2010, ഡിസംബർ 1, ബുധനാഴ്‌ച

പുള്ളിക്കോഴീം കുഞ്ഞുങ്ങളും ...

വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ കളിയ്ക്കാന്‍ പോകാന്‍ വല്യ
ഉത്സാഹമാണ് . രണ്ടു ദിവസത്തെ അവധി എങ്ങനെ രസകരമാക്കാം
എന്ന ആലോചനായോഗവും കളിയുടെ അവസാനം ഉണ്ടാവും . ഒത്തിരി
കൂട്ടുകാരുണ്ടാരുന്നു ഞങ്ങളുടെ സംഘത്തില്‍ . രണ്ടുമൂന്ന് വീടുകള്‍ക്ക്
അപ്പുറത്താരുന്നു ഞങ്ങളുടെ കളിസ്ഥലം .

ഭൂരിപക്ഷത്തിന്റെ അഭിപ്രായം അനുസരിച്ച് കളി തിരഞ്ഞെടുക്കും .
ഒളിച്ചു കളിയായിരുന്നു എനിക്കിഷ്ടം , കാരണം ചങ്ങാതി നൂറുവരെ
ശ്വാസം പിടിച്ചു എണ്ണുമ്പോള്‍ ഒളിക്കാന്‍ പോണത് അടുത്തുള്ള
കാവിനുള്ളിലാണ് . കൂട്ടത്തിലുള്ള ഏറ്റവും ചെറിയവള്‍ എന്‍റെ
പാവാടയില്‍ തൂങ്ങി ഒപ്പം കൂടും . അന്നും പുതിയ കാഴ്ചകള്‍
വല്ലതും ഉണ്ടോന്ന് നോക്കി മെല്ലെ നടന്നു . കിളിക്കൂട്ടില്‍ അനക്കം
ഇല്ലാ . കുഞ്ഞുങ്ങള്‍ ചുണ്ട് നീട്ടി പുറത്ത് വരുന്നുണ്ടോന്നു നോക്കി
നിന്നു . ഒളിപ്പിച്ചു വച്ചിരിക്കുന്ന മാണിക്യം ഒന്നു തിരഞ്ഞാലോ ?
വേണ്ട , അഥവാ അത് കവര്‍ന്നെടുത്താല്‍ തല തല്ലി ചാവില്ലേ
സര്‍പ്പം ?

വരിവരിയായി നീങ്ങുന്ന വല്യ ഉറുമ്പുകള്‍ . സവാരിക്കിടയില്‍
ഒരല്പം നിന്ന് , അവരെന്തോ സ്വകാര്യം പറയുന്നു . കല്യാണം
കൂടീട്ടോ മരണം കണ്ടിട്ടോ ഒക്കെ വരുന്നതാവാം . കുഴിയാനയെ
പിടിച്ച് കൈക്കുള്ളിലാക്കിയ അമ്മിണിക്കുട്ടിക്ക് ചെറിയ ഒരു
പിച്ച് കൊടുത്ത് അതിനെ താഴെ ഇടീച്ചു . പകരം ഒരു കുല പൂവ്
അടര്‍ത്തിക്കൊടുത്തു . സമയം പോയതറിഞ്ഞില്ല . സൂര്യന് എന്തേ
ഇത്രേം വെപ്രാളം .

വീട്ടിലേയ്ക്ക് ഓടി . അമ്മയെ ദൂരെ നിന്ന് കണ്ടു . എന്തോ ഒരു
പന്തികേട്‌ മണക്കുന്നു . ശബ്ദമുണ്ടാക്കാതെ പതുങ്ങി കയറാന്‍
ഒരുങ്ങുമ്പോള്‍ അമ്മ പിടിച്ചുനിര്‍ത്തി . തെങ്ങിന്‍റെ ചോട്ടില്‍ നിന്ന്
ഒരു കമ്പും അമ്മ കരുതീരുന്നു . കുഞ്ഞു പാവാട ഒതുക്കിപിടിച്ച്
തുരുതുരെ അമ്മയുടെ രോഷം പെയ്തു തീര്‍ത്തു . സന്ധ്യക്ക്‌ നാമം
ചൊല്ലേണ്ട സമയത്ത് മതിമറന്ന് കളിച്ചതിനുള്ള ശിക്ഷ .
ആരെങ്കിലും കേട്ടാലോ എന്നൊന്നും അന്നേരം ചിന്തിച്ചില്ല .
അലറിക്കരഞ്ഞു . ചെത്തി മിനുക്കാത്ത വടിയായിരുന്നതുകൊണ്ട്
തുടയില്‍ ഒത്തിരി ചുവന്ന വല്യ വരകള്‍ പ്രത്യക്ഷപ്പെട്ടു .

അച്ഛന്‍റെ ചാരു കസേരയില്‍ അച്ഛനേം നോക്കി കിടന്നു . സന്ധ്യാനാമം
ചൊല്ലീല്ല . നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണമെന്നും സത്യം
പറയാന്‍ ശക്തിയുണ്ടാവണമെന്നും ഒന്നും ദൈവത്തോട് പറഞ്ഞില്ല .
ദൂരെ നിന്നും അച്ഛന്‍റെ ടോര്‍ച്ചിന്റെ വെട്ടം കണ്ടപ്പോള്‍
സന്തോഷമായി . അമ്മയ്ക്ക് രണ്ടു വഴക്ക് വാങ്ങി കൊടുക്കണം .
അമ്മ കുട്ടിക്കാലത്ത് ഇങ്ങനെയൊന്നും ആയിരുന്നില്ലേ ? അച്ഛന്‍
അടുത്തെത്തി . അടിയുടെ പാടുകള്‍ കാണത്തക്കവിധം പാവാട
അല്പം മുകളിലേയ്ക്ക് ചുരുട്ടിക്കയറ്റി വച്ചിരുന്നു . അച്ഛന്‍ അടുത്ത്
വന്ന് കസേര വലിച്ചിട്ടു ഇരുന്നു . കാര്യങ്ങളൊക്കെ ഒറ്റ ശ്വാസത്തില്‍
പറഞ്ഞു കേള്‍പ്പിച്ചു . അടുക്കളയിലാരുന്ന അമ്മയെ വിളിച്ചു , ഇത്രേം
വേണ്ടിയിരുന്നില്ലാന്നു പറഞ്ഞു വഴക്ക് കൊടുത്തപ്പോള്‍ ആശ്വാസമായി .

പിന്നെ അന്നത്തെ വിശേഷങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കാന്‍ അച്ഛന്‍റെ
പിന്നാലെ കൂടി . അമ്മയോടു അന്ന് മിണ്ടാന്‍ പാടില്ലെന്നും ഉറപ്പിച്ചു .
അച്ഛന്‍ ഉരുട്ടി തരുന്ന ആദ്യ ഉരുള ചോറിനു എന്തൊരു രുചിയാരുന്നു .
എന്‍റെ അവകാശമായിരുന്നു എന്നും അച്ഛന്‍റെ ഊണുപാത്രത്തിലെ
വിഭവങ്ങള്‍ എല്ലാം ചേര്‍ത്ത് അച്ഛന്‍ ആദ്യം ഉരുട്ടിയെടുക്കുന്ന ആ
സ്നേഹത്തില്‍ പൊതിഞ്ഞ ഉരുള ചോറ് . വല്യ കുട്ടിയായി എന്ന്
എപ്പോഴോ മനസ്സില്‍ തോന്നിയപ്പോള്‍ ഞാന്‍ നഷ്ടമാക്കിയത് . നാളെ
കളിക്കാന്‍ പോവില്ലാന്ന് ശപഥവും ചെയ്തു ഉറങ്ങാന്‍ പോയി .

രാവിലെ പല്ലുതേയ്ക്കുന്നത്തിനിടയില്‍ അടിയുടെ പാടുകള്‍ നോക്കി .
അവിടെത്തന്നെയുണ്ട്‌ , എല്ലാം കുറേക്കൂടി തെളിഞ്ഞിരിക്കുന്നു .
കുയിലിന്റെ പാട്ട് കേള്‍ക്കുന്നു , എതിര്‍ പാട്ട് പാടാന്‍ തോന്നീല്ല .
എന്തിനാണ് ആ പാവത്തിനെ പറ്റിക്കുന്നത് . അമ്മ അടുത്തുവന്ന്
'പിണക്കം തീര്‍ന്നില്ലേന്നു ചോദിച്ചു . മുഖം കുറേക്കൂടി വീര്‍പ്പിച്ചു
നിന്നു . അമ്മ അകത്തേയ്ക്ക് പോയപ്പോള്‍ തിരിഞ്ഞു നോക്കി ,
പാവം അമ്മ . എന്നാലും കളിക്കാന്‍ പോണില്ലാന്ന് തന്നെ ഉറപ്പിച്ചു .
വയ്ക്കോല്‍ കൂനയുടെ അടുത്തേയ്ക്ക് പോയി , ചങ്കരിക്ക് അല്‍പം
വയ്ക്കോല്‍ എടുത്തു കൊടുക്കട്ടെ . വല്യ വയ്ക്കോല്‍ കൂനയ്ക്കടുത്തു
എത്തിയപ്പോള്‍ കോഴികുഞ്ഞുങ്ങളുടെ നേര്‍ത്ത കരച്ചില്‍ . ചുറ്റിലും
നടന്നു നോക്കി . വെറുതെ തോന്നിയതാവുമോ . അതാ ഇറങ്ങി വരുന്നു
വയ്ക്കോല്‍ കൂനയ്ക്കുള്ളില്‍ നിന്ന് തള്ളക്കോഴിയും പത്തു പതിനഞ്ചു
കുഞ്ഞുങ്ങളും . ഞാന്‍ അവിടെ നിന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ചു .
എല്ലാരും ഓടിയെത്തി . എല്ലാര്‍ക്കും അതിശയവും സന്തോഷവും .
പുള്ളിക്കോഴി ആരുമറിയാതെ അടയിരുന്ന് കുട്ടികളെയും കൊണ്ട്
നാടുകാണാന്‍ ഇറങ്ങിയിരിക്കുന്നു . ഞാന്‍ മനസ്സില്‍ പറഞ്ഞു , ഇന്ന്
എന്‍റെ കൂട്ടുകാര്‍ ഇവരാണ് , കൂടെ നടക്കണം , അമ്മക്കോഴി
ആഹാരം ചികയുമ്പോള്‍ കാക്കയോ പരുന്തോ വന്ന് സൂത്രത്തില്‍
ഇവരെ റാഞ്ചിക്കൊണ്ടുപോയാലോ ......................
*****************************************************

2010, നവംബർ 20, ശനിയാഴ്‌ച

മീനാച്ചീടെ മോള്‍ .......

മീനാച്ചി സുന്ദരിയായിരുന്നു . എല്ലാരും പറയുമായിരുന്നു അവള്‍ ലക്ഷണമൊത്തവളെന്ന് .
അവള്‍ക്ക് നെറ്റിയില്‍ പൊട്ടു കുത്തേണ്ട
ആവശ്യമേയില്ലായിരുന്നു .സ്ഥാനത്ത്‌ ഒരു
വലിയ കറുത്ത മറുകുന്ടാരുന്നു . നിലത്തു മുട്ടുന്ന വിധം മുടിയും . അവള്‍ എന്നെക്കാള്‍
കുഞ്ഞായിരുന്നെങ്കിലും വളരെ തടിച്ച
ശരീരമായിരുന്നു അവള്‍ക്ക് . എപ്പോഴും എല്ലാരോടും
വല്യ ലോഹ്യം കാണിച്ചിരുന്നുവെങ്കിലും എന്നോടല്പം കൂടുതലാരുന്നു എന്നതൊരു നേര് .

ഞാന്‍ തലോടാന്‍ ചെന്നാല്‍ അവള്‍ തല താഴ്ത്തി ദേഹത്തുരുമ്മി
നില്‍ക്കുമായിരുന്നു .
എന്തു കൊടുത്താലും രുചിയോടെ കഴിക്കും . ഞാന്‍
പറയുന്നതും പാടുന്നതുമൊക്കെ
കേട്ട് ചെവിയനക്കി മൂളുകയും ചെയ്തിരുന്നു . എന്‍റെ ഭാഷയില്‍
മറുപടി തരാന്‍ അവള്‍ക്ക്
അറീല്ലല്ലോ . കുശാലായി ഭക്ഷണവും
ശാപ്പിട്ട് മയങ്ങുന്ന അവളോട്‌ ''വിശക്കുന്നോടീ മീനാച്ചീ ''
എന്ന്
ചോദിക്കാന്‍ പോണ എന്നെ പലതവണ അമ്മ വഴക്ക് പറഞ്ഞിട്ടുണ്ട് .

വലുതായി വരുന്ന , അവളുടെ വയര്‍ ഞാന്‍ തടവിക്കൊടുക്കുമായിരുന്നു .
എല്ലാരും അവളെ
കാര്യമായി പരിചരിക്കുന്നു . അവള്‍ ഓരോ ദിവസം കഴിയുന്തോറും സുന്ദരിയായി വരുന്നു .
കുശാലായ ഭക്ഷണം , രാത്രി
ചൂടും പുകയും കൊണ്ട് തണുപ്പ് മാറ്റി സുഖഉറക്കം അങ്ങനെ ..

സ്കൂളില്‍ നിന്നെത്തിയാല്‍ ഉടനെ പുസ്തക സഞ്ചിയും വലിച്ചെറിഞ്ഞ് തൊഴുത്തി
ലേയ്ക്ക്
ഒരോട്ടമാണ് . മീനാച്ചിയുടെ കുട്ടി എത്തിയോ എന്ന്
അറിയാന്‍ . അവളുടെ മുഖത്ത് വല്ലാത്ത
ക്ഷീണം . ഞാന്‍ പറയുന്നതൊന്നും അവള്‍ക്ക് കേള്‍ക്കണ്ട എന്ന് പറയും പോലെ .

സന്ധ്യയായപ്പോള്‍ അവള്‍ വല്ലാതെ കരയാന്‍ തുടങ്ങി . അച്ഛനും അമ്മയും
എന്തൊക്കെയോ
പറയുന്നതു കേട്ടു .ഒടുവില്‍ അച്ഛന്‍
പുറത്തേയ്ക്കിറങ്ങിപ്പോയി . കുറെ കഴിഞ്ഞ് രണ്ട്
ആള്‍ക്കാരുമായി തിരിച്ചെത്തി . അടുത്ത വീട്ടിലെ പെണ്ണുങ്ങളും പരിവാരങ്ങളും വിവരം
തിരക്കിയെത്തി . എല്ലാവരുടെ മുഖത്തും എന്തോ സംഭവിക്കാന്‍ പോണു എന്ന ഭാവം .
വന്നവരിലൊരാള്‍ ഒരു പെട്ടി തുറന്ന് എന്തൊക്കെയോ ഉപകരണങ്ങള്‍ എടുത്തു . അവയുടെ
തിളക്കവും കിലുക്കവും നോക്കി നില്‍ക്കാനാവാതെ ഞാന്‍ അകത്തേയ്ക്ക്
ഓടി . കണ്ണുകള്‍
രണ്ടും പൊത്തി നാമം ജപിക്കാന്‍ തുടങ്ങി . മീനാക്ഷിയുടെ
ഒച്ച കൂടിക്കൂടി വന്നു . ഞാന്‍
കട്ടിലില്‍ പോയി കിടന്നതും ഉറങ്ങിപ്പോയതും ഒന്നും ഓര്‍മയില്ല .

പിറ്റേ ദിവസം രാവിലെ ഉണര്‍ന്ന് , തൊഴുത്തിലേയ്ക്ക് ഓടി . വളരെ
ക്ഷീണത്തോടെ അവള്‍
എന്നെ നോക്കുന്നു . എണീറ്റതേയില്ല . അമ്മ പറഞ്ഞു,
അവളുടെ കുട്ടി ' ചത്തുപോയി ' എന്ന് .
ആശസിപ്പിക്കാന്‍ എനിക്കറിയില്ലാരുന്നു . അവളുടെ കുട്ടീടെ കഴുത്തിലിടാനായി പല പല
നിറങ്ങളിലുള്ള മുത്തുകള്‍ കൊണ്ട് ഞാന്‍ കോര്‍ത്ത മാല അവള്‍ക്ക്
കാണിച്ചു കൊടുത്തു .

ഒരു ദിവസം അച്ഛനെ കാണാന്‍ ഒരാള്‍ വന്നു
, പിന്നെ മടിക്കെട്ടില്‍ നിന്ന് കുറെ രൂപയെടുത്ത്
''ഇനി കൊണ്ടുപൊയ്ക്കോട്ടേ ?'' എന്ന് ചോദിച്ചു . അച്ഛന്‍ സമ്മതം കൊടുത്തു .
എന്‍റെ
മീനാച്ചിയെ കൊണ്ടുപോകുകയാണെന്നറിഞ്ഞ് സങ്കടവും ദേഷ്യവും സഹിക്കാനാവാതെ
ഞാന്‍ നോക്കി നിന്നു. അയാള്‍ അവളെ തൊഴുത്തില്‍
നിന്നിറക്കി വളരെ കഷ്ടപ്പെട്ട്
വലിച്ചു പിടിച്ചു നടന്നു . അവള്‍ അയാളുടെ കൂടെ
പോകാന്‍ കൂട്ടാക്കുന്നില്ല . ഒഴുകി
ഇറങ്ങുന്ന കണ്ണീര്‍ വലിയ രണ്ടു ചാലുകളായി
അവളുടെ മുഖം നനച്ചുകൊണ്ടിരുന്നു .
അവളെ അയാള്‍ അടിക്കരുതെ എന്ന്
പ്രാര്‍ഥിച്ചുകൊണ്ട് മറയുന്നതു വരെ ഞാന്‍
നോക്കി നിന്നു .

അന്ന് ഞാന്‍ വിശപ്പ്‌ അറിഞ്ഞതേയില്ല . അമ്മ , ഭരണിയില്‍ അടച്ചു വച്ചിരുന്ന മധുരമുള്ള
പലഹാരത്തിനും മുറ്റത്തെ ചെറിയ മാവിലെ പഴുത്ത കര്‍പ്പൂര മാങ്ങയ്ക്കും
ഒരു രുചിയും
ഉണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു . അച്ഛന്റെയും
അമ്മയുടെയും ഒരു വാക്കുകള്‍ക്കും
എന്നെ അനുനയിപ്പിക്കാന്‍ ആയില്ല .അവര്‍
പറഞ്ഞതൊക്കെ ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ .

പിറ്റേ ദിവസം സ്കൂളിലേയ്ക്ക് നടക്കുന്നതിനിടയില്‍ ഒരുത്തി ചോദിച്ചു ''നിന്‍റെ
മീനാക്ഷിയെ
വളര്‍ത്താനോ അതോ കൊല്ലാനോ കൊടുത്തത് ? '' പിടിച്ചൊരു ഉന്തു
കൊടുക്കാന്‍ തോന്നി .
മിണ്ടാത്തെ നടന്നു . ആ അരിശം മുഴുവനും വൈകീട്ട്
വീട്ടിലെത്തി അമ്മയോട്‌ കരഞ്ഞും
പരിഭവിച്ചും തീര്‍ത്തു.

പിന്നെ പരീക്ഷ വന്നു . മീനാക്ഷിയെക്കുറിച്ചുള്ള ചിന്തകള്‍ പതുക്കെ മായാന്‍
തുടങ്ങി .
ഒരു വര്‍ഷം പഠിച്ചതെല്ലാം ചോദ്യങ്ങള്‍ക്ക് ഉത്തരമായി എഴുതി .
കളിയുടെ കാലം .
രണ്ടു മാസം കഴിഞ്ഞാല്‍ അഞ്ചാം ക്ലാസുകാരി . അതിന്റെ സന്തോഷത്തില്‍ പുസ്തകവും
ഒതുക്കിവച്ച് , കൂട്ടുകാരുടെ അടുത്തേയ്ക്ക് ഓടാന്‍
ഇറങ്ങുമ്പോള്‍ അച്ഛന്‍ പറഞ്ഞു ,
'' വേഗം വരണം , ഒരു സമ്മാനം ഉണ്ട് '' ,
കളികഴിഞ്ഞെത്തി , അച്ഛന്‍റെ മേശപ്പുറത്തും
അലമാരയിലും ഒക്കെ തപ്പി ,സമ്മാനപ്പൊതി കണ്ടില്ല . കുളി കഴിഞ്ഞ് തലയും തോര്‍ത്തി
വന്ന് അച്ഛന്‍ പറഞ്ഞു ,'' വലിയ സമ്മാനമായതുകൊണ്ട്‌ തൊഴുത്തില്‍ വച്ചിട്ടുണ്ട് .''
ഞാനോടി , സന്തോഷം അടക്കാനായില്ല . മീനാച്ചിയെപ്പോലെ ഒരുവള്‍ . അച്ഛന്‍
പറഞ്ഞു ,
'ഇവള്‍ മീനാക്ഷിയുടെ മൂത്ത മോളാണെന്ന് . ശരിയാവും, ഇവള്‍ക്കും അവളെപ്പോലെ
നെറ്റിയില്‍ പൊട്ടുണ്ടല്ലോ , നിറമതല്ലെങ്കിലും .

