2019, ജൂലൈ 20, ശനിയാഴ്‌ച

കനൽപ്പാട്

മേഘത്തുണ്ട്
പറന്നെത്തുമെന്ന
കിനാവിനെ
പകലിന്റെയോരോ
കരിമൊട്ടിലും
തൊട്ടുവെയ്ക്കുന്നു
കിളിയൊച്ച.
 
ചെറു കാറ്റിനെ
കുലുക്കിയിട്ട്
തോരാത്ത മുടിയിൽ
അങ്ങിങ്ങായി
വിടർത്തിവെയ്ക്കുന്നു
നിറയെ പൂത്ത മരം.

ഒരുച്ചവിശപ്പിനെ
മൺചട്ടിയിൽ
കോരിയെടുത്ത് 
ഒഴിഞ്ഞ ഉറിയിൽ
അടച്ചുവെയ്ക്കുന്നു
കാച്ചിക്കുറുക്കിയിട്ടും 
പണിതീരാത്ത
അടുക്കള.

ഒരു രാക്കിളിപ്പാട്ട്
രണ്ടറ്റവുമൊട്ടും
അടർന്നുപോകാതെ
നെഞ്ചിന്റെ വാരിയിൽ
കൊളുത്തിയിട്ട്
ജന്മദൂരത്തിലേയ്ക്ക് 
വഴി തെളിച്ച്
ഉറക്കം വരാതെ
നോക്കിയിരിക്കുന്നു 
പൂമൂഖത്തിണ്ണ.

രസമടർന്ന
കണ്ണാടിച്ചില്ലിൽ 
നിറമൊഴിഞ്ഞിട്ടും
ഇളകാതിരിക്കുന്ന
പൊട്ടിനു താഴെ 
ഒരു മായക്കണ്ണാടിയിലും
തെളിയാത്ത മുഖം.

ഞരമ്പിൻ മീതേ
കുത്തിവരച്ച്
കാറ്റിനിരുന്നാടാൻ 
ഊഞ്ഞാൽ കെട്ടുന്ന
വിരൽപ്പച്ച.

ആകാശത്തേയ്ക്ക് 
നനഞ്ഞ ചിറകു വിടർത്തി 
ഞാനെന്ന ഒറ്റമരം.
___________________

2019, ജൂലൈ 18, വ്യാഴാഴ്‌ച

ആഴങ്ങളിലേയ്ക്കു വേരറ്റുപോകുന്നവർ

ചിന്തേര്
കൊത്തിമിനുക്കി
കൈകാൽ
വരഞ്ഞിട്ടതിൽപ്പിന്നെ
തൊടിയെന്നതൊരു
കിനാവ്.

കൈകളെത്രയോ
പുണർന്നതാണാകാശത്തെ,
കാറ്റിനെ.

എന്നെങ്കിലും
തുറക്കപ്പെട്ടേക്കാവുന്ന
വാതിൽപ്പഴുതിലൂടെ
നിന്നെ കാണാനാവുമെന്ന
വിദൂരമായൊരു പ്രത്യാശ.

നീയിപ്പോളടർന്നുവീഴാൻ  
വിതുമ്പി നിൽക്കുന്ന
കെട്ടുകല്ലുകളാൽ  
തളയ്ക്കപ്പെട്ടവൾ,
ഒരു പദചലനംകൊണ്ട് 
ഉൾവലിയാൻ
തിടുക്കപ്പെടുന്നതുപോലെ
അല്ലെങ്കിൽ
വായ് മൂടിക്കെട്ടി
യന്ത്രത്തിന്റെ മുരൾച്ചയിൽ
നെഞ്ചകം പിടയുന്നവൾ.

നിന്റെയുള്ളിൽ
ചെറിയൊരു കാടുണ്ടാവും
നിറഞ്ഞു നിൽക്കുന്ന 
നിശബ്ദതയും.

