2018, ഡിസംബർ 31, തിങ്കളാഴ്‌ച

ഇനിയും ജനിച്ചിട്ടില്ലാത്തവൾക്ക്


ചോരയിറ്റി
പിടഞ്ഞെണീറ്റ്
അക്കങ്ങൾ 
പാഞ്ഞോടിയ
ചതുരങ്ങളുടെ
മഞ്ഞിച്ച ചുവര്.

എന്നെത്തേടി
ഞാനലഞ്ഞ
രാപകലുകളുടെ
വെളുക്കാത്ത 
മുഖങ്ങളും 
അടർന്നുപോയ
വാക്കുകളടുക്കി
അതിലൊന്നുപോലും 
വരിയാവുന്നില്ലെന്ന്
കണ്ണീരൊലിപ്പിച്ച്
മായ്ച്ചു കളഞ്ഞ
ഇടനേരങ്ങളും.

നക്ഷത്രങ്ങൾ
പൂത്തുലഞ്ഞുനിന്ന
ആകാശത്തെ
വേരോടെ വെട്ടിമുറിച്ച്
ജനവാതിലുകൾ
കൊട്ടിയടച്ച്
ഒറ്റയെന്ന വാക്കുരുവിട്ട
രാനേരങ്ങളുടെ
നേർത്തുനേർത്ത്
ഇല്ലാതായിത്തീർന്ന 
വിലാപങ്ങളുടെ
ഒടുങ്ങാത്ത നിര.

നാടു കടത്താൻ
അനാഥത്വം
വിളമ്പിത്തന്ന്
ഉണ്ടു നിറയുന്നതു
കണ്ടുനിന്ന
വെയിൽനേരങ്ങളുടെ
വിയർത്ത ഗന്ധം.

വാക്കിൽ
കുരുക്കിട്ട്
നിറം വാർന്ന്
മരിച്ച സന്ധ്യയെ
അലറിവിളിച്ചു പെറ്റിട്ട്
മരിച്ചു നീലിച്ച
കറുത്ത കടൽ..!


2018, നവംബർ 20, ചൊവ്വാഴ്ച

മുറിവെന്നു വായിക്കാതിരിക്കുക

അടങ്ങാത്ത
വിശപ്പിൻ മുന്നിൽ
പൊതിച്ചോറുപോലെ 
തുറന്നുവെച്ചിരുന്നു 
വായിച്ചു നിറയാൻ.

വഴിമധ്യേയല്ല
കാത്തുനിന്നാണ്
കണ്ടതെന്ന്
ഉണരാൻ വെമ്പുന്ന
ഒരു യാത്ര.

കാടിന്റെ നിഴൽ
ചാരിയിരുന്ന്
വിയർപ്പാറ്റിയിരുന്ന
വെയിൽനേരങ്ങൾ.

കടലിന്റെ നിറം
പുതച്ചിരുന്ന്
കിനാവിനെയൂട്ടിയ
രാനേരങ്ങൾ.

ഒരു വിള്ളൽ !

നെഞ്ചിനുള്ളിലൂടെ
പാഞ്ഞുപോയ
അടഞ്ഞ
മുറികളുടെ വണ്ടി.

ചതഞ്ഞ ഒച്ചകളുടെ
ദീനരോദനങ്ങൾ.

നിറമിരുന്നിടത്ത്
ആഴത്തിലോ പരപ്പിലോ
അളവൊക്കാത്ത
വലിയ വടുക്കൾ.

കോടിമുണ്ടു പുതച്ച
വരികളുടെ നഗ്നശരീരം.

മുനയൊടിഞ്ഞ
എഴുത്താണിയിൽനിന്ന്
കിനിഞ്ഞിറങ്ങുന്ന
ചുവന്ന രേഖകൾ.

ഒരു വിതുമ്പലിന്
അലമുറയെക്കാൾ
ഒച്ചയാണെന്ന്  
ഓർമ്മപ്പെടുത്തുന്നു
കറുത്ത നേരങ്ങൾ.

മുറിഞ്ഞ തുഴയുടെ
നിലയ്ക്കാതൊഴുകുന്ന
വിലാപമെന്നു മാത്രം 
വായിച്ചു പോകുക.

_________________________

2018, നവംബർ 19, തിങ്കളാഴ്‌ച

പെയ്തൊഴിയാതൊരു കടലിന്നും

മേശമേൽ
എഴുത്തിനായ്
നിവർത്തിയിട്ടിരിക്കുന്ന
കാടിന്റെ വരയുള്ള
വിരിമേൽ
എന്റേതല്ലാത്ത
വളപ്പൊട്ടുകൾ.

ചില്ലുപാത്രത്തിൽ
ഞാനറിയാത്ത
ഏതോ ഒരു നാട്ടിലെ
വസന്തത്തിന്റെ
നിറങ്ങൾ.

ചെയ്തു തീരാത്ത
ഒരു യാത്രയെ
തീവണ്ടിച്ചക്രങ്ങളിൽ
തിരിച്ചും മറിച്ചുമെഴുതി
മതിവരാതെ
നിശ്ചലതയെന്ന വാക്ക്.

നിറഞ്ഞിട്ടും
നിറഞ്ഞില്ലെന്നൊരു
കടൽപ്പേച്ചിൽ
ഉരുൾപൊട്ടുന്നു
വായനയുടെ
നിലാത്തുരുത്ത്.

കരിവളകളായ്
നുറുങ്ങിയും
കാശിത്തുമ്പയായ്
വാടിയും
കണ്ണിൽ കാർകൊണ്ട്
വഴി കാണാതെ
ഇരുണ്ടും
പരാജിതയെന്ന്
മുദ്ര കുത്തി
ഞാനെന്നിൽ നിന്ന്
നാടുകടത്തപ്പെട്ടവൾ.

_______________________

2018, നവംബർ 18, ഞായറാഴ്‌ച

നോവിനുമപ്പുറം

തൊടിക്കപ്പുറം
ഒരു കാവ്
ആകാശം മുട്ടി മരങ്ങൾ
പേരറിയാത്ത വള്ളിച്ചെടികൾ
പൂക്കൾ
പൂമ്പാറ്റകൾ
കിളിയൊച്ച.

കാവിനുള്ളിൽ
മണ്ണുതേച്ച മുറിയിൽ
ആഭരണങ്ങളില്ലാതെ 
ശാന്തതയോടിരിക്കുന്ന
തേജസ്സുറ്റ മുഖം,
അത് ദൈവമാണെന്ന്
മൂത്തവർ പറഞ്ഞുതന്ന
അറിവ്.

എത്രയോവട്ടം
ഇരുട്ട് കുടഞ്ഞെറിഞ്ഞ്  
അകത്തു കയറി
തൊട്ടുനിന്ന്
പറയാനുള്ളത്
ഒട്ടും പേടിയില്ലാതെ
പറഞ്ഞുപോന്നതാണ്.
കണക്കിനൊന്നാമതാവാൻ
നട്ടുവെച്ചു വെള്ളമൊഴിച്ച
ചെടിക്ക്
നന്നായി വേരുപിടിക്കാൻ
പയ്യ് സുഖമായിട്ട്
കിടാവൊന്നിനെ പെറ്റുതരാൻ
അങ്ങനെയങ്ങനെ.

