2013, ഡിസംബർ 18, ബുധനാഴ്‌ച

പണ്ടു പണ്ടൊരു ദിവസം ........
സമ്പാദ്യശീലം വളർത്തിയെടുക്കാൻ  എനിക്കും അച്ഛൻ  വാങ്ങിത്തന്നു  ഒരു
കുടുക്ക , നല്ല ചേലുള്ള ഒരു മണ്‍കുടുക്ക.
അച്ഛൻറെ മേശപ്പുറത്തെ ചുവന്നമഷികൊണ്ട്  അവൾക്കു ഞാൻ ചുണ്ടുകൾ
കൊടുത്തു .കണ്ണേറ് കൊള്ളാതെ കണ്‍മഷികൊണ്ടൊരു കാക്കപ്പുള്ളിയും .

പിഴുതെടുക്കുന്ന  വെള്ളിനരകളുടെ എണ്ണം നോക്കി അച്ഛൻ തരുന്ന തുട്ടുകൾ ,
'പരപരാ വെളുക്കുംമുന്പ്  പെറുക്കിക്കൂട്ടുന്ന കശുവണ്ടികൾക്ക് അമ്മ തരുന്ന
തുട്ടുകൾ ,അപൂർവ്വം ചില ഘട്ടങ്ങളിൽ പീടികയിലേക്ക്‌ പറക്കുന്നതിന് അമ്മ
കൂലിയായ്‌  തരുന്ന തുട്ടുകൾ , എന്റെ ധനാഗമത്തിന്റെ മൂന്നേമൂന്നുവഴികൾ.

സമ്പാദ്യത്തേക്കാൾ വളരാൻ തുടങ്ങി എൻറെ ആവശ്യങ്ങൾ .കൂടെപഠിക്കുന്ന
കുട്ടിക്ക് ഒരു പെൻസിൽ ,ഒരു ബുക്ക് ..........അന്ന് പല വഴിയോരകാഴ്ചകളിലും
നിറഞ്ഞുനില്ക്കും ,വിശപ്പിന്റെയും അംഗവൈകല്യങ്ങളുടെയും പച്ചമുഖങ്ങൾ .
ഒരു മാലയോ വളയോ ഒന്നും എന്റെ ആവശ്യങ്ങളുടെ പട്ടികയിൽ ഒരിക്കലും
കടന്നുകൂടിയതേയില്ല.

വയറുനിറയാതെ പുന്നാര കുടുക്ക അലമാരയുടെ ഏറ്റവും മുകളിലത്തെ തട്ടിൽ
വിശ്രമംകൊണ്ടു. മറ്റു കുടുക്കകൾ പൊട്ടുന്നതും നാണയങ്ങൾ കിലുക്കത്തോടെ
ചിതറുന്നതും പിന്നെ  വലിയസംഖ്യയായി വിളിക്കപ്പെടുന്നതും അലസമായി
നോക്കിയിരുന്നു പലപ്പോഴും.

കശുമാവുള്ള പറമ്പിലെ വീട്ടിൽ നിന്ന് അച്ഛമ്മ ഉറങ്ങിയ വീട്ടിലേക്ക് താമസം
മാറ്റിയപ്പോഴും  അലമാരയിൽ നിറഞ്ഞുപൊട്ടാൻ  യോഗമില്ലാതെ എന്റെ
പുന്നാര കുടുക്ക കൂടെപ്പോന്നു .ഇനി ഒരേയൊരു ധനാഗമമാർഗം അച്ഛന്റെ
വെള്ളിനരയാണെന്ന്  അറിയാമായിരുന്നെങ്കിലും  നരയ്ക്കാതിരിക്കാൻ  തന്നെ
ഞാൻ ആഗ്രഹിച്ചു .

