2019 നവംബർ 30, ശനിയാഴ്‌ച

വാതിൽപ്പടിയിൽ നിന്ന്
മാഞ്ഞുപോയ
കാൽപ്പെരുമാറ്റങ്ങളുടെ
പ്രതിധ്വനി പോലൊരു
പഴയ വീടകം.
തുരുമ്പിച്ച കൊളുത്തിൽ
തൂങ്ങിയാടുന്ന
ചിതലെടുത്ത പലക.
ആരോ 
എഴുതിവെച്ചു പോയ,
മഞ്ഞെടുക്കാതെ 
മഴയെടുക്കാതെ
വെളിച്ചപ്പെടുന്ന 
കറുത്ത അക്ഷരങ്ങളുടെ
നീലിച്ച ഉടൽ,
'കിനാവു തീണ്ടി തീപ്പെട്ടതാത്രെ.'


2019 നവംബർ 29, വെള്ളിയാഴ്‌ച

ന്നിട്ട്'
എന്നൊരു 
കവിതയിൽ 
ചിതറിവീണ കാത്.
തുടിക്കുന്നുണ്ട് 
ഓരോ ഞരമ്പിലും    
കഥയുടെ പച്ച.

ഉം'
എന്നൊരു
കഥയിൽ 
ഇറ്റു വീണ ചുണ്ട്.
വിരിയുമായിരിക്കും
ഓരോ ഇതളിലും 
കവിതയുടെ മുറിവ്.

2019 നവംബർ 20, ബുധനാഴ്‌ച

വേരുകൾ

ഒറ്റയായും
കൂട്ടം കൂടിയും
പറന്നുവന്നിരിക്കും.
ആകാശങ്ങൾ,
കായ്കനികൾ,
കുടഞ്ഞിട്ട രാഗങ്ങൾ
അയവിറക്കി 
ചുണ്ടുരുമ്മി രസിക്കും.
ആ ഒച്ചകളിൽ
അറിയാതനങ്ങുന്ന
എന്റെ വിരലുകളവർ
കൊത്തി വലിക്കും.
എന്തിനു വേണ്ടിയീ
ആയിരം നാവുകളെന്ന്
ഉറക്കെച്ചിലയ്ക്കും.

ഞാനുരുകുന്ന
കൊടും ചൂടിൽ
മേഘങ്ങൾ കറുക്കാൻ
തുടങ്ങും.
ചിറകുകൾ
കൂടുതേടി പറന്നുപോകും.
എന്റെ ചുണ്ടുകൾ
വിരിയാനും...

2019 നവംബർ 19, ചൊവ്വാഴ്ച

പാഠം 1

മുളകു മുറിച്ചിട്ട്
ഒരു കൈയകലത്തിൽ
നിൽക്കാത്തതെന്തെന്ന്,
കൈവിട്ടുപോയ തീയ്
കണ്ണു ചുവപ്പിച്ചൊരു നോട്ടം.
തുളവീണ തൊട്ടിയിലൂടെ
ഒരു വരി
ഒഴുകിപ്പോയതു കണ്ടെന്ന്
മുറ്റത്തെ
തെങ്ങോലയിലായമിട്ടാടി
ചുണ്ടുപിളർക്കുന്നോലഞ്ഞാലി.
വിശപ്പിന് കരിയാണു കൂട്ടാനെന്ന്
കണ്ണു നീറ്റുന്നു
അടുക്കളത്തിട്ടമേലിളകിയിരുന്നൊരു
പിഞ്ഞാണം.
വിരലൂർന്നു പോയിടത്ത്
ഒരു വറ്റും തടഞ്ഞില്ലെന്ന്
ചിരട്ടത്തവിയുടെയറ്റത്തിരുന്ന്  
നാവു നീട്ടുന്നു പുകഞ്ഞ കവിത.

