2020, ഏപ്രിൽ 30, വ്യാഴാഴ്‌ച

പൂമൊട്ടിന്റെ 
മണത്തെ 
ആകാശച്ചെരുവിൽ 
നട്ടുവെയ്ക്കാൻ 
ഇരുട്ടു തേവി തടമെടുക്കുന്നു 
തൂവൽക്കനമുള്ളൊരു
പകൽക്കിനാവ്.
വെയിൽ മുറ്റുമ്പോൾ
കൊണ്ടുവരുമായിരിക്കും
മേഘങ്ങൾ,
ആനയുടെ ഒട്ടകത്തിന്റെ
അകമ്പടിയോടെ
നനുത്ത ചാറ്റലായ് 
ഒരു തുടം വെള്ളം.

2020, ഏപ്രിൽ 28, ചൊവ്വാഴ്ച

വരുമെന്നുറപ്പാണ്
വാതിൽ ചാരിയിടും 
കൊണ്ടു വരുമായിരുന്നു 
നിലാവു പോലുള്ള വരികൾ.

മൂളിക്കേൾക്കും
ഞാനുമടുക്കളയും
ഇടയ്ക്ക് മഞ്ഞളരച്ച കൈ
മുഖം തൊട്ടെടുക്കും
അല്ലെങ്കിൽ മുളകരച്ച വിരൽ
ചുണ്ടുകളും.

കരിയേക്കാൾ 
കരിഞ്ഞൊരു ദിവസം
കടുകു മണികൾ ഒച്ചയിൽ 
പൊട്ടിത്തെറിച്ചു
ഇറമ്പീന്ന് ചോരപോലെ 
മഴയൊഴുകാനും.

അന്നാണ് 
എന്റെ മുടിക്കെട്ടിലെ 
മുല്ലമൊട്ടുകളും
നെറ്റിയിൽ കത്തിപ്പടർന്ന
ചുവന്ന പൊട്ടുമെടുത്ത്
നിലാവിനെ തോൽപ്പിച്ച്
എങ്ങോ കടന്നുകളഞ്ഞത്.

അതിൽപ്പിന്നെയാണ്
നേരമറിയാതെ ഞാൻ
പല്ലുതേക്കാനും മുറ്റമടിക്കാനും
തുടങ്ങിയത്.
അതിനും പിന്നെയാണ്
നിലത്തുകിടന്ന് നിലവിളിക്കുന്ന
കുഞ്ഞിനു മുല കൊടുക്കാതെ
ഉറക്കത്തെയെടുത്തൊക്കത്തിരുത്തി 
എങ്ങോട്ടെന്നില്ലാതെ
നടക്കാൻ തുടങ്ങിയത്.




2020, ഏപ്രിൽ 27, തിങ്കളാഴ്‌ച

നുറുക്കാൻ
തികയുന്നില്ല 
വാക്കുകളുടെ പച്ച.
ഉച്ചവെയിലിനെ
ഉപ്പേരിയാക്കി
വിയർപ്പും തുടച്ച് 
വരിയിലിരുന്ന്
നിറഞ്ഞുണ്ണുന്നു വിശപ്പ്.



അറ്റുപോയ 
വിരലുകൾകൊണ്ട്
നീ വരയ്ക്കുന്നതെന്തെന്ന്.
കിനിയുന്നൊരോർമ്മയുടെ
മുന കൊണ്ട്
കുത്തിവരയ്ക്കുകയാണ്
ഞാനെന്റെ ചിത്രം.
തെളിച്ചിട്ടും തെളിച്ചിട്ടും 
തെളിയുന്നില്ല നിറങ്ങളൊന്നുമീ  
ഇരുട്ടിന്റെ ചുവരിലെ
പതിഞ്ഞ വരകളിൽ.
നക്ഷത്രമായിരുന്നെങ്കിൽ
പറയാമായിരുന്നു
ഞാൻ മരിച്ചിട്ടില്ലെന്നൊരു
കളവ്.
വിടർത്തിയേനെ
പൂമൊട്ടിനഞ്ചു വിരലുകൾ.
പറയാമായിരുന്നു 
ഇന്നലെയും 
നിനക്കായുണർന്നിരുന്നാണ് 
നിന്റെ നിറമായതെന്ന്.



