2019, ജൂലൈ 17, ബുധനാഴ്‌ച

വിയോഗം

വാക്കിന്റെ
വില്ലു കുലച്ച്
നീയെനിക്കു മേൽ
ജയമുറപ്പിച്ച ദിവസമാണ്
നമ്മൾ
ഉപമകളില്ലാത്തൊരു 
രാജ്യമായത്.

ഒരേ പച്ചയുടെ
ഞരമ്പിൽ പൂത്ത 
നമ്മളെ മണത്താണ്
ഒരു മരം അതിന്റെ
ഓരോ തളിരിലും
കാടെന്നു വരച്ചത്.

നമ്മളന്ന്
മഴമേഘത്തിനായ്
പതിഞ്ഞൊഴുകുന്ന
രണ്ടു കാട്ടാറുകൾ.

ഒരേ ഭാഷയുടെ
ഒഴുക്കിൽ നനഞ്ഞ
നമ്മളെ വായിച്ചാണ്
ഒരു പുഴ അതിന്റെ  
ഓരോ ശ്വാസത്തിലും
കടലെന്നെഴുതിയത്.

നമ്മളന്ന്
അരിമണിക്കായ്
വാ തുറന്നുപിടിക്കുന്ന
രണ്ടു ചെറു മീനുകൾ.

ഏതു വാക്കാണ്
നിന്റെയുള്ളിലൊരു 
വളവു വരച്ചത്.

ഏതു വാക്കാണ് 
പുതിയ ഭാഷയുടെ
വിത്തു പാകിയത്.

വെട്ടിയും
തിരുത്തിയും
നമ്മൾ' മാഞ്ഞുപോയ,
വാക്കുദിക്കാതെ
ഇരുൾ മൂടിയ
ഉപമയുടെ രാജ്യം.

നീ ഉരയുന്നേരം
വെളിച്ചത്തിന്റെ
ചെറുകണം പോലും
ഉതിർക്കാനാവാതെ
തണുത്തുറയുന്ന   
ഉയിർത്തടം.

ഞാണ് 
മുറുക്കാൻ
വെളിച്ചത്തിന്റെ
വിരലുകൾ
ഇരുവശവുമുണ്ടെന്ന
ഒരു പഴങ്കഥയിൽ
ഞാനിനിയുറങ്ങട്ടെ.
______________________________