കാവിനൊരല്പം താഴെ
ചെറിയ തോട്
കണ്ണീരുപോലെ തെളിഞ്ഞ്
പതിഞ്ഞ്
പാടിയൊഴുകുന്നവൾക്ക്
എത്ര ഞൊറികളെടുത്തിട്ടും
തീരാത്ത ദാവണി.

പല നാവുകളിലൂടെ
കേൾക്കാറുണ്ടിപ്പോൾ
ഉത്സവമേളങ്ങളെക്കുറിച്ച്
ആനകളുടെ
സംഖ്യാബലത്തെക്കുറിച്ച്
വാഹനങ്ങളുടെ
ഒഴുക്കിനെക്കുറിച്ച്
എന്തും വാങ്ങാൻ കിട്ടുമെന്ന
അതിശയത്തെക്കുറിച്ച്.

കാവിനെ
തെളിനീരുറവയെ
ദൈവമിറങ്ങിപ്പോയ
മണ്ണു തേയ്ച്ച മുറിയെ
മറന്നുപോയ നാവുകൾ.

ഒറ്റയ്ക്ക്
പോയിരിക്കാറുണ്ട് 
ചിറകുമുളയ്ക്കുന്ന 
നേരങ്ങളിൽ
എങ്ങോ മറഞ്ഞുപോയ
ദൈവത്തെ
കൂട്ടിക്കൊണ്ടുവരാറുണ്ട്
ആ പഴയ മുറിയിൽ
ഞങ്ങൾ പരസ്പരം
വെച്ചുമാറാറുമുണ്ട്.

---------------------------------------------------------

2018, നവംബർ 16, വെള്ളിയാഴ്‌ച

കിഴക്കേ
പായും റെയിലിൽ
മുമ്പേയോടുന്ന
വഴിയും നോക്കി
മഞ്ഞുകമ്പളം
പുതച്ചിരിക്കുന്നവളേ,

നിശ്വാസത്തിന്റെ
കാൻവാസിൽ
ഞാനൊരു
രാഗം ചാലിച്ചാണ്
നിന്നെ വരയ്ക്കുക.

നീ തിളങ്ങുന്ന
ഒറ്റക്കൽ വെളിച്ചം
നിറവോടെ
ഒരു പ്രാർത്ഥനയായ് 
ഞാനെന്റെ 
ചൂട്ടുകറ്റയിലേയ്ക്ക്
പകർന്നെടുക്കും.

നിന്റെ വളയൊച്ച
ഉടയാതഴിച്ചെടുത്ത്
അണിയാത്ത 
കൈത്തണ്ടയൊരുക്കി
ഞാനൊരുത്സവം
കാണാനിറങ്ങും.

പാതിയുടൽ
തുന്നിച്ചേർത്ത്
നീയാകും ശലഭത്തെ
പറത്തിവിട്ട്
ഞാനൊരാകാശം
തുറന്നുപിടിക്കും.

നീ പൂത്തിറങ്ങുന്ന
നിറങ്ങൾ കൊണ്ട്
ഞാനൊരു മഴവില്ലിന്റെ
ഉടൽ കടഞ്ഞെടുക്കും.

നീ ചുറ്റിയുടുത്ത
ദാവണികൊണ്ടൊരു  
തിരയടങ്ങാക്കടൽ
വരച്ചുതീർക്കും.

പുഴയായ്
തെളിനീരായ്
ശാന്തമായൊഴുക്കായ്
നിന്റെ പേരിനെ
ഞാനൊരു കവിതയിൽ
പരിഭാഷപ്പെടുത്തും.

വരിയൊടുക്കം   
നീ ചിറകുകുടഞ്ഞ്
പോകുന്നേരമാണ് 
വരച്ചുതീരാതെ   
വിറകൊണ്ട വിരലാൽ
ഞാനെന്നെയിരുട്ടെന്ന്
ഒപ്പു ചാർത്തുക.

ഞാനപ്പോളാണ്
നോവുപാടത്തിന്റെ
അതിർത്തി വകഞ്ഞ്
വിണ്ടു കീറിയ കാലിന്   
ഒരു തുള്ളി വെള്ളമെന്ന്
കിതച്ചോടുന്നൊരു
യാത്രയായ് മാറുക.

---------------------------------------------------

2018, നവംബർ 12, തിങ്കളാഴ്‌ച

കൺനിറച്ചുപോകുന്നതാണോരോവട്ടവും

തീപ്പെട്ടതാണെന്ന്,
അതും നീ തീണ്ടിയിട്ട്.

എഴുതിവെച്ചത് വെറുതെ.

നീയെത്തിനോക്കുമെന്ന്  
മോഹിച്ചുപോയതാണ്.

കിനാവേ,

ഇനി വരുന്നവരൊക്കെയും
ചമയാൻ മറന്നവർ.

ഞാൻ'

നീ'യെന്ന ഊരിൽനിന്ന്  
പുറത്താക്കപ്പെട്ടവൾ
വരാനിരിക്കുന്ന രാവിന് 
ഇനിമേൽ അപരിചിത.

തലക്കെട്ടഴിഞ്ഞ
മറുകിൻ കറുപ്പിൽ
മുഖം പൂഴ്ത്തിയിരുന്ന്
തെളിയാ ചിത്രത്തിന് 
മിഴിതുറക്കാൻ
ബ്രാഹ്മമുഹൂർത്തമായ്
ഉണർന്നെഴുന്നേൽക്കുന്നവൾ.

ഇനിയാകാശത്തിന്
നാലതിരുകൾ.
ഇനിയില്ലെനിക്ക് കടലും
വിയർക്കാനൊരു സൂര്യനും.

ഇല്ലെനിക്കൊരു പുരയും
നിലാപ്പെയ്ത്തുള്ളൊരു മുറ്റവും.

____________________________

2018, നവംബർ 10, ശനിയാഴ്‌ച

പ്രജ്ഞാതാരാ....

ഓഷോയുടെ ' ബോധിധർമ്മൻ: മഹാനായ
സെൻഗുരു' നിവർത്തിവെയ്ക്കുന്നു.

പ്രജ്ഞാതാര...

(ഗൗതമബുദ്ധന്റെ അനുയായിയായ
ബോധധർമ്മന് സന്യാസദീക്ഷ നൽകിയ
പ്രബുദ്ധയായൊരു സ്ത്രീ.ഒരു സ്ത്രീക്ക്
പ്രബുദ്ധത നേടിയെടുക്കാൻ കഴിയുമെന്നും
അവർ ഒരു ശിഷ്യഗണത്തെ നയിക്കാൻ
പ്രാപ്തയാണെന്നും കാണിക്കുവാനായിരുന്നു അദ്ദേഹം
അവരിൽനിന്ന് ദീക്ഷ സ്വീകരിച്ചത്.)

ദക്ഷിണഭാരതത്തിലെ ഒരു രാജാവിന്റെ
പുത്രനായി ആയിരത്തിനാനൂറ് വർഷങ്ങൾക്കുമുമ്പ് ബോധിധർമ്മന്റെ
ജനനം.ലൗകികവിഷയങ്ങൾക്കുവേണ്ടി
സമയം പാഴാക്കാൻ തയ്യാറാവാതെ
രാജപദവി ഉപേക്ഷിച്ച്,ആത്മപ്രകൃതത്തെ
അറിയാനായി യാത്ര ആരംഭിക്കുന്നു.