പുനർജ്ജനി

ഒരു വിളിപ്പേരിൽ
മരിച്ചത്.
ഒരു പറക്കലിന്റെ
ഉച്ചിയിൽനിന്നടർന്നു-
വീണതിനെ
സ്വയം
താങ്ങിയെടുത്ത്
ഒരിലപ്പച്ചയിലേയ്ക്ക്
കിടത്തുന്നത്,
അടഞ്ഞ വായിലൂടെ
എന്റെ മണ്ണേന്നലറി-
ക്കരഞ്ഞ്
ഒരു പിടി നനവിൽ
അലിഞ്ഞലിഞ്ഞ്
ഞാൻ മണ്ണാകുന്നത്.

2019 നവംബർ 17, ഞായറാഴ്‌ച

ചൂട്ടുകറ്റയിൽ
പറ്റിപ്പിടിച്ചിരിക്കുന്ന
വെളിച്ചത്തിന്റെ
തൂവലുകൾ.
ഇത്തിരിവെട്ടത്തിൽ
തെളിഞ്ഞു വരുന്ന 
നാട്ടുവഴിപ്പച്ച.
കിനാവിന്റെ നോവു-
പാടുകൾക്ക്
നിലാവു പുരട്ടുന്നി-
രുട്ടിന്റെ വിരലുകൾ.

വേവ്

മുറിച്ചു മാറ്റപ്പെട്ട
തണലിടം
ചില്ലയെന്നാർത്ത്
മലയിറങ്ങിവരുന്ന 
ഒച്ച.
അമർത്തിപ്പിടിച്ച്
കലങ്ങി മറിയുന്നു
തീണ്ടാരിനോവിലൊരു
പുഴ.
ചുമടുതാങ്ങിയെന്നു
കലമ്പിത്തളർന്ന്
വിശപ്പിറക്കിവെയ്ക്കാ-
നൊരു കിളി
അഴിച്ചു വെയ്ക്കുന്നു
ചിറക്.
നൂലു പൊട്ടിയ
ആകാശം,
വിരൽത്തുമ്പിൽ
പട്ടം പോലുലയുന്ന
ഭൂമി.

നമ്മളിൽ നിന്ന്
നിന്നെയുമെന്നെയുമഴി-
ച്ചെടുത്ത്
കൂടു മെടയുന്നിരുട്ട്.

2019 നവംബർ 16, ശനിയാഴ്‌ച

ഉപ്പിട്ടതാരെന്ന്
കടലിനെ കണ്ണീരിനെ
തൊട്ടെടുത്ത്
വിയർപ്പു രുചിച്ചു
മടങ്ങുന്ന 
വെയിലിനോട്,
ഞാനെന്നു ചുവന്ന്
മരക്കൊമ്പിലൊരുപ്പൻ.

നിന്നിലാരെന്ന്,
വരിയായ വരിയൊക്കെ
താണ്ടി
മുഖമഴിഞ്ഞ് 
വിരലടർന്ന്
ഇരുട്ടു കുടിച്ചുറങ്ങുന്നു
ഞാനെന്ന വാക്ക്.

2019 നവംബർ 14, വ്യാഴാഴ്‌ച

കനലു കൂർപ്പിച്ച്
മുറിവു ചീണ്ടുന്നു
നിലയ്ക്കാത്ത
സമയസൂചികൾ.
മരിച്ച ഗർഭത്തിലെ
ജീവന്റെ തുടിപ്പിന്
ഊഞ്ഞാൽ കെട്ടുന്ന
മരമേ,
പൊഴിക്കാനിനിയൊരു
പച്ചയില്ലെന്ന -
വറുതിയിൽ മരിക്കുന്നു
വാക്കിന്റെ നനവുകൾ.

2019 നവംബർ 10, ഞായറാഴ്‌ച

ഒന്നുപോലും
വിരിഞ്ഞിട്ടില്ലെന്ന്,
മുടിയുതിർത്തിട്ട്
വീണ്ടും മെടഞ്ഞിട്ട്
വരാന്തയിൽ
ചമ്രം പടിഞ്ഞ്,
കെട്ടുറപ്പില്ലാത്ത
ഓലപ്പുര.