പുതിയ സ്കൂളിലേക്കുള്ള യാത്രാമധ്യേയാണ്  ലക്ഷ്മണേട്ടനെ കാണുന്നത് .
രണ്ടു  കാലിനും ചലനശേഷിയില്ലാത്ത , കൈകളിലും  കാൽമുട്ടിലും തേഞ്ഞ
ചെരുപ്പുകളിട്ട് , നിരങ്ങി നീങ്ങുന്ന ആജാനുബാഹുവായ ഒരാൾ .നരച്ചു നീണ്ട്
അഴുക്കുപിടിച്ച മുടിയും താടിയും . മുഷിഞ്ഞുകീറിയ ഷർട്ടും പാന്റ്സും .അയാൾ
വായ തുറക്കുന്നത് ചീത്തവിളിക്കാൻ വേണ്ടി മാത്രമാണെന്ന് കൂട്ടുകാർ .വേഗത
കൂട്ടിയപ്പോൾ  പെൻസിൽബോക്സിനുള്ളിലിരുന്നൊരു  തുട്ട്  ചിരിച്ചു . തിരിച്ചു
നടന്ന് ,അതെടുത്ത് ലക്ഷ്മണേട്ടന് കൊടുത്ത് ,  ഞങ്ങൾ ആദ്യമായി ചിരികൾ
കൈമാറി .അതിൽപ്പിന്നെ എൻറെമുന്നേ നടക്കുന്നവർക്കും എൻറെപിന്നാലെ
നടന്നുവരുന്നവർക്കും ചീത്തവാക്ക്‌ കേൾക്കേണ്ടി വന്നതേയില്ല .

അലമാരയിൽനിന്നെടുത്ത് കുടുക്കയെ മേശപ്പുറത്തിരുത്തി,പട്ടിണിക്കിടില്ലെന്ന്

ഉറപ്പും  കൊടുത്തു . തേഞ്ഞുതീരാറായ  പെൻസിൽകൊണ്ട് വളരെ  പാടുപെട്ട്
എഴുതാൻ ശീലിച്ചു .വീട്ടിലെ മറ്റ് മേശപ്പുറങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
കണ്ടെത്തുന്ന പെൻസിലുകൾ പെറുക്കിയെടുത്ത് എഴുതാൻ തുടങ്ങി .മെല്ലെമെല്ലെ
എന്റെ കുടുക്കയുടെ ഭാരം കൂടാനും തുടങ്ങി .

ഒരു ദിവസം അത്താഴം കഴിക്കാനിരിക്കുമ്പോൾ  ലക്ഷ്മണേട്ടന് ഒരു ഉടുപ്പോ
ചെരുപ്പുകളോ വാങ്ങിക്കൊടുക്കാൻ സമ്പാദ്യം തുടങ്ങിയ കാര്യം രഹസ്യമായി
അച്ഛനോട്  പറഞ്ഞത്  അമ്മയുടെ ചെവിയെടുത്തു . 'പട്ടാളക്കാരനായിരുന്ന
ആൾ ,ചാരായം കുടിക്കാൻ പൈസ ചോദിച്ചിട്ട് കൊടുക്കാതിരുന്ന , പ്രായമായ
അമ്മയെ ചവിട്ടിയതുകൊണ്ടാണ് കാലുകൾക്ക് ചലനശേഷി നഷ്ടമായതെന്ന് 
തുടങ്ങി ഒടുവിൽ എന്റെ കോപ്പിയെഴുത്തിൽ വന്ന മാറ്റം വരെ പറഞ്ഞുനിർത്തി ,
അമ്മ പിൻവാങ്ങി .

രാവിലെ എന്റെ മണ്‍കുടുക്ക മേശപ്പുറത്തുനിന്നു വീണ് പൊട്ടിച്ചിതറിയപ്പോൾ
അമ്മ,ക്ലാസ്സിലെ പിൻബഞ്ചിലിരിക്കുന്ന കുട്ടിക്ക് കേൾക്കാൻ പറയുന്നതിനേക്കാൾ
ഉച്ചത്തിൽ ഇളയ സന്താനത്തിന്റെ 'ഗുണഗണങ്ങൾ 'എണ്ണിയെണ്ണി വിളമ്പി
രോഷം തീർത്തു . ഞാനുമോർത്തു 'ഇങ്ങനെയുണ്ടോ ഒരു സന്തതി !