ഒരിക്കൽക്കൂടി ഞാനും.....

,

2018, നവംബർ 1, വ്യാഴാഴ്‌ച

ക(ത)ഥയില്ലായ്മയുടെ 9 സംവത്സരങ്ങൾ

കിനാവുതീണ്ടി തീപ്പെട്ടവൾ.

സന്തോഷങ്ങളുടെ,സങ്കടങ്ങളുടെ
കൂട്ടിരുപ്പുകാരി.

എന്നും 'ക(ത)ഥയില്ലാത്തവൾ'.

ഒറ്റയ്ക്ക് പിറന്നാളുണ്ടുനിറഞ്ഞവൾ.

നിറഞ്ഞുകവിയുമൊരു വാക്ക്,
മതിയിവൾക്കൊരിരുൾ രാകിമിനുക്കി
കനൽവെട്ടമായ് തുളുമ്പാൻ.

ആരും വരാനില്ലാത്തിടത്ത്
ആരോ വരുന്നുണ്ടാവുമെന്നൊരു
കിനാവിനെ ഉയിരാഴംകൊണ്ടളന്നെടുത്ത്   കടലോളം കനിവെന്ന് പേരിട്ട് നിലാവ് കൊറിച്ച് തിരയെണ്ണുന്നവൾ.

വാക്കേ,

നീയെന്നെ പൊതിഞ്ഞെടുക്കാൻ
മറന്നുപോകുമിടങ്ങളിലാണ്
ഞാനെന്നെയൊരു മുറിവായ് വരയ്ക്കുക.

നീയെന്നെ ചേർത്തുപിടിക്കാൻ
തിരയായ് നുരയുമിടങ്ങളിലാണ്
ഞാനെന്നെയൊരു കടലായ് കുറിക്കുക.

ഈ പുഴയും നക്ഷത്രങ്ങളും
മരിക്കാതിരുന്നെങ്കിൽ .......!

____________________________

2018, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

നിലാപ്പെൻസിൽ വര

ഒരു നാൾ
കാടിന്
മണം ചോർന്നപ്പോഴാണ്
നിലാവെന്നെ ചേർത്തുപിടിച്ച്
പൂവിതൾത്തുഞ്ചത്ത്
പച്ചകുത്തിയത്.

ഒരു തോരമഴയിലാണ്
കാട്ടാറ് കടഞ്ഞ്
ഞാനൊരു മലയും
അവിടെയൊരു പുരയും
വരച്ചത്.

ഒരു തുള്ളി മഞ്ഞിന്റെ
കവിൾ തൊട്ടെടുത്താണ്
ഞാനെന്റെ പുരയുടെ
നിലമാകെ
മെഴുകിയത്.

ഒരു നക്ഷത്രത്തിന്റെ
കണ്ണിൽനിന്നൊരു തിരി വെട്ടം
കടം വാങ്ങിയാണ്
ഞാനെന്റെ പുരയാകെ
മിനുക്കിയത്.

നിന്റെ പ്രണയത്തിൽ
രാപാർത്തപ്പോഴാണ്
എനിക്കൊരു കിനാക്കുഞ്ഞ്
പിറന്നത്,
അപ്പോഴാണ്
വേലിക്കലൊരു ചെമ്പരത്തി
ഉടലാകെ ചുവന്നതും.

_______________________________

2018, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

സിയാ...

വിരൽ
ചോദിച്ചതിന്
ഒട്ടുമേ
നൊമ്പരപ്പെട്ടില്ല 
മുറിച്ചുകൊടുക്കുക
എന്നതായിരുന്നു
ജന്മംകൊണ്ട്
ഞാനായതിന്റെ
പൊരുളും.

നിറഞ്ഞ്
കാടു പൂക്കുന്നത്
കണ്ടിട്ടാണ്
ഞാനക്ഷരങ്ങൾ
നട്ടുവെച്ചത്.

താരകളെ
കണ്ണെഴുതിച്ചാണ്
ഉറക്കമിളയ്ക്കാൻ
രാവിനെ
കൂട്ടിനിരുത്തിയത്.

പതിവായ്
പുഴ മുങ്ങി
നിവർന്നിട്ടാണ്
നിറയുന്ന കണ്ണിന്
പെയ്തൊഴുകാൻ  
ചാലൊരുക്കിയത്.

വിരൽ
ചോദിച്ചവർക്കല്ലാം'
മുറിച്ചു കൊടുത്ത്
അംഗഭംഗം വന്നൊരു
വാക്കാണ് ' ഞാൻ '.

2018, ഒക്‌ടോബർ 23, ചൊവ്വാഴ്ച

ഏകമുദ്രാംഗിതം

മടക്കയാത്രയിലും
ഒരു നറു ചിരി
കൂടെയുണ്ടാവണമെന്ന്
നീയിന്നലെയും
പറഞ്ഞൊരോർമ്മ.

കൊണ്ടുപോകാൻ,
മായക്കാഴ്ചകൾ തന്ന
നിന്റെ വിരൽത്തുമ്പുകളും
നിന്നിലുണർന്നിരുന്ന
രാപകലുകളും മാത്രം.

തെളിയുന്നു,
നമ്മുടെ പുരയെന്നും 
കത്തിച്ചു പിടിച്ച  
ശരറാന്തൽ പോലെ
തേയ്ച്ചു മിനുക്കിയ
നിലവിളക്ക്.

നമ്മളിപ്പൊഴും
വിരൽകോർക്കാതെ
കണ്ണുകൾ ചിമ്മിനിന്ന്
വിണ്ണിനെയുറക്കാതിരിക്കുന്ന  
രണ്ട് നക്ഷത്രങ്ങൾ.

നാമൊരുമിച്ച്
വായിച്ച വസന്തം
വിതറിയിടുകയാണ്
തൂവെള്ളയുടെ  
വിതാനത്തിനു മീതെ
മണമുള്ള പൂക്കളുടെ
നനവുള്ള നിറങ്ങൾ.
 
കൂടൊരുക്കാൻ
കൂട്ടിനു വന്നവൾ 
തൊട്ടു പോയിരിക്കുന്നു
കുളിർ നെറ്റിയിൽ
കടും നിറമുള്ള പൊട്ട്.

അത്രയുമത്രയും
ചേർത്തുപിടിച്ചിരുന്നു
ഒരു തുള്ളിപോലും
ചോർന്നുപോകാതെ
വേഗതയേറിയ യാത്രയിലും
ഭൂമി കടലിനെയെന്നപോലെ.

