ഇരുട്ട്
*
വിളക്കുകാലിന്റെ ചോട്ടിൽഈയാംപാറ്റകൾ
കൂട്ടത്തോടെ ആത്മഹത്യചെയ്ത്
ചിതറിവീഴുന്ന നേരങ്ങളിലാണ്
അവളിറങ്ങി വരിക.
കിണറ്റിലെ വെള്ളത്തിൽ
നന്നായി കുളിച്ചു തോർത്തും
അപ്പോഴവൾ ഒന്നുകൂടി
കറുക്കും.
പെറുക്കിക്കൂട്ടിവെച്ച
വെയിൽമണികൾ
വേവിച്ചു വറ്റിച്ചതും
പെയ്തൊഴിഞ്ഞ നിലാവ്
ആറ്റിക്കുറുക്കിയതും
ആർത്തിയോടെ കഴിക്കും.
അവളുടെ ഉറക്കം
മുറിയാതിരിക്കാൻ,
മഴകൊണ്ടു നിൽക്കാനായി
ഞാനെന്റെ കണ്ണുകൾ
പറിച്ചു നട്ട ജനാല
നന്നായി അടച്ചുവെക്കും.
ഉണർന്നെണീറ്റാലും
തോർന്നിട്ടുണ്ടാവില്ലവളുടെ
തലമുടിച്ചുരുളുകൾ.
ചുക്കുകാപ്പി ഊതിയാറ്റിക്കുടിച്ച്
പുറപ്പെടുന്നേരം
മറക്കാതെ കൈവെള്ളയിൽ
തിരുകിവെച്ചുതരും അവളുടെ പേര്.
നിവർത്തിയെടുത്ത്
നിലക്കണ്ണാടിയിൽ കാണുന്ന
എന്റെ നെറ്റിയിൽ ഞാനതൊട്ടിച്ചുവെക്കും.
വെള്ളികീറാൻ തുടങ്ങുന്നു,
രണ്ടു ചില്ലകളുടെ മുറിവുകളായി
എനിക്കുമവൾക്കും വിടരേണ്ടതുണ്ട്.