2019, ജൂലൈ 11, വ്യാഴാഴ്‌ച

പ്രയാണം

റീത്തു വെയ്ക്കുന്ന
വിരലുകളിലേയ്ക്ക്
പടർന്നു കയറുന്നു
ശീതീകരിച്ച ഓർമ്മകളുടെ
ശവശരീരത്തിൽനിന്ന്
രൂക്ഷമായ തണുപ്പ്.

കടലേഴു കടന്ന്
ഒരാൾ വരാനുണ്ടെന്ന്
കാത്തു കിടക്കുന്നു
അവസാന നിമിഷത്തിന്റെ 
മുറിയാത്ത തിര.

ഇനിയൊരു തുള്ളിയും
ബാക്കിയില്ലെന്നു ചുവന്ന് 
പൊഴിഞ്ഞു വീഴുന്നു  
വാകപ്പൂവുടലുകൾ.

മഴവില്ലു തുന്നിയ
കോടിമുണ്ടു വകഞ്ഞ് 
തേങ്ങിക്കരയുന്നു 
വെയിലിനു തെറ്റാതിരിക്കാൻ  
വഴി കാണിച്ചുവന്ന കാറ്റ്.

അടക്കാനാവാത്ത ഓർമ്മ
കത്തിച്ചുതന്നെ തീരണമെന്ന് 
നീലയിൽ പൊതിഞ്ഞ്
ആകാശം കൊടുത്തുവിട്ട
സ്വർണ്ണനൂൽ കെട്ടിയ സന്ദേശം.

കാത്തിരിക്കാൻ 
നേരമില്ലെന്നു കുറുകുന്നു 
വേലിപ്പടർപ്പിലിരുന്നൊരു 
കാവതിക്കാക്ക.

മഹാമരത്തോളം
ആഞ്ഞു കത്തുന്ന ജ്വാല.
 
ഞാൻ
വായിക്കപ്പെടുംമുൻപേ  
എരിഞ്ഞടങ്ങിയൊരോർമ്മ.
__________________________________