ഇടയ്ക്കിടെ
മുഖം കറുപ്പിച്ചും
തോരാതെ പെയ്തും
ജലദോഷം പിടിപെട്ട
കുഞ്ഞുങ്ങളുടെ
കുറുമ്പായിരുന്നു
സന്ധ്യ വരും വരെയാ 
വെളിച്ചപ്പെട്ടവൾക്ക്.

അവരെത്തുമെന്ന്,
ആട്ടിൻപറ്റങ്ങളെപ്പോലെ
മേഞ്ഞു നടന്ന്
ഇരുൾത്തടങ്ങളിൽ
പ്രകാശം വിതറുമെന്ന്,
പിറുപിറുക്കുന്നു
അങ്ങിങ്ങായി 
ചിതറിക്കിടക്കുന്ന
കുന്നിമണികളും
അടച്ചും തുറന്നും
വിജാഗിരിയിളകിയ
കിനാപ്പെട്ടകവും.

അടയിരുന്നിട്ടുണ്ടാവില്ല 
കുറുമ്പു പിടിച്ചവൾ.

ഊണിനെത്താൻ മറന്ന
ഉച്ചവെയിലിനോടു
കെറുവിച്ച്
പട്ടിണിയിരുന്നിട്ടുണ്ടാവും.

തൊടിയിൽ നനയുന്ന
പൈക്കളെയും
ചില്ലയിൽ മയങ്ങുന്ന
കോഴികളെയും
ഒരു തവണ പോലും
കണ്ടതായി
ഭാവിച്ചിട്ടുണ്ടാവില്ല.

ഒരുങ്ങാതെ
ആരോടും മിണ്ടാതെ
പോയിരിക്കുന്നു.

വിശ്വസിക്കാനാവില്ലവളെ.
ചിറകിനടിയിൽ
ഒതുക്കിവെച്ചിട്ടുണ്ടാവും,
അവരിലൊരാളെയും
ആകാശം കാണിക്കാതെ.

2019 നവംബർ 9, ശനിയാഴ്‌ച

മുറിവളവ്

ഭൂപടം
വരയ്ക്കുന്ന
കുട്ടീ,
മുന കൂർപ്പിച്ചു 
വരയ്ക്കണം.
വര കടുത്താൽ 
മുള്ളുവേലികളിൽ 
വിരലുകൾ
അറ്റുപോയേക്കാം.

കാടു വരയ്ക്കരുത്.
ഏതു നിമിഷവും
മരങ്ങൾ പച്ചയോടെ
ഇറങ്ങിപ്പോയേക്കും.

മറു പുറത്ത്  
ആകാശത്തിന്
അതിരുകളില്ലെന്നു
വായിച്ചത്  
മായ്ച്ചു കളയണം.

കാറ്റിനോട്
മിണ്ടാൻ നിൽക്കണ്ട.
സ്നേഹത്തിനൊരേ-
യൊരു ഭാഷയെന്നവൻ
വാചാലനാകും.

പുഴ വരയ്ക്കുന്നേരം
കൈ വിറയ്ക്കരുത്.
അണക്കെട്ട്,
നിന്നെത്തൂക്കിയെടുത്ത്  
കടലിനു കൊടുത്തേക്കും.

വരച്ചു തീരുമ്പോൾ
മുകളിൽ സൂര്യനെ.  
താഴെ,അടിമയെന്നെഴുതി 
തീയതി കുറിക്കണം.

2019 നവംബർ 8, വെള്ളിയാഴ്‌ച

ഉൾഖനനം

ജനലഴികളിൽ
കുടഞ്ഞിട്ടു പോകും
വിഷം തീണ്ടിയ
വിത്തുകൾ.

പച്ചയൊന്നെങ്കിലും
മുളയ്ക്കാനെന്നൊരു 
കൂർപ്പിച്ച നോട്ടം.

തിരിഞ്ഞിറ്റു നിൽക്കും.

