2024, ഒക്‌ടോബർ 31, വ്യാഴാഴ്‌ച


പെയ്തിറങ്ങുന്ന
നിലാവുപോലെയാണ് 
നിന്റെ ചിരിയെന്ന് 
ദാഹത്തോടെ 
ചുണ്ടുകൾ കോരിയെടുത്ത്
ഓരോ രാത്രികൊണ്ടും 
നീയെന്നിലെഴുതിവെച്ചത്.....

എന്റെ ചുണ്ടുകൾക്ക്
മീതേ
അഴിയാത്തൊരു 
കറുത്ത മറ തുന്നിയവനേ,
ദൈവമായതുകൊണ്ടുമാത്രം 
നിനക്കു മാപ്പ്. 

2024, ഒക്‌ടോബർ 29, ചൊവ്വാഴ്ച

ഇന്നലെ പെറ്റ കിനാക്കളെ 
കാണാഞ്ഞ്
നോവ് ചുരത്തി വലയുന്നു രാവ്.
*
തുടിക്കുന്നിടനെഞ്ചിൽ 
പതിഞ്ഞ വിരൽത്തുമ്പാൽ
മുറിഞ്ഞ വാക്കിൻ താളം. 
*
മച്ചകത്തൊളിപ്പിച്ചൊ-
രാകാശക്കീറിന്നുള്ളിൽ
പൊട്ടാതെയിരിക്കുന്നു 
ചില്ലിട്ടൊരോർമ്മച്ചിത്രം.
*
അഴിച്ചിട്ട രാപ്പെണ്ണിന്റെ
ചികുരഭാരത്തിന്നുള്ളിൽ
ഒളിക്കാനൊരുങ്ങുന്നു
വേലിക്കൽ ആവാരംപൂ. 
*
ചിരിക്കുന്നു താരകങ്ങൾ 
മരിച്ചിട്ടും പുരമേലെ
തുറന്നുവെയ്ക്കുന്നു ജാതകം 
മടിത്തട്ടിൽ ഭൂമിയാൾ. 
*
അണിഞ്ഞതാണവൾ കരിമഷി
മഴയോടൊത്തൊന്നിറങ്ങുവാൻ
പടർത്തി കൺതടമാകെയായ്
ഒളിഞ്ഞിരുന്നൊരു കൈത്തലം..!
*
ഒരിക്കലെന്നിൽ തുടിച്ച വാക്കായ് 
ഇളംനിലാവ് വിരൽമുത്തി നിൽക്കെ 
അടർത്തിടുന്നു തൂമഞ്ഞുമണികൾ 
കടുംചുവപ്പാർന്ന തളിർചെമ്പകച്ചില്ല..!




2024, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ആകാശമൊരുക്കി-
യൊരേറുമാടത്തിന്നുള്ളിൽ
വെളിച്ചം മിന്നിച്ചാരോ 
കാവലായിരിക്കുന്നു.

വിഴുങ്ങുന്നിരുട്ടെന്റെ
പുരയെ അകംപുറം 
കൊളുത്തിയെടുക്കണം
അണയാതൊരു തിരി.

കെടുത്തിയുറക്കണം
വെളിച്ചം വരുവോളം
പുരയിൽ കരയുന്ന 
പൈതലിൻ പെരും പശി.


2024, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ഊതിവിട്ട കാറ്റ് 
ആൽമരക്കൊമ്പിൽ
തലകീഴായ് തൂങ്ങിക്കിടക്കുന്നു
ശരിയുത്തരവും കാത്ത് 
സമയമെത്തിയിരിക്കുന്നു
മറനീക്കി പുറത്തുവന്ന 
നിലാവിന്റെ തോളിൽക്കിടന്ന് 
കാറ്റ് കഥ പറയാൻ തുടങ്ങി 
നിലാവ് കാതുകൂർപ്പിച്ചു 
ഇരുട്ട് കാലടികൾക്കൊപ്പംകൂടി
ചീവീടുകളതിന്റെ ഒച്ച വിഴുങ്ങി 
കഥയുടെ അന്ത്യത്തിൽ 
ചോദ്യം പുറത്തുചാടി 
കൊന്നതോ അതോ...........?
ഇരുട്ടും ചീവീടുകളും 
ശ്വാസമടക്കി നോക്കിനിൽപാണ്
കാറ്റ് വീണ്ടും ആൽമരത്തിലേക്ക് 
ചിറകടിച്ചു തിരികെപ്പറന്ന് 
തലകീഴായി തൂങ്ങിക്കിടക്കുന്നതിന്
സാക്ഷികളാവാൻ.
(പ്രാർത്ഥനയാണ്.....)