ഞാന്‍ അകത്തേയ്ക്ക് നടന്നു , സ്വപ്നവും കണ്ടുകൊണ്ട്‌ , അവള്‍ക്ക് കുട്ടി
പിറക്കുന്നതും
അത് നാലുകാലില്‍ എണീറ്റ്‌ നില്‍ക്കാന്‍ പാടുപെടുന്നതും
അമ്മയുടെ അകിട് കണ്ടുപിക്കാന്‍
വെപ്രാളം കാണിക്കുന്നതും അതിന്റെ
വായിലൂടെ ആ മധുരം ഒലിച്ചിറങ്ങുന്നതും എനിക്ക്
പിടിതരാതെ ഓടിക്കളിക്കുന്നതും ഒക്കെ . ഞാന്‍
മീനാച്ചീടെ കുട്ടിക്കായി കരുതിയ മാല
എടുത്തുകൊണ്ടു വന്ന്‌ അവളെ കാണിച്ചുകൊടുത്തു . അവളുടെ കുട്ടിക്കായി അത് സൂക്ഷിച്ചു
വയ്ക്കാമെന്ന് പറഞ്ഞു . അവള്‍ തലയാട്ടി .അവള്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായിട്ടുണ്ടാവുമോ
ആവോ .....

**********************************************

2010, നവംബർ 14, ഞായറാഴ്‌ച

ശിശുക്കളേ , കാതോര്‍ത്തിരിക്കണം .....

#

നില്‍ക്കുവിന്‍ ശിശുക്കളേ , കാതോര്‍ക്കയരക്ഷണം
നോക്കുവിന്‍ അക കണ്ണ് തുറന്നീ പ്രപഞ്ചത്തെ

കാഴ്ച്ചതന്‍ വെളിച്ചത്തില്‍ ഭാരതാംബയെ കാണ്ക
മുറിവില്‍ മീതെയല്‍പം തേന്‍കണമിറ്റിക്കുക

ഉത്തുംഗ സംസ്കാരത്തിന്‍ പുടവയണിഞ്ഞവള്‍
ശ്രേഷ്ടരാം തനയര്‍ക്ക് ജന്‍മമേകിയോരമ്മ

ചോര ചിന്തോയോര്‍ , ചോര വേര്‍പ്പാക്കി മറഞ്ഞവര്‍
അവരെ നമസ്ക്കരിച്ചനുഗ്രഹീതരാകുവിന്‍

ആഘോഷത്തിമിര്‍പ്പിലും കാഴ്ച്ചയെ പായിക്കുക
ഭാഗ്യഹീനരാം കൂട്ടര്‍ ചുറ്റിലുണ്ടറിയുക

നായ്ക്കളോടൊപ്പം കുപ്പത്തൊട്ടി പങ്കിടുന്നവര്‍
ജന്മനാ അംഗങ്ങള്‍ക്ക് വൈകല്യം കൂട്ടായവര്‍

തലയൊന്നുയര്‍ത്തുവാനാവാതെ വെറും പായില്‍
ദയയും കാത്ത് മാംസപിണ്ഡം പോല്‍ കിടക്കുവോര്‍

പുറം കാഴ്ചകള്‍ക്കമ്മ വാഹനമായ് തീരണം
പുഞ്ചിരിക്കുമാ മുഖം ഒന്നു നോക്കുവിന്‍ നിങ്ങള്‍

ഭൂമിതല്‍ ഉദരത്തിലാഴ്ത്തിയ വിഷത്തിനെ
പകുത്തു നല്‍കീ പൊക്കിള്‍ക്കൊടിയുമവര്‍ക്കായി

പുഞ്ചിരി തൂകുന്നൊരാ മുഖങ്ങള്‍ക്കറിയുമോ
വിഹിതം പറ്റുന്നൊരു ഭരണനൈപുണ്യത്തെ

മസ്തിഷ്ക്കം വളരേണ്ടതില്ലെന്നും നമുക്കിന്ന്‌
വ്യവസായം തഴയ്ക്കുവാന്‍ കോപ്പുകൂട്ടണമെന്നും

കീടത്തെ നശിപ്പിക്കും എന്ടോസള്‍ഫാനിന്‍ ദൂഷ്യം
പാലിന്‍റെ വെളുപ്പിലും ആരോപിച്ചൊരു കൂട്ടര്‍

മാപ്പിനര്‍ഹരല്ലിവര്‍ അറിക , പൈതങ്ങളേ
അമ്മയെ കളങ്കിതയാക്കിയ മക്കളാണിവരെന്നും

കണ്‍തുറന്നിരിക്കണം കാതോര്‍ത്തുമിരിക്കണം
ആരോഗ്യ പരിരക്ഷ കീശയിലൊതുക്കിയവരെത്തും

ഉറക്കെ കൂവും , മനസ്സാക്ഷിയെ വഞ്ചിച്ചിട്ട്
'കേരള മണ്ണിലിതാ അന്യ ഗ്രഹജീവികള്‍ '

*************************************

2010, നവംബർ 1, തിങ്കളാഴ്‌ച

''നടന്നുപോയവള്‍ ''

എന്‍റെ ബ്ലോഗെഴുത്ത് തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു .
ഇന്ന് ഞാന്‍ ഒരാളെ പരിചയപ്പെടുത്തുന്നു . ഷീബ അമീര്‍ .
സാമൂഹ്യപ്രവര്‍ത്തക , കഥാകാരി , കവയിത്രി , എന്‍റെ ആത്മമിത്രം .

ആയിരത്തിതൊള്ളായിരത്തിഅറുപത്തിയൊന്നില്‍ പുന്നയൂര്‍ക്കുളം
വലിയകത്ത് പെരുംബുള്ളിപ്പാട്ട് വീട്ടില്‍ ജനിച്ച് തൃശ്ശൂരില്‍ വളര്‍ന്നു .
''നേടിയെടുക്കുക എന്നതിന് പകരം അവനവനായിത്തീരുക എന്നതാണ്
നേട്ടമെന്നും ഹൃദയത്തിന്‍റെ ആര്‍ദ്രതയാണ് ഏറ്റവും വലിയ ശക്തി
എന്നും ഒരുമയിലൂടെയാണ് ഒരാള്‍ ഒരാളാകുന്നതെന്നും ജീവിച്ചു
കാണിച്ചു കടന്നു പോയ '' സാമൂഹ്യപ്രവര്‍ത്തകനായിരുന്ന
ശ്രീ . പി .കെ .എ . റഹിം എന്ന വാപ്പയുടെ മകള്‍ . ദീര്‍ഘകാലമായി
രോഗപീഡ അനുഭവിക്കുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും
സാന്ത്വനമായി '' SOLACE ' എന്ന തണല്‍ ,അശരണരായ സ്ത്രീകള്‍ക്കായി
'Creative Expressions ' എന്ന പേരില്‍ തൊഴിലവസരം നല്‍കുന്ന
സ്ഥാപനം , ഇങ്ങനെ വാപ്പ എന്ന വെളിച്ചത്തെ പിന്തുടരുന്നു മകളും .

ഷീബ അമീറിന്‍റെ 'നടന്നുപോയവള്‍ ' എന്ന പുസ്തകത്തിലെ
ജീവിതാനുഭവങ്ങളുടെ പകര്‍ത്തലില്‍ നിന്ന് ഒരെണ്ണം നിങ്ങള്‍ക്കായി
തരുന്നു . '' മകന്‍റെ മജ്ജ മകള്‍ക്ക് മാറ്റിവയ്ക്കപ്പെട്ട് , മകനും മകളും
ആശുപത്രി കെട്ടിടത്തിന്‍റെ വിവിധ നിലകളിലെ രണ്ടു വാര്‍ഡുകളില്‍
കിടക്കുമ്പോള്‍ അവയ്ക്കിടയിലെ ഒരിടനാഴിയിലെ കസേരയിലിരുന്ന്
ഉരുകുന്ന ഒരു അമ്മയുടെ വേദന എന്നെ വല്ലാതെ അലട്ടി '' ഇത് ആ
പുസ്തകത്തിന്‍റെ അവതാരികയില്‍ ശ്രീമതി . ജെ .ലളിതാംബിക , IAS
എഴുതിയ വാചകം , അതിലെ അമ്മ ഷീബ അമീറും.

''ഹൃദയസ്പര്‍ശം ''

രണ്ടുദിവസമായി എന്തു കാര്യം ചെയ്യുമ്പോഴും ഓര്‍മ വരുന്നത്
ആ രണ്ടു കണ്ണുകളാണ് . ആ വീടാണ് .

ചാണകം മെഴുകിയ മുറ്റം .അരികില്‍ ചെണ്ടുമല്ലിയും നിത്യകല്യാണി
പൂക്കളും . ചവിട്ടുപടി കയറിയാല്‍ അറ്റം വരെ കെട്ടിയ തിണ്ണ .

പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കഴിഞ്ഞ തവണ
രാജനെ കാണാന്‍ ചെന്നപ്പോള്‍ കുറെ സുഖമുണ്ടായിരുന്നു . പറമ്പില്‍
കുരുമുളക് പറിക്കുന്നിടത്ത് നിന്നാണ് അന്ന് ഓടിവന്നത് . കഴുത്തില്‍
ക്യാന്‍സര്‍ ആണ് രാജന് . അസുഖവും വച്ച് ഇതൊക്കെ
ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും ഉത്സാഹമായിരുന്നു .

എന്നാല്‍ കഴിഞ്ഞ ദിവസം ഞങ്ങളവിടെ ചെന്നു , ''അച്ഛന് എണീറ്റ്‌
നടക്കാന്‍ പറ്റാത്തത്ര കിടപ്പാണ് '' മരുമകള്‍ വന്ന് പറഞ്ഞു . രാജന്‍
കിടക്കുന്നിടത്തെയ്ക്ക് ഞങ്ങള്‍ ചെന്നു . ഭാര്യ വീശിക്കൊടുക്കുന്നുണ്ട്.
വെളുത്ത നീണ്ട ശരീരം കുറച്ചുകൂടി മെലിഞ്ഞു .കഴുത്തിലെ ട്യൂമര്‍
ഇപ്പോള്‍ വലുതായിരിക്കുന്നു . അതില്‍ തുണി ചുറ്റിക്കെട്ടിയിട്ടുണ്ട് .

അനങ്ങാതെ , തല ചരിച്ച് , കവിള്‍ തലയിണയില്‍ അമര്‍ത്തിവച്ച് ,
കിടക്കുകയാണ് .ഞങ്ങളുടെ കാല്‍പ്പെരുമാറ്റം കേട്ടതും കണ്ണുകള്‍
തുറന്നു , ഞങ്ങളെ നോക്കി '' ദൈവമേ ആ നോട്ടം അഭിമുഖീകരിക്കാന്‍
പറ്റുന്നില്ലല്ലോ '' കണ്ണുകള്‍ കുറച്ചു മങ്ങിയിട്ടുണ്ട് .നേര്‍ത്ത വെള്ളപ്പാട
വന്നപോലെ . കറുത്ത തിളങ്ങുന്ന നക്ഷത്ര കണ്ണുകള്‍ക്കാണ് തീക്ഷ്ണത
കൂടുതലെന്ന് ആരാണ് പറഞ്ഞത് ?

ശാന്തതയേറുംതോറും ആ കണ്ണുകള്‍ ശാന്തമായിക്കൊണ്ടിരുന്നു . അവ
ഇടയ്ക്കെങ്കിലും ഒന്നു ചിമ്മിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു .

നമ്മള്‍ അനുഭവത്തിലൂടെ പഠിക്കുന്ന , പഠിപ്പിക്കുന്ന കാര്യങ്ങള്‍
മനസ്സിലൂടെ വരിയിട്ട് പോകുന്ന പുളിയുറുംബുകളായി .''രോഗിക്കുവേണ്ടി
ഒന്നും ചെയ്യാനില്ലാത്ത ഒരവസ്ഥയില്ലെന്നു പറയുന്നു പാലിയേറ്റീവ് കെയര്‍ ''

രാജന്‍ ഗുളികകളൊന്നും കഴിക്കുന്നില്ല .കഴിക്കാന്‍ സാധിക്കുന്നില്ല . പക്ഷെ
അതുകൊണ്ട് ബുദ്ധിമുട്ടൊന്നുമില്ല .ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് പതുങ്ങി ,
പതുക്കെ ഉത്തരങ്ങള്‍ വന്നു . '' രാജന് ബുദ്ധിമുട്ടൊന്നും ഇല്ലാത്ത സ്ഥിതിക്ക്
മരുന്നൊന്നും വേണ്ട '' ഡോക്ടര്‍ പറഞ്ഞു .

വയറൊട്ടി നെഞ്ചിന്‍കൂടിന്റെ എല്ലുകള്‍ മാത്രം കാണാം . എന്നാല്‍
അയാളുടെ കൈകള്‍ക്ക് മാത്രം ക്ഷീണം ബാധിച്ചിട്ടില്ല .ഞാനാ കൈകളില്‍
പിടിച്ചു . പതുക്കെ ചുണ്ടുകള്‍ വിടര്‍ന്നു . ഒരു ചെറിയ ചിരി . എന്നെ
സമാധാനിപ്പിക്കാനായിരുന്നോ ചിരിച്ചത് ? എന്‍റെ കൈയില്‍ രാജന്‍
അമര്‍ത്തിപ്പിടിച്ചു . കണ്ണുകളില്‍ നനവ്‌ . കട്ടിലിന്‍റെ തലയ്ക്കല്‍ കിടന്ന
ഒരു തുണിയെടുത്ത് ഞാനാ കണ്ണുകള്‍ തുടച്ചു . തീയില്‍ തൊട്ടതുപോലെ
ഞാന്‍ കൈ വലിച്ചു '' ഞാനെന്താണീ ചെയ്തത് , ആ കണ്ണീര്‍ തുടയ്ക്കാന്‍
ഞാന്‍ തുണിയെടുത്തത് എന്തിനാണ് , '' പിന്നെ എന്‍റെ കൈവിരല്‍ കൊണ്ട്
വേദനിപ്പിക്കാതെ ഞാനാ കണ്ണുകള്‍ തുടച്ചു . കറുപ്പും വെളുപ്പുമാര്‍ന്ന
ആ മുടിയിഴകളിലൂടെ ഞാന്‍ വിരലോടിച്ചു . അപ്പോള്‍ രാജന്‍ അനുഭവിച്ച
സുഖം എന്‍റെ വിരല്‍തുമ്പില്‍ ഞാന്‍ അറിഞ്ഞു .

ഒരു കൊല്ലം മുന്‍പ് , എന്‍റെ ഒരമ്മാവന്‍ തീരെ സുഖമില്ലാതെ
മരണത്തിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നത് ഓര്‍മ വന്നു . മിക്കവാറും
ദിവസങ്ങളില്‍ ഞാന്‍ കാണാന്‍ ചെല്ലുമായിരുന്നു . അടുത്തുചെന്നിരുന്നു
ആ കൈകളില്‍ പതുക്കെ തൊടുമ്പോള്‍ , എന്‍റെ കൈ ഹൃദയത്തോട്
ചേര്‍ത്തുവച്ച് പറയുമായിരുന്നു '' എന്തു സുഖമാണ് '' , എനിക്കറിയാം
ആ സുഖത്തെക്കുറിച്ച് . എന്‍റെ നിസ്സഹായതയില്‍ നിന്ന് , ആ
നിസ്സഹായാതയിലെയ്ക്ക് സ്നേഹം പകരുമ്പോഴാണ് ആ സുഖം
ഉണ്ടാകുന്നത് .രാജന്‍റെ കൈകളില്‍ സ്പര്‍ശിച്ചപ്പോള്‍ , എന്‍റെ വിരല്‍തുമ്പ്‌
കേട്ടറിഞ്ഞതും അതേ ശബ്ദമായിരുന്നു . ''എന്ത് സുഖമാണ് ''.

ഞങ്ങള്‍ ഇറങ്ങാന്‍ നേരത്ത് രാജന്‍റെ ഭാര്യ കരയുന്നുണ്ടായിരുന്നു .
''കഴിയുന്നത്ര അടുത്തിരിക്കണം, വെറുതെ വിരലുകളില്‍ മുടിയൊക്കെ
തലോടണം '' എന്നെക്കാള്‍ ഒരായിരം മടങ്ങ്‌ അവര്‍ അയാളെ
സ്നേഹിക്കുന്നില്ലേ , എന്നെക്കാള്‍ ഒരു കോടി അവര്‍ സങ്കടപ്പെടുന്നില്ലേ ,
പക്ഷെ എനിക്കത് പറയാതിരിക്കാന്‍ കഴിഞ്ഞില്ല . രാജനുവേണ്ടി മറ്റു
കാര്യങ്ങള്‍ ചെയ്യുന്നതില്‍ മുഴുകി ഇതൊക്കെ മരന്നുപോയാലോ .

മരണത്തിലേയ്ക്ക് അടുക്കുകയാണ് അയാള്‍ , പരാതിയോ പരിഭവമോ
ഇല്ലാതെ .
രാജനുവേണ്ടി ഇനി ഇതുമാത്രമേ ചെയ്യേണ്ടതുള്ളൂ . വെറുതെ
വിരലുകള്‍ ......മുടിയിഴകളിലൂടെ തലോടല്‍ .
**************************************************


2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

' അഹല്യ '

 #

തിരയുവതാരെ , നീ ഓമലേ മയിലാളേ
ദൃഷ്ടിഗോചരമല്ലീ പാഷാണാംഗി ഞാനിന്ന് .

അര്‍ഘ്യങ്ങളൊരുക്കാതെ പതിയെ പൂജിക്കാതെ
നീക്കണം , സംവത്സരം ' ദുര്‍വൃത്ത ദുരാചാര ' .

പ്രശ്ചന്നവേഷം പൂണ്ട് വന്ന നാക നായകന്‍
പാപപങ്കിലയാക്കി ശാപമേറ്റു വാങ്ങുവാന്‍ .

ഋഷി തന്‍ മുന്നില്‍പ്പെടാതൊളിച്ചു സന്ധ്യക്കൊപ്പം
കാമദേവനും വിണ്ണിന്‍ മേഘപാളികള്‍ക്കുള്ളില്‍ .

രാമപാദം തൊട്ടു ഞാന്‍ ശാപമോക്ഷം നേടണം
ആഹാരമുപേക്ഷിച്ചും വര്‍ഷതാപങ്ങള്‍ കൊണ്ടും .

പതിപൂജയില്‍ മാത്രം മനമര്‍പ്പിച്ചോരബലയെ
ശപിച്ചതെന്തേ മുനി , പറയൂ ന്യായം സഖീ ?

പത്തു ദിക്കിലും കാന്തി നിറഞ്ഞ രാമന്‍ തന്‍റെ
ചിന്തയില്‍ വസിച്ചു ഞാന്‍ ദിനരാത്രങ്ങള്‍ നീക്കേ

പതിയെക്കുറിച്ചു ഞാന്‍ ചിന്തിച്ചതില്ല , പിന്നെ
മോഹനരൂപം പൂണ്ട രാമചന്ദ്രനെ മാത്രം .


എന്തുണ്ട് ന്യായം ഇനി പതിയെ ശുശ്രൂഷിക്കാന്‍
ശാപ മോക്ഷവും നേടി നിര്‍മലയായീടുവാന്‍ ?

ത്രിലോകങ്ങളും മൂന്നടിയായ് അളന്നപ്പോള്‍
വാമനരൂപം പൂണ്ട വിഷ്ണുവിന്‍ വിരല്‍നഖം ,

ബ്രഹ്മാണ്ടകടാഹത്തില്‍ സുഷിരം ചമച്ചത്
ഗംഗയായ് സ്വര്‍ഗത്തിന്‍റെ മൂര്‍ധാവില്‍ പതിച്ചന്ന് .

മറ്റൊരു ഗംഗയായ് പിറക്കാനെളുതാമോ ?
മോഹനാംഗിയായ് തപോവനത്തില്‍ വിഹരിക്കാന്‍

തിരുത്തിക്കുറിക്കുവാനാവുമോ , പ്രിയസഖീ ?
അഹല്യാമോക്ഷം , മുനിശ്രേഷ്ഠനീ പതിതയ്ക്കായ് .

#

2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

' അമ്മ '

കടല്‍ക്കരയിലെ അതിഥിമന്ദിരത്തിന്റെ നിലാമുറ്റത്ത് ചാഞ്ഞ കസേരയില്‍
ഒരു സ്വപ്നത്തിന്റെ ചിറകിലേറി പറക്കുകയാണ് സുപ്രിയയുടെ മനസ്സ് .
ഔദ്യോഗികാവശ്യത്തിനായി വന്ന ഭര്‍ത്താവിനോടൊപ്പം അഞ്ചുദിവസത്തെ
സുഖവാസം . സാധാരണ പതിവുള്ളതല്ല ഇങ്ങനെയൊരു യാത്ര . പക്ഷേ
ഇപ്പോളെന്തോ കടലിന്‍റെ ഭംഗി ആസ്വദിക്കാന്‍ കിട്ടിയ അവസരം
പാഴാക്കണ്ട എന്ന തോന്നല്‍ . പിന്നെ മോളുടെ അഭാവവും . അവളെ
ഹോസ്റ്റലില്‍ കൊണ്ടുവിട്ട ദുഃഖം , അതില്‍നിന്നും ഒരു താല്‍ക്കാലിക മോചനം .

സുപ്രിയ കടലിലേയ്ക്ക് നോക്കിയിരുന്നു . തിരയടങ്ങാത്ത കടല്‍ . തിരകള്‍ക്ക്
എണ്ണിയാലൊടുങ്ങാത്ത ഭാവങ്ങള്‍ . രൌദ്രഭാവം പൂണ്ട് പാഞ്ഞടുക്കുന്ന
തിരമാലകള്‍ തന്‍റെ നെഞ്ചില്‍ ശക്തിയായി മിടിപ്പുണ്ടാക്കുന്നപോലെ
തോന്നി . തീരത്തിന് സമ്മാനങ്ങളുമായി വന്ന് യാത്ര പറഞ്ഞ് മടങ്ങുന്ന
തിരകള്‍ . ആകാശവും കടലും ഒന്നായിത്തീരുന്ന ചക്രവാളത്തിലേയ്ക്ക്
നോക്കിയിരുന്നു . ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഒരേനിറം എങ്ങനെ കിട്ടി ?
കടലിനെ നോക്കി വാനം മൃദുവായി ചോദിക്കുന്നുവോ , '' നീ തന്നെയല്ലേ
ഞാന്‍ '' എന്ന് .

