2022, ജനുവരി 28, വെള്ളിയാഴ്‌ച

വാതിൽ
ഉറക്കെ കരഞ്ഞതിന്റെ
ഒച്ച,  
മുറ്റത്തുണരാൻ തുടങ്ങുന്ന
മരത്തിൽ തട്ടി
കുടഞ്ഞെണീറ്റ് 
മേഘങ്ങളിലേക്ക് പറന്ന്
കേൾക്കാതാകുന്നു.
കാത്തിരിക്കാൻ തുടങ്ങീട്ട്
എത്രനാളായീന്ന് പരിഭവിച്ച്
ചുവരുകൾ നാലുപേർ 
കോറസ് പാടുന്നതുകേട്ട്
പറന്നുപോയ കിളി
തിരികെ വന്ന് 
അതിന്റെയൊരു തൂവൽ 
കൊത്തിയെടുത്ത് അകത്തേക്കിടുന്നു.
മഴ വന്നിരുന്നിട്ട് പോയതിന്റെ
പല വലിപ്പത്തിലുള്ള വൃത്തങ്ങൾ
താഴേക്ക് പെറുക്കിവെക്കുന്നു,
നന്നായടുക്കി മേഞ്ഞിരുന്ന
ആകാശം കൊണ്ടുള്ള മേൽക്കൂര.
കട്ടപിടിച്ച മാറാലകളിൽ  
പറ്റിപ്പിടിച്ചിരുന്നാടുന്ന  
മഞ്ഞുതുള്ളികളിൽ 
തൊട്ടുനോക്കി രസിക്കുന്ന
വെളിച്ചത്തിന്റെ വിരൽത്തുമ്പുകൾ.

എന്റെ ഒറ്റമുറി.

പല പല നിറത്തിലുള്ള ചട്ടകളിട്ട് 
മേശപ്പുറത്തും നിലത്തും
കിടന്ന് 
അടുക്കില്ലാതെ ചിരിക്കുന്ന
പുസ്തകങ്ങളുടെ
വലുതും ചെറുതുമായ പേരുകൾ.

എന്റെ ഒറ്റമുറി(വീട്)

കാറ്റിന്റെ കൈയിൽ നിന്ന്
തണുപ്പിന്റെ ചെപ്പും വാങ്ങി 
മേശമേൽ വെച്ച്  
ഞാനീ ഓടാമ്പലടയ്ക്കുന്നു.
ഡയറി തുറന്ന് 
പോയകാലത്തിന്റെ
ഉണങ്ങാത്ത അക്കങ്ങൾക്ക് 
കടുപ്പത്തിലൊരു വര കൊടുത്ത്
ഞാനെഴുതാൻ തുടങ്ങുന്നു.

28/01/2022
കരഞ്ഞുകരഞ്ഞ്
ഞാനുറങ്ങാതെ കിടന്ന
എന്റെ അവസാനത്തെ രാത്രി.

29/01/2022
നേരം
നന്നായ് വെളുത്തിരിക്കുന്നു
ഒഴുകിപ്പരക്കുന്ന 
ഏകാന്തതയുടെ അഭൗമസംഗീതം
മെല്ലെ, 
ഞാനൊരു നനുനനുത്ത
...........................................