ഒരിതൾ പൂവ്
നെറുകയിലിട്ട്
തിരികെ പോവുക
പുറത്തെ കൽപ്പടവിൽ
വരിയായ് കാത്തുനിൽപ്പുണ്ട്
വെളിച്ചപ്പെടേണ്ടവർ 
നീയവർക്കുയിരിടാൻ
വിരൽത്തുമ്പ് കൊടുക്കുക
ഇനിയെന്റെ പേർ 'ഓർമ്മ'.
______________________________

2018, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

എന്തൊരു ചേലാണ് നിനക്കെന്ന് പിന്നെയുംപിന്നെയും

ഇന്നും
ആദ്യക്ഷരമായ്
വിരൽത്തുമ്പ് മുത്തി
ഒരു നേർത്ത പകലിനെ
ഉയിരാഴംകൊണ്ട്
ഉണർത്തിയെടുത്ത്
ഞാനെന്റെ പുരയുടെ
അടുപ്പിൻതിട്ടയിൽ
കുളിർകായാനിരിക്കുന്നു.

ഉപ്പോളം
കഞ്ഞിമോന്തി
എരിവോളം
കുശുമ്പ് പറഞ്ഞ്
കണ്ണേ കടലേന്ന് വിളിച്ച്
വെയിൽ മൂക്കുമിടങ്ങളിൽ
മതിവരുവോളമുണക്കാനിട്ട്
ഞാനതിന് കൂട്ടിരുന്ന്
ബാക്കിവന്ന വരികൾ
കൊറിക്കാനെടുക്കുന്നു.

കൊതിമൂത്ത കാറ്റ്
ഒരുവരിയൊരുവരിയെന്ന്
വട്ടമിട്ട് പറന്നുപറന്ന് 
ഞാനില്ലിനിയെന്നു പുലമ്പി
ആഞ്ഞിലിക്കൊമ്പിലെ
തൂക്കണാംകുരുവിയുടെ
ചിറകിൽതൂങ്ങിക്കിടന്ന്
പടിഞ്ഞാറ്റേയ്ക്ക് പറക്കുന്നു.

രാത്രിക്ക് കൊടുക്കാൻ
നനവുള്ളതൊക്കെയുടലോടെ
പൊതിഞ്ഞെടുത്ത്
ഒരുനൂൽക്കെട്ടുകെട്ടി
ഒരുതുള്ളിയൂർന്നുപോകാതെ
നിലാവെടുത്തുപോകാതെ 
ഞാനെന്റെ പുരയുടെ വാരിയിൽ
തിരുകി വെയ്ക്കുന്നു.
_________________________________

2018, ഒക്‌ടോബർ 16, ചൊവ്വാഴ്ച

ഒന്നോളം വലുതായൊരൊന്ന്

വരയിൽ
തെളിയുന്നില്ല
വിടരാനൊരുഷസ്സ്
കവിതമൂളാനൊരുച്ച
നിറമാകാനൊരു സന്ധ്യ
കഥകേൾക്കാനൊരു രാവ്.

മുറിയുന്നു
കാഴ്ചകളുടെ വരമ്പ്
കരകവിയുന്നു
കടലിൻ ചുവപ്പ്.

വരച്ചിരുന്നു,
ഒരു മിന്നാമിനുങ്ങിന്റെ
ഇത്തിരി വെട്ടംകൊണ്ട്,
വര കൊണ്ടക്ഷരത്തിന്റെ
കവിൾ മുറിയാതെ.

പാട്ടുണർന്നൊരു
കിളിയാവുന്നതിന്റെ,
കുളിരൊരുകണം പുൽകി
മഞ്ഞാകുന്നതിന്റെ,
വാക്കുതിർന്നു വീണൊരു
കടലാവുന്നതിന്റെ,
പ്രണയം ചായുറങ്ങി
മഴയാകുന്നതിന്റെ,
വാക്കിൻ മൂർച്ചയിൽ
കണ്ണീരൊരു പുഴയായതിന്റെ.

ചിക്കിയുണക്കിയിട്ടും
തോരാതെ കത്തിപ്പടർന്ന
കിനാവു പോറ്റിയ ചിത്രങ്ങൾ.

ആകാശം നിനക്കെന്ന് 
കൊതിപ്പിച്ച കാറ്റേ,
ദിശയറിയാതുഴറുമൊരു പട്ടമായ്
ഞാനിതാ പൊലിയുന്നു മണ്ണിൽ.

2018, ഒക്‌ടോബർ 13, ശനിയാഴ്‌ച

ചില്ല്

നീ കടന്നുവന്നേക്കും,
വെയിലും നിഴലും
ഒന്നായ് വരച്ച വഴിയുടെ
രേഖാചിത്രത്തിലൂടെ.

താക്കോൽ,
ജനുവരിയിൽ പൂത്ത്
കൊഴിയാതെ
മഞ്ഞിച്ചുനിൽക്കുന്ന
കൊന്നയുടെ ചില്ലയിൽ
തൂക്കിയിട്ടിട്ടുണ്ട്.

ഇടത്തേ മൂലയിലെ 
കാട്ടുമരച്ചില്ലയിൽ 
നീ തൊടുന്നേരം
പറന്നു പൊങ്ങാനായ് 
പടർന്നു കയറി
നോമ്പുനോറ്റിരിപ്പുണ്ട്
കറുത്ത വിത്തുള്ള 
വെളുത്ത അപ്പൂപ്പന്താടി.

വലതു കോണിൽ
ചാരിവെച്ചിട്ടുണ്ട്
നമ്മൾ  
ആകാശമേടയിലേയ്ക്ക്
വിരുന്നുപോയ
ഗോവണി.

കൈകാൽമുഖം കഴുകി
പൂമൂഖം കടക്കണം.

തെളിഞ്ഞു കാണാം
നീ തൊടുമ്പോൾ മാത്രം
തുറക്കുന്ന വാതിൽ.

ഞാനവിടെ
ധ്യാനത്തിലായിരിക്കും 
നീയെന്നെഴുതിയെഴുതി
കനൽപെറ്റ വിരലിൽ
ചുംബിക്കുന്നുണ്ടാവും
വായിച്ച വരികളുടെ
ജപമാല.

അക്ഷരം പൂത്ത നാടിന്റെ
ഭൂപടം തിരഞ്ഞു തിരഞ്ഞ്
കടലാഴത്തിലാണ്ട്
നീലിച്ചു പോയതാണെന്റെ 
മഷിയെഴുതാത്ത കണ്ണുകൾ.

2018, ഒക്‌ടോബർ 7, ഞായറാഴ്‌ച

കനൽപ്പാടൽ

നക്ഷത്രങ്ങൾ
വാരിക്കൂട്ടിയിട്ട്
തീ കായുന്നു രാത്രി.

ഞാൻ ഞാനെന്നൂഴം
കാക്കുന്നു
പാടാൻ കൊതിച്ച്
രാക്കിളികൾ .

മഞ്ഞു വാരിപ്പുതച്ച്
ദിശയറിയാതെ
പായുന്നു കാറ്റ്.

നീയെന്ന വാക്ക്
ഞാനെന്നു വിഴുങ്ങി
മരണപ്പെട്ട വിശപ്പ്.

കടൽ മോന്തിക്കുടിച്ച്
തിരയടങ്ങാത്ത കണ്ണ്.

ഒന്ന്,രണ്ട്,മൂന്നെന്നുകേട്ട് 
മാമുണ്ടുറങ്ങിയ രാവിന്
കരിന്തിരി വരച്ച മറുക്!

