ചുവരുകളപ്പാടെ
വിണ്ടുകീറിയിരുന്നു.
മായാത്തവിധം
വിരലമർത്തിയെഴുതിയ
നുറുങ്ങു വരികൾ
നിലംപൊത്തിയ തൂണിൽ
അങ്ങിങ്ങായടയാളപ്പെട്ട
നഖക്ഷതങ്ങൾ പോലെ.
മൺകുടങ്ങളുടെ
പൊട്ടിയ ഉടലുകളിൽ
കലങ്ങിയ പുഴവെള്ളത്തിന്റെ
തോർന്ന അവശിഷ്ടങ്ങൾ.
ഞാനെന്നോ
ഉറക്കെ കരഞ്ഞ്
വികൃതമാക്കിയ കണ്ണാടി
ഇനിയൊരു കൂടിച്ചേരലിന്
ഇടയാകാത്തവിധം
ചിതറിപ്പോയിരിക്കുന്നു.
സിന്ദൂരച്ചെപ്പിരുന്നിടം
ഒഴുകിപ്പോയതിന്റ പാട്
ചുവരറ്റത്തു പടർന്ന
മറുകുപോലെ.
ചില്ലു പൊട്ടാതെ
തൂങ്ങിക്കിടപ്പുണ്ട്
ചുവരിനാകെയുള്ളൊരു
ഛായാചിത്രം.
കൊളുത്തിളകിയ
വാതിലിന്റെ പടിയിലിരുന്ന്
പറന്നുവരാനിടയില്ലാത്ത
പൂമ്പാറ്റയെ
ഒരു നഗ്നമായ ചുമലിൽ
വരച്ചുവെച്ച്
കണ്ണീർക്കണംകൊണ്ട്
ഒപ്പിയെടുത്ത്
അതിനുമേലേ പറ്റിപ്പിടിച്ച
നിറഭേദങ്ങളിൽ
വിറകൊള്ളുന്ന വിരലുകൾ.
എത്ര വികലമായാണ്
ഓരോ ഋതുവിനെയും
ഞാനെന്റെ മൺചുവരിൽ
വരച്ചു വെച്ചത്.
അടുത്ത വരവിന്
പൂർണ്ണമായും
ഉപേക്ഷിക്കപ്പെടേണ്ടയെന്നെ
ഒരുക്കി നിർത്തേണ്ട
തിരക്കിലാണു ഞാനിപ്പോൾ.
_________________________________