജാവിന്റെ
പുത്രനായി ആയിരത്തിനാനൂറ് വർഷങ്ങൾക്കുമുമ്പ് ബോധിധർമ്മന്റെ
ജനനം.ലൗകികവിഷയങ്ങൾക്കുവേണ്ടി
സമയം പാഴാക്കാൻ തയ്യാറാവാതെ
രാജപദവി ഉപേക്ഷിച്ച്,ആത്മപ്രകൃതത്തെ
അറിയാനായി യാത്ര ആരംഭിക്കുന്നു.

ഒരിക്കൽക്കൂടി ഞാനും.....

,

2018, നവംബർ 1, വ്യാഴാഴ്‌ച

ക(ത)ഥയില്ലായ്മയുടെ 9 സംവത്സരങ്ങൾ

കിനാവുതീണ്ടി തീപ്പെട്ടവൾ.

സന്തോഷങ്ങളുടെ,സങ്കടങ്ങളുടെ
കൂട്ടിരുപ്പുകാരി.

എന്നും 'ക(ത)ഥയില്ലാത്തവൾ'.

ഒറ്റയ്ക്ക് പിറന്നാളുണ്ടുനിറഞ്ഞവൾ.

നിറഞ്ഞുകവിയുമൊരു വാക്ക്,
മതിയിവൾക്കൊരിരുൾ രാകിമിനുക്കി
കനൽവെട്ടമായ് തുളുമ്പാൻ.

ആരും വരാനില്ലാത്തിടത്ത്
ആരോ വരുന്നുണ്ടാവുമെന്നൊരു
കിനാവിനെ ഉയിരാഴംകൊണ്ടളന്നെടുത്ത്   കടലോളം കനിവെന്ന് പേരിട്ട് നിലാവ് കൊറിച്ച് തിരയെണ്ണുന്നവൾ.

വാക്കേ,

നീയെന്നെ പൊതിഞ്ഞെടുക്കാൻ
മറന്നുപോകുമിടങ്ങളിലാണ്
ഞാനെന്നെയൊരു മുറിവായ് വരയ്ക്കുക.

നീയെന്നെ ചേർത്തുപിടിക്കാൻ
തിരയായ് നുരയുമിടങ്ങളിലാണ്
ഞാനെന്നെയൊരു കടലായ് കുറിക്കുക.

ഈ പുഴയും നക്ഷത്രങ്ങളും
മരിക്കാതിരുന്നെങ്കിൽ .......!

____________________________