നട്ടുച്ച സമയം . തിരക്കൊഴിഞ്ഞ ബീച്ച് . ഒരു നാടോടി സ്ത്രീ മൂന്ന്
കുട്ടികളുമായി മണലില്‍ എന്തിനോ വേണ്ടി പരതിക്കൊണ്ട് നടക്കുന്നു .
ഒരു കുട്ടി ഒക്കത്തിരുന്നു കരയുന്നു , ഒരുവള്‍ എന്തോ ആവശ്യം പറഞ്ഞ്
അമ്മയോട് കെഞ്ചുന്നു . തന്‍റെ നിസ്സഹായാവസ്ഥ ഓര്‍ത്തിട്ടാവണം ആ
അമ്മ അവളെ വഴക്ക് പറയുകയും അടിക്കാന്‍ ഭാവിക്കുകയും ഒക്കെ
ചെയ്യുന്നു . മൂന്നാമത്തവള്‍ വേച്ചുവേച്ച്‌ അമ്മയുടെ പിന്നാലെ ഒട്ടിയ
വയറുമായി നടക്കുന്നു . താങ്ങാനാവാത്ത ഭാരം ചുമക്കാന്‍ വിധിക്കപ്പെട്ട
ഒരു പാവം അമ്മ .

അമ്മ , ജീവന്‍റെ നാളം കൊളുത്തിയപ്പോള്‍ ദൈവം ആ നാളത്തിന്റെ
നാവില്‍ എഴുതിക്കൊടുത്ത രണ്ടക്ഷരം , ഭൂമിയിലെ ഏറ്റവും സുന്ദരമായ
പദം . എത്രയോ വര്‍ഷങ്ങളായി താന്‍ അലയുന്നു ആ പദത്തിന്
അവകാശിയായ ഒരാളെ . പെറ്റമ്മയും പോറ്റമ്മയും കൂടി വളര്‍ത്തിയ
തന്റെയുള്ളില്‍ മറ്റൊരമ്മ കുടിയേറിയത് ബുദ്ധിയും ചിന്തയും ഉറയ്ക്കാന്‍
തുടങ്ങിയ കാലം മുതല്‍ .

പെറ്റമ്മയെ നോവിക്കാന്‍ ആഗ്രഹിക്കാതിരുന്ന , പോറ്റമ്മയുടെ കണ്ണ്
നിറഞ്ഞാല്‍ കണ്ണിനെ പുഴയാക്കിയിരുന്ന തനിക്ക് മറ്റൊരമ്മ കിട്ടാക്കനി
ആയത് , വാക്കുകളിലൂടെ , പലപല നാവുകളിലൂടെ കേട്ടറിഞ്ഞ ഒരു
നൊമ്പരത്തില്‍ നിന്ന്. എല്ലാവരും ജന്മദിനത്തെക്കുറിച്ചും കിട്ടിയ വിലകൂടിയ
സമ്മാനങ്ങളെക്കുറിച്ചും പറഞ്ഞ് സന്തോഷിക്കുമ്പോള്‍ അറിയാതെ ഒരു
വേദന തന്റെയുള്ളില്‍ പുകയുമായിരുന്നു . സുപ്രിയ എന്ന താന്‍ പിറന്നു
വീണ ദിവസം . കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വര്‍ണന . ആശുപത്രിയില്‍
തന്‍റെ അമ്മയുടെ തൊട്ടടുത്ത കിടക്കയില്‍ പ്രസവിച്ചു കിടന്ന മറ്റൊരമ്മ .
എട്ടാമതും ആണ്‍കുട്ടിയെ കിട്ടിയ അമ്മ . തൊട്ടടുത്ത്‌ പിറന്ന പെണ്‍കുട്ടിയെ
മോഹിച്ച് ആരും കാണാതെ എടുത്തു മാറോടുചേര്‍ത്ത് കിടത്തി . താന്‍
ആ അമ്മയുടെ മുലപ്പാല്‍ നുണഞ്ഞോ ഒരു തവണയെങ്കിലും ? അറിയില്ല .
കുഞ്ഞു കൈയില്‍ എഴുതി തൂക്കിയ നമ്പര്‍ ആ അമ്മയെ തോല്‍പ്പിച്ചു .
ആശുപത്രിക്കാര്‍ കണ്ടുപിടിച്ചിട്ടും സത്യം അംഗീകരിക്കാന്‍ സമയമെടുത്തു
എന്‍റെ അമ്മ , ആണ്‍കുഞ്ഞിനോടുള്ള കൂടുതലിഷ്ടം കൊണ്ടാവാം .

ആ കുട്ടി വളര്‍ന്നു , പോറ്റമ്മയുടെ തണലിലും സ്നേഹത്തിലും . കുഞ്ഞു
മുഖത്ത് പടരുന്ന ശുണ്ടി കാണാനുള്ള കൊതികൊണ്ടാവാം ബന്ധുക്കള്‍
ഒരു ഫലിതം പോലെ ഇക്കാര്യം ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിച്ചിരുന്നത് .
ഭാവത്തിന്റെ തീവ്രത കൂട്ടാനായി വര്‍ണനകളും കൂട്ടിക്കൊണ്ടിരുന്നു .
ഉണ്ണാനും ഉടുക്കാനുമില്ലാതെ എട്ടു കുട്ടികളെയും കൊണ്ട് കടലോരത്ത്
മീന്‍ കച്ചവടം നടത്തി കഷ്ടപ്പെടുന്ന ഒരു പാവം സ്ത്രീയുടെ ചിത്രമായിരുന്നു
ആ കുഞ്ഞു മനസ്സിലേയ്ക്ക് അവര്‍ വരച്ചിട്ടത് . അവസരത്തിലും
അനവസരത്തിലും പലരുടെ നാവില്‍ക്കൂടിയും ചര്‍ദ്ദിക്കപ്പെട്ട രൂക്ഷഗന്ധമുള്ള
വാക്കുകള്‍ . പലപ്പോഴും വിങ്ങിപ്പൊട്ടിക്കരഞ്ഞ് അലമാരയുടെ പിറകിലും
മേശയുടെ അടിയിലും പോയിരുന്ന് തളര്‍ന്നുമയങ്ങിയ നാളുകള്‍ . അവളെ
ആരും കണ്ടില്ല , ആരും അറിഞ്ഞതുമില്ല . പിന്നെ കണ്ണാടിയുടെ മുന്നില്‍
ചെന്നു നിന്ന് നല്ലപോലെ നോക്കും , മനസ്സിലുറപ്പിക്കും അച്ഛന്‍റെ അതേ നിറം ,
അതേ മുഖം , അതേ കണ്ണുകള്‍ , അതേ പുരികം . ആശ്വാസം തോന്നും അപ്പോള്‍ .
താന്‍അച്ഛനെപ്പോലെയോ അമ്മയെപ്പോലെയോ അല്ല എന്ന് കള്ളം
പറയുന്നവര്‍ നരകത്തില്‍ പോട്ടെ എന്ന് ശപിക്കും .

കുറേക്കൂടി മുതിര്‍ന്നപ്പോള്‍ തല്ലുണ്ടാക്കുന്നതിനു അമ്മ
വഴക്ക് പറയുമ്പോള്‍ , താനാണ് കുഴപ്പക്കാരിയെന്നു
ആരോപിക്കുമ്പോള്‍ സ്വപ്നം കണ്ട് ആശ്വസിക്കുമായിരുന്നു , ഏഴു
പൊന്നാങ്ങളമാരുടെ അനുജത്തിക്കുട്ടിയായി പാറിപ്പറന്ന് നടക്കുന്നത് , തന്നെ
സ്നേഹിക്കാന്‍ അവര്‍ മത്സരിക്കുന്നത് ഒക്കെ . പരിഭവം കേള്‍ക്കാനോ
പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാനോ അമ്മയ്ക്ക് സമയം തികയാതെ
വരുമ്പോള്‍ , കവിളില്‍ ഉമ്മ തന്ന് കെട്ടിപ്പിടിച്ച് സാന്ത്വനിപ്പിക്കുന്ന ,
കടല്‍ കനിയുന്നതും കാത്തിരിക്കുന്ന അമ്മയെ ഓര്‍മ വരുമായിരുന്നു .
അപ്പോഴൊക്കെ മുറ്റത്തെ പൂക്കളോടും ശലഭങ്ങളോടും, കിന്നാരവും പിന്നെ
സ്വപ്നത്തിന്റെ കഥകളും പറഞ്ഞ് കണ്ണീരിന്റെ ഉപ്പുരസവും നുണഞ്ഞ്
നടന്നിരുന്നതും ആരും ശ്രദ്ധിച്ചിരുന്നില്ല .

വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും താന്‍ മോഹിച്ചിരുന്നല്ലോ ആ അമ്മയെ
ഒന്നു കാണാന്‍ , പഴയ കാലം ഓര്‍ത്തെടുത്ത് പറയുന്നത് ഒന്നു കേള്‍ക്കാന്‍ .
സ്നേഹമുള്ളിടത്ത് വിശപ്പിന്റെ കാഠിന്യം കുറയുമെന്ന് മനസ്സ് പറഞ്ഞ്
തന്നിരുന്നു . ശാസ്ത്രങ്ങളൊക്കെ പഠിച്ചു വലുതായപ്പോള്‍ സാഹചര്യത്തിന്
അനുസരിച്ച് രൂപത്തിനും ഭാവത്തിനും മാറ്റം വരുമെന്ന നിഗമനത്തിലുമെത്തി .
ആ സത്യത്തിന്റെ പൊരുള്‍ തേടി അധികം ദൂരെ പോകേണ്ടതായും വന്നില്ല .
നാല് ആണ്‍കുട്ടികളുള്ള വീട്ടില്‍ ദത്തെടുത്തു വളര്‍ത്തിയ പെണ്‍കുട്ടിയ്ക്ക്
അവളുടെ ഏട്ടന്മാരുടെ അതേ മുഖച്ഛായയായിരുന്നു . പരാതികള്‍
പറയാത്തവള്‍ എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവള്‍ എന്ന നിയമം തനിക്ക്
ബാധകമാകുമ്പോഴെല്ലാം സ്വപ്‌നങ്ങള്‍ കൂട്ടിനായെത്താറുണ്ട് . കാണുന്നതെല്ലാം
കടലോരത്തെ ചെറിയ കുടിലും അതിനുള്ളില്‍ നിന്ന് നിറഞ്ഞു കവിയുന്ന
ഒരു സ്വര്‍ഗ്ഗവും .

മയക്കത്തിലേയ്ക്ക് വഴുതി വീഴാന്‍ തുടങ്ങിയപ്പോള്‍ ഒറ്റയ്ക്കാണെന്ന്
ഓര്‍മപ്പെടുത്തിക്കൊണ്ട്‌ മൊബൈല്‍ ഫോണ്‍ ഒച്ചയുണ്ടാക്കി . ഹോസ്റ്റലില്‍
നിന്ന് മോള്‍ , മനസ്സില്ലാ മനസ്സോടെ പോയതാണ് അവള്‍ . ഡോക്ടര്‍ ആകണം
എന്ന ആഗ്രഹം , വേര്‍പിരിഞ്ഞുള്ള ജീവിതത്തില്‍ എത്തിച്ചിരിക്കുന്നു . അവളോട്‌
ഒന്നു മാത്രം പറഞ്ഞു , ശരീരത്തിന്‍റെ ഭാഷ പഠിക്കുമ്പോള്‍ , അത് മനുഷ്യനില്‍
പ്രയോഗിക്കുമ്പോള്‍ അതിനു മുന്നേ അതിനുള്ളിലെ മനസ്സിന്‍റെ ഭാഷ നന്നായി
അറിഞ്ഞിരിക്കണമെന്ന് . അവള്‍ക്കറിയാമത് , കാരണം അവള്‍ സുപ്രിയയുടെ
മകളാണ് , ഗ്രേസി . കടലോരത്തെ , കാണാന്‍ കൊതിക്കുന്ന അമ്മയുടെ പേര്
അവള്‍ക്ക് കൊടുത്തു എപ്പോഴും ഓര്‍ക്കാന്‍ ............
***

2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

' പ്രണയം '

എന്‍റെ പ്രണയി ഈശ്വരന്‍ .
എന്‍റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തരുന്നവന്‍ .
ഞാന്‍ ആഗ്രഹിക്കുന്ന ഉത്തരങ്ങള്‍ മാത്രം എപ്പോഴും തരുന്നവന്‍ .
എന്നോട് ഒരിക്കലും കലഹിക്കാത്തവന്‍ .
എന്‍റെ പരാതികളും സങ്കടങ്ങളും ക്ഷമയോടെ കേട്ടിരിക്കുന്നവന്‍ .
കൃത്യ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവന്‍ .
പാട്ട് കേട്ട് ഉറങ്ങണമെന്നും ഉണരണമെന്നും നിര്‍ബന്ധമുള്ളവന്‍ .
പൂക്കള്‍ വളരെയേറെ ഇഷ്ടപ്പെടുന്നവന്‍ .
എപ്പോഴും ഒരുങ്ങി , ചന്ദനത്തിന്റെ സുഗന്ധം പേറുന്നവന്‍ .
മോഹിപ്പിക്കുന്ന കണ്ണുകളുള്ളവന്‍ .
എന്നില്‍ നിന്നൊരിക്കലും നോട്ടം പറിച്ചുമാറ്റാത്തവന്‍ .
എനിക്ക് പൂക്കളെയും ശലഭങ്ങളെയും കാട്ടിതന്നവന്‍ .
പുഴയുടെ സംഗീതവും കാറ്റിന്റെ മര്‍മ്മരവും ലഹരിയായി സമ്മാനിച്ചവന്‍.
ഉദയാസ്തമയങ്ങളും മഴയും നിലാവും കാഴ്ചയില്‍ നിറച്ചവന്‍ .

എല്ലാ ഉത്തരങ്ങളും തരുന്ന അവന്‍ എന്‍റെ ഒരു ചോദ്യം മാത്രം
ഒരിക്കലും കേട്ടതായി ഭാവിക്കാറില്ല .
സദാ പുഞ്ചിരിയുമായി നില്‍ക്കുന്ന അവനോട് വീണ്ടും വീണ്ടും
ഞാന്‍ ആ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുന്നു .
" എന്നെ എന്നാണ് അങ്ങോട്ട്‌ കൂട്ടിക്കൊണ്ടു പോവുക "എന്ന് .

ആ ഉത്തരം മാത്രം പറയാതെ , അത് അവന്‍ രഹസ്യമായി സൂക്ഷിക്കുന്നു,
എല്ലാമറിയുന്നവനാണെന്ന് ബോധ്യമുണ്ടെങ്കിലും ഒരു ഓര്‍മപ്പെടുത്തല്‍
പോലെ ഞാന്‍ ഒരിക്കല്‍ക്കൂടി പറഞ്ഞു , " ഞാന്‍ സുഖമായി ഉറങ്ങുന്ന ,
നിലാവ് ഉറങ്ങാത്ത ഒരു രാത്രിയില്‍ നീ എത്തണം , എന്നെ ആ കൈകളില്‍
കോരിയെടുത്ത് നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് കൊണ്ടുപോകണം ,
ഞാന്‍ ഉണരാതെ , ഞാന്‍ അറിയാതെ ."
അപ്പോഴും ആ മുഖത്ത് ഒരു കള്ളച്ചിരി മാത്രം ,
പരസ്പരം എല്ലാം അറിയണം എന്നുള്ള വാക്ക് തെറ്റിച്ചുകൊണ്ട് .
എന്നിട്ടും ഞാന്‍ അവനെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു , ഒരു
രഹസ്യങ്ങളും എന്‍റെ ഉള്ളില്‍ സൂക്ഷിക്കാതെ , എല്ലാം പറഞ്ഞ്
കേള്‍പ്പിച്ചുകൊണ്ട്‌ ..........
************************************************

2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

' പുണ്യമായ് ...

എന്‍റെ ആദ്യത്തെ പിതൃതര്‍പ്പണം ...
മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃക്കളുടെ അനുഗ്രഹം ലഭിക്കുന്നതിന്
ചെയ്യുന്ന യജ്ഞം . ശ്രാദ്ധം സ്നേഹത്തോടെ ചെയ്‌താല്‍ പിതൃക്കളുടെ
അക്ഷയമായ തൃപ്തിയുണ്ടാകുമെന്നും വിശ്വാസം .

ബ്രഹ്മപുത്രനായ മനുപ്രജാപതിയില്‍ നിന്ന് മരീചി മുതലായ
സപ്തര്‍ഷികളും അവരില്‍നിന്ന് പിതൃക്കളും പിതൃക്കളില്‍നിന്ന്
ടെവാസുരന്മാരും അവരിലൂടെ ചരാചരങ്ങളും ഉണ്ടായി എന്ന്
എന്ന് സങ്കല്പം ആദ്യമായി പിതൃതര്‍പ്പണം നടത്തിയത് അത്രി
വംശത്തില്‍ പിറന്ന ' നിമി ' എന്ന താപസന്‍ . അകാല ചരമം പ്രാപിച്ച
പുത്രന്‍ 'ശ്രീമാന്റെ ആത്മാവിനുവേണ്ടി വാവുദിവസം ഏഴ് ബ്രാഹ്മണരെ
വിളിച്ചു വരുത്തി ഉപ്പ് കൂട്ടാതെ ചാമച്ചോര്‍ വിളമ്പി അന്നമൂട്ടി .
തെക്കോട്ട്‌ തലയായി ദര്‍ഭപ്പുല്ല് നിരത്തി ,മരിച്ചുപോയ കുട്ടിയുടെ
നാമ ഗോത്രങ്ങള്‍ ചൊല്ലി പിതൃക്കള്‍ക്ക് പിണ്ഡം വച്ചു.
തന്‍റെ അനുഷ്ഠാനങ്ങള്‍ , മുന്‍ മാമുനിമാര്‍ ചെയ്തിട്ടില്ലല്ലോ
എന്നോര്‍ത്ത് പശ്ചാത്തപിച്ച നിമിയുടെ മുന്നില്‍ ' അത്രി ' മഹര്‍ഷി
പ്രത്യക്ഷനാവുകയും ചെയ്ത പിതൃയജ്ഞം ബ്രഹ്മനിശ്ചിതമാണെന്നും
മരിച്ചവരുടെ ആത്മാക്കള്‍ക്ക് പിതൃക്കളില്‍ നിന്നു അനുഗ്രഹം
ലഭിക്കുന്നതിന് ചെയ്യുന്ന ഈ യജ്ഞമാണ് ശ്രാദ്ധം എന്നും പറഞ്ഞു .
അങ്ങനെ തുടര്‍ന്നുപോരുന്ന ഈ യജ്ഞത്തില്‍ ഞാനും ഒരു
പിന്തുടര്‍ച്ചക്കാരിയായി മാറുന്നു .


കേരളത്തിന്‍റെ തെക്കേ അറ്റത്ത് വേരുകളുള്ള ഞാന്‍ മാമാങ്ക ചരിത്രം
എഴുതപ്പെട്ട നാട്ടില്‍ പിതൃതര്‍പ്പണം ചെയ്യാന്‍ പോകുന്നു .
ഭാരതപ്പുഴ എന്ന അമ്മയെ ഒന്നു തൊടാന്‍ വെമ്പല്‍കൊണ്ട മനസ്സുമായി .
യാത്രയ്ക്കിടയില്‍ പലപ്പോഴും ഒരു കാഴ്ചയായി , ഒരു നൊമ്പരമായി
മനസ്സില്‍ ഒതുക്കി വച്ച ചിത്രം , അനുഭവിച്ചറിയുക എന്നതും
ദൈവനിശ്ചയം .

അതിരാവിലെ കുളിച്ച് ശുദ്ധിവരുത്തി യാത്ര , മുങ്ങിക്കുളിക്കാന്‍
കഴിയില്ല എന്ന മുന്‍വിധിയോടെ . വഴികാട്ടിയായി ഞങ്ങള്‍ക്കൊപ്പം
വന്ന സമീരണന്‍ ക്ഷേത്രങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും
വാചാലനായി . രണ്ടുമണിക്കൂര്‍ നീളുന്ന യാത്രയ്ക്കിടയില്‍
പലപ്പോഴും വഴിവിളക്കിന്റെ പ്രകാശത്തില്‍ വഴി തെറ്റുന്നതായി
സമീരണന് സന്ദേഹം . ഇടതും വലതും വശങ്ങളൊക്കെ
തലതിരിയുന്ന പോലെ . അടുത്തെത്താറായി എന്ന് അറിയിച്ചുകൊണ്ട്‌
നിളയെന്ന അമ്മ ശോഷിച്ച ശരീരവുമായി നീണ്ടു കിടക്കുന്നു .
അവളുടെ ഓരംചേര്‍ന്ന് പോകുമ്പോള്‍ ഒരു നിമിഷം പോലും ഞാന്‍
എന്‍റെ കാഴ്ച്ചയെ മറ്റൊരിടത്തെയ്ക്കും വിട്ടില്ല . സുലഭമായി
വെള്ളമില്ലെങ്കില്‍ പുഴയ്ക്കെന്താനന്ദം . എല്ലുന്തി, വികൃതമാക്കപ്പെട്ട
സ്വന്തം ഉടല്‍ മറച്ചു പിടിക്കാന്‍ പാടുപെടുന്ന ഒരു പാവം അബലയുടെ
അതേ മാനസികാവസ്ഥ . പക്ഷെ നാവാമുകുന്ദന്റെ സമീപം അവള്‍
വിലാസവതിയായി കാണപ്പെട്ടു . വിരുന്നുകാരെ സ്വീകരിക്കാന്‍
അവള്‍ ഒരുങ്ങിത്തന്നെ കിടക്കുന്നു .