ഒരൊറ്റയാഴം വിളമ്പി
എത്ര വീടൂട്ടിയവൾ.

ഉലഞ്ഞുവീഴുന്ന
മുടിക്കെട്ടനങ്ങുന്നതും
കൈകളുയർത്തി
വാരിക്കെട്ടിവെയ്ക്കുന്നതും
കണ്ണാടിയേക്കാൾ
തെളിമയോടെ
കളങ്കലേശമില്ലാതെ
കാട്ടിക്കൊടുത്തതിന്റെ
നിശ്ചലചിത്രം പോലെ
അകമേ അടയാളപ്പെട്ട്.

ഉറങ്ങാതെ മുലയൂട്ടി
നീ നിലാവിനെ നിറച്ചവൾ.

ഒരില കൊണ്ടോ
ഒരു നിഴൽകൊണ്ടോ
നിന്നെ തൊടാനാവില്ലെന്ന്
മിനുക്കിയെടുത്ത കാൽ
ചലനമില്ലാതെ തേങ്ങുന്നുണ്ട്.

നീയെത്രയോ
വേരുകളുടെ മരണമൊഴികളെ 
ആഴംകൊണ്ടളന്നവൾ..!
____________________________

2019, ജൂലൈ 17, ബുധനാഴ്‌ച

വിയോഗം

വാക്കിന്റെ
വില്ലു കുലച്ച്
നീയെനിക്കു മേൽ
ജയമുറപ്പിച്ച ദിവസമാണ്
നമ്മൾ
ഉപമകളില്ലാത്തൊരു 
രാജ്യമായത്.

ഒരേ പച്ചയുടെ
ഞരമ്പിൽ പൂത്ത 
നമ്മളെ മണത്താണ്
ഒരു മരം അതിന്റെ
ഓരോ തളിരിലും
കാടെന്നു വരച്ചത്.

നമ്മളന്ന്
മഴമേഘത്തിനായ്
പതിഞ്ഞൊഴുകുന്ന
രണ്ടു കാട്ടാറുകൾ.

ഒരേ ഭാഷയുടെ
ഒഴുക്കിൽ നനഞ്ഞ
നമ്മളെ വായിച്ചാണ്
ഒരു പുഴ അതിന്റെ  
ഓരോ ശ്വാസത്തിലും
കടലെന്നെഴുതിയത്.

നമ്മളന്ന്
അരിമണിക്കായ്
വാ തുറന്നുപിടിക്കുന്ന
രണ്ടു ചെറു മീനുകൾ.

ഏതു വാക്കാണ്
നിന്റെയുള്ളിലൊരു 
വളവു വരച്ചത്.

ഏതു വാക്കാണ് 
പുതിയ ഭാഷയുടെ
വിത്തു പാകിയത്.

വെട്ടിയും
തിരുത്തിയും
നമ്മൾ' മാഞ്ഞുപോയ,
വാക്കുദിക്കാതെ
ഇരുൾ മൂടിയ
ഉപമയുടെ രാജ്യം.

നീ ഉരയുന്നേരം
വെളിച്ചത്തിന്റെ
ചെറുകണം പോലും
ഉതിർക്കാനാവാതെ
തണുത്തുറയുന്ന   
ഉയിർത്തടം.

ഞാണ് 
മുറുക്കാൻ
വെളിച്ചത്തിന്റെ
വിരലുകൾ
ഇരുവശവുമുണ്ടെന്ന
ഒരു പഴങ്കഥയിൽ
ഞാനിനിയുറങ്ങട്ടെ.
______________________________

2019, ജൂലൈ 16, ചൊവ്വാഴ്ച

അപ്പൊഴും

കാറ്റെന്നു വായിച്ച്
പൊഴിഞ്ഞു വീഴുന്നൊരില.

കനവിൽ മുളച്ച വിത്തിന്റെ
പേരറിയാത്ത പൂവിൽ
പറ്റിപ്പിടിച്ചൊരു മഞ്ഞുതുള്ളി.