നിന്നെ പാറ്റിയെടുത്ത്
വെയിലാറും മുമ്പേ
വിതയ്ക്കെന്ന്.

ഒരിലയനക്കം
മുറിച്ചെടുത്ത്,
വിണ്ണാകെയളക്കുന്ന
കാറ്റിനറിയാത്തതല്ല
മണ്ണും മണ്ണിന്റെയുള്ളും.
__________________

2019 നവംബർ 7, വ്യാഴാഴ്‌ച

ദേശാടനം

പൂവിതൾ കൊണ്ട്
മിനുമിനുത്ത പരവതാനി
വിരിച്ചിട്ടിരിക്കുന്നു 
പൂമ്പാറ്റകളുടെ
നാട്ടിലേയ്ക്കുള്ള വഴി.

നുള്ളിയെടുത്ത്
വലിച്ചെറിയപ്പെടുന്ന
പൂമൊട്ടുകൾ
പൂമ്പാറ്റകളായി
പുനർജനിക്കുന്ന ദ്വീപ്.

ഇവിടെയാണെന്റെ വീടെന്ന്
പലപല ദേശങ്ങളിൽ
അപമൃത്യു വരിച്ച അമ്മമാർ
ഉണ്ണികൾക്ക് തേനൂട്ടാൻ 
ചില്ലവീശി പൂത്തു നിൽക്കുന്നിടം.

ഇവിടെ
പുഴയും കാറ്റും  ചേർന്ന്
ഒരേ രാഗമാണാലപിക്കാറു്.
മിന്നാമിനുങ്ങുകളെ കോർത്ത
അഴകുറ്റ മഴമാലകളാണ്
ആകാശം
ഭൂമിയെ അണിയിക്കാറു്.

കരയാനറിയാത്ത ഉണ്ണികളും
ചിരിക്കുന്ന അമ്മമാരും
പാർക്കുന്നിടം.

പൂവേത് 
പൂമ്പാറ്റയേതെന്നറിയാതെ
തേൻ ചുരത്തുകയാണു നെഞ്ചകം.

ഒരുറക്കം മതിയാവും
മറ്റൊരു ദേശത്തേയ്ക്കുണരാൻ.

2019 നവംബർ 3, ഞായറാഴ്‌ച

കാടിറക്കം

കര തൊട്ടു
വന്ദിക്കുമ്പോൾ
കാലുകൾ രണ്ടും
നഗ്നമായിരിക്കണമെന്ന്
ഞാനവളോടു പറഞ്ഞിരുന്നു.
കടലും കപ്പലും കപ്പിത്താനും
ഞാനായിരിക്കുമെന്നും.

കരയെത്തുംവരെ
കണ്ണുകൾ
അടഞ്ഞിരിക്കണമെന്ന്
ഓരോ തിരയിളക്കത്തിലും
ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.

കടലിന്റെ മടിയിൽ
ഭയമില്ലെന്നൊരു
കുതിർന്ന മുഖവുരയോടെ
കണ്ട നിറങ്ങളെക്കുറിച്ചും
കേട്ട കാലത്തെക്കുറിച്ചും
അവൾ വാചാലയാകുന്നു.
കറുപ്പും വെളുപ്പും
ഒന്നു തന്നെയാണെന്നും
അതുകൊണ്ട്
കാലത്തെയടയാളപ്പെടുത്താൻ
ഒരക്കം മതിയാവുമെന്നും
അവളെയൊരടക്കിപ്പിടിക്കൽ.

വെളിച്ചമിറങ്ങിവരുന്ന
നാട്ടുവഴികൾ.
പൂക്കളുടെ നിറങ്ങളും
നാഴികമണിയുടെ ശബ്ദവും
അവൾ മറന്നിരിക്കുന്നു.
വെളുത്ത ആകാശത്തിലൂടെ
പതിയെ ഇഴഞ്ഞുനീങ്ങുന്ന
കറുത്ത മേഘങ്ങൾ.
കറുപ്പും വെളുപ്പുമെന്ന്
അവളൊരു വിരൽ മടക്കി.
ആരോ മഷി തട്ടിമറിച്ചതാവാം
അക്കാണുന്ന കറുപ്പെന്നു ഞാനും.