കിളിർത്തതാണ് 
ഒരു തുള്ളിയിൽ
ഒരു നാമ്പു വെയിൽപ്പാടം.
ഒഴിയാതെ 
വിരിഞ്ഞോരോ ഞരമ്പിലും
മഴപ്പൂക്കൾ മഞ്ഞയിൽ.
വരഞ്ഞു വരഞ്ഞ് 
വേനൽപ്പാടമെന്ന് 
വിരൽത്തുമ്പാലൊരില 
ചുവപ്പിക്കുന്നു വിണ്ണിനെ.

2020, ഏപ്രിൽ 22, ബുധനാഴ്‌ച

കരി കൊണ്ട്  
വരച്ചതാണാരോ
ചൂടാറാത്ത പാകത്തിന്.
കൂട്ടാനാവുന്നില്ല
ഒരു തുള്ളി വേവുമെന്ന് 
തീയിലും പുകയുന്നു
തോരാത്ത ചുവര്.

2020, ഏപ്രിൽ 20, തിങ്കളാഴ്‌ച

പണിതീരാത്ത 
വീടിനെക്കുറിച്ചുതന്നെ 
പറഞ്ഞുകൊണ്ടേയിരിക്കുന്നു.
പോക്കുവെയിൽ.
തിങ്ങിപ്പാർത്ത ചില്ലകൾ 
നിഴല് തേച്ച വരാന്ത
വെയിലെടുത്തുപോയെന്ന്,
കാറ്റ്  കടഞ്ഞെടുത്ത  
ജനാലകൾ
ചുവര് കൊണ്ടുപോയെന്ന്,
മഞ്ഞുവിരൽ ചായമടിച്ച 
വാതിൽ
മഴ തല്ലിത്തകർത്തെന്ന്,
മുറ്റത്തെ കെട്ടാത്ത കിണറ്റിൽ
ചന്ദ്രൻ കാൽവഴുതി വീണെന്ന്.

ഉറക്കമുറക്കമെന്നൊരു കുഞ്ഞ്
വിരൽ കുടിക്കുന്നു, 
ഞാനവൾക്കൊരു കഥ ചുരത്തട്ടെ.


2020, ഏപ്രിൽ 19, ഞായറാഴ്‌ച

എത്ര മൃദുവാണ് 
നിന്റെ വിരലുകൾ 
എന്നൊരു 
നേർത്ത തലോടൽ.
ഒഴുകി വരുന്ന 
സ്ഫുടം ചെയ്ത
വാക്കിന്റെ 
പ്രകാശരേണുക്കൾ.

ആ വഴിയിലൂടെ 
നനഞ്ഞിറങ്ങിയാണ്
ഞാനെന്റെ 
പുരയിലെത്തുക.
മാറാല തട്ടിക്കളഞ്ഞ് 
അറകൾ വെടിപ്പാക്കുക.
വെയിൽ തൊട്ടെടുത്ത്
അവളുടെ നെറുകയിൽ 
പൊട്ടു കുത്തുക.

വസന്തമൊരുക്കണം 
തൊടിയിലാകെ. 
ഉണർത്തിയെടുക്കണം 
അലസമായുറങ്ങുന്ന 
കാറ്റിനെ. 

ഒറ്റക്കിലുക്കത്താൽ  
കൈകളൊരുക്കണം.
നിനക്കെന്റെ 
പുരയിലെത്താൻ
അളവുതെറ്റാതെ
പണിഞ്ഞെടുക്കണം
മഴവില്ലുകൊണ്ടൊരു 
ഗോവണി.


ഓർക്കുകയാണ്
ഒരുച്ചവെയിൽ
ഭാരം താങ്ങി
ദൂരം താണ്ടി
വിരുന്നിനെത്തി 
ഇലയില്ലാത്തൊരു
സദ്യയായത്.
മേശമേലിരുന്നൊരു
പൂപ്പാത്രം
മേലാകെ മഞ്ഞ വരച്ചത്
ഒരപ്പൂപ്പൻതാടി ആകാശം തൊട്ട്
ചിറകായ് മുളച്ചത്.

വരയ്ക്കുകയാണ് 
ഒരുച്ചവെയിൽ
രാവിലുമുദിച്ച് ചുവക്കുന്നത് 
നിലാവിലൊഴുകിയൊഴുകി 
ഒരു പുഴയാകുന്നത്
വരികളിലുപ്പിട്ടു നോക്കി 
കടലായ് രുചിക്കുന്നത്.


ഇരുട്ട്
*
വിളക്കുകാലിന്റെ ചോട്ടിൽ
ഈയാംപാറ്റകൾ 
കൂട്ടത്തോടെ ആത്മഹത്യചെയ്ത്
ചിതറിവീഴുന്ന നേരങ്ങളിലാണ്
അവളിറങ്ങി വരിക.