2022, ജനുവരി 27, വ്യാഴാഴ്‌ച

കട്ടിലിൽ കിടത്തി
നാലാളൊരുമിച്ച്
അക്കരെയെത്തിക്കാൻ 
ചുമന്നുകൊണ്ടുപോയ
ഒരുവളെക്കുറിച്ചെനിക്കറിയാം.
(പ്രായം ഒരുമാസം തികയാത്ത
കുഞ്ഞായിരുന്നു ഞാനന്ന്.)
നീണ്ടുചുരുണ്ട തലമുടി
കട്ടിലിന് താഴേയ്ക്ക് 
പുഴപോലൊഴുകിയിറങ്ങിയിരുന്നുവെന്ന്
ഓർമ്മകൾ അയവിറക്കി
പെണ്ണുങ്ങളെന്നെ ചേർത്തുനിർത്തി
കണ്ണീര് തുടച്ചിട്ടുണ്ട്.
ഒരിക്കലല്ല,പലതവണ. 
തിരികെ ചുമന്നുകൊണ്ടുവരുമ്പോൾ
ആ കണ്ണുകൾ അടഞ്ഞിരുന്നെന്ന്,
മുലപ്പാൽ ചോർന്നൊലിച്ചിരുന്നെന്ന്,
കരഞ്ഞുകരഞ്ഞ് അമ്മമ്മയ്ക്ക്
ഭ്രാന്തായെന്ന്,
പ്രണയിച്ച് സ്വന്തമാക്കിയവളുടെ
നഷ്ടത്തിലും 
അച്ഛൻ ഭ്രാന്തുപിടിക്കാതെ
പിടിച്ചുനിന്നെന്ന്,
പിന്നീടൊരുനാൾ പാലം വന്നെന്ന്,
ആശുപത്രീം പള്ളിക്കൂടോം
ആപ്പീസുമെല്ലാം
വീടിനടുത്തേക്ക് വന്നെന്ന്.
ഞാനുറങ്ങുംമുമ്പേ അച്ഛനെത്തി
ചുമലിലേറ്റിനടന്നതും
എന്നെ കരയിക്കാതെ കൊണ്ടുനടന്ന 
പകലിന്റെ കഥ മുഴുവൻ
അച്ഛനോടെനിക്ക് 
പറഞ്ഞുകേൾപ്പിക്കാനായതും
ദൂരം അടുത്തായതുകൊണ്ടു മാത്രം.
ലോകം വളർന്നു
ഒപ്പം
ഞാനും എന്റെ ചിന്തകളും
മലകളെ സ്നേഹിച്ചു
പുഴകളെ സ്നേഹിച്ചു
പുല്ലിനെ,പുൽച്ചാടിയെ സ്നേഹിച്ചു 
മനുഷ്യനെ സ്നേഹിച്ചു.
മനുഷ്യന് 
സമയത്തെക്കാൾ വിലപ്പെട്ട
മറ്റൊന്നും ഭൂമിയിലില്ലെന്ന്
ഓരോ യാത്രയിലും കുറിച്ചുവെച്ചു.
'വേഗമാണ്'
എനിക്ക് സ്വന്തമായതെങ്കിൽ
'പ്രകാശവേഗമാണ്' 
നിനക്കുവേണ്ടതെന്ന്
നാളെയോട്...
എനിക്കെത്തിപ്പെടാനാവാതെപോയ 
ഇടങ്ങളിൽ
നീ എത്തിപ്പെടണമെന്നും.
അതിന് 
നിഴലുകളുടെ മേൽ പ്രകാശംപരന്ന് 
വെളിച്ചപ്പെടേണ്ടതുണ്ട്.
(കവിതയല്ല....)







2022, ജനുവരി 26, ബുധനാഴ്‌ച

ഒരിലകൊണ്ട്
ഒരു കാട് നിർമ്മിക്കാനാവുമെന്ന്
ഉച്ചിയിൽ പൂക്കുന്ന വെയിൽ.

ഒരു തൂവൽ ഓർമ്മകൊണ്ട്
ഒരാകാശം നിവർത്തിവിരിക്കാമെന്ന്
ഉള്ളിൽ കുറുകുന്നൊരു കൂട്.

ഒരു വാക്കുകൊണ്ട്
ഒരു മതിലു നിർമ്മിക്കാനാവുമെന്ന് 
കാറ്റ്,വിരൽ മിനുക്കുന്നതിന്റെ
കാതടിപ്പിക്കുന്ന ഒച്ച..!

2022, ജനുവരി 24, തിങ്കളാഴ്‌ച

പുഴയായ്
വരച്ചതാണെന്നെ.
നനവായ്
അടരാതിരിക്കുമെന്ന്
പലകുറി പറഞ്ഞ്
പകലിരവറിയാതറിഞ്ഞതാണ്.
കാടറിഞ്ഞ്
മേടറിഞ്ഞ്
മണ്ണായവനെന്നൊരു 
വാക്കിന്റെ പച്ചയിൽ 
അകംപുറം നിറഞ്ഞ്  
ഒഴുകിയൊഴുകി
തെളിഞ്ഞതാണ്.

നിശ്ചലതയുടെ
ആഴത്തിലേയ്ക്കെന്നെ
കുഴികുത്തി മൂടിയവനേ,
ദൈവമായതുകൊണ്ടുമാത്രം
നിനക്കു മാപ്പ്.

2022, ജനുവരി 16, ഞായറാഴ്‌ച

ആർദ്രമെന്നും
ശ്രുതിമധുരമെന്നും 
പറഞ്ഞിരുന്നു.
പൂവിതളുകളിൽനിന്ന് 
മഞ്ഞുകണങ്ങളടർന്നു-
വീഴുന്നതുപോലെ
മോഹനമെന്നും. 
ചിട്ടപ്പെടുത്തിയതാണ് 
ഏറ്റം പ്രിയതരമായൊരു 
ഗാനമായെന്നെ.
നീയുണരുന്നതിനും
ഏഴരനാഴിക
മുമ്പേയുണരുമെന്നും 
ഒരു രാഗംകൊണ്ടോരായിരം
മിഴികൾ തുറക്കുമെന്നും 
കിനാവുകളെ  
ഈറനുടുപ്പിച്ചതാണ്.

നിശബ്ദതയുടെ
ഗർഭത്തിലേയ്ക്കെന്റെ ചുണ്ടിനെ 
പൊതിഞ്ഞുവെച്ചവനേ
ദൈവമായതുകൊണ്ടുമാത്രം
നിനക്ക് മാപ്പ്.