പാതിവെന്ത വാക്കായ്
ഉടഞ്ഞുവീണ വെയിൽനാമ്പ്.

വാക്കിന്റെ നോവിലിരമ്പുന്ന 
നീലിച്ച ഞരമ്പിന്റെ കടൽ.

ഏകാന്തപഥികയായ
ഒരു യാത്രികയുടെ
മുമ്പേ നടന്നുപോകുന്ന
വഴിയോടു മാത്രമായുള്ള 
അർത്ഥമില്ലാത്ത കല്പനകൾ.

ഓരോ രാത്രിയും
പകലിലേയ്ക്കു കൊഴിയാനുള്ള
വേഗമാണെന്ന ഉടമ്പടി.

മരിച്ചുകിടക്കേണ്ടിടം
കാടാണെന്നു പാടി
പറന്നു പോകുന്നൊരുവളോട്
ചിറകില്ലാത്തൊരുവളുടെ
ഒച്ചയില്ലാതെ പിടയുന്ന നോട്ടം.

കൊഴിഞ്ഞു വീഴുന്നു 
വരികളിരുന്ന മേൽക്കൂര.

എനിക്കായ്
പിറക്കാത്ത മേഘത്തോട്
പൊഴിയാൻ പറയുന്നതെങ്ങനെ.
_________________________________

2019, ജൂലൈ 13, ശനിയാഴ്‌ച

അനന്തരം അവൾ

ചുവരുകളപ്പാടെ
വിണ്ടുകീറിയിരുന്നു.

മായാത്തവിധം
വിരലമർത്തിയെഴുതിയ
നുറുങ്ങു വരികൾ
നിലംപൊത്തിയ തൂണിൽ
അങ്ങിങ്ങായടയാളപ്പെട്ട
നഖക്ഷതങ്ങൾ പോലെ.

മൺകുടങ്ങളുടെ
പൊട്ടിയ ഉടലുകളിൽ
കലങ്ങിയ പുഴവെള്ളത്തിന്റെ
തോർന്ന അവശിഷ്ടങ്ങൾ.

ഞാനെന്നോ
ഉറക്കെ കരഞ്ഞ്  
വികൃതമാക്കിയ കണ്ണാടി
ഇനിയൊരു കൂടിച്ചേരലിന്
ഇടയാകാത്തവിധം
ചിതറിപ്പോയിരിക്കുന്നു.

സിന്ദൂരച്ചെപ്പിരുന്നിടം
ഒഴുകിപ്പോയതിന്റ പാട്
ചുവരറ്റത്തു പടർന്ന
മറുകുപോലെ.

ചില്ലു പൊട്ടാതെ
തൂങ്ങിക്കിടപ്പുണ്ട്
ചുവരിനാകെയുള്ളൊരു
ഛായാചിത്രം.

കൊളുത്തിളകിയ
വാതിലിന്റെ പടിയിലിരുന്ന്
പറന്നുവരാനിടയില്ലാത്ത
പൂമ്പാറ്റയെ
ഒരു നഗ്നമായ ചുമലിൽ
വരച്ചുവെച്ച്
കണ്ണീർക്കണംകൊണ്ട് 
ഒപ്പിയെടുത്ത്
അതിനുമേലേ പറ്റിപ്പിടിച്ച 
നിറഭേദങ്ങളിൽ
വിറകൊള്ളുന്ന വിരലുകൾ.

എത്ര വികലമായാണ്
ഓരോ ഋതുവിനെയും 
ഞാനെന്റെ മൺചുവരിൽ
വരച്ചു വെച്ചത്.