മരണത്തിന്
ഭ്രമിപ്പിക്കുന്ന മണമാണ്.
പുതുമഴ നനയുന്ന
മണ്ണിന്റെ മണം..!
_____________________________

2018, ഒക്‌ടോബർ 3, ബുധനാഴ്‌ച

നിന്നിൽ കൊഴിഞ്ഞാണ് ഞാനൊരു പച്ചയായ് കിളിർക്കുക.

നീയാണ് മുറ്റത്തെ
ആദ്യം ചുവപ്പിച്ചതെന്ന്,
നീയാണ് കാറ്റിന്
മണം കൊടുത്തതെന്ന്,
നീയാണ് വിണ്ണിന്
മഴവില്ല് വരച്ചതെന്ന്
നീയാണ് നീയാണെന്റെ
കിനാവിന് വിരിവെച്ചതെന്ന്.

നീ കൊഴിഞ്ഞ മഴയിൽ
ഉരുൾപൊട്ടിയതാണിന്നലെ 
എന്റെ നെഞ്ചകം.

കണ്ണായ് തെളിഞ്ഞ്
ഉയിരായ് നിറഞ്ഞതിനെ
ഞാനൊരുറക്കം കൊണ്ട് 
മായ്ക്കുന്നതെങ്ങനെ..?

കൊഴിഞ്ഞത്
വകഞ്ഞു മാറ്റാൻ,
മറ്റൊരു വിരിയലിനോട് 
അത്രയും ചതുരതയോടെ
ആദ്യമായാദ്യമായെന്നുരുവിട്ട്
വാക്കാലൊരാകാശം 
തുന്നിക്കൊടുക്കാൻ,
ഞാനൊരു കവിയല്ലെൻ പ്രണയമേ.
____________________________________

2018, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

കവിതകൊണ്ട് മുറിവേറ്റവൾ

അസ്തമയമായിരുന്നു
കരയാകെ തിരക്കും.

ഒരു കുഞ്ഞുതിരപോൽ വന്ന് 
എന്റെയുടലുയിരാകെ നനച്ച് 
സന്ധ്യപോൽ ചുവപ്പിച്ചവളേ,

ഓർക്കുകയാണ് നിന്നെ.

ഞാനുറങ്ങിയ നിന്റെ മുറി 
ചുവരിൽ നിന്റെ ഛായാചിത്രം
ആരോ മടിയിലുറങ്ങുന്നുവെന്ന് 
തോന്നിപ്പിക്കുമാറ് 
ധ്യാനത്തിലെന്നപോലെ.

അക്ഷരങ്ങളുടെ മണം,
ചിതറിക്കിടക്കുന്ന വായന,
പാതിയിൽ നിർത്തി 
മഷിയുണങ്ങിയ പേന.

പേരു പറഞ്ഞിരുന്നില്ല  
രണ്ടാമതൊന്ന് ചോദിച്ചതുമില്ല.

ഓർക്കുകയാണ് നിന്നെ.

നോവിന്റെ കൺമഷി 
ഇടയ്ക്കിടയ്ക്ക് 
സാരിത്തുമ്പാൽ മായ്ച്ചുതന്നത്,
നിറമുള്ള കുപ്പിവളകളാൽ 
ഒഴിഞ്ഞ കൈത്തണ്ട നിറച്ചത്,
ഇല്ലാത്ത മറുകൊന്ന്
കവിളിൽ കറുപ്പിച്ചത്,
പറക്കാനായൊരാകാശം
ഇരുവശവും തുന്നിത്തന്നത്,
നിശ്വാസംകൊണ്ടൊന്നായതും.

നീ പോയതിൽപ്പിന്നെ
ചമഞ്ഞുകിടന്നിട്ടില്ലെന്റെ മുറ്റം.

വേരറ്റുപോയവളുടെ
ഞരമ്പിൽ പൂത്തുനിൽക്കുന്നു 
നിറയെ തൊട്ടാവാടികൾ 
വിരൽത്തുമ്പിലെ ചോരയ്ക്ക്
ആദ്യമായ് കണ്ട നാൾ 
നീയുടുത്തിരുന്ന ചേലയുടെ നിറം.

കിനാവിലാകെ കാട് വരച്ചവളേ,

ഒറ്റവാക്കില്ലെങ്കിലും
ആരും വായിക്കാനിടയില്ലെങ്കിലും  
നിന്നെയെഴുതാതിരിക്കുന്നതെങ്ങനെ.!

കാറ്റിനുപോലും
അളക്കാനാവാത്ത
ദൂരം കൊണ്ട്
വീശിയടിക്കുന്ന
പായ്ക്കപ്പലെന്നപോലെ
ഓരോ കറുപ്പിലും 
ഉറക്കമെന്നു നടിച്ച്
ഒരൊറ്റത്തൂൺപുര.

കണ്ണുപൊത്തി
മറഞ്ഞുകളഞ്ഞ
കളിക്കാരനെയോർത്ത്
പൊട്ടഴിച്ചെടുത്ത്
തനിയെ കണ്ണുകെട്ടി
തെറ്റിയ വാക്കുരുവിട്ട്
മുറ്റത്തേയ്ക്കിറങ്ങി
ചടഞ്ഞിരിക്കുന്നു  
ചുറ്റുവരാന്ത.

ആദിയെന്നൊരു
കുതിപ്പു മോഹിച്ച് 
തൂവൽകുടയുകയാണ്
അടുക്കുതെറ്റിയകന്ന
പഴയ മേൽക്കൂര.

മരിച്ചവരെല്ലാം
നക്ഷത്രങ്ങളാണ്
നക്ഷത്രങ്ങളെല്ലാം
മരിച്ചവരല്ല..!

2018, സെപ്റ്റംബർ 19, ബുധനാഴ്‌ച

ശേഷം അവളുണ്ടായിരുന്നില്ല.

കണ്ണോളം
ഉഴിഞ്ഞെടുത്ത്
കടലാഴത്തിൽ
നട്ടുവെച്ചതാണ്.

മരണപ്പെട്ട നോക്കേ,
നീയേതു കരയിലാണ് 
വേരറ്റുപോവുക.

നിലാവോളം
തെളിച്ചെടുത്ത് 
ഉയിരാഴത്തിൽ
നാട്ടിവെച്ചതാണ്.

മരണപ്പെട്ട നേരേ,
നീയേതിരുട്ടിലാണ്
നിലയറ്റുപോവുക.

കിനാവോളം
ഉരുക്കിയെടുത്ത്
വെയിലാഴത്തിൽ
പണിഞ്ഞുവെച്ചതാണ്.

മരണപ്പെട്ട മഴയേ,
നീയേതു തൊടിയിലാണ്
നീരറ്റുപോവുക.

കേൾക്കാനായി
നീയൊന്നും പറഞ്ഞില്ല 
എന്നിട്ടുമെപ്പൊഴും 
മുറിഞ്ഞു പെയ്തിരുന്നു
കനലുള്ള  വാക്കുകൾ.

നിശബ്ദയാക്കപ്പെട്ട നദിയേ,
ഏതു വരിയുടെ മുന കൊണ്ടാണ്
നിന്റെ ഉയിരറ്റുപോയത് ...!