ഭഗവാനെ വണങ്ങി , ഞാനും ആ തിരക്കിലെ ഒരാളായി മാറി .
പടവുകളിറങ്ങി അമ്മയുടെ അടുത്തെത്തി . അവള്‍ എന്നെ
വല്ലാതെ കൊതിപ്പിക്കുന്നു , ഒരു തലോടലിനായി .പിന്നെ ഒന്നും
ചിന്തിച്ചില്ല , ആ കൈകളിലേയ്ക്ക് ഞാനമര്‍ന്നു ,
ഒരു കുഞ്ഞുശിശുവിനെപ്പോലെ .മൂന്നു തവണ മുങ്ങി നിവര്‍ന്നു .
കരയില്‍ കയറി , ഈറനോടെ ബലിക്കല്ലിനു പുറകില്‍ ഊഴവും
കാത്തു നിന്നു , ഏകദേശം ഒരു മണിക്കൂറോളം , ക്ഷമയോടെ ,
പ്രാര്‍ഥനയോടെ കാത്തു നില്‍ക്കുന്നവര്‍ക്കൊപ്പം . എന്‍റെ ഊഴം
എത്തി . ചോല്ലിതന്ന മന്ത്രങ്ങള്‍ അക്ഷരത്തെറ്റ് വരാതെ ഉരുവിടാന്‍
ശ്രദ്ധിച്ച് , ആദ്യപാഠം പഠിക്കാനെത്തിയ കുട്ടിയുടെ കൌതുകത്തോടെ
ഗുരുവിനെ അനുസരിച്ചു . വിശ്വ ദേവന്മാരെയും പിതൃക്കളെയും
ഒടുവില്‍ വിഷ്ണുവിനെയും വരിച്ച് , ഞാനും കര്‍മം അനുഷ്ഠിച്ചു


ഇലയിലെ പിണ്ഡം പുഴയുടെ മാറിലേയ്ക്ക് ഒഴുക്കി , ഞാന്‍ വീണ്ടും
മൂന്നു തവണ മുങ്ങി നിവര്‍ന്നു . അവളുടെ കുളിര്‍മ
മുഴുവനും ശരീരത്തിലേയ്ക്കും മനസ്സിലേയ്ക്കും പകര്‍ന്നെടുത്തുകൊണ്ട് ,
മതിവരാതെ പടവുകള്‍ കയറി മുകളിലെത്തി , സൂര്യനെ നോക്കി.
നോട്ടത്തിന്‍റെ അര്‍ഥം തിരിച്ചറിഞ്ഞ് , അവന്‍ തിടുക്കത്തില്‍ ഓടിയണഞ്ഞ്
അവന്‍റെ അവകാശം സ്വന്തമാക്കി . മനസ്സ് നിറഞ്ഞിരിക്കുന്നു ,
അത്യധികം സ്നേഹത്തോടെ ഞാന്‍ ഊട്ടിയ പിതൃക്കലാല്‍
അനുഗ്രഹിക്കപ്പെട്ട ആത്മാവുമായി എന്‍റെ അച്ഛനും അച്ഛന്
മുന്നേ മറഞ്ഞവരും മുന്നില്‍ നില്‍ക്കുന്ന പോലെ ..

ഈറന്‍ മാറി , നാവാമുകുന്ദനെ തൊട്ടടുത്ത്‌ കണ്ട് തൊഴുതു വണങ്ങി .
മുട്ടിനു മുകളില്‍ മാത്രം ദര്‍ശനം നല്‍കുന്ന വിഷ്ണുവിന്റെ രൂപം .
ഉള്ളു തുറന്നു അപേക്ഷിച്ചു. എല്ലാവരുടെയും മനസ്സില്‍ ആവോളം
സ്നേഹം നിറയ്ക്കണേ എന്ന് , എല്ലാര്‍ക്കും നല്ലതു മാത്രം
വരുത്തണേയെന്നും. ഉപദേവതകളെയും തൊഴുതു മടങ്ങി .

വഴിയോരത്തെ കാഴ്ചകള്‍ക്കായി കണ്ണുകളെയും തെളിച്ച് ഞാനിരുന്നു .
മെലിഞ്ഞുണങ്ങിയ കാലില്‍ ഒരു ഭംഗിയുള്ള കൊലുസ്സായി കുറ്റിപ്പുറം
പാലത്തെയും അണിഞ്ഞ് , മക്കളുടെ നന്മയും പ്രതീക്ഷിച്ചുകൊണ്ട്
കിടക്കുന്ന 'നിളയെന്ന അമ്മയുടെ ചിത്രം , മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു
ചിത്രം കൂടി എനിക്ക് സ്വന്തം .
***



2010, ജൂലൈ 29, വ്യാഴാഴ്‌ച

' ഓര്‍മ്മയുടെ ഒരു നുറുങ്ങ്‌ '

കയറിപ്പോയ പടവുകളിലൂടെ തിരികെയിറങ്ങുന്നു , തേയ്ച്ചു
മിനുക്കി തിളക്കത്തോടെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു നുറുങ്ങ്‌
ഓര്‍മയിലെയ്ക്ക് . വീട്ടില്‍ അന്ന് ഒരു ആഘോഷത്തിന്‍റെ
അന്തരീക്ഷം . ഫോട്ടോ പിടിക്കാനുള്ള സംവിധാനം വീട്ടിനുള്ളില്‍
ഇല്ലാതിരുന്ന കാലമായിരുന്നതുകൊണ്ട് കുടുംബഫോട്ടോ
എടുക്കണമെങ്കില്‍ ദൂരെ സ്റ്റുഡിയോയില്‍ തന്നെ പോകണം .
അന്ന് അതിനുള്ള ഒരുക്കങ്ങളാണ് അവിടെ നടക്കുന്നത് .

എല്ലാവരും നല്ല വേഷങ്ങളൊക്കെ തിരഞ്ഞെടുത്ത്അണിഞൊരുങ്ങുന്നു . ഞാനും ചേട്ടനും തല്ലുണ്ടാക്കുന്നു , അത്
കഴിഞ്ഞ് ഇണങ്ങുന്നു . ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന
കാര്യങ്ങളല്ല എന്ന മട്ടില്‍ നടക്കുന്നു . അതിനിടയില്‍ ചേട്ടനും
അണിഞ്ഞു പുതിയ നിക്കറും ഷര്‍ട്ടും .വെളുത്തുകൊലുന്നനെയുള്ള
എന്‍റെ ചേട്ടന് ഏതു നിറവും ചേരുമെന്ന് ആരോ പറയുന്നത്
കേട്ടു . പറഞ്ഞത് ചെട്ടനെക്കുറിച്ചായാതുകൊണ്ട് ദേഷ്യം തോന്നിയില്ല .

അടുത്ത യജ്ഞം എന്നെ ഒരുക്കുക എന്നതാണ് .കണ്മഷിയെഴുതി
ശീലമില്ലാത്ത എനിക്ക് ഏറ്റവും വെറുപ്പും അത് തന്നെ .
അതിന്‍റെ നീറ്റല്‍ അസഹനീയം . ചേച്ചിയായിരുന്നു ആ സാഹസം
ഏറ്റെടുത്തത് .എങ്ങനെയെങ്കിലും അത് സാധിച്ചെടുത്തു , പിന്നെ
മുടിയിലേയ്ക്ക് കൈവച്ചു . മുടിയുടെ ഞെരുക്കവും പേനിന്റെ
ശല്യവും കാരണം എന്‍റെ തലമുടി ചെവിക്കു മുകളില്‍ വച്ച്
മുറിക്കുക പതിവായിരുന്നു . അച്ഛനും അമ്മയും കൂടി തര്‍ക്കം
നടത്തുന്നതും അതിനായിരുന്നു . തലമുടി നീട്ടി വളര്‍ത്തുന്നതായിരുന്നു
അച്ഛനിഷ്ടം. മുകളില്‍ കുറച്ച് മുടി കെട്ടിവച്ച് അതില്‍ പൂക്കളും
തിരുകിത്തന്നു . ആകെ അസ്വസ്ഥത . ബാക്കിയുള്ളവരൊക്കെ
ഒരുങ്ങുന്നതും നോക്കി കസേരയില്‍ കയറി ഇരുപ്പുറപ്പിച്ചു .
ഒരുങ്ങി കഴിഞ്ഞാല്‍ പിന്നെ കളിക്കാന്‍ പാടില്ലല്ലോ .

ചേച്ചി പൊട്ടൊക്കെ തൊട്ട് , വലിയ പാവാടയും ബ്ലൗസുമൊക്കെയിട്ട്
നീണ്ട തലമുടി രണ്ടായി പകുത്തു പിന്നിയിട്ട്പൂവും ചൂടി
മനോഹരിയായിരിക്കുന്നു . നല്ല അനുസരണയുള്ള , ഉറക്കെ
ചിരിക്കുക പോലും ചെയ്യാത്ത പാവം പെണ്‍കുട്ടി .

അമ്മ വെള്ള ഖദര്‍സാരി ഭംഗിയായി ഉടുത്തിരിക്കുന്നു .
അമ്മ വളരെ വേഗത്തില്‍ സാരി ഉടുക്കുന്നതും ചുളിവൊന്നും
വരുത്താതെ സ്കൂളില്‍ നിന്നു തിരിച്ചു വരുന്നതും അയലത്തെ
പെണ്ണുങ്ങള്‍ അസൂയയോടെ നോക്കിയിരുന്നു . അവര്‍ അത്
മറച്ചുവയ്ക്കാതെ അമ്മയോട് പറയുന്നത് പലപ്പോഴും ഞാന്‍
കേട്ടിട്ടുണ്ട് . അമ്മ പൊട്ടു കുത്തിയില്ല , പകരം ചന്ദനക്കുറി
ശ്രദ്ധയോടെ തൊട്ടു . അതായിരുന്നു പതിവും .

അടുത്ത നോട്ടം അച്ഛനിലേയ്ക്ക്.. പശയിട്ട്, അലക്കി തേയ്ച്ച
വെള്ള മുണ്ടും തൂവെള്ള ഷര്‍ട്ടും . അച്ഛന്‍ നടക്കുമ്പോള്‍
കട്ടിയുള്ള മുണ്ട് ശബ്ദമുണ്ടാക്കിയിരുന്നു . നടന്നെത്തുന്നത്തിനു
മുന്പേ ആ ശബ്ദം ചെവിയിലെത്തുമായിരുന്നു . ആ പ്രദേശത്ത്
അത്ര സുന്ദരനായ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ്
എന്‍റെ ഓര്മ , അച്ഛനെപ്പോലെ പേടിയും ആദരവും സ്നേഹവും
നേടിയെടുത്ത മറ്റൊരധ്യാപകനും. വീടിനു മുന്നില്‍ നിന്നാണ്
വണ്ടിയിലേയ്ക്ക് കയറുന്നതെങ്കിലും തന്‍റെ സന്തതസഹചാരിയായ
വടിക്കുട എടുക്കാന്‍ അച്ഛന്‍ അന്നും മറന്നില്ല .

വാഹനം സ്വന്തമായി ഉണ്ടായിരുന്നില്ലെങ്കിലും കുടുംബസമേതമുള്ള
യാത്രകള്‍ക്ക് ടാക്സി വിളിക്കുന്ന കാര്യത്തില്‍ അച്ഛന്‍ ഒരിക്കലും
പിശുക്ക് കാണിച്ചിരുന്നില്ല . വണ്ടി വന്ന് നിന്നതും ചേട്ടന്‍ അറ്റത്ത്‌
സ്ഥാനം പിടിക്കാനായി ഓടി . എനിക്കും അതാണിഷ്ടമെങ്കിലും ഞാന്‍
ചേട്ടന്‍റെ അടുത്തേ ഇരിക്കൂ . വണ്ടിയില്‍ കയറിയ നേരത്ത് ഞങ്ങള്‍
നല്ല കുട്ടികളായിരുന്നു . എങ്ങനെയെന്നറിയില്ല പെട്ടെന്ന് വികൃതികള്‍
കാണിക്കാന്‍ തുടങ്ങി , അവസാനം പിച്ചലും മാന്തലുമൊക്കെയായി .
അച്ഛന്‍ തൊട്ടു മുന്നിലുണ്ടെന്ന അമ്മയുടെ ഓര്‍മ്മപ്പെടുത്തലൊന്നും
ഞങ്ങള്‍ കാര്യമാക്കിയില്ല . കരയാന്‍ വലിയ കാര്യങ്ങളൊന്നും
ആവശ്യമില്ലാത്ത ഞാന്‍ അന്നും പതിവ് തെറ്റിച്ചില്ല .

സ്റ്റുഡിയോയുടെ മുന്നിലെത്തി . പുറത്തിറങ്ങിയപ്പോഴാണ് എന്‍റെ
മുഖം എല്ലാവരും ശ്രദ്ധിച്ചത് . ഒലിച്ചിറങ്ങിയ കണ്മഷി കൈകൊണ്ട്‌
തുടച്ച് മുഖമാകെ പടര്‍തിയിരിക്കുന്നു. പിന്നെ അകത്തു കയറി
വൃത്തിയാക്കലും ഒരുക്കലുമായി . ചേട്ടന്‍ മാറി നില്‍ക്കുന്നു ,
ഞാനോന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ . ഇതിനിടയിലും ഞാന്‍
അച്ഛനെ ഇടയ്ക്കിടയ്ക്ക് ഒളികണ്ണിട്ടു നോക്കി . അച്ഛന്‍ വല്ലാത്ത
ദേഷ്യത്തിലാണ് , അച്ഛന്റെ പല്ലുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേട്ടു
എന്നാണ് എന്‍റെ ഓര്‍മ്മ .

ഫോട്ടോ എടുക്കാന്‍ സമയമായി . എല്ലാവരും അനുസരണയുള്ള
കുട്ടികളെപ്പോലെ നിന്നും ഇരുന്നും സഹകരിച്ചു . ഫോട്ടോ പിടിക്കുന്ന
ഉപകരണം നന്നായി ശ്രദ്ധിക്കാന്‍ പറ്റിയില്ല . ഒരു കറുത്ത പുതപ്പ്
മാറ്റുകയും നേരെയാക്കുകയും ഒക്കെ ചെയ്യുന്നത് മാത്രം കണ്ടു .
തിരികെ പോരുമ്പോള്‍ കാറിനകത്ത്‌ അച്ഛന്‍ മാത്രം ഒന്നും
മിണ്ടാതെ ഇരുന്നു . ഞാനും ചേട്ടനും ഭയങ്കര സ്നേഹത്തിലായിരുന്നു
വൈകുന്നേരം കൂട്ടുകാര്‍ കളിക്കാനെത്തുമ്പോള്‍ ഫോട്ടോ എടുത്ത
വിശേഷങ്ങളൊക്കെ ഗമയില്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതിനെ
കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു ഞങ്ങള്‍ രണ്ടുപേരും .

വീട്ടിലെത്തി , അച്ഛന്‍ മുറിക്കകത്ത് കയറി തിരച്ചില്‍ തുടങ്ങി .
ആരുടെ സഹായവും ആവശ്യപ്പെടാതെ , സഹായം നിരസിച്ചുകൊണ്ട്
തന്നെ കണ്മഷി ചെപ്പ്‌ കണ്ടുപിടിച്ചു. അതുമെടുത്ത് മുറ്റത്തെയ്ക്കിറങ്ങി ,
ആഞ്ഞ് ഒരേറ് . കാട് പിടിച്ചു കിടന്ന അടുത്ത പറമ്പിലേയ്ക്ക് അത്
ഒരു അസ്ത്രത്തിന്റെ വേഗതയില്‍ പാഞ്ഞു പോയി . ആരും ഒന്നും
മിണ്ടിയില്ല . എനിക്ക് വല്ലാത്ത സങ്കടം വന്നു ഞാനാണല്ലോ അതിനൊക്കെ
കാരണക്കാരി എന്നോര്‍ത്ത് . ഒരു മൂലയില്‍ പോയി ഒതുങ്ങി നിന്ന്വിതുമ്പലോടെ അച്ഛനെ നോക്കി . അച്ഛന്‍ ചിരിച്ചു , അടുത്തു വന്ന്
എന്നെ ചേര്‍ത്ത് പിടിച്ച് കവിളില്‍ ഉമ്മ വച്ചു ,അച്ഛനറിയാമായിരുന്നു
അച്ഛന്റെ മോള്‍ക്ക്‌ കണ്മഷി വെറുപ്പുള്ള ഒരു സാധനമാണെന്ന് .
അതുകൊണ്ടുതന്നെയാവാം എന്‍റെ അച്ഛന്‍ അത് ദൂരേയ്ക്ക്
വലിച്ചെറിഞ്ഞത് .

ആ കുടുംബചിത്രം ഒരു നിധിപോലെ സൂക്ഷിക്കുന്നു ഞാനിന്നും .
ഗൌരവ ഭാവത്തില്‍ ഇരിക്കുന്ന അച്ഛനും എല്ലാവരോടും
പിണക്കം ഭാവിച്ച് ചിരിക്കാന്‍ എനിക്കിപ്പോള്‍ മനസ്സില്ല എന്ന
മട്ടില്‍ നില്‍ക്കുന്ന ആറുവയസ്സുകാരിയായ ഞാനും ഉള്‍പ്പെടുന്ന ആ
മനോഹര ചിത്രം .

( എന്‍റെ പ്രിയപ്പെട്ട അച്ഛന്‍ വിണ്ണിലെ തിളക്കമുള്ള ഒരു നക്ഷത്രമായി
പുനര്‍ജനിച്ചിട്ട് നാളെ ഒരു വര്‍ഷം തികയുന്നു . എന്‍റെ എല്ലാമായിരുന്ന
അച്ഛനുവേണ്ടി എന്‍റെ ഈ അക്ഷരങ്ങള്‍ ഞാന്‍ സമര്‍പ്പിക്കുന്നു .
അനുഗ്രഹത്തിനായി കൈകൂപ്പിക്കൊണ്ട്‌ . )
*********************************************************

2010, ജൂലൈ 25, ഞായറാഴ്‌ച

' വൈരുദ്ധ്യം '

#

തെരുവിലുറങ്ങുന്നോരമ്മതന്‍ ചിത്രം തെല്ലും
അടരാതിരിക്കുന്നെന്‍ കണ്‍കോണിലൊരിടത്തായ്
തളര്‍ന്നു മയങ്ങുന്നൊരമ്മതന്‍ മാറില്‍ നിന്ന്
മധുരം നുണയുവാനാര്‍ത്തി പൂണ്ടൊരു ശിശു .

പട്ടിണി മാറ്റാനൊട്ടു നടന്ന് കുഴഞ്ഞവള്‍
ഇരുട്ടിന്‍ സമ്മാനമായ്‌ കിട്ടിയ തുടിപ്പിനും
ഊരുപേരറിയില്ലെന്നാകിലും ജീവിക്കണം
ഭൂമിതന്‍ അവകാശിയവളെന്നതും സത്യം .

നിറഭേദമില്ലവള്‍ക്കിരവും പകലുമായ്
താളഭേദമില്ലൊട്ടും ആരവങ്ങള്‍ക്കൊന്നുമേ
ഉച് ഛീഷ്ടം ഭക്ഷിക്കാനായലയും നാവിന്‍ തുമ്പില്‍
എത്തുകില്ലൊരിക്കലും രുചിഭേദങ്ങള്‍ പോലും .

പൊരിയും വയറിനെ മറന്നിട്ടവള്‍ തന്‍റെ
ഒക്കത്തെ ശിശുവിനെയൂട്ടുവാനുഴറുന്നു
നന്മതിന്മകള്‍ ചികഞ്ഞെടുക്കാനാവാതെയാ
തിണ്ണയില്‍ മയങ്ങുന്നൊരസ്ഥിപഞ്ജരമായി .

പുഴുവിന്‍ സമാനമായ്‌ ഇഴയുന്നൊരു ജന്മം
ദേവനു സമനായി മരുവുന്നവനൊപ്പം
സൃഷ്ടിയില്‍ വൈരുധ്യങ്ങളെന്തിനു കാട്ടീടുന്നു ?
ചിന്തിക്കിലെല്ലാം പരംപൊരുളിന്‍ മായാലീല .


#

2010, ജൂലൈ 7, ബുധനാഴ്‌ച

'സഖി '

 #

അക്ഷരങ്ങളായ്‌ മുന്നിലെത്തി ഞാന്‍
ഹൃദന്തഭാഷ പകര്‍ത്തുവാന്‍
വന്നു നീ മനക്കണ്ണിതിന്‍ ചാരെ
മാരിവില്ലിന്റെ ശോഭ പോല്‍ .

കാത്തുനിന്നു ഞാനേകനായ് ദിനം
നീ വരുന്നത് കാണുവാന്‍
നെഞ്ചിലേയ്ക്കിറ്റു വീഴുമാ സ്നേഹ
സാന്ത്വനത്തിന്‍ പദങ്ങളായ് .

നഷ്ടമായൊരു സ്വപ്നമാണെന്റെ
ജീവിതപ്പെരു വീഥിയില്‍
മന്ദഹാസം പൊഴിച്ചണയുന്നു
ഇന്ന് മോഹപദങ്ങളായ് .