അടുത്ത വരവിന്
പൂർണ്ണമായും
ഉപേക്ഷിക്കപ്പെടേണ്ടയെന്നെ
ഒരുക്കി നിർത്തേണ്ട
തിരക്കിലാണു ഞാനിപ്പോൾ.
_________________________________

2019, ജൂലൈ 11, വ്യാഴാഴ്‌ച

പ്രയാണം

റീത്തു വെയ്ക്കുന്ന
വിരലുകളിലേയ്ക്ക്
പടർന്നു കയറുന്നു
ശീതീകരിച്ച ഓർമ്മകളുടെ
ശവശരീരത്തിൽനിന്ന്
രൂക്ഷമായ തണുപ്പ്.

കടലേഴു കടന്ന്
ഒരാൾ വരാനുണ്ടെന്ന്
കാത്തു കിടക്കുന്നു
അവസാന നിമിഷത്തിന്റെ 
മുറിയാത്ത തിര.

ഇനിയൊരു തുള്ളിയും
ബാക്കിയില്ലെന്നു ചുവന്ന് 
പൊഴിഞ്ഞു വീഴുന്നു  
വാകപ്പൂവുടലുകൾ.

മഴവില്ലു തുന്നിയ
കോടിമുണ്ടു വകഞ്ഞ് 
തേങ്ങിക്കരയുന്നു 
വെയിലിനു തെറ്റാതിരിക്കാൻ  
വഴി കാണിച്ചുവന്ന കാറ്റ്.

അടക്കാനാവാത്ത ഓർമ്മ
കത്തിച്ചുതന്നെ തീരണമെന്ന് 
നീലയിൽ പൊതിഞ്ഞ്
ആകാശം കൊടുത്തുവിട്ട
സ്വർണ്ണനൂൽ കെട്ടിയ സന്ദേശം.

കാത്തിരിക്കാൻ 
നേരമില്ലെന്നു കുറുകുന്നു 
വേലിപ്പടർപ്പിലിരുന്നൊരു 
കാവതിക്കാക്ക.

മഹാമരത്തോളം
ആഞ്ഞു കത്തുന്ന ജ്വാല.
 
ഞാൻ
വായിക്കപ്പെടുംമുൻപേ  
എരിഞ്ഞടങ്ങിയൊരോർമ്മ.
__________________________________



2019, ജൂലൈ 9, ചൊവ്വാഴ്ച

ഭ്രമണാനന്തരം

വെള്ളാരംകല്ല്
കൈക്കുള്ളിൽ നിന്ന്
ഓടിച്ചെന്ന്
തെളിഞ്ഞ വെള്ളത്തിൽ 
വട്ടം വരയ്ക്കുന്നേരം
പൊന്തി വരുന്നു,
പണ്ടു പണ്ട്
വെളുത്ത തുണികൾ
നീലയിൽ മുക്കി
കൂടുതൽ വെളുക്കെ  
ഉണക്കിയെടുക്കാമെന്നത്  
അമ്മയ്ക്ക് മാത്രമറിയുന്ന
വിദ്യയാവാമെന്ന്
അത്ഭുതംകൂറി നിന്ന 
അവധിദിവസങ്ങളിലെ കുട്ടി !

രണ്ടാം കല്ലിൽ,
അരുതുകളുടെ 
കാരണമെന്തെന്നറിയാതെ
പകച്ചു നോക്കി നിന്ന്,
വായിച്ച വരികൾ
വീണ്ടും വായിച്ചുനോക്കി 
പുസ്തകം മടക്കിവെച്ച്
ഒരു കിനാവിന്റെ
വിരൽ പിടിക്കാൻ മോഹിച്ച് 
ഉറങ്ങാൻ കിടന്ന
ഇത്തിരി മുതിർന്ന കുട്ടി !

മൂന്നാം കല്ല്
വലിയൊരു വട്ടത്തിൽ
കാണാതാകുമ്പോൾ
ദേശാന്തരഗമനം ചെയ്ത
പക്ഷിയുടെ കണ്ണിലെ
പുത്തൻകാഴ്ചകളായ്
പലപല രുചികളിൽ
വിളമ്പേണ്ട വിഭവങ്ങളുടെ,
അതിരിക്കേണ്ട പാത്രങ്ങളുടെ,
പലപല മുഖങ്ങളുള്ള,
വളരാനിനിയൊരടിയുമില്ലെന്ന്
സ്വയമളന്നു പൂരിപ്പിച്ച
പ്രായത്തിലെത്തിയ ഒരുവൾ !