നിലത്ത് ചമ്രംപടിഞ്ഞിരുന്ന്  ഓരോ കഷണങ്ങളും പെറുക്കിയെടുത്തു .പലതായി
മുറിഞ്ഞുപോയ ചുണ്ട് .കവിളിലെ മായാത്ത കാക്കപ്പുള്ളി .ഉടൽ പേറിയ തണുപ്പ് ,
ഉള്ളിൽ സൂക്ഷിച്ചുവച്ചിരുന്ന നാണയങ്ങളിൽ നഷ്ടപ്പെട്ട് , രൂപം വെടിഞ്ഞ് ,
പേരുടഞ്ഞ് , വിരൽതുമ്പിൽ കഥയറിയാതെ  അവൾ ....................

2013, ഡിസംബർ 15, ഞായറാഴ്‌ച

രാത്രി പതിനൊന്നു മണിക്ക് താമരശ്ശേരി ചുരം കയറുമ്പോൾ കൂരിരുട്ടിനെ
വകഞ്ഞു മാറ്റുന്ന ഹെഡ് ലൈറ്റിന്റെയും  എതിരെ വരുന്ന  വലിയ
വാഹനങ്ങളുടെ തുളച്ചുകയറുന്ന വെളിച്ചവുമല്ലാതെ താഴെ വന്മരങ്ങളിൽ
അങ്ങിങ്ങ് മിന്നാമിനുങ്ങുകൾ പോലെ കുഞ്ഞു വെളിച്ചവും മാത്രം .

പല നേരങ്ങളിൽ പല പല ഭാവങ്ങളിൽ , സ്വർഗീയമായ അനുഭൂതി
സമ്മാനിച്ച് ,  അനുഗ്രഹിച്ച പ്രകൃതി !
രാവിലെ  ഓരോ നിമിഷങ്ങളും വിസ്മയത്തോടെ പെറുക്കിവച്ചത് .
പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുന്ന ഒരുവളുടെ അവസ്ഥ , എന്നെ ഞാൻ
അവളിലേക്ക്‌ പറിച്ചുനട്ട നിമിഷങ്ങൾ. നിറങ്ങളില്ലാത്ത ഒരു ലോകം .
അവിടെ ഒറ്റയ്ക്ക് ശബ്ദങ്ങളിലൂടെ രൂപം അറിഞ്ഞ് , കേട്ടിട്ടില്ലാത്ത
ശബ്ദങ്ങളുടെ രൂപം തിരഞ്ഞ് ......കൂരിരുട്ടിനെ എങ്ങനെയൊക്കെ
നിർവചിക്കാമെന്ന്  ചിന്തിച്ച് , തപ്പിത്തടഞ്ഞ് .............

*









2013, ഡിസംബർ 6, വെള്ളിയാഴ്‌ച

മഴപോലൊരുവൾ


അമ്മയുടെ പ്രായമായിരുന്നു
എന്റെ യമുനേടത്തിക്ക്
നീണ്ടുചുരുണ്ട മുടിത്തുമ്പിലെ
തിളങ്ങുന്ന നീർത്തുള്ളികൾ
യമുനേടത്തിയുടെ കണ്ണീരാണെന്ന്
വിശ്വസിച്ചതുകൊണ്ടാവാം
ഞാൻ നന്നായി തലതോർത്താൻ ശീലിച്ചത്
മഞ്ഞുകാലത്തെ ഒരു സന്ധ്യാസമയത്താണ്
മുപ്പത്തഞ്ചുകഴിഞ്ഞ അവിവാഹിതയായ യമുനേടത്തി
മൂന്നു കുഞ്ഞുങ്ങൾക്ക്‌ അമ്മയായത് .