നെഞ്ചിലായേറ്റു വാങ്ങി നീയെന്റെ
മോദവും ദുഃഖ ഭാരവും
പെയ്തിറങ്ങിയോരക്ഷരങ്ങളില്‍
ഹര്‍ഷമെന്തെന്നറിഞ്ഞു ഞാന്‍ .


കണ്ടെടുത്തൊരു വാക്ക് ഞാനെന്‍റെ
നെഞ്ചിനുള്ളിലായ് കാത്തത്
ചൊല്ലിടട്ടെ ഞാനൊന്നുറക്കെയാ
സുന്ദരപദം മല്‍ 'സഖീ '...

#

2010, ജൂൺ 15, ചൊവ്വാഴ്ച

നോവറിവ്

എന്‍റെ പ്രവാസജീവിതത്തിന്‍റെ മറ്റൊരധ്യായം .
കൂടുവിട്ടു കൂട് തേടുന്ന കാറ്റിനെപ്പോലെ , കിളിയെപ്പോലെ കേരളത്തിനുള്ളിലെ
തന്നെ ചക്രവാളങ്ങള്‍ പലയിടത്തുനിന്നു നോക്കിക്കാണാനൊരു പലായനം .

വടക്ക് നാദാപുരത്ത് നിന്ന് മൂന്നു വര്‍ഷത്തെ കൂടുകൂട്ടലിനു ശേഷം ചരിത്രമുറങ്ങുന്ന
കാഞ്ഞങ്ങാട്ടേയ്ക്കുള്ള  പ്രയാണം .കാതുനിറയെ അലിക്കുത്തും കഴുത്തുനിറയെ
പണ്ടങ്ങളും അണിഞ്ഞ മറിയം ഉമ്മയെയും  അവരുടെ നാല് മൊഞ്ചത്തിമാരായ
മരുമക്കളെയും കളിക്കിടയില്‍ കൂട്ടുകാരറിയാതെ അടുക്കളയില്‍ പതുങ്ങിയെത്തി എന്നെ
നുള്ളിനോവിച്ചു ഓടിമറയുന്ന കുഞ്ഞു സദ്ദാമിനെയും അച്ചുവേട്ടനെയും കുടുംബത്തെയും
എന്‍റെ സഹായിയായിരുന്ന ലക്ഷ്മിയെയും മനസ്സില്‍ വഹിച്ചുകൊണ്ട് .

കോരിച്ചൊരിയുന്ന മഴയിലൂടെ ഒരു രാത്രി യാത്ര . കരയിലൂടെയോ കടലിലൂടെയോ
എന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസം . പനി തളര്‍ത്തിയിരുന്നതുകൊണ്ട് യാത്ര അല്പം
പോലും ആസ്വദിക്കാനായില്ല . രണ്ടുദിവസം പുറം കാഴ്ചകള്‍ കാണാതെ വീട്ടിനുള്ളില്‍
തന്നെ കഴിച്ചുകൂട്ടി .

മൂന്നാം ദിവസം പുറത്തിറങ്ങി . കണ്ണുനിറയെ കാണാൻ പാകത്തിൽ കാഴ്ചകളുമായി 
ഇടതുഭാഗത്ത് പാടം, പാടത്തിനു അപ്പുറത്തായി  തേരിലേറി വരുന്ന ഉദയസൂര്യൻ . 
കോരിത്തരിച്ചുപോയി .ആ ശോഭയില്‍ കുളിച്ച് നിത്യാനന്ദാശ്രമം , കൂറ്റൻ പാറയുടെ
 മുകളില്‍ അതീവ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു .

മുന്നില്‍ ചെറിയ മൈതാനം ,അതിനടിയില്‍ വലിയ തുരംഗമാണെന്നും ആ തുരംഗത്തില്‍
നിന്ന് പുറത്തേയ്ക്കുള്ള മാര്‍ഗമായിരുന്നു വീടിനു മുന്നില്‍ കാണുന്ന മൂടപ്പെട്ട വലിയ
കിണര്‍ പോലുള്ള കുഴികളെന്നും പിന്നീടറിഞ്ഞു .മൈതാനം കഴിഞ്ഞുള്ള കാഴ്ച്ചയെ
തടസ്സപ്പെടുത്തിക്കൊണ്ട് വലിയ കോട്ടമതില്‍ , ചെറിയൊരു കോട്ടവാതില്‍ .

വീടിന്‍റെ പിറകുവശത്തും കോട്ടയുടെ അവശിഷ്ടങ്ങള്‍ , പഴംകഥകളും നിറച്ച് മരണവും
കാത്തുകിടപ്പുണ്ട് . ആകെ ഉത്സാഹമായി . പനി  എങ്ങോ മറഞ്ഞിരുന്നു .

വീടിനു മുന്നില്‍ നിന്നുകൊണ്ട്  ഉദയാസ്തമയങ്ങളിലെ സൂര്യതേജസ്‌  കാണാൻ
കഴിയുക .എനിക്കെന്നും അതൊരു അനുഭൂതിയാണ് , പ്രാർത്ഥനായാണ്‌ .
മതിലുകള്‍ കെട്ടി വേര്‍തിരിക്കാത്ത മൂന്നു വീടുകളില്‍ മധ്യത്തെ വീട്ടില്‍
അങ്ങനെ പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു .

 നാട്ടുവിശേഷങ്ങള്‍ അറിയാനും ചെറിയ സഹായത്തിനുമായി ഒരാളെ കിട്ടി .
ചിന്താമണി . തമിഴ് നാട്ടുകാരനായ രാജുവിന്‍റെ ഭാര്യ . മൂന്ന് ആണ്‍കുട്ടികളുടെ അമ്മയായ
ചിന്താമണി നാലാമതൊരു പെണ്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്തുന്നു എന്നറിഞ്ഞപ്പോള്‍
അവരോട് സ്നേഹത്തോടൊപ്പം ബഹുമാനവും തോന്നി .നാടൻ   പച്ചക്കറികളും
 ഉപ്പിട്ട് കഴുകി വൃത്തിയാക്കിയ പുഴമീനുമായാണ് ചിന്താമണിയുടെ വരവ് .

വീട്ടില്‍ തനിച്ചാവുമ്പോള്‍ പുറത്തിറങ്ങി കാഴ്ചകള്‍ക്കായി പരതും.
എല്ലാ ദിവസവും കോട്ടവാതിലിലൂടെ കടന്നുവരുന്ന ഒരു സ്ത്രീരൂപത്തില്‍ കണ്ണ്
പതിയും .ഏകദേശം അമ്പതു വയസ്സ് പ്രായം തോന്നും . അവരെക്കുറിച്ച്
 ചിന്താമണി വാചാലയായി ..........
'ഭ്രാന്തിയാണ് , എപ്പോഴാണ് ചീത്ത പറയുക , കല്ലെടുത്ത്‌ എറിയുക , ഉപദ്രവിക്കുക
എന്നൊന്നും പറയാന്‍ പറ്റില്ല , ചീത്ത സ്ത്രീയാണ് , രാത്രി ലോറിക്കാരന്മാരുടെ കൂടെ
ആണ് ഉറക്കം ..അങ്ങനെ അങ്ങനെ ......

എന്തുകൊണ്ടോ എനിക്കവരെ അടുത്ത് കാണണമെന്ന് തോന്നി . മുന്നിലെ അരമതിലില്‍
ചാരി  അവരെയും കാത്ത് ഞാൻ നിന്നു . തലയിലെ ഭാണ്ഡമാണ്  ആദ്യം പ്രത്യക്ഷമായത് ,
പിന്നാലെ അവരും .അടുത്തെത്തിയപ്പോള്‍ ഞാനൊന്നു ചിരിച്ചു . ആ ചിരി പണ്ടേ
ആഗ്രഹിച്ചിരുന്നപോലെ അവര്‍ അടുത്തേയ്ക്ക് വന്നു .

വീടിനു പുറകുവശത്തെ വരാന്തയില്‍ ഒരു ചിരപരിചിതയെപ്പോലെ അവരിരുന്നു ,
തൊട്ടടുത്ത പടിയില്‍ ഞാനും .കുളിച്ച് , വൃത്തിയായി പൌഡര്‍ പൂശിയ മുഖം ,
തലമുടിയില്‍ , ആശ്രമത്തില്‍ നിന്നു കിട്ടിയ മഞ്ഞപ്പൂക്കള്‍ തിരുകിവച്ചിരിക്കുന്നു.
ഭാണ്ഡം അഴിച്ചു വച്ചു . സോപ്പ് , ചീപ്പ് , കണ്ണാടി , പൊട്ട് എല്ലാമുണ്ട് അതിനുള്ളില്‍ .
ഭാണ്ഡം മുറുക്കുന്നതിനിടയില്‍ എന്നോട് ചോദിച്ചു എന്തു വിളിക്കണം എന്ന് .
ഇഷ്ടമുള്ളത് എന്തുമാകാം എന്ന് ഞാനും പറഞ്ഞു .
എന്തൊക്കെയോ പതുക്കെ പറഞ്ഞുനോക്കി , അതൊന്നും  പോരാ എന്ന്
പറഞ്ഞ് , എന്‍റെ പേരിനെ ഒരു മൂളലായി ചുരുക്കി .ഇപ്പോള്‍ വരാമെന്ന് പറഞ്ഞ്
ഭാണ്ഡക്കെട്ടും എന്നെ ഏല്‍പ്പിച്ചു മടങ്ങി , തലയില്‍ കുറെ ഉണങ്ങിയ
ചുള്ളിക്കമ്പുകളുമായി വീണ്ടുമെത്തി . പുറത്തെ കത്തിക്കാത്ത അടുപ്പില്‍ നിര്‍ബന്ധപൂര്‍വ്വം
തീയ് കൂട്ടി വെള്ളം തിളപ്പിച്ചു. രാത്രി ചെറിയ ചൂടുവെള്ളത്തില്‍ കുളിക്കുന്നത്
നല്ലതാണെന്ന ഉപദേശവും തന്നു തിരികെപ്പോയി .
കുറെക്കഴിഞ്ഞ് വീണ്ടുമെത്തി , നിത്യാനന്ദാശ്രമത്തില്‍ നിന്ന് ദാനമായി കിട്ടുന്ന
അന്നവും കൊണ്ട് . തൈരോ അച്ചാറോ ഞാന്‍ കൊടുക്കണം എന്ന ആവശ്യവുമായി .
പേപ്പര്‍ വിരിച്ചിട്ട നിലത്ത് ഇലയില്‍ വിളമ്പുന്ന ആവി പറക്കുന്ന വെളുത്ത ചോറിന്
പുറത്ത് തിളയ്ക്കുന്ന സാമ്പാര്‍ ഒഴിക്കുമ്പോള്‍ വരുന്ന മണം ഞാനും അവിടെപോയി
പലതവണ ആസ്വദിച്ചിട്ടുണ്ട് പിന്നീട് .

അമ്മിണി എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറുകയായിരുന്നു ,
ഊണിനിടയില്‍ അമ്മിണി പറയുന്ന പഴം കഥകളും പാടിപ്പതിഞ്ഞ പാട്ടുകളും
പുരാണകഥകളും. പിന്നെ കാഞ്ഞങ്ങാടിന്റെ ചരിത്രം ഒരു യക്ഷിക്കഥയുടെ
കെട്ടും മട്ടുമായി പറയും , മൂടിയ കിണറുകളില്‍ നിന്ന് അടക്കം ചെയ്യപ്പെട്ട
ശവങ്ങള്‍ എഴുന്നേറ്റു വരുമെന്നും അമ്മിണി എന്നും അവരെ കാണുമെന്നും.....
ഒടുവിൽ ,ഒരേയൊരു മകന്‍ കല്യാണത്തിനുശേഷം അവരെ വീട്ടിനു പുറത്താക്കിയ
കാര്യം പറഞ്ഞ് കരയും . ഇപ്പോള്‍ സര്‍ക്കാരാപ്പീസിന്‍റെ മുന്നിലെ വെളിച്ചത്തിലാണ്
രാത്രിയുറക്കം എന്നും .
അമ്മിണി പറയുന്നതൊന്നും ഭ്രാന്തായി എനിക്ക് തോന്നിയില്ല .
ഒരിക്കല്‍പോലും അവര്‍ എന്നെ ചീത്ത വിളിക്കുകയോ ഉപദ്രവിക്കുകയോ
ചെയ്തില്ല .

പല രാത്രികളിലും ഞാന്‍ സ്വപ്നം കണ്ടു . വീടിനു മുന്നിലെ മൂടിയ വലിയ
കിണറുകളില്‍നിന്ന് ആളുകള്‍ ഉയര്‍ത്തെഴുന്നേറ്റു വരുന്നതും മൈതാനത്തിനടിയിലെ
ഭീമാകാരമായ തുരംഗത്തിലൂടെ ആയുധങ്ങളുമായി സൈനികര്‍ പാഞ്ഞടുക്കുന്നതും
കുതിരകളുടെ കുളമ്പടി ശബ്ദവും ഒക്കെ .
ഉണര്‍ന്നു കിടക്കുമ്പോള്‍ അതേ ശബ്ദങ്ങള്‍ കാതില്‍ അലയടിക്കുന്നതായി തോന്നും .
എന്നിട്ടും കഥകള്‍ കേള്‍ക്കാനും സ്വപ്നം കാണാനും അമ്മിണിയെ വീണ്ടും
കാണാനും ആഗ്രഹിച്ചുകൊണ്ടേയിരുന്നു .

ഉദയാസ്തമയങ്ങളുടെ സുന്ദരമായ കാഴ്ചയും കോട്ടയും കോട്ടയുടെ തകര്‍ന്ന
ഭാഗത്ത് വളര്‍ന്നു നില്‍ക്കുന്ന ആല്‍മരവും നന്നായി കാഴ്ചയ്ക്ക് എത്തിപ്പെടാനാവാത്ത
ചെറിയ കാട്ടുചെടികളും പാടവും കോട്ടവാതിലിലൂടെ പ്രത്യക്ഷയാവുന്ന
അമ്മിണിയും എനിക്ക് നഷ്ടപ്പെടാന്‍ പോകുന്നു .

പിരിയാന്‍ നേരം അവരുടെ ഭാണ്ഡക്കെട്ടിൽ ഞാന്‍ നിര്‍ബന്ധപൂര്‍വം തിരുകിവച്ചു ,
എന്‍റെ അന്നുവരെയുള്ള സമ്പാദ്യം , ഒരു ചില്ലറ തുട്ടുപോലും ബാക്കിവയ്ക്കാതെ .
കൈയിലേയ്ക്ക് കൊടുത്ത സാരി പുത്തനാനെന്നു തിരിച്ചറിഞ്ഞ് , പഴയത്
ആവശ്യപ്പെട്ടു . ഞാന്‍ മടിച്ചു നിന്നപ്പോള്‍ , എന്‍റെ മണം എന്നും അതിലൂടെ
അറിയാനാണെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞു . അവരുടെകണ്ണുകളിൽ നിന്ന്
 പ്രവഹിച്ച സ്നേഹത്തിന്റെ  കണ്ണുനീര്‍ ഉരുണ്ടുകൂടി ഒരു വേദനയായി ,
ഒരു ഭാരമായി , ഒരു വലിയ ഭാണ്ഡക്കെട്ടായി ,ഒരു നോവറിവായി ഇന്നും
എന്റെ നെഞ്ചിനകത്ത് ..............................................!
*************************

2010, ജൂൺ 6, ഞായറാഴ്‌ച

' മാനസ '


ഒരുപാടൊരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ പുതിയ മേല്‍വിലാസത്തില്‍
എത്തിയ കത്ത് ...
മാനസയുടെ കത്ത് .
വെള്ള കടലാസ്സില്‍ നീല അക്ഷരങ്ങളില്‍ ....
ഒരിഞ്ചുസ്ഥലം പോലും വെറുതെ കളയാതെ സ്നേഹം കുത്തിനിറച്ച പോലെ .
എന്‍റെ പ്രിയപ്പെട്ട മനുവെന്ന പതിനഞ്ചുകാരി മാനസയുടെ കത്ത് .

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ശബ്ദത്തിലൂടെ എന്‍റെ കൂട്ടുകാരിയുടെ കൂട്ടുകാരിയെ
ഞാനും സ്വന്തമാക്കി . അവളുടെ മകള്‍ എന്‍റെ മകളായി . പിന്നീട് ഞങ്ങള്‍
തമ്മിലായി ഫോണിലൂടെ വിശേഷങ്ങള്‍ കൈമാറല്‍ . അങ്ങനെ ഞാന്‍ അവളുടെ
മാത്രം അമ്മായിയായി . അവളുടെ അമ്മായിയായി ഞാന്‍ മാറുന്നത് കാണുമ്പോള്‍
എന്‍റെ ആണ്‍കുട്ടികള്‍ക്ക് അസൂയയും അവരുടെ അച്ഛന് അതിശയവും
തോന്നിയിരുന്നു എന്നതും ഒരു സത്യം .

എല്ലാ ആധുനിക സൌകര്യങ്ങളും അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ച കുട്ടി ,
തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍
പഠിക്കുന്ന കുട്ടി ,
അവള്‍ക്ക് ഒരു കത്ത് എഴുതാന്‍ തോന്നുക ...എനിക്ക് അത്ഭുതം തോന്നി ,
സ്നേഹബന്ധങ്ങള്‍ക്ക്‌ ആധുനികതയുടെ പുതപ്പണിയിക്കുന്ന ഈ കാലത്ത് ...
അന്യം നിന്നുപോയ ഒരു ആശയവിനിമയത്തിന്റെ പുനരാവിഷ്ക്കാരമായി
എനിക്ക് ആ കത്ത് .

മനുവിന്‍റെ കത്ത് എന്‍റെ ഓര്‍മകളെ പിറകോട്ടു മെല്ലെ നടത്തി .
ഹോസ്റ്റല്‍ ജീവിതത്തിന്‍റെ ഇടനാഴിയിലൂടെ ...
കോളേജില്‍ നിന്ന് ഉച്ചഭക്ഷണത്തിന് എത്തുമ്പോഴാണ് ലെറ്റര്‍ ബോര്‍ഡില്‍
നിന്ന് എല്ലാവരും അവരവരുടെ അവകാശങ്ങള്‍ ആര്‍ത്തിയോടെ
കയ്യടക്കുന്നത് . എന്നാലും ഒന്നുരണ്ടെണ്ണം അവശേഷിക്കും അവകാശികളില്ലാതെ .
മരവിച്ചു മരിച്ച അക്ഷരങ്ങളായിരുന്നിരിക്കാം അവയ്ക്കുള്ളില്‍ .
ലെറ്റര്‍ ബോര്‍ഡില്‍ ഇടം പിടിക്കാനാവാതെ കുറെയേറെ കത്തുകള്‍
മേട്രന്റെ മേശവലിപ്പിനുള്ളില്‍ വിശ്രമിക്കും . കോളേജ് ജെങ്ങ്ഷനില്‍ കാത്തുനിന്ന്
മടുത്ത് ഒരക്ഷരവും സംസാരിക്കാന്‍ അവസരം കിട്ടാതെ അവസാനം അജ്ഞാതന്‍
എന്ന പേരില്‍ എത്തുന്ന കത്തുകളും പിന്നെ പ്രണയിനികള്‍ക്ക് ദൂരെയെവിടെ
നിന്നൊക്കെയോ പറന്നെത്തുന്ന വിരഹത്തിന്‍റെ സ്പര്‍ശമുള്ള കത്തുകളും .
ആദ്യ വിഭാഗത്തില്‍പ്പെട്ടവ അപ്പോള്‍ തന്നെ ചാരമായിത്തീരും .
രാത്രി ഭക്ഷണ സമയത്ത് എല്ലാപേരോടുമായി, മര്യാദയ്ക്ക് നടന്നാല്‍ കൊള്ളാം
എന്ന താക്കീതും പിറകെയെത്തും.
രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നവയുടെ അവകാശികളുടെ വീട്ടിലേയ്ക്ക്
അറിയിപ്പ് കൊടുക്കും , ഉടനെ എത്താനും മകളുടെ 'കൊള്ളരുതായ്മകള്‍ '
ചെവി നിറയെ കേട്ടുകൊണ്ടു മടങ്ങാനും .

എനിക്ക് സ്ഥിരമായി കിട്ടിയിരുന്നത് രണ്ടുപേരുടെ കത്തുകളാണ് . ചേട്ടന്റെയും
അമ്മാവന്റെയും. എന്‍റെ കൂട്ടുകാരികള്‍ക്കെല്ലാം അസൂയ ഉണ്ടാക്കുന്നതായിരുന്നു
എന്‍റെ അനുജത്തി വേഷം . അവരും ഒരുപാടാഗ്രഹിച്ചിരുന്നു അങ്ങനെ ഒരു വേഷം
അണിയാന്‍ .

