2019, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

മുറിവടയാളങ്ങളുടെ ഭൂപടം

മാറു മറയ്ക്കാൻ
വിരലുകൾ
മാത്രമായിരുന്നു
തുണയെന്ന്  
തെരുവിലെ 
രാത്രിയെക്കുറിച്ച്
അയലത്തെ പെൺകുട്ടി
വിറങ്ങലിക്കുമ്പോൾ
പാൽ ചുരത്തിയ
കോശങ്ങളെ
അടർത്തിയെറിഞ്ഞ്
ഞാനെന്റെ മുലകളിരുന്നിടം  
വേവു മൂടി
തുറന്നു പിടിക്കുന്നു.

ഇന്നലെ മരിച്ചവന്റെ
ആത്മഹത്യാക്കുറിപ്പ്‌
വീണ്ടും വായിച്ച്
എഴുതാതെപോയ 
വരികളോർത്ത്
ഞാനെന്റെ വിരൽത്തുമ്പ് 
മുറിച്ചു മാറ്റുന്നു.

കൊലചെയ്യപ്പെട്ട
കുഞ്ഞുങ്ങളുറങ്ങുന്ന   
മൺകൂനകൾക്കുമേൽ
കണ്ണീരൊഴുക്കി
കാഴ്ചയുടെ വരമ്പിൽ
കണ്ണുകൾ നഷ്ടപ്പെട്ട് 
ഞാനെന്റെ കൺപോളകൾ
കത്തിക്ക്  വരയുന്നു.

ഭ്രാന്തിന്റെ മുന
വീശിയെറിഞ്ഞ്
എന്തിനെന്നറിയാതെ  
ചോരചീറ്റിപ്പായുന്ന    
പകലിരവുകളിൽ
കനംതൂങ്ങി മരവിച്ച് 
ഞാനെന്റെ  തലച്ചോർ  
വെട്ടി നുറുക്കുന്നു.

പേറ്റുനോവുകളുടെ
ചരിത്രത്തിൽ  
മനുഷ്യനെന്ന ജീവി
ഏതോ സാങ്കല്പികകഥയിലെ 
ഒരു കഥാപാത്രമായിരുന്നെന്ന്
അടുത്തകാലം തന്നെ
വായിക്കപ്പെടുമെന്ന്,
ഞാനാകെ മുറിയുന്നു.