തൊഴുത്തിലും ഉരൽക്കളത്തിലും കൂട്ടംകൂടി നിന്ന്
'അവളുടെ യോഗമെന്ന് പെണ്ണുങ്ങൾ നെടുവീർപ്പിട്ടു
അനുജത്തിയുടെ സാരിയിൽ കടന്നുപിടിച്ച
തീയുടെ രഹസ്യമറിയാൻ കാത്തുനില്ക്കാതെ
കുട്ടികളുടെ അച്ഛന് യമുനേടത്തി ഭാര്യയാകുമെന്ന്
പെണ്ണുങ്ങൾ പരസ്പരം അടക്കം പറഞ്ഞു .
കുട്ടികളെ ഊട്ടിയും ഉറക്കിയും
'എനിക്ക് അമ്മയാവാനേ കഴിയൂ ' എന്ന്
ആ വിരലുകൾ എന്റെ മുടിയിഴകളോടും
ഇടയ്ക്കിടയ്ക്ക് പറഞ്ഞു കൊണ്ടിരുന്നു .

അടുക്കളവാതിൽ പതിയെ തുറന്നെത്തുന്ന
ആവിപറക്കുന്ന മീൻകറിക്ക് മീതെ
എരിവുംപുളിയും ചേർത്ത്
ഞാൻ കോരിയൊഴിക്കുന്ന കോളേജ് വിശേഷങ്ങളിലെ
വാക്കുകളുടെ പാലത്തിൽ കയറി  യമുനേടത്തി
തിരക്കുള്ള ബസ്സിൽ ഓടിക്കയറും
എന്റെ കൂട്ടുകാരോടൊത്ത് സൊറപറഞ്ഞു നടക്കും
ഒടുവിൽ വിരലുകളിൽ പറ്റിപ്പിടിച്ചുണങ്ങിയ
വറ്റുകളിൽ നിന്ന്  ഞങ്ങളൊരുമിച്ച്
സമയസൂചികൾ എണ്ണിപ്പെറുക്കും

പെട്ടെന്നൊരു ദിവസം
യമുനേടത്തിയുടെ കിടക്ക
മരുന്നുമണമുള്ള മുറിയിലേക്ക് മാറ്റി
ആ ദിവസം മുതലാണ്‌
ഒരു വാക്കുകൊണ്ടോ സ്പർശം കൊണ്ടോ
വിശേഷങ്ങൾ ചുരുക്കിപ്പറയാൻ ഞാൻ പഠിച്ചത് .

സുവോളജി ലാബിലെ പലകയിൽ
നീണ്ടുമലർന്നു കിടന്ന തവളയിൽ നിന്ന്
നിലത്ത് കത്തിച്ചുവച്ച നിലവിളക്കിനു മുന്നിൽ
വെള്ള പുതച്ചുറങ്ങുന്ന യമുനേടത്തിയിലെത്താൻ
അന്നുവരെ  നടന്നു തീർത്ത  ദൂരം തികയാതെ
എന്റെ കാലുകൾക്ക് നീരു വന്നു .
അന്ന് രാത്രിയാണ് മഴ വിങ്ങിപ്പൊട്ടുന്നത്
ആദ്യമായി ഞാൻ കേട്ടതും .

തലമുടിയിൽനിന്ന്  ഇറ്റിറ്റുവീഴുന്ന വെള്ളം
എനിക്കിന്നും എന്റെ യമുനേടത്തിയുടെ കണ്ണീരാണ് .