അമ്മാവന്റെ ആദ്യകത്ത് വായിച്ചു കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയവര്‍ പിന്നീടൊരിക്കലും
എനിക്ക് വരുന്ന കത്ത് ആദ്യം വായിക്കാന്‍ അവസരം തന്നില്ല .മേട്രനാണ് ആദ്യ
വായനക്കാരി എന്ന സത്യവും അവര്‍ വിസ്മരിക്കും . എന്‍റെ അരിശം പിച്ചിയും
മാന്തിയുമൊക്കെ ഞാന്‍ അവരില്‍ തീര്‍ത്തിരുന്നു .
ഞാനിന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായതാണ് എന്‍റെ അമ്മാവന്റെ
കൈയക്ഷരം .
ഞങ്ങളെ പുസ്തകങ്ങളുടെ ലോകത്തേയ്ക്ക് കൊണ്ടുപോയ ആള്‍ .
ഒരു കഥയുടെ ഭംഗിയോടെ വിവരിച്ചിരിക്കും നാട്ടുവിശേഷങ്ങള്‍ .
വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ , പിന്നെ സ്വപ്നലോകത്തുകൂടിയുള്ള
സഞ്ചാരവിശേഷങ്ങള്‍ , അങ്ങനെ കണ്ടതും കേട്ടതുമായ ഒത്തിരി കാര്യങ്ങള്‍ .
കഥകളിലും കവിതകളിലും ജീവിച്ച് , മനസിനെ അലയാന്‍ വിട്ട് , ബിരുദം നേടാന്‍
മിനക്കെടാതിരുന്ന അമ്മാവന്റെ വഴിയെ ഞാനും നടക്കുമെന്ന് വീട്ടുകാര്‍ ഭയപ്പെട്ടു .
ജീവിക്കാന്‍ മറന്നുപോയവനെന്ന പേര് ചാര്‍ത്തിക്കൊടുത്തു ആ പാവത്തിന് . ഹോസ്റ്റല്‍
ജീവിതം അവസാനിച്ചതോടെ അമ്മാവന്റെ കത്തുകള്‍ എനിക്ക് നഷ്ടമായി ,എന്‍റെ
ഏറ്റവും വലിയ നഷ്ടവും , എന്നിട്ടും അമ്മാവനെപ്പോലെ സ്വപ്നം കാണാനുള്ള
അവകാശം മാത്രം ഞാനാര്‍ക്കും വിട്ടുകൊടുത്തില്ല .

വിവാഹത്തോടെ വിശേഷം പറച്ചിലെല്ലാം ഫോണിലൂടെമാത്രമായി ഒതുങ്ങി .
അപ്പോഴും ഒരു കത്ത് പൊട്ടിച്ചു വായിക്കുന്ന സുഖം അനുഭവിക്കാന്‍ പലപ്പോഴും
കൊതി തോന്നിയിട്ടുണ്ട് .ഒരു വിരലിന്‍റെ സ്പര്‍ശനമാത്രയില്‍ മാഞ്ഞു പോകുന്ന
കത്തുകള്‍ ഇപ്പോഴും കിട്ടാറുണ്ട് . 'എത്രയും പ്രിയപ്പെട്ട ചേച്ചിയ്ക്ക് ' എന്നുതുടങ്ങുന്ന
എന്‍റെ അനുജന്‍ ഗോപന്‍റെ കത്തുകള്‍ പലപ്പോഴും പഴയ കാലസ്മരണകളിലേയ്ക്ക്
കൂട്ടിക്കൊണ്ടു പോകാറുണ്ട് . കണ്ടിട്ടില്ലാത്ത , കേട്ടിട്ടില്ലാത്ത ഞങ്ങള്‍ അക്ഷരങ്ങളിലൂടെ
മാത്രം വര്‍ഷങ്ങളായി സംവദിക്കുന്നു . ഒഴുകിയെത്തുന്ന ആ പ്രിയമുള്ള വാക്കുകള്‍
എന്നും അവന്‍റെ ചേച്ചിയായിരിക്കാനുള്ള പ്രാര്‍ഥനയിലും എത്തിക്കുന്നു .

മാനസയുടെ കത്ത് ഒരിക്കല്‍ക്കൂടി വായിക്കാനെടുത്തു .
ഓരോ വാക്കിനുള്ളിലും അവള്‍ സ്നേഹം നിറച്ചു വച്ചിരിക്കുന്നു .
ശബ്ദത്തിലൂടെ അവള്‍ അറിഞ്ഞ അമ്മായിയെ ഒരു മാസം മുന്പ് കണ്ടപ്പോള്‍
തോന്നിയ ആഹ്ലാദം ...
അമ്മായി അവള്‍ക്ക് കൊടുത്ത സമ്മാനം അവള്‍ വളരെ ആഗ്രഹിച്ചിരുന്ന
ഒന്നായിരുന്നു എന്നതിന്‍റെ സന്തോഷം ..
അവള്‍ മേശപ്പുറത്തു സൂക്ഷിച്ചിരിക്കുന്ന സമ്മാനത്തിലൂടെ അമ്മായിയെ കാണുന്നു
എന്ന തോന്നല്‍ ...
കാണണമെന്ന് തോന്നുമ്പോഴൊക്കെ ആ സമ്മാനത്തിലെയ്ക്കുനോക്കുമെന്ന് ...അങ്ങനെ
ഒരുപാട് കാര്യങ്ങള്‍ ....എഴുതി അവസാനിപ്പിക്കും മുന്പ് മഷികൊണ്ട് അവളുടെ
ഹൃദയത്തെ ആ താളില്‍ പകര്‍ത്താനും അതിനുള്ളില്‍ സ്നേഹം നിറയ്ക്കാനും
അവള്‍ മറന്നില്ല
ഞാന്‍ ആ കത്ത് നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് ഇരുന്നു , കുറെ നേരം ...ഉള്ളില്‍
നിറഞ്ഞു കവിഞ്ഞ സന്തോഷം കണ്ണുകളിലൂടെ പെയ്തിറങ്ങി കവിളുകള്‍ക്ക്
കുളിര് പകരുന്നതും അറിഞ്ഞുകൊണ്ട് ...
നേരത്തെ കൊടുത്തിരുന്ന ഒരു അപേക്ഷയിന്മേല്‍ ദൈവം ഒപ്പുവച്ചതാവാം .

ഒരു നിധിപോലെ സൂക്ഷിക്കണം അവള്‍ എനിക്ക് തന്ന ഈ സമ്മാനം .
യാത്ര അവസാനിക്കുന്നിടം വരെ കൊണ്ടുനടക്കണം ..

ഇനി ഞാന്‍ പേനയെടുക്കട്ടെ ...
എന്‍റെ മാനസയ്ക്ക് മറുപടി എഴുതാനായി .....
അവള്‍ അക്ഷമയായി കാത്തിരിക്കുകയാണ് .

**************










2010, മേയ് 29, ശനിയാഴ്‌ച

സര്‍വ്വംസഹ...

#

പെരുമഴയലറി തിമിര്‍ത്തു മദിക്കുന്നു ,
കാലം തെറ്റീയെന്നുദ്ഘോഷിച്ച് ,
ഒളിപ്പിച്ചോരാ ഖഡ്ഗവും പരിചയും കാട്ടി
വാനം വിറയാര്‍ന്നു ഗര്‍ജിക്കുന്നു .

കരങ്ങളൊടിഞൊരാ മരത്തിന്‍ ,
പൊത്തില്‍ നിന്ന് എത്തി നോക്കുന്നുണ്ടതാ,
നനഞ്ഞ ചിറകും താങ്ങി ഏകനായ്,
ഭീതിയാണ്ടിളം പൊന്മാന്‍ .

ഇരുളും വാനത്തിന്റെ മുഴക്കം കേട്ടിട്ടവന്‍ ,
ജപിച്ചു മന്ത്രം പേടിയകന്നു പോകാനായി ,
വേദനയമര്‍ത്തിയാ മാമരം ചൊല്ലീ "കുഞ്ഞേ ,
കര്‍മ്മത്തിന്‍ ഫലമിതെന്നറിക നീയെങ്കിലും ".

കള്ളവും ചതിയുമായ് പാഠങ്ങളുരുവിട്ട് ,
പൊളിവചനങ്ങള്‍ മാത്രമുരച്ചു രസിപ്പവര്‍ ,
കാടിനെ നാടാക്കി മാറ്റാന്‍ തുനിയുന്നോര്‍ ,
പെറ്റതാ പെരുകുന്നു ഭൂമിയൊട്ടറിയാതെ .

ഭൂമിയെ നോവിച്ചതില്‍ ആനന്ദം നുകരുന്നോര്‍ ,
നദിയെ കൊന്നു മണിമന്ദിരം പണിയുന്നോര്‍ ,
ക്ഷണനേരത്തിന്‍ സുഖം ആസ്വദിച്ചമരുന്നു ,
പുതു നാമ്പുകള്‍ക്കൊന്നും ബാക്കി വയ്ക്കാതെതന്നെ .

കൂടെപ്പിറപ്പിന്‍ രക്തം നുണഞ്ഞു രസിപ്പവര്‍ ,
അമ്മ , പെങ്ങള്‍ മുഖം കാണാതെ പോകുന്നവര്‍ ,
മക്കളെ കണ്ടിട്ടമ്മ വാവിട്ടു കരയുന്ന ,
ഒച്ചയാണല്ലോ നാമീ കേള്‍ക്കുന്നതെന്‍ പൈതലേ .

രാജ്യത്തെ രക്ഷിപ്പാനായ് പ്രതിജ്ഞയെടുത്തവര്‍ ,
ആയുധപ്പുരയാക്കി മാറ്റുന്നു ധരണിയെ .
ദൈവത്തിന്‍ കണികയെ കണ്ടെത്താനലയുന്നു ,
ദൈവത്തിന്‍ രൂപം പൂണ്ട് ഭൂമിയില്‍ പിറന്നവര്‍ .

നദിയും പാടങ്ങളും മറയുന്നതും കണ്ട് ,
കിളികള്‍ വിഷക്കനി ആഹരിപ്പതും കണ്ട് ,
അമ്മതന്‍ വിരിമാറില്‍ കത്തിയാഴ്തുന്നതും കണ്ട് ,
ക്രോധത്താല്‍ ജ്വലിക്കുന്നു കര്‍മ്മസാക്ഷിയാം സൂര്യന്‍ .

ജ്വലിക്കും രോഷം പിന്നെ കെടുത്താന്‍ തുനിയുന്നു ,
മഴയായ് വാനിന്‍ മകള്‍ മേഘകന്യക മെല്ലെ ,
മറനീക്കിയാ രോഷം മിന്നലായ് പിളര്‍ന്നിട്ടു ,
ഒച്ചയായ് പതിക്കുന്നു ഭൂമിതന്‍ നെഞ്ചിന്‍ മീതെ .

അചരം ഞാനും പിന്നെ ഗഗനചാരിയാം നീയും ,
തണലായ്‌ കാന്തിയായ് സ്വയം ദക്ഷിണയര്‍പ്പിച്ചിട്ട് ,
ഉറക്കെ പറയാമീ കൂട്ടരോടൊരുവട്ടം ,
"തെറ്റിനെ ശരിയാക്കാന്‍ കഴിയില്ലൊരിക്കലും ."



#

2010, മേയ് 23, ഞായറാഴ്‌ച

നിലാവിന്‍റെ നാട്ടില്‍ ....

നീണ്ട യാത്രയ്ക്കൊടുവില്‍ എത്തിയിരിക്കുന്നു , നാട്ടിന്‍പുറത്തെ പച്ചപ്പിലേയ്ക്ക് ..
നന്നായി ആസ്വദിക്കണം ഒരു അവധിക്കാലം .
ശുദ്ധവായു ശ്വസിച്ച്...മധുരമുള്ള കിണര്‍വെള്ളം കുടിച്ച്.....
നാട്ടിന്‍പുറത്തെ നന്മകള്‍ മതിയാവോളം മോന്തിക്കുടിച്ച് സുഖമായുറങ്ങണം.

നല്ല ക്ഷീണം ..
അത് മാറ്റാനുള്ള മരുന്ന് കൈയെത്തും ദൂരത്ത്‌..തണുത്ത , തെളിഞ്ഞ കിണര്‍വെള്ളം
കോരിയെടുത്ത് ധാരയായി നേരിട്ട് തലയിലേയ്ക്ക് ഒഴിച്ച് , തണുത്തു വിറയ്ക്കും വരെ
കുളിച്ചു . ക്ഷീണം ഓടിയൊളിച്ചു , പകരം ഉന്‍മേഷം പടികടന്നെത്തി .

മുറ്റത്തെ ചെടികളില്‍ പുതിയ പൂക്കള്‍ .
വേനല്‍ച്ചൂട്‌ വല്ലാതെ തളര്‍ത്തുന്നുണ്ടെങ്കിലും പൂവിടാന്‍ മടികാണിക്കാത്ത ചെടികള്‍ .
തലോടലിനായി അവര്‍ മത്സരിക്കുന്നത് കണ്ടപ്പോള്‍ ഒത്തിരി കൈകള്‍ ഉണ്ടായിരുന്നെങ്കില്‍
എന്ന് വെറുതെ മോഹിച്ചുപോയി .

മാനം നീലനിറമുള്ള ചേല മാറ്റി ചുവപ്പണിയാനൊരുങ്ങുന്നു ..കൂടണയുന്ന പക്ഷികളുടെ
കലപില ശബ്ദം . അമ്പലത്തിലേയ്ക്ക് നടന്നു പോകുന്ന അമ്മമാരും കുട്ടികളും .
വല്ലപ്പോഴും എത്തുന്ന അതിഥിയോട് കുശലം പറയാന്‍ അവര്‍ മറന്നില്ല .
ചോദ്യങ്ങള്‍ക്ക് ആവര്‍ത്തനവിരസത ..എന്നാലും വേണ്ടില്ല , ചോദ്യങ്ങള്‍ ചോദിക്കുക ,
ഉത്തരം പറയുക , അതൊരു രസം തന്നെയാണ് .

ഇരുളാന്‍ തുടങ്ങിയപ്പോള്‍ അകത്തേയ്ക്ക് നടന്നു ..
അത്താഴപ്പഷ്ണി കിടക്കാന്‍ പാടില്ല എന്ന ആചാരം തെറ്റിക്കണ്ട.
ഉറങ്ങാന്‍ ഏറെ സമയം ബാക്കി .നീണ്ടുനിവർന്ന് കിടന്നു .
വെളിച്ചത്തിലേയ്ക്കും  ചുവരിലേയ്ക്കും കണ്ണുകള്‍ ഒന്നുടക്കി .
കറുത്ത പൊട്ടുകള്‍ തീര്‍ത്ത് ചെറു പ്രാണികള്‍ ഒറ്റയ്ക്കും കൂട്ടമായും ചുവരിനെ
കാന്‍വാസാക്കിയിരിക്കുന്നു . വെളുത്ത സാരിയില്‍ പുതിയ ഇടം കണ്ടെത്തി അവര്‍
എന്നോടൊപ്പവും ചങ്ങാത്തം കൂടാനെത്തി . വല്ലാത്ത ദുര്‍ഗന്ധം ..അവരെ തുരത്താതെ
രക്ഷയില്ല . ഉറക്കത്തിനിടയില്‍ ചെവികള്‍ , അവര്‍ സുരക്ഷിതമായ വിശ്രമ സ്ഥാനമാക്കി
മാറ്റും .
റബ്ബറിന്റെ പിന്നാലെ വന്ന കിലുക്കത്തോടൊപ്പം അവരും ഗ്രാമത്തിന്റെ ഭാഗമായി
മാറിയിരിക്കുന്നു . അവശേഷിക്കുന്ന കല്പ്പവൃക്ഷങ്ങള്‍ , നാവുണ്ടായിരുന്നെങ്കില്‍
വിളിച്ചു പറയുമായിരുന്നു യഥാകാലം അവരുടെ തലകള്‍ വൃത്തിയാക്കിക്കൊടുത്തിരുന്നെങ്കില്‍
അന്യജീവികള്‍ അവിടെ പൊറുതി തുടങ്ങില്ലായിരുന്നു എന്ന് .

അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം എന്ന പ്രമാണത്തില്‍ ചെറിയൊരു
തിരുത്തല്‍ വരുത്തി , കസേര വലിച്ചിട്ട്‌ മുറ്റത്തിരുന്നു .കൊടും ചൂടിന് ആശ്വാസം
പകര്‍ന്നുകൊണ്ട് ഇളം കാറ്റ് വീശുന്നു .. കാറ്റിന് മുറ്റത്തെ പൂക്കളുടെ സുഗന്ധം .
നിശബ്ദതയിലൂടെ ഒഴുകിയെത്തുന്ന പുഴയുടെ നിലയ്ക്കാത്ത  സംഗീതം ..
നിലാവില്‍ കുളിച്ച് ഒഴുകിയണയുന്ന അവളുടെ ഭംഗി ആസ്വദിക്കാന്‍
തലയുയര്‍ത്തി നില്‍ക്കുന്ന ചെറിയ പാറകളെ തഴുകിയുറക്കാനായി അവള്‍
മൂളുന്ന സംഗീതം ...അനിര്‍വചനീയമായ ലഹരിയില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായി
തീരുന്ന അവസ്ഥ .
ആ ലഹരി കണ്ണില്‍ നിന്ന് ഊറിയിറങ്ങി നദിയോടൊപ്പം ചേരാന്‍ വെമ്പല്‍ കൊള്ളുന്ന
മറ്റൊരു നദി പോലെ ....................

ഇനി ഉറങ്ങണം ..
കിടക്കാനൊരുങ്ങുമ്പോള്‍ സാരിയില്‍ അവിടവിടെ വീണ്ടും പുതിയ കറുത്ത പൊട്ടുകള്‍ .
നിലാവില്‍ എന്നെക്കാണാനെത്തിയവര്‍..അവര്‍ക്ക് ജനാലയിലൂടെ പുറത്തേയ്ക്കുള്ള
വഴി കാണിച്ചു കൊടുത്തു .
മനസ്സ് പറഞ്ഞു ...
അവരും എന്നെപ്പോലെ ..
ഈ ഭൂമിയുടെ അവകാശികള്‍ .

**********

2010, ഏപ്രിൽ 4, ഞായറാഴ്‌ച

ദേവദത്തന്‍ .

 #

കാതില്‍ വന്നലയ്ക്കുന്നു ആര്‍ത്തനാദത്തിന്‍ ധ്വനി
നദി തന്‍ കയത്തില്‍ വീണലിഞ്ഞ വിലാപങ്ങള്‍
ഓര്‍മതന്‍ തിരകളില്‍ മുങ്ങിയും താണും ഞാനീ
തീരത്തു നില്പൂ ബോധം തിരികെ കൊടുക്കാനായ് .


അന്നു നീ അനാഥനെന്നോമനപ്പേരും പേറി
ഇടനാഴിയിലൊരു ചിരിയായണഞ്ഞപ്പോള്‍
ചുണ്ടില്‍ നിന്നടര്‍ന്നൊരാ മുത്തുകള്‍ പെറുക്കി ഞാന്‍
കോര്‍ത്തെടുക്കവേ "അമ്മ " നീ മൊഴിഞ്ഞുവോ ?

കുഞ്ഞു കാലുകള്‍ പിന്നെ പടവില്‍ തടയാതെ
നെഞ്ചേറ്റി നടന്നു നിന്‍ അച്ഛനും പിമ്പേ ഞാനും
പേറ്റുനോവറിയാതെ അമ്മയായ് തീര്‍ന്നു പിന്നെ
അമ്മിഞ്ഞ ചുരത്തി ഞാന്‍ സ്നേഹമായ് നിന്നെ പോറ്റി .

ഉറങ്ങാന്‍ നിനക്കെന്‍റെ നെഞ്ചിന്‍റെ താളം വേണം
ഭയത്തെ അകറ്റുവാന്‍ അച്ഛന്‍റെ വിരല്‍ തുമ്പും
പുസ്തകമടുക്കിയ സഞ്ചിയും കൊണ്ടന്നു നീ
വണ്ടിയില്‍ പുറം തിരിഞ്ഞെന്നെ നോക്കിയോ കണ്ണേ ?

വഴിക്കണ്ന്നുമായമ്മ കാത്തിരുന്നതല്ലയോ
തിരിച്ചു വിളിച്ചുവോ ക്രൂരനാം വിധി നിന്നെ ?
മുറുകെ പുണര്‍ന്നു നിന്‍ തളിര്‍ മേനിയില്‍ നിന്ന്
ജീവന്‍റെ തുടിപ്പിനെ സ്വന്തമാക്കിയോ നദി ?

കൂട്ടരുമൊന്നിച്ചു നീ വെള്ളത്തിലാഴുംനേരം
ഈശ്വരന്‍ വന്നീലല്ലോ പിടിവള്ളിയുമായി
കുതറി തെറിച്ചു നീ വിരല്‍ നീട്ടിയിട്ടെന്തേ
തുണയായണഞ്ഞില്ലെന്‍ പ്രാര്‍ത്ഥന പോലും കണ്ണേ .

ഓര്‍ത്തു നോക്കീട്ടൊരു പാപവും ചെയ്തില്ലല്ലോ
ഉണ്ണിയെ അകറ്റിയെന്‍ നാളയെ ഇരുട്ടാക്കാന്‍
ഓര്‍മതന്‍ കളി വഞ്ചി തുഴയാനാവില്ലിനി
കവര്‍ന്നൂ പങ്കായവും ചോരനാം ജഗദീശന്‍ .

വെയിലത്തുണക്കിയാ പുസ്തകക്കൂട്ടം വീണ്ടും
അടരും അശ്രുക്കളെ പടര്‍ത്താന്‍ മടിക്കുന്നു
ചിത്രത്തില്‍ തെളിയുന്നുന്ടെന്‍ മുഖം ഒരു താളില്‍
താഴെ " എന്‍റെ അമ്മ " എന്നൊരു കുറിപ്പോടെ .


#

2010, മാർച്ച് 24, ബുധനാഴ്‌ച

സ്നേഹാമൃതം .
-----------------
ഓര്‍മ്മയുണ്ടോ കളിക്കൂട്ടുകാരാ എന്നെ
ചന്തമെഴുന്ന മയില്‍പ്പീലിയും
മുറിവാക്കുപോലും മറവിക്കു വിട്ടില്ല ,
കാര്‍മേഘമൊത്തൊരാ നിന്‍ മുഖവും .