2018, സെപ്റ്റംബർ 16, ഞായറാഴ്‌ച

നിലംപതിക്കാറായ
വേലിക്കെട്ടിലെ
പച്ചപ്പവശേഷിക്കുന്ന
ചില്ലയിലമർന്നിരിക്കുന്നു
മണമഴിഞ്ഞുപോയ 
അഞ്ചിതളുകൾ.

ഊഞ്ഞാൽ പൊട്ടിയ
മരച്ചില്ലയിൽ
തൂങ്ങിയാടുന്നുണ്ട്
നിറംവാർന്നു മരിച്ചുവീണ
മഴവില്ലിന്റ ചില്ലുകൾ.

കരകാണാക്കടലിനെ
കിനാവു കണ്ടുകണ്ട്
നീലിച്ച കണ്ണുള്ളൊരു മീൻ
വറ്റിവറണ്ട പുഴയുടെ
നെഞ്ചിൽ മീതെ
പിടഞ്ഞു മരിച്ചിരിക്കുന്നു.

കാടെന്നു പാടാൻ 
കൊതിച്ചിറങ്ങി വന്ന
മഴയുടെ വിത്തുകളെ
അടക്കിപ്പിടിച്ചുറങ്ങുന്നു
വിണ്ടുകീറിയ മണ്ണ്.

ഇനിയുമെത്തിയിട്ടില്ലാത്ത
കിനാവിനെക്കുറിച്ചെഴുതിയെഴുതി
തേഞ്ഞു പോയതാണ്
എന്റെ വിരൽത്തുമ്പുകൾ.

2018, സെപ്റ്റംബർ 12, ബുധനാഴ്‌ച

വാർത്തകൾ വായിക്കുന്നത്...


സൈക്കിളിലായിരുന്നു യാത്ര.

അവളെന്നെ പൊതിഞ്ഞുവെയ്ക്കും 
മഞ്ഞുകൊള്ളാതെ,
മഴ നനയാതെ.

ചുരമിറങ്ങുമ്പോൾ,
കാഴ്ചകളിൽനിന്ന് മറഞ്ഞിരുന്ന് 
അവളോട് കലഹിക്കാനാവാതെ
വീർപ്പുമുട്ടി ഞാനാകെ വിയർക്കും.

ഓരോ വീട്ടുപടിക്കലും അൽപനേരം.

വേഗത കൂട്ടിയും കുറച്ചും
ഞങ്ങളങ്ങനെ ഒരു പുഴപോലൊഴുകും.

പാറമട കോറിയിട്ട ഇത്തിരിപ്പോന്ന
ചുവരിലെ ഒത്തിരി വലിയ വരകളെ,
വശം തളർന്നുകിടക്കുന്ന അമ്മയെ,
ലക്കുകെട്ടന്തിക്കെത്തുന്ന അച്ഛനെ,
കടക്കാരുടെ അതിരുവിട്ട ചോദ്യങ്ങളെ,
അക്ഷരങ്ങൾക്കു മീതെ കരിന്തിരി കത്തി 
അണഞ്ഞുപോയ മണ്ണെണ്ണവിളക്കിനെ,
ഒരു നിശ്വാസംകൊണ്ടിടയ്ക്കിടയ്ക്ക്
അടയാളംവെച്ചായത്തിൽ ചവിട്ടും.

മഞ്ഞുപെയ്ത ഒരു വെളുപ്പാൻകാലം
എന്റെ ബാക്കിയെ പൊതിഞ്ഞെടുത്ത്
സൈക്കിൾ മറിയാതെ ചാരിവെച്ച്
പാറിക്കിടക്കുന്ന മുടിയൊതുക്കിനിൽക്കെ,
ഇടിമുഴക്കം പോലെന്തോ!
ഒരു ഞൊടിയിടകൊണ്ടതാ
ശ്വാസത്തിനുമേൽ അടർന്നുവീഴുന്നു ഭൂമി !

അവളുടെ നിലവിളി കുത്തിയൊലിച്ച് 
ദിശയറ്റുപോയതുപോലെ !

ഞാനുണരാതിരിക്കുന്നതെങ്ങനെ
വാർത്തകളടങ്ങുന്ന കാലം വരെ
ഒടുങ്ങാത്ത ദുരിതങ്ങളുടെ കെട്ടുമായി
ഞാനുണ്ടാവണം,ഉണ്ടായേ തീരൂ.

ഓരോ വീടിന്റെ ഉമ്മറത്തിരുന്നും
അവളുടെ സൈക്കിളിന്റെ വരവിനായ്
ഞാൻ പാളിനോക്കും.
പൊട്ടിയൊലിച്ചുപോയ വഴിതാണ്ടാൻ
അവളിനിയുമെന്നെ കൂട്ടുമെന്ന്   
വെറുതെയാശിച്ച് മരവിച്ചിരിക്കും.

അന്ന്
മണ്ണടരുകൾക്കടിയിൽ
എനിക്കൊപ്പമവളുണ്ടായിരുന്നില്ലെന്ന്
ഓരോ കാറ്റും മറിച്ചുനോക്കുന്ന താളിൽ
കറുത്തുരുണ്ട വലിയ അക്ഷരങ്ങളായ് 
വീണ്ടും വീണ്ടും ഞാനെന്നെ വായിക്കുന്നു.
__________________________________________

2018, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

അപരാജിത

ഒരിളം തെന്നൽ
പോലും
തൊട്ടുനോക്കാത്ത
ഒരുടലിൽ നിന്ന്
നീയെന്നെയൊരു
കൊടുങ്കാറ്റായഴിച്ചെടുക്കുന്നു.

വസന്തം നുകരാത്ത
ചില്ലയറ്റത്തായ്
പണിതൊരുക്കുന്നു 
ശലഭങ്ങൾക്കൊരു മേട.  

കാറ്റിനു ചൂളം വിളിക്കാൻ
കിളിയൊച്ചകളൊടിച്ചുകുത്തി  
കടവിലൊരു മുളംകാട്.
 
ഒരു തുള്ളി മഴയെടുത്ത്
നീട്ടി നിവർത്തി വിരിച്ച്
തെളിനീരിനു പാടാനൊരരുവി.

കരകാണാക്കടല് കൊയ്യാൻ
ഉച്ചവെയിലിന്റെ നെറ്റിയിൽനിന്ന്
ഒരിറ്റു വിയർപ്പു കൊണ്ടൊരു വിത.

രാവിന് പൊട്ടുകുത്താൻ
പൂവാക പെറ്റ നിറങ്ങളിൽനിന്ന്
നുള്ളിയെടുത്തൊരിതൾ.

വരി ഒന്ന് വായിച്ച്
കിനാക്കൾ നൂറ് മെനയുന്നവളേ,

ഒരിലയുടെ പച്ച വരച്ച്
കാടായ് ചുവക്കുന്നവൾ നീ..!

2018, സെപ്റ്റംബർ 5, ബുധനാഴ്‌ച

മടുപ്പിന്റെ പുസ്തകം
നിവർത്തിവെയ്ക്കുന്നേരം 
ആദ്യം വായിക്കുംപോൽ  
അതിശയത്തിന്റെ
പരകോടിയിൽ നിന്നുകൊണ്ട് 
അത്രയും കനിവോടെ 
വിരൽത്തുമ്പു നീട്ടി  
നീയൊരു നിറതാൾ
അടർത്തിയെടുക്കുന്നു.