2013, ഡിസംബർ 4, ബുധനാഴ്‌ച

എന്തെങ്കിലും മോഹം ?
ആവർത്തിക്കപ്പെട്ട ചോദ്യത്തിനൊടുവിൽ ചിരിമായാത്ത ഉത്തരം .
മോഹിചിട്ടെന്താ ? ആരോട് പറയാൻ ?
ഇതൊരു തിരക്കഥയുടെ അവസാനവരികളല്ല .ചെറിയ സ്ക്രീനിൽനിന്ന്
ഇറങ്ങി വന്ന് മനസ്സ് കുത്തി നോവിച്ച ഒരു സാധുവിന്റെ വാക്കുകൾ .പല
മുഖങ്ങൾ വന്നുപോയെങ്കിലും എന്തെന്നറിയില്ല ആ മുഖം ഇടയ്ക്കിടയ്ക്കിങ്ങനെ.
വലിയ മതിൽക്കെട്ടിനകത്തെ വീട്ടിലെ ചുവരുകളോടുപോലും തന്റെ മോഹം
വെളിപ്പെടുത്താതെ ...ആളും ആരവവും അതിയായി ആഗ്രഹിക്കുമ്പോൾ
മതിലിനരികിൽ ചെന്നുനിന്ന് റോഡിലേയ്ക്ക് നോക്കിയങ്ങനെ ......കുറച്ചേ
കേൾക്കാനായുള്ളൂ .
ഒരു മോഹം തോന്നുക , ഈ ഭൂമിയിൽ അത് ആരുമായും പങ്കുവയ്ക്കാനില്ല
എന്ന് തിരിച്ചറിയുക വല്ലാത്ത ഒരവസ്ഥ തന്നെയാണ് .അനാഥത്വത്തിന്റെ,
തീവ്രത ഏറ്റവുമധികം അനുഭവിച്ചറിയുന്ന നിമിഷം .

എന്നിലെ നിസ്സഹായാവസ്ഥയിലേക്ക് ആ ഇരുട്ട് പടരുമ്പോൾ അവരറിയാത്ത
ഒരു ഇരുട്ടിൽ ഞാനും തപ്പിതടയുകയാണെന്ന് എങ്ങനെ അവരോടു പറയാൻ ,
അതുപോലെയോ അതിനേക്കാൾ വലുതോ ... എങ്ങനെ ബോധ്യപ്പെടുത്താൻ.

മതിലിനു പുറത്തുള്ള നാടും നാട്ടുവർത്തമാനങ്ങളും വാർത്തകളും അന്യമായ ആ 
സാധുവിനോട്  എവിടെ തുടങ്ങി എങ്ങനെ അവസാനിപ്പിക്കാൻ ???
രാജാവും വിദൂഷകനും ചേർന്നു തുന്നിതരുന്ന ഒരു കുപ്പായമിട്ട് ആടിത്തകർക്കുന്ന
ഒരു പമ്പരവിഡ്ഢിയുടെ വേഷമാണ് എനിക്കെന്ന്,
അല്ല ഞങ്ങൾക്കെന്ന് .....

2013, നവംബർ 19, ചൊവ്വാഴ്ച

വിലാപ പർവ്വം

എനിക്ക്  ഒരു വീടേയുള്ളു
മരം പെയ്ത് തണുക്കുന്നൊരു വീട്
അത് എനിക്കെൻറെ മകന് കൊടുക്കണം
അവനും ജനാലകൾ മലർക്കെ തുറന്നിടണം .

നിങ്ങൾക്ക് പലപല ദേശങ്ങളിൽ
വീടുകളുണ്ടാവും
ഉരുൾ പൊട്ടലിൽ നിന്നും ചുടുകാറ്റിൽ നിന്നും
മാറിനിന്ന് ജീവിതം ആഘോഷമാക്കാൻ .
നിങ്ങൾ വായിക്കുന്ന ശാസ്ത്രപുസ്തകത്തിൽ
ആഗോളതാപനമില്ല ,
മലിനീകരണമില്ല ........
'വികസനം മാത്രം .
മണൽ വാരി,മല മാന്തി ,കാടുവെട്ടി, കടൽക്കരവിറ്റ്
കൊടിക്കൂറകൾ മാറിമാറി നിങ്ങൾ വികസിക്കും
പിന്നിൽ 'തത്തകളെ അണിചേർത്ത്
ചരട് വലിക്കുന്നതിന് മുന്പ് ,
വലിയവരേ , നിങ്ങൾ
ഒരിക്കലെങ്കിലും ഭൂപടം നോക്കണം .

നാളെ, ഉപഗ്രഹവാർത്തകളിൽ
ഞങ്ങളൊരു  പ്രകൃതിദുരന്തമായി
വായിക്കപ്പെടുമ്പോൾ
നിങ്ങൾ ഏതോ നാട്ടിലെ മാളികയിലിരുന്ന്
കടലകൊറിച്ച്‌ ,
കരയിൽ പൊന്തിവരുന്ന
ഞങ്ങളുടെ അവയവഭാഗങ്ങൾ എണ്ണിനോക്കി
ചൊവ്വയിൽ ഒരു വീട് സ്വപ്നം കാണും .