അക്ഷരത്തെറ്റു തിരുത്തി ഞാനന്നു നിന്‍
ചെവിയില്‍ പിടിച്ചതും ഗുരുവായ് ചമഞ്ഞതും
തോട് പൊട്ടിച്ചൊരു പുളിയുടെ ചെറുമുട്ട
സ്വാദ് നുണഞ്ഞതും നീ മറന്നോ ..

തോല്‍ക്കാനൊരുക്കമില്ലെന്നു പറഞ്ഞു ഞാന്‍
മത്സരിച്ചന്നു കാല്‍ മുട്ട് മുറിഞ്ഞതും
പച്ചിലച്ചാറ് പിഴിഞ്ഞ് നീ അന്നെന്റെ
രക്ഷകനായതും നീ മറന്നോ ..

കാട്ടുതെച്ചിപ്പഴം നൂറു തികച്ചു നീ
ചേമ്പിലക്കുമ്പിളില്‍  തന്നു മറഞ്ഞതും
പനിനീരടര്‍ത്തി ഞാന്‍ പകരമായ് തന്നതും
മുള്ളു തറച്ചതും നീ മറന്നോ..

ഊഞ്ഞാലിലായത്തിലാടി നീ മാനത്തെ
തൊട്ടുവിളിക്കാന്‍ തുനിഞ്ഞത് കണ്ട് ഞാന്‍
പേടിച്ചരണ്ട് കണ്‍പൊത്തി പിറകോട്ട്
ഓടിയൊളിച്ചതും നീ മറന്നോ..

പടവില്‍ ഞാനൊറ്റക്ക് മിഴി നട്ട് നില്‍ക്കുമ്പോള്‍
മുങ്ങാംകുഴിയിട്ട് സംഭ്രമിപ്പിച്ചതും
കൈക്കുമ്പിളില്‍ ചെറുമീനുമായ് വന്നെന്‍റെ
കവിളില്‍ പിടിച്ചതും നീ മറന്നോ..

പിരിയുവാന്‍ നേരത്ത് ഓടിക്കിതച്ചു നീ
മയില്‍പ്പീലിയും മഷിത്തണ്ടുമായ് വന്നതും
തേങ്ങിയ നമ്മളെ ചേര്‍ത്തുപിടിച്ചമ്മ
ആശ്വസിപ്പിച്ചതും നീ മറന്നോ..

കുന്നിക്കുരുവിന്റെ വെള്ളിച്ചിമിഴുമായ്
വിങ്ങിക്കരഞ്ഞു നിശബ്ദയായ് നിന്നൊരെന്‍
കുഞ്ഞിളം നെറ്റിയില്‍ കുളിരുമ്മ തന്നതും
കണ്ണീര്‍ തുടച്ചതും നീ മറന്നോ ..

ദൈവം വിരല്‍ തൊട്ട് വെള്ളിയായ് തീര്‍ത്തൊരീ
ഈറന്‍ മുടിയില്‍ വിരലനക്കീടവേ
പിന്‍വിളി കാതോര്‍ത്തു മൗനമായ് ചോദിപ്പൂ ,
ഓര്‍മ്മയുണ്ടോ കളിക്കൂട്ടുകാരാ ......




2010, മാർച്ച് 10, ബുധനാഴ്‌ച

' അനഘയുടെ അമ്മ '

അനഘ കണ്ണാടിയില്‍ നോക്കി , നെറ്റിയിലെ ചന്ദനകുറിക്ക് കൂടുതല്‍ തെളിച്ചം .
മുഖത്തെ കാളിമ കൂടുന്നതുകൊണ്ടാവം അങ്ങനെ . മൃദുത്വം നഷ്ടപ്പെട്ട ചുണ്ടുകള്‍ ,
തെളിച്ചം നഷ്ടപ്പെട്ട നീണ്ട വലിയ കണ്ണുകള്‍ ... വിലകൂടിയ മരുന്നുകളും ആധുനിക
ചികിത്സകളും നല്‍കിയ സമ്മാനങ്ങള്‍ .. വേദനയുണ്ടാക്കുന്നതൊന്നും കാണണ്ട എന്ന്
വീണ്ടും ശപഥം എടുത്ത് അവള്‍ കിടക്കയ്ക്കരികിലെയ്ക്കു നീങ്ങി .

ഇന്ന് അനഘയുടെ ഇരുപതാം പിറന്നാള്‍ , ആഘോഷങ്ങളില്ലാതെ ....
ആരവങ്ങളില്ലാതെ ഒരിക്കല്‍ കൂടി .. വികാരങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും
ഒരു പക്ഷെ തന്‍റെ ഹൃദയത്തിന്‍റെ മിടിപ്പുകളെ പിടിച്ചുനിര്‍ത്തിയേക്കാം . അമ്മ , രാവിലെ
നെറ്റിയിലും കവിളിലും തന്ന സമ്മാനങ്ങള്‍ കുളിര്‍മ്മയോടെ അവിടെത്തന്നെയുണ്ട്‌..
അമ്മയെ ഒരു ദിവസം പോലും അവധിയെടുക്കാന്‍ താന്‍ സമ്മതിക്കാറില്ല . അമ്മയുടെ
ഒരു നോട്ടത്തില്‍ ...ഒരു വാക്കില്‍ ആശ്വാസം കണ്ടെത്തുന്ന എത്രയോ രോഗികള്‍ ..അവരെ
നിരാശപ്പെടുത്തരുതെന്നു

തന്നെയാണ് തന്‍റെയും ആഗ്രഹം . നേരത്തെ എത്താമെന്ന് വാക്ക്
തന്ന് അമ്മ പോകുന്നതും അമ്മയുടെ വരവും കാത്തിരിക്കുന്നതും എന്നേ തനിക്ക്
ശീലമായിരിക്കുന്നു .

ഇന്നലെയും മഴ പെയ്തിരുന്നു . ഇന്നും മാനം കറുത്തിരുന്ടിരിക്കുന്നു .
ഭൂമിയില്‍ പതിക്കാനുള്ള വെമ്പലോടെ ഉരുണ്ടു കൂടിയ മേഘങ്ങള്‍ , പ്രത്യാശയോടെ
സൂര്യനെ മറച്ചുകൊണ്ട്‌ നില്‍ക്കുന്നു . ജനാലകള്‍ തുറന്നിട്ട്‌ , കട്ടിലില്‍ തലയണകള്‍
ചാരിവച്ച് അനഘ മാനം നോക്കി കിടന്നു . മഴ പെയ്തൊഴിയുമ്പോള്‍ രാത്രിയില്‍
നക്ഷത്രങ്ങള്‍ ഒന്നൊന്നായി വന്നണയും . അതില്‍ ഏറ്റവും തിളക്കമുള്ള ഒരു നക്ഷത്രത്തെ
കൈക്കുംബിളിലാക്കി അമ്മയുടെ നെറ്റിയില്‍ പതിപ്പിക്കണം . ചമയങ്ങള്‍ ഒന്നുമില്ലെങ്കിലും
തന്‍റെ അമ്മ എത്ര സുന്ദരിയാണെന്ന് അവളോര്‍ത്തു . അമ്മയുടെ കണ്ണുകളില്‍ നിന്നും
അടര്‍ന്നു വീഴാന്‍ മടിച്ചു നില്‍ക്കുന്ന കണ്ണീര്‍ക്കണങ്ങള്‍ സൂര്യനെ സ്വന്തമാക്കിയ പോലെ .

അനഘ ജനവാതിലിലൂടെ പുറത്തേയ്ക്ക് നോക്കി . കൈയെത്തുന്ന
ദൂരത്തായി പൂത്തുലഞ്ഞു നില്‍ക്കുന്ന മുല്ല . അവളെത്ര സുന്ദരി ..സുഗന്ധം പരത്തുന്ന
മുല്ലപ്പൂക്കള്‍ അണിഞ്ഞ് അഭിമാനത്തോടെ ഒരുങ്ങി നില്‍ക്കുന്നു . അവളോര്‍ത്തു, താനും
ഇതുപോലെ ഒരിക്കല്‍ തന്‍റെ അമ്മയ്ക്കും അഭിമാനമായിരുന്നല്ലോ . ആശുപത്രിയുടെ
തിരക്കുകളില്‍ നിന്ന് ഓടിയെത്തുന്ന അമ്മയ്ക്ക് താനും സമ്മാനങ്ങള്‍ കരുതി
വയ്ക്കുമായിരുന്നല്ലോ . ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയും മത്സരങ്ങളില്‍
വിജയിച്ചുമൊക്കെ . മാലാഖയായി വേഷമിട്ടാല്‍ കണ്ണുതട്ടുമെന്നു ഭയന്ന് അമ്മ
തടസം പറഞ്ഞതും ടീച്ചറോട് പറഞ്ഞ് തന്നെ ഒഴിവാക്കിയതുമൊക്കെ ഇന്നലെ
കഴിഞ്ഞതുപോലെ . അന്ന് തനിക്ക് അമ്മയോട് വല്ലാത്തത് ദേഷ്യം തോന്നിയിരുന്നു ..

മഴയുള്ള ഒരു രാത്രിയിലാണ് അച്ഛന്‍ അമ്മയോടു വഴക്കിട്ടു പോയതെന്നറിയാം.
എന്താണ് കാരണമെന്ന് താന് ഒരിക്കലും അമ്മയോട്
ചോദിച്ചിട്ടില്ല . അന്ന് അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിലും ചുവന്നു
തുടുത്ത കവിളിലും തുരുതുരെ ഉമ്മ കൊടുത്ത് ആശ്വസിപ്പിച്ച ഒരു പത്തു
വയസ്സുകാരിയായിരുന്നു അവള്‍ . അമ്മ എന്നും മൃദുവായി സംസാരിച്ചേ താന്‍
കേട്ടിട്ടുള്ളൂ . അന്നും അങ്ങനെ തന്നെയായിരുന്നു . തന്നില്‍ നിന്നും ഒരിക്കലും
പിരിയാന്‍ കൂട്ടാക്കാത്ത രോഗം തന്നെയായിരിക്കുമോ അച്ഛന്‍ അമ്മയില്‍ നിന്നും
അകലാന്‍ കാരണം ? പലപ്പോഴും അമ്മ പറയുന്നത് കേട്ടിട്ടുണ്ട് 'മോളുടെ കാര്യം
കഴിഞ്ഞേ മറ്റെന്തുമുള്ളൂ ' എന്ന് . കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കാതിരുന്നതും
അതുകൊണ്ടുതന്നെ . ആരോഗ്യമുള്ള ഒരു മകളെ അമ്മയ്ക്ക് കൊടുക്കാതിരുന്ന
ദൈവത്തോട് എന്നും പരാതിയാണല്ലോ തനിക്ക് .

മേഘങ്ങള്‍ മഴയായ് പതിക്കുന്നത് കാണാന്‍ ആകാശത്തേയ്ക്ക്
കൌതുകത്തോടെ നോക്കിക്കിടന്നു അനഘ . ഇളം കാറ്റ് കുളിര് കോരിയിട്ടുകൊണ്ട്
മെല്ലെ വീശുന്നുണ്ട് . ജലദോഷം വരുത്തരുതെന്ന് തങ്ക ചേച്ചിയുടെ ഓര്‍മ്മപ്പെടുത്തല്‍ .
അമ്മ വരുന്നതു വരെ നിധി പോലെ തന്നെ കാക്കുന്ന , അമ്മയുടെ പകരക്കാരി . അമ്മയുടെ
വയറിനകത്ത്‌ താന്‍ സുഖമായി ഉറങ്ങിയപ്പോഴും തനിക്ക് കാവലായി ഉണ്ടായിരുന്നു അവര്‍ .
ശരിയാണ് ..ഒരു തുള്ളി മഴ വീണാല്‍പ്പോലും അപകടത്തിലാകുന്ന തന്‍റെ ആരോഗ്യം ..
അവള്‍ ജനവാതില്‍ മെല്ലെ അടച്ചു . പുറത്ത് മഴയുടെ മൃദുവായ ശബ്ദം . പണ്ട്
തിമിര്‍ത്തു പെയ്യുന്ന മഴയത്ത് , പെറ്റിക്കോട്ടുമിട്ടു, ബഹളമുണ്ടാക്കി കുളിച്ചിരുന്നത് അനഘ
ഓര്‍ത്തു . സോപ്പുമായെത്തുന്ന അമ്മയെ , ബലമായി പിടിച്ചു മഴ നനയിക്കുന്നതും
അമ്മയെ കെട്ടിപ്പിടിച്ചുനിന്നു മഴ നനഞ്ഞ് അവസാനം വിറയ്ക്കുന്നതും അച്ഛനെ നോക്കി
മടിയനെന്നു വിളിച്ച് കളിയാക്കിയതും ഇന്നലത്തെപ്പോലെ ....ഓര്‍മ്മകള്‍ ഒഴുകുകയാണ് ...

മഴ തോര്‍ന്നു . അനഘ വീണ്ടും ജനവാതില്‍ തുറന്നിട്ടു . ഉതിര്‍ന്നു
വീണ മുല്ലപ്പൂക്കള്‍ പരവതാനി വിരിച്ചിരിക്കുന്നു . കാറ്റിന് മുല്ലപ്പൂവിന്‍റെ സുഗന്ധം .
സന്ധ്യയാകാറായി . നിലവിളക്ക് തെളിക്കണം . ഇന്നും പരാതികള്‍ ഒന്നൊന്നായി പറയണം .
അമ്മയ്ക്ക് കൂട്ടായി ആരോഗ്യമുള്ള ഒരു മകളെ കൊടുക്കാമായിരുന്നില്ലേ എന്ന് ഇന്നും
ദൈവത്തോട് ചോദിക്കണം .

ടോമി കുരയ്ക്കുന്ന ഒച്ച കേട്ടു . അമ്മ എത്തിയിരിക്കുന്നു . വളരെ
ദൂരെനിന്നു തന്നെ അമ്മയുടെ വരവ് അവന്‍ അറിയും . താന്‍ എത്തുന്നതിനു മുന്പേ
അവന് അമ്മയുടെ അടുത്തെത്തണമെന്ന് വാശിയാണ് . സ്നേഹപ്രകടനങ്ങള്‍ നടത്തി ,
അമ്മയുടെ തലോടല്‍ കിട്ടിയല്ലാതെ അവന്‍ പിന്തിരിയുന്ന പ്രശ്നമില്ല . അനഘയ്ക്ക്
വല്ലാത്ത അരിശം തോന്നാറുണ്ട് അവനോട്.

ഇനി അമ്മയുടെ ലോകത്ത് അനഘ മാത്രം . കുളി കഴിഞ്ഞ്
വിടര്‍ത്തിയിട്ടിരിക്കുന്ന നീണ്ടു ചുരുണ്ട മുടി ...അമ്മ എന്തു സുന്ദരിയാണ് .തന്‍റെ
മുന്നില്‍ മാത്രമേ അമ്മ മുടി വിടര്‍ത്തിയിടാറുള്ളൂ . അലമാരയില്‍ അടുക്കി മാറ്റി
വച്ചിരിക്കുന്ന നിറമുള്ള സാരികള്‍ അമ്മയ്ക്ക് എന്തു ഭംഗി നല്‍കും .. അമ്മ അതൊന്നും
തൊടാറെയില്ല . നിറം മങ്ങിയ സാരികളിലും അമ്മ സുന്ദരി തന്നെ . അലമാര തുറന്ന്,
പതിവുപോലെ വന്നുചേര്‍ന്ന പിറന്നാള്‍ സമ്മാനം അമ്മ അനഘയുടെ കൈകളിലേയ്ക്ക്
വച്ചു . അവള്‍ അത് ഇതുവരെയും തുറന്നുനോക്കിയിട്ടില്ലാത്ത സമ്മാനങ്ങള്‍ക്കൊപ്പം
ചേര്‍ത്തുവച്ചു . അച്ഛന്‍ മുടങ്ങാതെ കൊടുത്തയക്കുന്ന സമ്മാനപ്പൊതി ....അതിനുള്ളില്‍
എന്താണെന്നറിയാന്‍ ഒരിക്കല്‍പോലും ആഗ്രഹം തോന്നിയിട്ടില്ല .

അമ്മ അടുത്തുവന്നിരുന്നു . പായസം കുടിക്കുന്നതിനിടയിലും
ആശുപത്രി വിശേഷങ്ങള്‍ അറിയാനായിരുന്നു അനഘയ്ക്ക് താല്പര്യം . ഒരിക്കലും
ഒരു രോഗിയും മരിക്കുന്നതായി അമ്മ പറയാറില്ല . എല്ലാവരും രോഗത്തില്‍ നിന്നും
മുക്തി നേടുന്നവര്‍ . പിന്നെ കിടക്കയില്‍ നിവര്‍ത്തിയിട്ടിരിക്കുന്ന പുസ്തകങ്ങള്‍
അടുക്കി വയ്ക്കുന്ന കൂട്ടത്തില്‍ അമ്മയുടെ വിരലുകള്‍ പാട്ട് പെട്ടിയുടെ സ്വിച്ചിലേയ്ക്ക് നീണ്ടു .
കട്ടിലിനടുത്തായി നീക്കിയിട്ട ചാരുകസേരയില്‍ കണ്ണുകളടച്ചു കിടന്നു പാട്ട് കേള്‍ക്കുന്ന
അമ്മ ഒരു അപ്സരസാണെന്ന് തോന്നി . താന്‍ ഉറങ്ങാന്‍ കിടക്കുമ്പോഴേയ്ക്കും
അമ്മയ്ക്ക് ഫോണ്‍ കോളുകളുടെ ബഹളമാണ് . രോഗികളുടെയും അവരുടെ
ബന്ധുക്കളുടെയും പിന്നെ സംശയം ചോദിച്ചുകൊണ്ട് സഹപ്രവര്‍ത്തകരുടെയും .

ഈയിടെ കുറച്ചു നാളായി വൈകിയെത്തുന്ന ഒരു ഫോണ്‍
കോള്‍ അമ്മയെ എന്തെന്നില്ലാത്ത സന്തോഷത്തിലെത്തിക്കുന്നത് അനഘ ശ്രദ്ധിച്ചിരുന്നു .
അമ്മയുടെ വേദനകളും അനുഭവങ്ങളുമൊക്കെ മറയില്ലാതെ പറഞ്ഞ് ആശ്വസിക്കാന്‍
ആരെയോ അമ്മയ്ക്ക് കൂട്ടിനായി കിട്ടിയിരിക്കുന്നു . വെറും മൂളലുകളില്‍ മാത്രം
ഒതുങ്ങിയിരുന്ന സംസാരം സമയത്തെ അവഗണിച്ചുകൊണ്ട് നീണ്ടുപോകുകയായിരുന്നു .
ആദ്യമൊക്കെ ഉറക്കം നടിച്ചും പിന്നീട് ഉറങ്ങാനായി പ്രാര്‍ഥിച്ചുകൊണ്ടും അനഘ
കിടന്നു . അമ്മയുടെ മുഖത്ത് വിടരുന്ന സന്തോഷം ..പ്രകാശം ഒക്കെ കണ്ണടച്ച് കിടന്ന്
അവള്‍ കണ്ടുകൊണ്ടിരുന്നു . തന്‍റെ ജീവിതത്തിലൊരിക്കലും അമ്മയെ ഇത്രയും
സന്തോഷവതിയായി കണ്ടിട്ടില്ലല്ലോ . അമ്മ കുറേക്കൂടി ചെരുപ്പമായിരിക്കുന്നു .
പാടാന്‍ മറന്ന അമ്മ , പാട്ടുകള്‍ മൂളാന്‍ തുടങ്ങിയിരിക്കുന്നു . ഇടതൂര്‍ന്ന മുടിക്കിടയില്‍
നിന്നും വെള്ളിരേഖ കണ്ടുപിടിക്കാന്‍ പാടുപെടുന്നു ..ആരും കാണാതെ നെറ്റിയില്‍
പൊട്ടു കുത്തി നോക്കുന്നു ..വീണ്ടും മായ്ക്കുന്നു ...അങ്ങനെ തന്‍റെ അമ്മ ജീവിതത്തെ
സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു . ആരായിരിക്കും അതിനു കാരണക്കാരനായ ആള്‍ ?
അമ്മയുടെ മനസ്സിന് കുളിര്‍മ പകരുന്ന ആ വാക്കുകള്‍ എന്തൊക്കെയാവും ? എന്തായാലും
അതൊരു മാന്ത്രികന്‍ തന്നെയാവും .. സ്നേഹത്തിന്‍റെയും സാന്ത്വനത്തിന്റെയും ചരടുകള്‍
കൊണ്ട് അമ്മയെ കെട്ടിയിട്ട മാന്ത്രികന്‍ ...അടുത്ത പിറന്നാളിന് അമ്മയോട് ഒരു
സമ്മാനം ആവശ്യപ്പെടണം .. തന്‍റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് പറയണം .
കണ്ണടച്ച് കിടന്ന് അനഘ ഈശ്വരനോട് ഉള്ളുരുകി പ്രാര്‍ഥിച്ചു . തന്‍റെ അമ്മയുടെ ഈ
സന്തോഷം ഒരിക്കലും തിരിച്ചെടുക്കരുതെ എന്ന് . തന്നെ തിരികെ വിളിച്ച് ഒപ്പം
നടത്തുമ്പോള്‍ അമ്മയ്ക്ക് കൂട്ടിനായി ഇവിടെ ഒരാള്‍ ഉണ്ടാകണേ എന്ന് .......

2010, ജനുവരി 24, ഞായറാഴ്‌ച

നടക്കണം , കാലത്തിനൊപ്പം .