ഒരിറ്റു വാക്കു കുടഞ്ഞ് 
ഉയിരാകെ നനച്ച് 
ഞാനാകും ഭാരത്തെ
ഒരു ചുംബനം കൊണ്ട്
നീയൊരപ്പൂപ്പൻതാടിയായ്
ഉയർത്തിയെടുക്കുന്നു.

കാണായ മറുകിനെ
കാടെന്നു തൊട്ട്
കേൾക്കായൊരൊച്ചയെ
പാട്ടെന്ന് പേരിട്ട് 
നോക്കായ കൺകളെ
കനവെന്നു തഴുകീട്ട് 
പകലിന്റെ തൂവാലമേൽ
നീയൊരു ചാറ്റൽമഴ
തുന്നിവെയ്ക്കുന്നു.

ഒരു മായാജാലക്കാരന്റെ 
മുന്നിലെന്നപോലെ
തിരയെന്നു ഞൊറിഞ്ഞ്
കടലെന്നു ചമഞ്ഞ് ഞാനും.

2018, സെപ്റ്റംബർ 4, ചൊവ്വാഴ്ച

ഒരു നേർത്ത
മഞ്ഞുതുള്ളിയിൽ
നിന്റെ മുഖം വരച്ച്
മൂക്കിന്നോരത്ത്
ഞാനത് പതിയെ
ചേർത്തുവെയ്ക്കുന്നു.

തഴുകിപ്പോകുന്ന
ഇളം കാറ്റിനെ
നിന്റെ പേരുചൊല്ലി
വിളിക്കുന്നു.

പറന്നുപോകുന്ന
കിളികൾക്ക്
പൊതിച്ചോറായ്
നീ പാടിയ രാഗം
കൊടുത്തുവിടുന്നു.

മഴവില്ലിന്നോല
മെടഞ്ഞ്
നിനക്കു പാർക്കാൻ 
ഞാനൊരു
പുര കെട്ടുന്നു.

അവിടെ
നിനക്കിരിക്കാൻ
നിലാവ് മെഴുകിയ
വരാന്ത.

നമുക്കുറങ്ങാൻ
കിനാവ് തുന്നിയ
പുൽപ്പായ.

പറയാനറിയില്ലെൻ
പ്രണയമേ
നീയുരുകുമ്പോൾ
ഞാൻ വിയർക്കുന്ന വേദന.

2018, ഓഗസ്റ്റ് 26, ഞായറാഴ്‌ച

പ്ര(ള)ണയാനന്തരം

മഹാപ്രളയത്തിന്റെ
പതിനൊന്നാം ദിവസം.

മഴയൊടുക്കത്തിൽ 
ഞാനെന്നെ മെടഞ്ഞെടുത്ത
പുരയിരുന്നിടത്തേയ്ക്ക്.

അടയാളമായ്പ്പോലും
ഒന്നും ശേഷിക്കാതെ
പുതഞ്ഞുപോയൊരോർമ്മ.

ഉള്ളിലുറങ്ങുകയാവും
മുടങ്ങാതെയെന്നും
കണ്ണെഴുതിച്ച കുന്നിമണികൾ.

പെറ്റു പെരുകാൻ
മയിൽപ്പീലികളില്ലെന്ന് 
മാനത്തു ചിരിക്കുന്ന മഴവില്ല്.

ഒരിക്കൽ മാത്രമെഴുതി
നനച്ചൂട്ടിയൊരു വാക്കിന്റെ
ദിഗ്മുഖങ്ങളിലൊന്നിൽ ചാഞ്ഞ്
അടിയറ്റുറങ്ങുകയാവും
നിറയെ ചിരിച്ചുനിന്ന പൂവാക.

വേരിന്നറ്റത്ത്
വരികൾ മാഞ്ഞടർന്ന്
വിളറി വെളുത്തിരിക്കുന്നു
അച്ഛനെഴുതിച്ച ജാതകപുസ്തകം.

മരിച്ചിട്ടുമൊഴുകിപ്പോകാത്തവൾക്ക്  
പുരയില്ലാത്തമണ്ണ് നനയ്ക്കാൻ
തടമുഴുതുയിർകൊള്ളുന്നു 
തെളിനീരിന്റെ രണ്ടുറവകൾ.

2018, ഓഗസ്റ്റ് 12, ഞായറാഴ്‌ച

അകമുറി

നീയെന്റെ
രഹസ്യമൊഴികളുടെ
കാവൽക്കാരൻ.

കോറിയിട്ടത്
ചിരിയുടെ
ചിന്തയുടെ
കരച്ചിലിന്റെ
നിശ്വാസത്തിന്റെ 
വരകൾ.

ഒരുവരയൊഴുക്കിൽ
വേരറ്റുടലറ്റ്
നിലയറ്റുപോയവനേ,

എവിടെ നട്ടുവെയ്ക്കും
ഞാനീ വെളിച്ചത്തെ
എവിടെയുറക്കിക്കിടത്തും
ഞാനീ ഇരുട്ടിനെ.

മാഞ്ഞുപോകുന്നു 
നിന്നിലെ വരകൾ പോലെ
ഞാനുമെന്റെ പകലിരവും.

2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

മീശ/കഥ

നിറയെ ജലമാണ്,അതിൽ ജീവന്റെ സ്പന്ദനങ്ങളാണ്.
ജലത്തിന്റെ കയറ്റിറക്കങ്ങളിൽ തിരിയുന്ന ജീവിതചക്രം.
ഉഭയജീവികളായ പച്ചയായ കുറെ മനുഷ്യർ.മുങ്ങിയൊന്ന്
നിവരാൻ തോന്നിയതേയില്ല.ഇടയ്ക്കെപ്പൊഴൊക്കയോ കൂടെപ്പൊറുക്കുന്നവനോടെനിക്കും ചോദിക്കാൻ തോന്നി ,
നിങ്ങക്കും വെച്ചൂടെ വാവച്ചന്റേതുപോലെയൊരു .........
ഓരോ തവണയും മുഴുമിപ്പിക്കാതെ വിഴുങ്ങി .

ഒരപ്രധാനകഥാപാത്രത്തിനുവേണ്ടി പത്രോസ് പുലയനെക്കൊണ്ട്
വാവച്ചന് മീശ വെട്ടിയൊതുക്കി,മിനുക്കിയെടുക്കുമ്പോൾ
എഴുത്തച്ഛന് അറിയാമായിരുന്നോ ആ മീശ കരുത്തിന്റ
രാഷ്ട്രീയത്തിലൂടെ നടന്ന് നാടായ നാടുകളിലൊക്കെ പടർന്ന്
പന്തലിക്കുമെന്ന്.