നിങ്ങൾക്കായി ,  ചരിത്രത്തിൽ
മാപ്പെന്നൊരു വാക്കുണ്ടാവില്ല .
ഒരിക്കൽക്കൂടി ഞാൻ നിങ്ങളോട്  പറയുന്നു
എനിക്ക്  ഒരു വീടേയുള്ളു .

2013, നവംബർ 14, വ്യാഴാഴ്‌ച

അടുക്കളജനാലയെക്കാൾ ഉയർന്ന മണ്‍തിട്ട .അവിടമാകെ തിങ്ങിനിറഞ്ഞ
പച്ചപ്പ്‌ . വെട്ടുവഴിയിലൂടെ എന്നും രാവിലെ നടന്നുപോകുന്ന രണ്ടുപേർ.
കാഴ്ചയിലെത്തുന്നത് അച്ഛന്റെ മുതുകിലെ സ്കൂൾ ബാഗ് .ഒപ്പം നടന്നെത്താത്ത
ആ കുഞ്ഞു പെണ്‍കുട്ടി അവളുടെ യാത്ര എങ്ങനെയാണാസ്വദിക്കുന്നതെന്ന് അവളെക്കാണാതെതന്നെ ജനാലക്കിപ്പുറം നിന്ന് എനിക്ക് കാണാൻകഴിയുന്നു  .

ഇന്നലത്തെ മൊട്ടുകൾ പൂവായതു കണ്ട്  വിസ്മയിക്കുന്നത് ,പിടികൊടുക്കാത്ത
തുമ്പികളോടും പൂമ്പാറ്റകളോടും പരിഭവിക്കുന്നത്,ഉരുളൻകല്ലുകൾ പെറുക്കി
ഭംഗിനോക്കി ഫ്രോക്കിന്റെ പോക്കറ്റിൽ നിക്ഷേപിക്കുന്നത് ,ചെളിവെള്ളം
തട്ടിത്തെറിപ്പിച്ച് , ആർത്തുചിരിക്കുന്നത് ,വേഗതകൂട്ടി  നടന്ന്  മേഘങ്ങളെ
തോല്പ്പിക്കുന്നത് , മഴയുള്ള ദിവസങ്ങളിൽ കാറിനുള്ളിൽ ഒന്നും മിണ്ടാതെ ,
അസ്വസ്ഥതയോടെ പുറത്തേയ്ക്ക് നോക്കിയിരിക്കുന്നത് ....................

വീടിന്റെ മുൻവശത്ത് ചെന്നുനിന്നാൽ ഇടതുവശത്തെ വഴിയിലൂടെ അവൾ
ഇറങ്ങി വരുന്നതു കാണാൻകഴിയും. നോക്കിയിട്ടില്ലിതേവരെ .ഒരു  പക്ഷെ
അവളൊരു  മെലിഞ്ഞ കുട്ടിയായിരിക്കാം. അവളുടെ കൊലുസിട്ട കാലുകൾ
ഷൂസിനുള്ളിലിരുന്ന് വല്ലാതെ ഞെളിപിരി കൊള്ളുന്നുണ്ടാവാം. ഇടതൂർന്ന
തലമുടി രണ്ടായി പകുത്തു മുറുക്കി കെട്ടിയിട്ടുണ്ടാവാം ............

വേണ്ട , കാണണ്ട . അവൾ  മറഞ്ഞു  തന്നെ നിൽക്കട്ടെ .

അരിമണി കൊത്തിത്തിന്നാനെത്തിയ കുഞ്ഞിക്കിളികൾ ജനാലയിലേക്ക്
നോക്കി ചിലയ്ക്കുന്നു ,'' വട്ട് , മുഴുത്ത വട്ട് ! ഒന്നു പോയി നോക്കിയാലെന്താ
ആകാശം ഇടിഞ്ഞു വീഴോ ? ''
ഇവൾക്കറിയില്ലല്ലോ എന്റെ ആകാശം !!!!!


