പതിവുപോലെ
നമ്മളിന്നും
വരയ്ക്കാനിരിക്കുന്നു.
വെള്ള,
മഞ്ഞ,ചുവപ്പ്
നിരത്തി വെച്ച്
നീ തൂവൽ കുടയുന്നു.
കാടും പുഴയും വാനവും
എങ്ങനെയാണ്
പച്ചയും നീലയുമില്ലാതെയെന്ന്
ഞാൻ
നോക്കിയിരിക്കുന്നു.
എന്റെ പുഴ
ഉണരുന്നതിനുമുമ്പേ
നിന്റെ കടൽ
തിരയിളക്കുന്നു.
എന്റെ പച്ചയിൽ
ഒരില തളിർക്കുമ്പോൾ
നിന്റെ മരക്കൊമ്പ്
ഒരൂഞ്ഞാൽ കെട്ടുന്നു.
ഞാനെന്റെ പുഴയെ
വാരിയെടുത്ത്
ദാവണിയാക്കുമ്പോൾ
നീയൊരു വിണ്‍മണ്ഡലം
വിരിച്ചിടുന്നു.
നമ്മൾ,
കറുത്ത പൊട്ടുകളായ്
നീലയിലേക്ക് ചിറകടിക്കുന്നു.