കിണറ്റിലെ വെള്ളത്തിൽ
നന്നായി കുളിച്ചു തോർത്തും
അപ്പോഴവൾ ഒന്നുകൂടി 
കറുക്കും.

പെറുക്കിക്കൂട്ടിവെച്ച  
വെയിൽമണികൾ
വേവിച്ചു വറ്റിച്ചതും
പെയ്തൊഴിഞ്ഞ നിലാവ്
ആറ്റിക്കുറുക്കിയതും
ആർത്തിയോടെ കഴിക്കും.

അവളുടെ ഉറക്കം 
മുറിയാതിരിക്കാൻ,
മഴകൊണ്ടു നിൽക്കാനായി
ഞാനെന്റെ കണ്ണുകൾ 
പറിച്ചു നട്ട ജനാല 
നന്നായി അടച്ചുവെക്കും.

ഉണർന്നെണീറ്റാലും
തോർന്നിട്ടുണ്ടാവില്ലവളുടെ
തലമുടിച്ചുരുളുകൾ.

ചുക്കുകാപ്പി ഊതിയാറ്റിക്കുടിച്ച് 
പുറപ്പെടുന്നേരം
മറക്കാതെ കൈവെള്ളയിൽ
തിരുകിവെച്ചുതരും അവളുടെ പേര്.

നിവർത്തിയെടുത്ത്
നിലക്കണ്ണാടിയിൽ കാണുന്ന
എന്റെ നെറ്റിയിൽ ഞാനതൊട്ടിച്ചുവെക്കും.

വെള്ളികീറാൻ തുടങ്ങുന്നു, 
രണ്ടു ചില്ലകളുടെ മുറിവുകളായി 
എനിക്കുമവൾക്കും വിടരേണ്ടതുണ്ട്.


മാഞ്ഞുപോയ
നിഴലിനൊപ്പമിരുന്ന്
വരകൾക്ക് 
നിറം കൊടുക്കുന്നു.
കേട്ടിരിക്കുന്ന പുഴയെ-
ക്കുറിച്ച്,
കാണാത്ത കടലിനെ-
ക്കുറിച്ച്
തോരാതെ 
പാടിക്കൊണ്ടേയിരിക്കുന്നു.
ഓരോ ഓർമ്മദിനത്തെയും
ഇലഞരമ്പിലെടുത്ത് 
പച്ചയെന്നക്കമിടുന്നു.
കൊത്തിപ്പെറുക്കാൻ
ഒരു പതിരു പോലുമില്ലെന്ന്
വരണ്ട ചുണ്ടു കൊണ്ട്
തൂവലെന്നാർത്ത്
പാടം മുറിക്കുന്നു കാറ്റ്.

2020, ഏപ്രിൽ 18, ശനിയാഴ്‌ച

അവളുടെ 
നക്ഷത്രക്കമ്മൽ കൊണ്ട്  
എന്റെ 
മൂക്കുത്തിയുടെ കല്ല്
ഇളകിത്തെറിക്കുമെന്ന്
ഭയപ്പെട്ടിരുന്നു
ചുണ്ടുകളിൽ തട്ടി 
എന്റെ ഒച്ചകളിൽ ചോര-
പൊടിയുമെന്ന്
വിരലുകൾ പതിഞ്ഞ്
ഞാനാകെ നീലിക്കുമെന്ന്  
അവൾ മുടിയഴിച്ചിടുമ്പോൾ
ഉന്മാദത്തിൽക്കുരുങ്ങി
ഞാനെന്നെ വിളിച്ച്
അലറിക്കരയുമെന്ന്.

കേൾക്കുന്നുണ്ടെന്നെ 
ഓരോ 
മരണത്തിലുമുണരാൻ
അവളൊരു കൂടു മെടയുമെന്നും
ഒരു തൂവൽ ഇട്ടേച്ചുപോകുമെന്നും.

2020, ഏപ്രിൽ 15, ബുധനാഴ്‌ച

ഓർക്കുന്നു 
ഒരുച്ചവെയിൽ
ഭാരം താങ്ങി
ദൂരം താണ്ടി
വിരുന്നിനെത്തി 
ഇലയില്ലാത്തൊരു
സദ്യയായത്.
മേശമേലിരുന്നൊരു
പൂപ്പാത്രം
മേലാകെ മഞ്ഞ വരച്ചത്
ഒരപ്പൂപ്പൻതാടി ആകാശം 
തൊട്ട്
ചിറകായ് മുളച്ചത്.

