വരുമെന്നുറപ്പാണ്
വാതിൽ ചാരിയിടും
കൊണ്ടു വരുമായിരുന്നു
നിലാവു പോലുള്ള വരികൾ.
മൂളിക്കേൾക്കും
ഞാനുമടുക്കളയും
ഇടയ്ക്ക് മഞ്ഞളരച്ച കൈ
മുഖം തൊട്ടെടുക്കും
അല്ലെങ്കിൽ മുളകരച്ച വിരൽ
ചുണ്ടുകളും.
കരിയേക്കാൾ
കരിഞ്ഞൊരു ദിവസം
കടുകു മണികൾ ഒച്ചയിൽ
പൊട്ടിത്തെറിച്ചു
ഇറമ്പീന്ന് ചോരപോലെ
മഴയൊഴുകാനും.
അന്നാണ്
എന്റെ മുടിക്കെട്ടിലെ
മുല്ലമൊട്ടുകളും
നെറ്റിയിൽ കത്തിപ്പടർന്ന
ചുവന്ന പൊട്ടുമെടുത്ത്
നിലാവിനെ തോൽപ്പിച്ച്
എങ്ങോ കടന്നുകളഞ്ഞത്.
അതിൽപ്പിന്നെയാണ്
നേരമറിയാതെ ഞാൻ
പല്ലുതേക്കാനും മുറ്റമടിക്കാനും
തുടങ്ങിയത്.
അതിനും പിന്നെയാണ്
നിലത്തുകിടന്ന് നിലവിളിക്കുന്ന
കുഞ്ഞിനു മുല കൊടുക്കാതെ
ഉറക്കത്തെയെടുത്തൊക്കത്തിരുത്തി
എങ്ങോട്ടെന്നില്ലാതെ
നടക്കാൻ തുടങ്ങിയത്.