2024, ഒക്‌ടോബർ 15, ചൊവ്വാഴ്ച



ദൂരെനിന്നുതന്നെ കാണാം
നുണകളിടിച്ചുപിഴിഞ്ഞ് 
കുറുക്കിയെടുത്ത കഥയുടെ 
കയ്ക്കുന്ന രസായനം 
മടിക്കുത്തിൽ തൂങ്ങിക്കിടക്കുന്നത്.

കാലെടുത്തുവെയ്ക്കുമ്പൊ
ചെവിയ്ക്ക് കിഴുക്ക് കിട്ടിയതുപോലെ 
പതിവുചോദ്യം ഒച്ചയിട്ട് പൊങ്ങും
ഇവിടെ വിശേഷിച്ചെന്തെങ്കിലും?
മുത്തിയുടെ ചോദ്യം ചെന്നുമുട്ടി 
വാതിലുകളൊന്നോടെ വാപൊളിക്കും 
വലുതും ചെറുതുമായ കാലുകൾ 
പല താളങ്ങളായി പൂമുഖത്ത് 
അണിനിരക്കും.
 
വരാന്തയിലെ തൂണിൽ 
കാലുകൾക്ക് ലംബമായി
മുതുക് നന്നായുറപ്പിച്ചിരുന്ന് 
സഞ്ചി തുറന്നുവെച്ച്
മുത്തി കഥയുടെ കെട്ട് അഴിച്ചുമാറ്റും 
അത് ഓരോ ചെവിക്കുമൊപ്പം വളർന്ന് 
ഒഴുകിയിറങ്ങും 
നാവുകളതിന്റെ കയ്പിനെ 
മധുരമെന്ന് തമ്മിൽതമ്മിൽ പറഞ്ഞ്
കണ്ണുകളിൽ നിറച്ചുവെയ്ക്കും.
 
പല്ലില്ലാത്ത മോണകൊണ്ട് 
പല്ലിനേക്കാളുറപ്പുള്ളത് ചവച്ച് 
കനമുള്ള പോയകാലത്തിന്റെ 
മധുരം കൂട്ടി മുത്തി അത് കുടിച്ചിറക്കും.

മുത്തി പോയതിൽപ്പിന്നെ 
കഥയില്ലാത്തവളായിരിക്കുന്നു വീട്.

2024, ഒക്‌ടോബർ 13, ഞായറാഴ്‌ച

 
ജനാലകളോട് 
അടഞ്ഞുകിടക്കുന്നതിൽ
നീ പലവട്ടം പരിഭവിച്ചിട്ടുണ്ടാവും 
വാതിൽ കടന്നെത്തിയിരുന്ന 
കാൽപ്പെരുമാറ്റത്തിനായി 
കാത്തുകിടന്ന് മടുത്തിട്ടുമുണ്ടാവും 
കൈയെത്തും ദൂരത്ത് 
മിണ്ടാതിരിക്കുന്ന റേഡിയോ 
ചത്തുപോയോ'യെന്ന് 
ആധിപിടിച്ച് മരവിച്ചിട്ടുണ്ടാവുമെന്ന് 
അകലെയൊരിടത്ത് 
പലവുരു ഞാനോർത്തു കിടന്നു 
നേര്.
മഴയും കാറ്റും കിളികളും 
വന്നുപോകുന്നത് കാണാനാവാതെ
സമയസൂചികളിൽ കണ്ണുംനട്ട് 
കിടന്നിട്ടുണ്ടാവും,എന്നെപ്പോലെ 
എന്നിട്ടും
നീ'യൊട്ടും മാറിയിട്ടില്ല 
കരയുകയാണെന്നെനിക്കറിയാം 
സന്തോഷവും സങ്കടവും 
ഒരേ പാത്രത്തിലൊരുമിച്ച്
പാകപ്പെട്ടാലെന്നപോലെ.

തോർത്തുമുണ്ട് 
തലയിൽനിന്നഴിച്ച് തോളത്തിട്ട്
ഉച്ചിയിൽ രാസ്നാദിപ്പൊടി തടവി  
നെറ്റിയിൽ ചുവന്നൊരു
 വട്ടമൊപ്പിക്കുന്നതിനിടയിൽ 
കണ്ണാടി വിസ്തരിച്ചൊന്നു ചിരിച്ചു 
ഞാനവളോട് ചോദിച്ചു 
എന്നെക്കണ്ടാൽ 
അടുക്കള പെറ്റതാന്ന് തോന്നോ..?
(ഇന്നലെ വായിച്ച കവിതേം പറഞ്ഞു....)

2024, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

മുറിച്ചു മാറ്റിയതാണ്
പുഴ കീറി
രണ്ടു കരകളായിങ്ങനെ. 