വരയ്ക്കുകയാണ് 
ഒരുച്ചവെയിൽ
രാവിലുദിച്ച് ചോക്കുന്നത് 
നിലാവായൊഴുകിയൊഴുകി 
ഒരു പുഴയാകുന്നത്
തിരകളിലുപ്പിട്ട്  
കടലായ് രുചിക്കുന്നത്.


2020, ഏപ്രിൽ 14, ചൊവ്വാഴ്ച

മുറുക്കിത്തുപ്പി
വിരിച്ചിട്ടതാണെങ്കിലും  
അമർത്തിച്ചവിട്ടിയില്ല
ആകാശം തൊട്ട നിറത്തെ.
പൊള്ളുന്ന വെയിലിലും
തണുപ്പായിരുന്നു നിന്റെ വിരൽ.
നിഴലൊച്ചയൊടുങ്ങാത്ത
വഴിയിലിപ്പൊഴും
തിരയുന്നുണ്ടാവും പൂവാക
നടന്നു തീർത്ത നമ്മളെ.

 
 
തുറന്നു നോക്കും
ഉറങ്ങാത്ത നേരങ്ങളുടെ  
മടിയിൽ വെച്ച്
ഞാനെന്റെയാമാടപ്പെട്ടി.
പല പല നിറങ്ങളായ് 
നൂലിന്റെ കട്ടകൾ.
ഓരോന്നോരോന്നെടുത്ത് 
വെറുതേയങ്ങനെ നോക്കിയിരിക്കും.
തുന്നിയാലോന്നു ചിന്തിക്കും
പതിയെ തുടങ്ങും.
തുരുമ്പിച്ച സൂചിക്കുത്തുകളിൽ
നീരു പടർന്ന്
കുഞ്ഞു കുഞ്ഞു പൂക്കൾ
വിടരാൻ തുടങ്ങുന്നേരം
ഇനി നാളെയെന്നൊരു താഴിട്ട്  
ഭദ്രമായടച്ചു വെയ്ക്കും.



2020, ഏപ്രിൽ 13, തിങ്കളാഴ്‌ച

  

ചെറു തുള്ളി
കുടഞ്ഞൊരു വാനം  
കവിളാകെ നനച്ച്
ചുവന്നതും     
വിരൽ പതിയെ 
നിവർത്തിയ കാറ്റ്  
മുടിയാകെയുലർത്തി
മറഞ്ഞതും    
നിറതുള്ളിയുതിർത്തൊരു    
ശലഭം
ഉടലാകെ വിടർത്തി
നനഞ്ഞതും    
ഇടനെഞ്ചു കടഞ്ഞൊരു  
പെരുമഴ 
ഉയിരിന്നൊരു  
കൂടു മെടഞ്ഞതും
മഴവില്ലു കുടഞ്ഞൊരു  
തൂലിക 
കവിതയ്ക്കുയിർ പെറ്റ്   
പതിഞ്ഞതും.
(വെറുതെ)


2020, ഏപ്രിൽ 12, ഞായറാഴ്‌ച

ഒരുങ്ങിയിറങ്ങാൻ
പുള്ളിയുടുപ്പില്ലെന്ന്
മഷിയെഴുതി 
കറുത്തവൾ.
ഇന്നലെ മഴയത്ത്
നീ തന്നതല്ലേ
ഇന്നെന്റെ ചുരുൾമുടിയിലെ
വിടരുന്ന പൂക്കളെന്ന് 
കരിവളയിട്ട്
വെളുത്തൊരുത്തി.
കറുത്തിട്ട്
വെളുത്തിട്ട്  
നീലിച്ചിട്ടാണ് 
തിരകൾക്കു ചേലയുടുക്കാൻ 
അവരൊന്നിച്ചൊരു  
കടല് വരയ്ക്കുക.



കേട്ടിരുന്നു,
തീരുവോളം.
പതിയെ
പതിഞ്ഞ ശബ്ദത്തിൽ
മറ്റെവിടെയോ കേട്ടൊരൊച്ചയുടെ
അനുരണനം പോലെ
രാവിന്റെ നേർത്ത പെയ്ത്തുപോലെ.

