വെള്ളാരംകല്ല്
കൈക്കുള്ളിൽ നിന്ന്
ഓടിച്ചെന്ന്
തെളിഞ്ഞ വെള്ളത്തിൽ
വട്ടം വരയ്ക്കുന്നേരം
പൊന്തി വരുന്നു,
പണ്ടു പണ്ട്
വെളുത്ത തുണികൾ
നീലയിൽ മുക്കി
കൂടുതൽ വെളുക്കെ
ഉണക്കിയെടുക്കാമെന്നത്
അമ്മയ്ക്ക് മാത്രമറിയുന്ന
വിദ്യയാവാമെന്ന്
അത്ഭുതംകൂറി നിന്ന
അവധിദിവസങ്ങളിലെ കുട്ടി !
രണ്ടാം കല്ലിൽ,
അരുതുകളുടെ
കാരണമെന്തെന്നറിയാതെ
പകച്ചു നോക്കി നിന്ന്,
വായിച്ച വരികൾ
വീണ്ടും വായിച്ചുനോക്കി
പുസ്തകം മടക്കിവെച്ച്
ഒരു കിനാവിന്റെ
വിരൽ പിടിക്കാൻ മോഹിച്ച്
ഉറങ്ങാൻ കിടന്ന
ഇത്തിരി മുതിർന്ന കുട്ടി !
മൂന്നാം കല്ല്
വലിയൊരു വട്ടത്തിൽ
കാണാതാകുമ്പോൾ
ദേശാന്തരഗമനം ചെയ്ത
പക്ഷിയുടെ കണ്ണിലെ
പുത്തൻകാഴ്ചകളായ്
പലപല രുചികളിൽ
വിളമ്പേണ്ട വിഭവങ്ങളുടെ,
അതിരിക്കേണ്ട പാത്രങ്ങളുടെ,
പലപല മുഖങ്ങളുള്ള,
വളരാനിനിയൊരടിയുമില്ലെന്ന്
സ്വയമളന്നു പൂരിപ്പിച്ച
പ്രായത്തിലെത്തിയ ഒരുവൾ !
നാലാം കല്ലിന്റെ
ഒത്തിരി വലിയ വട്ടത്തിൽ
തനിക്കുമാത്രമായ്
പെറ്റുവീണ വരികളെന്നു
വാത്സല്യപ്പെട്ട്,
നിറയേ മുലകൊടുത്ത്
ചൂടുമാറാതെ ചേർത്തുവെച്ച്
ഒടുവിലൊരു മുറിവിൽ
'ആയിരുന്നെങ്കിൽ' എന്ന
വാക്കിനെ തേച്ചുമിനുക്കി
ചില്ലലമാരയിൽ
കൈയെത്തും ദൂരത്ത്
മാറ്റി മാറ്റി പ്രതിഷ്ഠിച്ച്,
ഓടി വിയർത്ത
അടുക്കളച്ചുവരിലെ
ഘടികാരം പോലെ ഒരുത്തി !
പുഴയും
കല്ലുകളും
വട്ടങ്ങളുമെല്ലാം
ഒരുവളിലേയ്ക്കുതന്നെ
ഊളിയിട്ടിറങ്ങുന്നതും കണ്ട്
തൂവൽ കൊഴിച്ചിടുന്നു
അസ്തമയത്തിലേയ്ക്ക്
പറന്നുപോകുന്ന പക്ഷി..!
____________________________