നാലാം കല്ലിന്റെ
ഒത്തിരി വലിയ വട്ടത്തിൽ
തനിക്കുമാത്രമായ്
പെറ്റുവീണ വരികളെന്നു
വാത്സല്യപ്പെട്ട്,
നിറയേ മുലകൊടുത്ത്
ചൂടുമാറാതെ ചേർത്തുവെച്ച്
ഒടുവിലൊരു മുറിവിൽ
'ആയിരുന്നെങ്കിൽ' എന്ന
വാക്കിനെ തേച്ചുമിനുക്കി
ചില്ലലമാരയിൽ
കൈയെത്തും ദൂരത്ത്
മാറ്റി മാറ്റി പ്രതിഷ്ഠിച്ച്,
ഓടി വിയർത്ത
അടുക്കളച്ചുവരിലെ
ഘടികാരം പോലെ ഒരുത്തി !

പുഴയും
കല്ലുകളും 
വട്ടങ്ങളുമെല്ലാം
ഒരുവളിലേയ്ക്കുതന്നെ
ഊളിയിട്ടിറങ്ങുന്നതും കണ്ട്
തൂവൽ കൊഴിച്ചിടുന്നു
അസ്തമയത്തിലേയ്ക്ക് 
പറന്നുപോകുന്ന പക്ഷി..!

____________________________

2019, ജൂലൈ 4, വ്യാഴാഴ്‌ച

നിലാവ് പൂക്കുമിടം

മലമുകളിൽ
ഞാൻ നട്ട ചെമ്പകം
അങ്ങോട്ടിങ്ങോട്ട്
വിരൽ കോർത്താണ്
ചോരുന്ന പുരയ്ക്കൊരു 
മേൽക്കൂര മെടഞ്ഞത്. 

കഥയില്ലാത്ത
രാത്രികളിലൊന്നിൽ
ഒരു നക്ഷത്രമിറങ്ങിവന്ന്
കൂടെന്നു മാത്രം വായിച്ച്
ഇട്ടേച്ചുപോയതാണ് 
ചായുന്ന ചില്ലയിൽ  
തിളങ്ങുന്ന കിനാമുട്ട.

വെളുക്കെ,
തൂമഞ്ഞുപോൽ
വെളുക്കെ
ഒരു കുല പൂവുമായ് 
ആർത്തു മദിച്ചതാണന്ന്      
പൂക്കാത്ത ചെമ്പകം.

വിടർത്തിപ്പിടിച്ചൊരെൻ  
മൂക്കിന്റെ തുമ്പത്ത്
പുള്ളിച്ചിറക്  
പതിച്ചതാണന്നൊരു 
നിലാപ്പൂമ്പാറ്റ.

വാനമെന്ന്
കടലെന്നിളകി 
മൂളിപ്പറന്നു പാടി
മേഘമഴിയുംപോലെ
തിര നീന്തിയടിക്കുംപോലെ
നിറനീല
കുടഞ്ഞതാണവനെന്റെ  
പുരയ്ക്കായ് 
നാലു ചുവര് വരി.

വരിയാകുന്നിടമെല്ലാം
കാടെന്ന്
കാടിറമ്പ് പെയ്തിറങ്ങുന്ന
മഴയെന്ന്
കാട്ടുവഴികളാകെ
കഥയെന്ന്
വട്ടമിട്ട് പറന്നതാണ്.

മഴവിൽപ്പൂവ്
കാറ്റുടലായൊരു
നാളിൻ തുഞ്ചത്താണ്
പൂമ്പാറ്റ വരിയായതും
ഞാനതിലടർന്നു വീണതും.
____________________________