ഓർത്തടുക്കാൻ നോക്കി
ഞാനെന്റെയൊച്ചയെ.
ജനലഴികളിൽ ചുറ്റിവെച്ച
വെയിൽനൂലുകളിൽ നിന്ന്,
വാരിച്ചുറ്റിയ നനുത്ത കാറ്റിൽനിന്ന്,
കൂടെയുറക്കിയ പാട്ടിൽ നിന്ന്.

ഏതോ ശവപ്പറമ്പിലെ
ചീവീടുകളുടെ നഗരത്തിൽ
അവളിപ്പോൾ 
കനലുടുത്തു നൃത്തം ചെയ്യുകയാവും.



2020, ഏപ്രിൽ 10, വെള്ളിയാഴ്‌ച

മുളച്ചുവന്നേക്കും
വിരലുകളെന്നാശിച്ച്
നട്ടുവെച്ചതാണ് വരികൾ,
തൊടുന്നേരം ചുവക്കാൻ   
നനഞ്ഞ ചുണ്ടിൽ.

നോക്കി നിൽക്കെ
കുപ്പായമൂരി  
കറുപ്പിലേയ്ക്കുടൽ 
മാറ്റിവെയ്ക്കുന്നാകാശം.

കണ്ടിരിക്കെ
കണ്ണിൽനിന്നൂർന്ന്
കടലിലേയ്ക്കൂളിയിട്ടിറങ്ങുന്നു 
വാക്കുകൾ,
വടിവുകളിൽ നിന്നയഞ്ഞ് 
വെറുമൊരു നേർരേഖയായ്.



2020, ഏപ്രിൽ 9, വ്യാഴാഴ്‌ച

വരച്ചു തീരാത്ത
പൂവിനെക്കുറിച്ചൊരക്ഷരം
വസന്തത്തോടു ചോദിക്കരുത്.
ഞാൻ, 
ഋതുവായിരുന്നില്ലെന്നവൾ
മുറിഞ്ഞു പെയ്യും.

ഞാൻ,
ഒരു വാക്കിനും നിറമാകാതെ
വരിയറിയാതെ പെയ്ത 
തോരാത്ത വിരൽ.

2020, ഏപ്രിൽ 7, ചൊവ്വാഴ്ച

മെടഞ്ഞിട്ടില്ല 
മേൽക്കൂര
മഴവില്ല് കനിയണം
അടുപ്പത്തിരുന്ന് 
തിളപൊന്തുന്നു 
നിലാക്കഞ്ഞി
മരപ്പൊത്തുകളിൽ
ഇണചേരുന്നു
ഇരുട്ടിന്റെയൊച്ചകൾ
മരിച്ച ദേശത്തിന്റെ
കിനിയുന്ന പാട്ടുകൾ
കുടഞ്ഞിട്ടു പോകുന്നു
കൂട്ടംതെറ്റിയ കിളികൾ.

അണയാതിരിക്കാൻ 
അടുപ്പിനൂട്ടുന്നു
പിളർന്ന വാക്കിന്റെ കൊള്ളി.

എന്നും,
കേട്ടുനിൽക്കുന്നൊരു
നക്ഷത്രമാവും ഞാൻ.
നിന്നിലാണെന്റെയാകാശം
വിരിയുന്നതെന്നൊരു കല്ല്
പതിച്ചു വെയ്ക്കും കഥ.
ഇരുട്ടെന്നെ മറവുചെയ്യുന്നേര-
ത്താണ്
പകലായിരുന്നു ഞാനെന്ന
മുറിവിനുള്ളിലേയ്ക്ക്
ഒരു വട്ടം കൂടി
ഞാനെന്നെയിറക്കിക്കിടത്തുക.

2020, ഏപ്രിൽ 4, ശനിയാഴ്‌ച

നടന്നും ഓടിയും
വീടിനു മുന്നിലൂടെ കടന്നു-
പോയിരുന്ന ഇടവഴിയിപ്പോൾ
കാലുകൾ കുഴഞ്ഞു-
വീണു കിടപ്പാണ്.
നോക്കിനിന്ന്,
കറുപ്പും വെളുപ്പും കുഴച്ച്
നിഴൽ വരയ്ക്കുന്നു. 
മരങ്ങളുടെ പച്ച.
വഴിയടച്ചൊരു വലിയ വര 
കുറുകെ വീണു കിടക്കുമെന്ന്
ഉറക്കത്തിൽ മുറിഞ്ഞ്
ഞെട്ടിയുണർന്ന്
ഞാനുറക്കെ കരയുകയാണ്
ഇന്നലെ പെറ്റിട്ട കുഞ്ഞിനെപ്പോലെ.