തിരുവനന്തപുരത്തുനിന്നും എറണാകുളത്തേയ്ക്കുള്ള ഒരു യാത്ര . പുറപ്പെടാനായി ഒരുങ്ങി നില്‍ക്കുന്ന
തീവണ്ടിയില്‍, വലിയ തിരക്കുകളൊന്നും അനുഭവിക്കാതെ ഞാനും മോനും കയറി ,
സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍ കണ്ടെത്തി . പുറം കാഴ്ചകള്‍ കാണാന്‍ പാകത്തിനുള്ള സ്ഥലം
കണ്ടെത്തിയ സന്തോഷത്തിലായിരുന്നു അവന്‍ . ഈ ലോകത്തൊന്നുമല്ലെന്ന മട്ടില്‍ , രണ്ടുപേര്‍
ഞങ്ങള്‍ക്കെതിരെയുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചിരുന്നു . ഞങ്ങളുടെ കംബാര്‍ട്ട് മെന്റിലേയ്ക്ക് മധ്യവയസ്കയായ
ഒരു സ്ത്രീയും ഭര്‍ത്താവും കടന്നുവന്നു . ഒറ്റ നോട്ടത്തില്‍ തന്നെ എനിക്ക് ആ സ്ത്രീയെ നന്നേ
ഇഷ്ടമായി . സന്തോഷവതിയായ , കുലീനയായ ഒരു സ്ത്രീ . അവര്‍ എന്‍റെ അടുത്തായി സ്ഥാനം പിടിച്ചു .
അവരുടെ ഭര്‍ത്താവ് നേരെ എതിരെയുള്ള സീറ്റിലും . തീവണ്ടി അനങ്ങാന്‍ തുടങ്ങി . മോന്‍ നല്ല
ഉഷാറിലാണ് . പതിയെ പതിയെ തുടങ്ങി മുറുകി വരുന്ന തീവണ്ടിയുടെ താളം അവന്‍ നന്നായി
ആസ്വദിക്കുന്നുണ്ടായിരുന്നു . ആ താളം അവന്‍റെ കുഞ്ഞു വിരലുകളിലൂടെ എന്നെയും
അനുഭവിപ്പിച്ചുകൊണ്ടിരുന്നു . ഇടയ്ക്കിടയ്ക്ക് പോക്കറ്റില്‍ കയ്യമര്‍ത്തി , അവന്‍ സൂക്ഷിച്ചിരിക്കുന്ന
പൊതി അവിടെത്തന്നെയുന്ടെന്നു ഉറപ്പു വരുത്തുന്നുമുണ്ട് . യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവന്
അപ്പൂപ്പന്‍ കൊടുത്ത പോക്കറ്റ്മണി . അത് അവനുമാത്രം സ്വന്തമെന്ന് ഒരു ദിവസത്തേയ്ക്കെങ്കിലും
അവകാശപ്പെടാറുമുണ്ട് .

കുറേനേരം ആരും ഒന്നും മിണ്ടിയില്ല . ചിരിയില്‍ മാത്രം വിശേഷങ്ങള്‍
ഒതുക്കിയാല്‍ പോരെന്ന തോന്നല്‍ ഉണ്ടായതുകൊണ്ടാവണം അവര്‍ പരിചയപ്പെടലിനു തുടക്കമിട്ടത് .
ഞാനും മോനും എന്‍റെ വീട്ടില്‍ പോയതാണെന്നും എറണാകുളത്താണ് താമസമെന്നും അവിടെയെത്തുമ്പോള്‍
മോന്‍റെ അച്ഛന്‍ കൂട്ടിക്കൊണ്ടു പോകാന്‍ വരുമെന്നും ചോദ്യങ്ങള്‍ക്കുത്തരമായി ഞാന്‍ പറഞ്ഞു .
പിന്നെ അവരുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കലായി . യാത്ര തൃശുരേയ്ക്കാണ് . അമേരിക്കയില്‍ പോയി
മകനെയും മരുമകളെയും ആദ്യമായി കിട്ടിയ പേരക്കുട്ടിയെയും കണ്ട് മടങ്ങിയെത്തിയ ശേഷമുള്ള
ആദ്യത്തെ യാത്ര . മരുമകള്‍ കൊടുത്തയച്ച സമ്മാനങ്ങള്‍ ബന്ധുവിന് കൊണ്ടു കൊടുക്കുക എന്നതാണ്
ഉദ്ദേശം . ഞാന്‍ നല്ലൊരു കേള്‍വിക്കാരിയാണെന്ന് തോന്നിയതുകൊണ്ടാവാം അവര്‍ ഉത്സാഹത്തോടെ
വിശേഷങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി .
സമ്മാനങ്ങളില്‍ കളിപ്പാട്ടം മുതല്‍ കത്തി വരെയുണ്ടെന്നു പറഞ്ഞ് അവര്‍
പൊട്ടിച്ചിരിച്ചു . ആദ്യമായി വിമാനത്തില്‍ കയറിയതും പേടി തോന്നിയതുമൊക്കെ അവര്‍ ഒരു കൊച്ചു
കുട്ടിയെപ്പോലെ വിവരിച്ചു . അവരെ കൂട്ടിക്കൊണ്ടുപോകാന്‍ മകന്‍ കുടുംബ സമേതം എത്തിയത്രേ .
ദുശ്ശീലങ്ങള്‍ ഒന്നുമില്ലാത്ത പേരക്കുട്ടി ... അവന്‍ വാശി പിടിച്ചു കരയാറെയില്ല ...അവന്‍ വളരുന്ന
വൃത്തിയും വെടിപ്പും മാത്രമുള്ള സാഹചര്യം ..അങ്ങനെ പോയി , ഞാന്‍ ഓര്‍ത്തു അഴുക്കിലും
ചെളിയിലുമൊക്കെ കിടന്നു വളര്‍ന്നാലേ ആരോഗ്യമുള്ള കുട്ടിയായി വരുകയുള്ളു എന്ന് അമ്മ
എപ്പോഴും പറഞ്ഞുതരുമായിരുന്ന ശാസ്ത്രം .ഞാന്‍ തിരുത്തി ഇത് അമേരിക്കയിലെ കുട്ടിയുടെ
കാര്യമാണല്ലോ പറയുന്നത് ! അവര്‍ തുടര്‍ന്നു , മകനും മകള്‍ക്കും പ്രത്യേകം പ്രത്യേകം കാറുകളുണ്ട്,
അമേരിക്കയില്‍ കാറുകള്‍ വൃത്തിയാക്കുന്ന ആധുനിക സജ്ജീകരണങ്ങള്‍ കണ്ടാല്‍ കേരളത്തിലുള്ളവര്‍
നാണിച്ചുപോകുമെന്ന് പറഞ്ഞു കേട്ടപ്പോള്‍ ഞാന്‍ , ഊറിവന്ന ചിരി ഉള്ളില്‍ത്തന്നെ അടക്കി നിര്‍ത്തി .
മകന്‍ ഒത്തിരി പൈസ ചിലവാക്കി വിസയെടുത്ത് കാനഡായില്‍ കൊണ്ടു പോയി നയാഗ്ര
വെള്ളച്ചാട്ടം കാണിച്ചതൊക്കെ പറയുമ്പോള്‍ ആ മുഖത്ത് അഭിമാനം തുടിച്ചുനിന്നിരുന്നു . അവരുടെ
കണ്ണുകളിലെ തിളക്കം ശ്രദ്ധിച്ച് ഞാനിരുന്നു . നല്ലതു മാത്രം കണ്ട അവരുടെ അമേരിക്ക എന്ന ,
ഭൂമിയിലെ സ്വര്‍ഗത്തിലൂടെ എന്നെയും കൂട്ടി അവര്‍ നടന്നു . അപ്പോള്‍ തീവണ്ടിക്ക്‌
ഒരു ഉത്സവത്തിന്റെ താളമാണെന്ന് എനിക്ക് തോന്നി .

മോന്‍ ഇടയ്ക്കിടയ്ക്ക് എന്‍റെ മടിയിലേയ്ക്കു കിടന്നും വീണ്ടും
പുറം കാഴ്ചകള്‍ കണ്ടും അങ്ങനെ ഇരുന്നു . അവരുടെ ഭാവത്തില്‍ എന്തോ മാറ്റം വന്നപോലെ
തോന്നി . അഞ്ചാം ക്ലാസ്സുകാരനായ എന്‍റെ മകനെ അവര്‍ കണ്ണെടുക്കാതെ നോക്കിയിരുന്നു . മാറി
വന്ന അവരുടെ ഭാവത്തില്‍ നിന്ന് അവര്‍ അമേരിക്കയില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയതായി
ഞാന്‍ വായിച്ചെടുത്തു . പിന്നീടുള്ള ഓരോ വാക്കിലും വേദനയുടെയും നിരാശയുടെയും നിഴല്‍
പരക്കുന്നതുപോലെ . സര്‍ക്കാരുദ്യോഗസ്ഥനായ ഭര്‍ത്താവ് ..ഒറ്റ മകന്‍ ..കാര്യമായ കുടുംബ സ്വത്തൊന്നും
പാരമ്പര്യമായി കിട്ടാതിരുന്ന ചെറിയ കുടുംബം . ഒരാളിന്‍റെ ശമ്പളം കൊണ്ടു വീട്ടുകാര്യങ്ങളും
മോന്‍റെ പഠിത്തവുമെല്ലാം ഭംഗിയായി നടത്താന്‍ ഒത്തിരി കഷ്ടപ്പെട്ടിരുന്ന കാലം .മിടുക്കനായ മകനെ
ഏറ്റവും മികച്ച സൗകര്യങ്ങലോടെ പഠിപ്പിക്കാനായി സ്വന്തം ഇഷ്ടങ്ങളെല്ലാം വേണ്ടെന്നു വച്ചതും ,
പിന്നീടൊരിക്കലേയ്ക്ക് മാറ്റി വച്ചതും എല്ലാം . ബന്ധു വീടുകളിലെ കല്യാണങ്ങള്‍ക്ക് ക്ഷണിച്ചാല്‍
'നാലാളുടെ മുന്നില്‍ നില്‍ക്കാന്‍ കൊള്ളാവുന്ന വേഷം ' പോലും വാങ്ങാതെ മടിച്ചു നിന്ന പഴയ
നാളുകള്‍ . പുലരും മുന്‍പേ പണികളൊക്കെ തീര്‍ത്തു വച്ച് മാവേലി സ്റോറിന് മുന്നിലെ ക്യുവില്‍
ഒന്നാമതെത്താന്‍ പാഞ്ഞോടിയതും പിശുക്കെന്ന് പേരുകേള്‍പ്പിച്ചതുമൊക്കെ പറഞ്ഞപ്പോള്‍ അവരുടെ
മുഖത്തിന്‍റെ നിറം കുറയുന്നപോലെ തോന്നി . കോഴികളെ വളര്‍ത്തി മുട്ട അയല്‍ക്കാര്‍ക്ക് വിറ്റതും
പശുവിനെ വളര്‍ത്താനും അതിനു തീറ്റയുണ്ടാക്കാനും വേണ്ടി ആരോഗ്യം മറന്ന് കഷ്ട്ടപ്പെട്ടതും
പറഞ്ഞപ്പോള്‍ അവരുടെ വിഷമം കൂടിക്കൂടിവന്നു . അധ്വാനങ്ങള്‍ക്കൊടുവില്‍ ' കാലൊന്നെടുത്തു
വച്ചാല്‍ ബസ്സില്‍ കയറാന്‍ സൗകര്യത്തിന് ' അവര്‍ അവനുവേണ്ടി പണിത വീട് . അവന്‍
അമേരിക്കയില്‍ നിന്ന് വിട്ടുവരാന്‍ തയ്യാറല്ലെന്ന് അവരോടു പറഞ്ഞ നിമിഷം ..അവരുടെ
സ്വപ്നങ്ങളൊക്കെ ഒരു നിമിഷം കൊണ്ടു തകര്‍ന്നുപോയ ആ നിമിഷത്തെക്കുറിച്ച് പറഞ്ഞ്
അവര്‍ തേങ്ങിപ്പോയി . ഒരു ജന്മത്തിന്റെ കൂട്ടലും കിഴിക്കലും ഒക്കെ ഒരു നിമിഷം കൊണ്ട്
പിഴച്ചതുപോലെയുള്ള തോന്നല്‍ . അവര്‍ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആധുനിക സൗകര്യങ്ങള്‍ ,
മകനുവേണ്ടി കണക്കു കൂട്ടിയുണ്ടാക്കിയ സ്വപ്ന ഗൃഹത്തില്‍ അനാഥമായി തീരുമെന്ന ആ പുതിയ
അറിവ് , അതിന്‍റെ വേദനയുടെ ആഴം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ കിട്ടാതെ അവര്‍
വിഷമിക്കുകയായിരുന്നു . കണ്ണട മാറ്റി , ഒഴുകിയിറങ്ങുന്ന കണ്ണുനീര്‍ തുടയ്ക്കുന്ന അവരുടെ
ഭര്‍ത്താവിലേയ്ക്ക് എന്‍റെ നോട്ടം പതിഞ്ഞപ്പോള്‍ ഞാനും അവരിലൊരാളായി മാറിയിരുന്നു .
സ്വന്തം മകനെക്കുറിച്ചുള്ള ചിന്തയല്ലാതെ മറ്റുള്ളവരുടെ വ്യാകുലതകളെ കുറിച്ച് ഒരിക്കല്‍ പോലും
ചിന്തിക്കാതിരുന്നതിലുള്ള പശ്ചാത്താപവും അവര്‍ മറച്ചു വച്ചില്ല . ഇനിയും നല്ല കാര്യങ്ങള്‍
ചെയ്യാന്‍ സമയവും അവസരവും ഉണ്ടാവുമെന്നൊക്കെ പറഞ്ഞ് ഞാന്‍ അവരെ സമാധാനിപ്പിക്കാന്‍
നോക്കിയെങ്കിലും കരച്ചിലടക്കാന്‍ അവര്‍ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു .തീവണ്ടി ഒരു
ഞരക്കത്തിന്റെ താളത്തോടെ നിന്നു . എറണാകുളത്തെത്തി . അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍
ഞാന്‍ നെഞ്ചിലേയ്ക്ക് പകര്‍ന്നു വാങ്ങിയ ഭാരം എന്നെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു .

മോന്‍, അച്ഛനെ അടുത്ത് കിട്ടിയ സന്തോഷത്തിലായിരുന്നു . നിസ്സാരമായ
എന്തെങ്കിലും കാര്യമാകാം എന്‍റെ വല്ലായ്മയ്ക്ക് കാരണമെന്ന് അറിയാവുന്നതുകൊണ്ടാവാം
അവര്‍, അച്ഛനും മോനും അവരുടെ ലോകത്തായിരുന്നു . അവന് അപ്പൂപ്പന്‍ പോക്കറ്റ് മണി
കൊടുത്തതും പുഴ കാണാന്‍ കൊണ്ടുപോയതും മുറ്റത്തെ തൈ തെങ്ങില്‍ നിന്ന്, സൂര്യനെപ്പോലെ
ചുവന്നു തുടുത്ത ഇളനീര്‍ കൈ കൊണ്ട് അടര്‍ത്തിയെടുത്തു കൊടുത്തതും അമ്മൂമ്മ ഉണ്ണിയപ്പം
ഉണ്ടാക്കി കൊടുത്തതുമൊക്കെ ഒറ്റ ശ്വാസത്തില്‍ അവന്‍ അച്ഛനെ പറഞ്ഞ് കേള്‍പ്പിച്ചു . അമ്മയുടെ
സാരിത്തലപ്പില്‍ മുഖം തുടയ്ക്കാനെത്തിയ അവനെ അമ്മാവന്‍റെ മകള്‍ രണ്ടു വയസ്സുകാരി
അമ്മുക്കുട്ടി ഉമ്മ കൊടുക്കാനെന്ന മട്ടില്‍ കവിളില്‍ കടിച്ച് അടയാളം ഉണ്ടാക്കിയതായിരുന്നു
അവന്‍റെ ഒരേയൊരു സങ്കടം . അവന്‍റെ അമ്മയോട് അവകാശം സ്ഥാപിക്കാന്‍ എത്തിയതാനെന്നു
കരുതിയാണ് അവള്‍ അങ്ങനെ ചെയ്തതെന്ന് അറിയാമായിരുന്നിട്ടും മോനോടുള്ള സ്നേഹക്കൂടുതല്‍
കൊണ്ടല്ലേ അവള്‍ അങ്ങനെ ചെയ്തത് എന്ന് അച്ഛന്‍ പറഞ്ഞ് കേട്ടപ്പോള്‍ അവന്‍റെ പരാതിയൊക്കെ
പമ്പ കടന്നു .

അടുക്കളയിലെ പണികളൊക്കെ തീര്‍ത്ത് ഞാന്‍ ഉറങ്ങാന്‍ എത്തിയപ്പോഴും അച്ഛനും
മോനും കഥ പറച്ചില്‍ അവസാനിപ്പിച്ചിരുന്നില്ല . വിശേഷം പറയാനുള്ള ഊഴം ഞാന്‍ അവനില്‍നിന്ന്
പിടിച്ചു വാങ്ങി . വീട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളുമൊക്കെ വേഗം പറഞ്ഞുതീര്‍ത്ത് , ഞാന്‍
എന്‍റെ അസ്വസ്ഥതയിലെയ്ക്ക് കടന്നു . തീവണ്ടിയിലെ ഞങ്ങളുടെ സംഭാഷണം വള്ളിപുള്ളി
വിടാതെ പറഞ്ഞു കേള്‍പ്പിച്ചു . കഷ്ടപ്പെട്ട് പഠിച്ച്‌ ഉയരങ്ങള്‍ കീഴടക്കുന്ന മിടുക്കനായ ആ മകന്‍റെ
പക്ഷത്തായിരുന്നു അദ്ദേഹം . മെച്ചപ്പെട്ട സുഖ സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ വേണ്ടിയാണ് അവന്‍
കഷ്ടപ്പെട്ടത് എന്ന ന്യായവും . ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലിന്റെ ദുഃഖം അനുഭവിക്കുന്ന
ആ അച്ഛന്‍റെയും അമ്മയുടെയും പക്ഷത്തായിരുന്നു ഞാന്‍ . അദ്ദേഹം പറയുന്ന കാലത്തിന്‍റെ
പോക്കും അനിവാര്യതകളുമൊന്നും എന്‍റെ തലയില്‍ കയറുന്നില്ല . ആകെ ഒരു വീര്‍പ്പുമുട്ടല്‍ .
ആരുടെ ഭാഗത്താണ് തെറ്റെന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ . എന്‍റെ മോനും , അവനും
ഇങ്ങനെയൊക്കെ ആകുമായിരിക്കും . വളര്‍ന്ന മണ്ണിന്‍റെ മണം ഉപേക്ഷിച്ച് , മുലപ്പാലിന്റെ രുചി
മറന്ന് അവനും വലിയ വലിയ കാഴ്ച്ചകളിലേയ്ക്ക് ഒരു ദിവസം പോകുമായിരിക്കും .

വിശേഷങ്ങളൊക്കെ ഇനി നാളെ ആകാമെന്ന് പറഞ്ഞ് മോനെ
ഉറങ്ങാന്‍ നിര്‍ബന്ധിച്ച് ഞാനും കിടന്നു . തലയിലൂടെ പുതപ്പു വലിച്ചിട്ട് അവന്‍
മനസ്സില്ലാ മനസ്സോടെ കിടന്നു . ക്ഷീണതതിനൊന്നും എന്‍റെ ഉറക്കത്തെ കൊണ്ടുവരാന്‍
കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു . കാലത്തിനൊപ്പം സഞ്ചരിച്ചേ മതിയാകൂ
എന്ന സത്യം അര്‍ത്ഥ വിരാമവും വിരാമവും അതിശയോക്തിയുമൊക്കെയിട്ട് മനസ്സിനെ
എഴുതിയെഴുതി പഠിപ്പിച്ചുകൊണ്ടേയിരുന്നു . ഏതിന് നേരെയാണ് ചുവന്ന
മഷികൊണ്ട് വരയ്ക്കേണ്ടതെന്നറിയാതെ മനസ്സ് അലഞ്ഞുകൊണ്ടേയിരുന്നു . ഞാന്‍
ഉറങ്ങിയിട്ടില്ലെന്നു മനസ്സിലാക്കി , ഉത്തരം കണ്ടെത്തിയോ എന്ന് അദ്ദേഹം ചോദിച്ചു .
പുതപ്പിനടിയില്‍ നിന്ന് ചെറിയ ഒരു ശബ്ദം പുറത്തേയ്ക്ക് ഒഴുകിയെത്തി . "ഞാന്‍
മാര്‍സിലാണ് താമസിക്കാന്‍ പോകുന്നത് കേട്ടോ അമ്മേ ". അതെ , എന്‍റെ ചോദ്യത്തിന്
ഉത്തരം കിട്ടിയിരിക്കുന്നു , ഒരു പത്തു വയസ്സുകാരനില്‍ നിന്ന് . ഞാനൊന്നും മിണ്ടിയില്ല .
ഇനി ഉറങ്ങാം , സമാധാനമായി . അവന്‍ എന്‍റെ പുറത്തേയ്ക്ക് വലിച്ചിട്ട പുതപ്പിനുള്ളില്‍
അവനേക്കാള്‍ ചെറിയ കുട്ടിയായി , ഞാനവനെ കെട്ടിപ്പിടിച്ച് ഉറക്കത്തിനായി
പ്രാര്‍ത്ഥിച്ചുകൊണ്ടു കിടന്നു .