എതിരാളികൾ ഇരുപത്തിനാലിലച്ചക്രത്തിൽ നിന്ന് തലകുത്തി
വീണിട്ടും ഒന്നും പറ്റാത്ത മീശ.
ഈച്ചയായും ഉറുമ്പായും മീശ വരുമെന്നു കരുതി ഈച്ചേം ഉറുമ്പിനേം
പോലും ഒരു മേനോനെക്കൊണ്ട് കൊല്ലിച്ച മീശ.
"നിന്റെ നിഴൽ മതി എനിക്ക് കഴിയാൻ" എന്ന് മീശവെച്ച ഔസേഫിനെക്കൊണ്ട് പറയിച്ച വമ്പൻ മീശ.

സീതയും മലയായിലേയ്ക്കുള്ള വഴിയും തിരഞ്ഞു നടക്കുന്ന
മീശ.
"എനിക്ക് വലുതായിട്ടൊരു യാത്തിര പോണേ" എന്ന് കൂടെപ്പൊറുത്ത
പെണ്ണിനോട്,(" പന്ത്രണ്ടു വർഷം കഴിഞ്ഞേ തിരിച്ചു വരാവൂ."എന്ന്
അമ്മ പറഞ്ഞതനുസരിച്ച് )യാത്ര പറഞ്ഞ് പോകുന്ന മീശ
.......................

മീശ വളരുകയാണ്.വാവച്ചനെന്ന പേരിനപ്പുറത്തേയ്ക്ക്.പല പല
നാടുകളിലിരുന്ന് പലരാൽ മിനുക്കിയെടുക്കപ്പെട്ട്,പോകുന്നിടമൊക്കെ
നിഴൽ പരത്തി ഒരു പ്രതീകമായി ആകാശത്തോളം വളരുന്ന മീശ.

"നീയുണ്ടാകുന്നതിന് മുമ്പുള്ള പാട്ടിലൊക്കെ നീയെങ്ങനെ വന്നു?" എന്ന് തന്നെയോർത്ത് അതിശയപ്പെടുന്നുണ്ട് മീശ.

വരിയുടെ പിറകിൽ നിൽക്കുന്ന ആരെങ്കിലും
"എങ്ങനുണ്ട് മീശ "
എന്നു ചോദിച്ചാൽ ഞാൻ ഉറക്കെത്തന്നെ പറയും
"ഹോ ഭയങ്കരൻ "
"അല്ല യമണ്ടൻ"

കഥ വായിക്കുമ്പോൾ കുട്ടികളെപ്പോലെയാകണം.
"കഥ കേൾക്കുന്നതിനിടെ അതിന്റെ ഘടന പോരെന്നോ
ശ്രദ്ധിച്ചാൽ അതൊന്നുകൂടി നന്നാക്കാമായിരുന്നെന്നോ
അതിന്റെ കാലഗണന കണക്കുകൂട്ടിയത് തെറ്റിപ്പോയെന്നോ
കഥാപാത്രങ്ങളും സന്ദർഭങ്ങളും വേണ്ടത്ര വികസിച്ചില്ലെന്നോ
അവർക്ക് തോന്നില്ല."
അവർ ," കഥ നല്ലതെന്നു തോന്നിയാൽ മുഴുവൻ ഹൃദയവുമായി
ശ്രദ്ധിക്കും.പറക്കുന്ന കടുവകളും സംസാരിക്കുന്ന കുരങ്ങന്മാരും
വഴിമാറിക്കൊടുക്കുന്ന മലകളും മായാസീതമാരും കുളത്തിന്റെ
കാവൽക്കാരായ യക്ഷന്മാരും യഥാർത്ഥത്തിൽ ഉണ്ടെന്ന്
അവർക്കറിയാം.വെളളം വീഞ്ഞാകുന്നതും കടലിനുമീതെ
നടക്കുന്നതും സ്വാഭാവികമാണെന്നറിയാവുന്നതുകൊണ്ട് ,പാമ്പിന്റെ
പകയിലും ആനയുടെ ഓർമ്മയിലും കുറുക്കന്റെ കൗശലത്തിലും
സംശയിക്കാത്തതുകൊണ്ട് നിങ്ങളുടെ കഥ കാലത്തെ
അടയാളപ്പടുത്തുന്നില്ല എന്നവർ ഓർമ്മിപ്പിക്കില്ല.കഥ മോശമാണെങ്കിൽ അതിനെ അവഗണിച്ച് വേറെന്തെങ്കിലും
കാര്യത്തിൽ മുഴുകിക്കോളും."

ചരിത്രം അറിയാമെങ്കിലും അറിയില്ലെന്നു നടിക്കുന്നവർ ,
ഒന്നുമറിയില്ലെങ്കിലും എല്ലാമറിയാമെന്ന് നടിക്കുന്നവർ ,
എന്തിനൊക്കെയോവേണ്ടി ചരിത്രം മറക്കുന്നവർ.
സ്ത്രീവിരുദ്ധർ,തെറിവാക്ക് പറയുന്നവർ,തേയ്ച്ചുമിനുക്കിയ
ഭാഷയിൽ സംസാരിക്കുന്നവർ ,നന്മയുടെയും തിന്മയുടെയും
പ്രതിരൂപങ്ങൾ....മനുഷ്യർ നാനാവിധം. അതിലൊരാളാകാനേ
കഴിയൂ ഒരു കഥയിൽ വന്നുപോകുന്ന കഥാപാത്രത്തിനും.

തുളയുണ്ടെങ്കിലും കാതിൽ കടുക്കനില്ലാത്ത,നാടകംകളിക്കാൻ
വന്ന ഉടുപ്പിട്ട എഴുത്തച്ഛൻ മീശ മിനുക്കിവെച്ചത് വാവച്ചനെന്ന
'പെലേന്റെ' മുഖത്തായതുകൊണ്ടാവാം കഥയ്ക്ക് പുറത്ത്,
"അമ്മയുടെ കാര്യമോർത്താൽ പൊറുക്കാത്ത,ദേഹം നൊന്താൽ
പൊറുക്കാത്ത " ആ വലിയ മീശ കത്തിയെരിഞ്ഞത്.

കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ , ശ്രീ.ടി.പത്മനാഭൻ
'ലോകം ഭ്രാന്തിനും ആത്മഹത്യക്കുമിടയിലാണ് 'എന്ന കുറിപ്പിൽ
ഇങ്ങനെയെഴുതുന്നു,

" ഇത് ദുഃഖം നിറഞ്ഞ അവസ്ഥയാണ്. എഴുത്തുകാർക്ക് സ്വസ്ഥത
നഷ്ടപ്പെടുമ്പോൾ,ലോകം ഭ്രാന്തിനും ആത്മഹത്യക്കുമിടയിലാണ്
എത്തുന്നത്.സ്വാതന്ത്ര്യത്തിന്റെയും ഭാവനയുടെയും അതിർത്തികൾ
ചുരുങ്ങുമ്പോൾ ലോകം അവസാനിക്കുന്നു."



"പാണ്ഡിത്യമെന്നത് ഇടവിടാതെയുള്ള ഗ്രന്ഥപരിചയവും
കൈകാര്യം ചെയ്യലുമാണ്.എപ്പോൾ പുസ്തകം
അടച്ചുവെയ്ക്കുന്നുവോ അപ്പോൾ പാണ്ഡിത്യവും അപ്രത്യക്ഷമാകും."
എം.കൃഷ്ണൻ നായർ (സാഹിത്യവാരഫലം)