കവിതപെയ്യുന്ന നേരങ്ങളിൽ 
നനയാറുണ്ട് 
രണ്ടു പഥങ്ങളിലിരുന്നൊന്നുപോലെ. 

ഒഴുകാറുണ്ടെന്നും
ഒറ്റത്തുഴയിലെ തോണിപോലെ. 

ഒരേ മുളംതണ്ടിൽ 
വായിക്കാറുണ്ട് കാറ്റിനെ.

നോക്കിയിരിക്കെ 
എഴുതാൻ മറന്ന കഥയുടെ വേരിൽ 
കായ്ക്കാറുണ്ട് മധുരം.
 
തെളിഞ്ഞുവരാറുണ്ട് 
ഇലകളായ് ഒരു നൂറുപമകൾ. 

കാണുന്നില്ലെങ്കിലും
ചോദിക്കാറുണ്ട് എന്തേയിങ്ങനെയെന്ന്. 

മിനുക്കിയതാവാം മൂർച്ച...ആരോ.......






2024, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

വീടുകളൊക്കെ
വിളക്കണച്ചുറക്കമായി
നീണ്ടകാലുകളിൽ തെക്കുവടക്ക് 
നടക്കുന്നു മുറ്റം
പൂക്കളും ചുമന്ന് 
കൂടെനടക്കുന്നു ചെടികൾ
മണ്ണിന്റെ ശ്വാസം കുഴച്ചെടുത്ത്
ആകാശത്തിനൊരു
ചെരാത് മെനയുന്നിരുട്ട്
ചിരിയടക്കിപ്പിടിച്ച്
നിലാവതിന്റെ  തുലാസിൽ 
കൂട്ടിയും കിഴിച്ചുമളന്നിടുന്ന
ഇച്ചിരിപ്പോന്ന തരി 
കൊത്തിവിഴുങ്ങി പറന്നുപോകുന്നു 
രാക്കിളിക്കൂട്ടം 
മുറിഞ്ഞുപോയ പാട്ടിൽ കുറുകി 
ഇരുട്ടിലിരുളാകുന്നിരുട്ട്
വീണുകിടക്കുന്ന
കറുത്ത പൂക്കളെടുത്ത് 
നെഞ്ചിൽ തിരുകിവെച്ച്
കൂനിക്കൂടിയ കൈവരിയിൽ
മരവിച്ചിരിക്കുന്ന തണുപ്പിന്
മൂടാനൊരു പുതപ്പും കൊടുത്ത്
ഇരുളിന്നിരുളാകുന്നിരുട്ട്.

ചിറകൊതുക്കിയിരുന്ന് 
ഒന്ന്
രണ്ട് 
മൂന്നെന്ന്
പടർത്തേണ്ട വാർത്തകൾ
നിരത്തിവെച്ച് 
പായ കുടഞ്ഞുവിരിക്കുന്നു 
വരാന്തയിലിരുന്നൊരു നാടോടിക്കാറ്റ്
നാളെ ഇതിലുമേറെ
ഇരുട്ടേണ്ടിവരുമെന്ന ചിന്തയെ
നിവരാതെ ചുരുട്ടിയെറിഞ്ഞ് 
നിവർന്നു നടന്ന് 
മാനത്തോളം ഇരുളാകുന്നിരുട്ട്
ഹാ !
ആരോ വിരൽകുടഞ്ഞ 
മാത്രയിൽ തട്ടിത്തെറിച്ച് 
നക്ഷത്രമാകുന്നൊരു
മിന്നാമിനുങ്ങ്.!
അണഞ്ഞുമണിഞ്ഞും
ഇരുട്ടിന്റെ വിരിഞ്ഞ നെഞ്ചിൽ
വരയ്ക്കുന്നവൾ
മഴയ്ക്കായൊരു നിറവില്ല്...!








2024, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

ചാഞ്ഞ ചില്ലയിൽ 
വന്നിരുന്നാടിയാടി 
തലനീട്ടി ഉപ്പുണ്ടോന്ന് 
ചോദിക്കാറില്ല 
കണ്ടിട്ടും കണ്ടില്ലെന്ന മട്ട്.
ഓടിയോടി വന്ന്
ഞാനീ മണമൊന്നെടുത്തോട്ടേന്ന് 
കവിളത്തൊന്നു തട്ടി 
പാഞ്ഞുപോകാറില്ല 
അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന മട്ട്.
ഞാനാ കനലിൽ വെന്ത്
മരിക്കാതിരുന്നതുകൊണ്ടാവാം  
എന്റെ ജനാലയ്ക്കിനി
കൊളുത്തുകൾ പണിയണം.