ഒരു മൂളിപ്പാട്ട് ചുരത്തി 
ഈ രാവിനെയെങ്കിലുമൊ-
ന്നുറക്കാനായെങ്കിൽ.
കുഞ്ഞു നിലാവിരലുകൾ
വിടർത്തിയെടുത്ത് 
മധുരമായൊരു 
വാക്കിന്റെ താക്കോൽ
തിരുകിവെക്കാനായെങ്കിൽ.
ഹാ....!
തുളുമ്പരുതെന്നൊരു കാറ്റ്
കൺപോളകൾ തഴുകി
വിരൽഞൊടിച്ച് 
പറന്നുപോകുന്നതിന്റെയൊച്ച
തോന്നിയതാവും,വെറ്തെ.....

2022, ജനുവരി 15, ശനിയാഴ്‌ച

ഇന്നലെയും
തന്നു പോയതാണ്
ഇതേ നേരത്ത്
ഒരുപിടി വാക്കുകളൊന്നായ്
ജ്വലിച്ചുനിൽക്കുന്നൊരാകാശം.
തൊട്ടെടുത്ത്
അടക്കിപ്പിടിച്ച്
കൊളുത്തിവെച്ചതാണ്
നെഞ്ചകത്ത്
കിനാക്കളൊന്നായ് 
തെളിയുന്ന നിലാവിളക്ക്.
നിന്റെ വിരലായെന്നെ
മിനുക്കിയെടുക്കുമെന്നും
കോർത്തുപിടിച്ച്
ഒന്നായ് 
ഒരു മഴയായുതിരുമെന്നും
രാവിന് മഷിയെഴുതിയതാണ്.

നീയാണെന്റെ കവിതയെന്ന
പെരുംനുണയുടെ
തിരിയായെന്നെ
തെറുത്തെടുത്തവനേ,
ദൈവമായതുകൊണ്ടുമാത്രം
നിനക്ക് മാപ്പ്.

2022, ജനുവരി 11, ചൊവ്വാഴ്ച

ഇന്നലെയും 
കിനാവിൽ വന്നിരുന്നു,
ഇതേ നേരത്ത്.
ആടിയുലഞ്ഞൊരു കാറ്റ്
ഇതു വഴി വരുമെന്നും
ചെമ്പകപ്പൂക്കളെയാകെ
ഉതിർത്തിട്ടുതരുമെന്നും
ചെവിയിൽ പറഞ്ഞതാണ്.
മണ്ണടരുകൾക്കിടയിലൂടെ
ഞാനവയെ 
ചേർത്തുപിടിക്കുമെന്നും
ആ ഗന്ധത്തിന്റെയുന്മാദത്തിൽ
അലിഞ്ഞലിഞ്ഞ്
ഞാനില്ലാതാകുമെന്നും 
കിനാവുകൾക്കു മേലേ-
യൊരു കിനാവിനെ 
തുന്നിച്ചേർത്തതുമാണ്.
കാറ്റ് പതിക്കാത്ത ദേശത്ത്
എന്നെ അടക്കംചെയ്തവനേ,
ദൈവമായതുകൊണ്ടു മാത്രം
നിനക്ക് മാപ്പ്.


പതിയെ,
അടർത്തിയെടുത്ത്
ഒരൊച്ചയെ താഴേക്ക്.
പേരായത്,
ആഴത്തെ തൊട്ട്,
പടവുകളെയൊന്നൊന്നായ്
പിന്നിലാക്കി 
മുകളിലേക്ക്.
വൃത്തത്തിന്റെ 
കറങ്ങുന്ന വേഗത്തിൽ 
ചവിട്ടി,തെറിച്ച് 
ചേർന്നുനിന്ന കൊമ്പിലേക്ക്.
ഒരു മാത്ര......
കിളിയൊച്ച മെഴുകിമിനുക്കിയ
ചില്ലയിൽ,
അതിന്റെ തണുപ്പിൽ.
പിന്നെയൂർന്ന്
നെറ്റി തൊട്ട്
ശ്വാസം മണത്ത്
ചുണ്ടിലൂടെ 
വിരൽത്തുമ്പുകളിലേക്ക്.
ഒരു തുടത്തിൽനിന്നൊരു- 
തുള്ളി ജലം നനച്ച്
കണ്ണുകളടച്ചുപിടിച്ച് 
അതിന്റെ മഞ്ഞിച്ച ഞരമ്പുകളിൽ
ഞാൻ വായിക്കുന്നു,
ആരോ കോറിയിട്ട
എന്റെ പേരിന്റെ ആദ്യക്ഷരം..!

2022, ജനുവരി 2, ഞായറാഴ്‌ച

പുഴ പാടും
പാട്ടിലലിഞ്ഞു
മാരുതൻ
ഇരുൾചായമുടുത്തു
പൂക്കളും
കുയിൽ പാടിയ
രാഗമോർത്തോർത്ത്
വഴിനോക്കിയിരുപ്പാണ്  
ജാലകം.

തിരിതാഴ്ത്താൻ
മിഴി വെമ്പൽപൂണ്ടിതാ
വരിക
നറുനിലാമഞ്ചലിൽ
തൊടുക 
കിനാപ്പൊൻതൂവൽ 
നെറുകയിൽ.