അടുത്ത അക്കം
മുന്നിലെത്തും മുമ്പേ
കടലും
കടലിനു മീതെ കോറി വരച്ച 
തിരകളും
മറഞ്ഞുപോയിരുന്നു,
ഒരു കറുത്ത പൊട്ടായ് ഞങ്ങളും.


നക്ഷത്രങ്ങളുടെ
വിരൽത്തുമ്പുകൾ
തിരയുന്നുച്ചവെയിൽ.

ഒരു പകലിനെ
ഉരുക്കിയെടുത്താൽ
എത്ര സൗരയൂഥങ്ങൾ
മെനഞ്ഞെടുക്കാമെന്ന്
മലമുകളിൽ
ഉറക്കമില്ലാതിരുന്ന്
ഊതിച്ചുവക്കുന്നൊരാല.

ഇരുട്ടു പൂക്കുന്നിടത്ത്
കനൽപെറ്റുതിരുമെന്ന്
മണ്ണടരുകൾ വകഞ്ഞ് 
വേരിന്റെയൊച്ച.

2019 നവംബർ 1, വെള്ളിയാഴ്‌ച

ഒന്നും,
ഒന്നുമല്ലെന്ന്.
കൺപോളകൾക്കു
മീതേ
നേർത്ത തലോടൽ.
ഏതോ
ഒരു കാറ്റിന്റെ
കൺപീലികൾ തട്ടി,
തുറന്നതാവാം.

ഒന്നും,
ഒന്നുമല്ലെന്ന്.
ചുണ്ടുകൾക്കു
മീതേ,
പതിഞ്ഞ സ്പർശം.
ഏതോ ഒരു വാക്കിന്റെ
നിറം കൊണ്ട്
വിടർന്നതാവാം.

കനലെടുക്കട്ടെയിനിയീ
ഉടലിന്റെ ഗന്ധം.

ആർപ്പുവണ്ടി

വാതിൽപ്പാളിയുടെ
ഞരക്കം കേട്ട്
പിടഞ്ഞെഴുന്നേൽക്കുന്നു
ചിതറിക്കിടക്കുന്ന മുറി.

വാതിലിനപ്പുറം
തൂങ്ങിയാടുന്നു
മരിച്ചിട്ടേറെ നാളായിട്ടും
നിലംതൊടാത്ത ചിലന്തികൾ.

എഴുത്തുമേശമേൽ
എന്നോ കണ്ടെടുത്ത 
കടൽച്ചിപ്പി,
തുടയ്ക്കുന്തോറും 
വറ്റിത്തീരാത്ത കടൽ,
നുരയിടുന്ന തിരമാലകൾ,
നേരേ പാഞ്ഞുവരുന്ന
രജതരേഖകൾ,
മുറിഞ്ഞു പോകുന്ന
കാഴ്ച്ച ഞരമ്പ്.

വെടിപ്പാക്കലിന്റെ
ഉച്ചിയിലേയ്ക്ക്
പൊടിപറന്നുയരുന്ന
പുസ്തകം,
തനിയെ മറിയുന്ന
താളുകൾ,   
ചോര പടർന്നുപടർന്ന്
മാഞ്ഞുപോയ
കറപിടിച്ച വരികൾ,
അടർന്നുവീഴുന്ന
വിരലുകൾ.

മൂന്നാം ഘട്ടം.
തലയ്ക്കു മേലേ
ഉന്നം തെറ്റാതെയുള്ള
പൊടിപിടിച്ച കാറ്റിന്റെ
അലറിത്തിരിയുന്ന
നിലവിളി.

കരിഞ്ഞു വീണ
നിശ്വാസങ്ങളുടെ
കൂമ്പാരത്തിൽ നിന്ന്  
കത്തിയമർന്നില്ലാതാകുന്ന  
ഞാനെന്നൊരൊച്ച.