2013, നവംബർ 13, ബുധനാഴ്‌ച

' ഭൂമിക '


കാട്ടുപൂക്കളെ തൊട്ടുതലോടി
വിളിക്കാനൊരു പേരു തിരഞ്ഞ്
പണ്ടെന്നോ മയിലാട്ടം കണ്ട
പാറമേലൊന്നിരിക്കാൻ പോയതാണ്
മങ്ങിത്തുടങ്ങാത്ത വെയിൽ
നിഴലെടുത്ത്  തണൽ തരുന്ന മരങ്ങൾ .
തെളിനീരിൽ കാൽ നനച്ച് , മുഖം കുടഞ്ഞ്‌
പടവുകളില്ലാത്ത കയറ്റത്തിൽ ...
കാറ്റേത് കിതപ്പേതെന്നറിയാതെ
പൊതിക്കുള്ളിലിരുന്ന് കടലമണികൾ ചിരിച്ചു .

കാപ്പിച്ചെടികൾക്ക്‌  താഴെ കൂനിക്കൂടി
ഒറ്റമുറിയിലൊരു കുടിൽ
പല ആവേഗങ്ങളിൽ ചിരിയും കരച്ചിലും
വെറ്റില പൊള്ളിച്ച , നരച്ച ചിരിയും താങ്ങി
എത്തിനോക്കുന്നു ഒരു പാതിപെണ്ണുടൽ
മുറ്റത്തെ പാറയിൽ  ചാരിയിരുന്ന്
കുഞ്ഞിന് മുലകൊടുക്കുന്നു ,
അല്പംകൂടി മുതിർന്നൊരു കുഞ്ഞ് !
മുഖത്തെ നഖപ്പാടുകളിൽ
അവന്റെ അടങ്ങാത്ത വിശപ്പ്‌
ചോരയൊലിക്കുന്ന വാർത്തയിൽ ,
അർത്ഥമറിയാതെ പലരാൽ ഭോഗിക്കപ്പെട്ട്
ഉടഞ്ഞു പോയൊരു വാക്കു പോലെ അവൾ .
ഇടതു കൈകൊണ്ട് നാണം മറച്ചുനില്ക്കുന്ന
ഇത്തിപ്പോന്നവന്റെ  വലതുകൈയിലിരുന്ന്
കടലമണികൾ വീണ്ടും ചിരിച്ചു .

നിറങ്ങളൊടുങ്ങിയ ചുഴികളിൽ
ആർത്തലച്ചു നിറയുന്നു ഒരു കൊടുങ്കാട്
തളിരിലകൾക്കു മീതെ പുളഞ്ഞ്
ഇരുട്ടിലുണരുന്ന വിഷജന്തുക്കൾ
തുളച്ചു കയറുന്ന സൂര്യവെളിച്ചത്തിൽ
വഴിയായ് രൂപപ്പെടുന്ന വെളുത്ത തൂവലുകൾ
ഓരോ ചോരത്തുള്ളിയിലും കൈകാൽകുടഞ്ഞ്‌
മുഖമില്ലാതെ ചിരിക്കുന്ന കുഞ്ഞുങ്ങൾ
വെളിച്ചത്തിന്റെ അങ്ങേ തലയ്ക്കൽ
മുടിയഴിച്ചിട്ട് ,നിലയ്ക്കാത്ത നിലവിളികൾ ...

എനിക്കെന്നാണൊന്നുറങ്ങാൻ കഴിയുക ?...

2013, നവംബർ 11, തിങ്കളാഴ്‌ച

ചില വാർത്തകൾ ,വർത്തമാനങ്ങൾ വായനയ്ക്കൊടുവിലും ഒരു
വലിയ അസ്വസ്ഥതയായി വിടാതെ പിന്തുടരാറുണ്ട് ,ഈ വായനയും..
ഉത്തരം ശരിയോ തെറ്റോ എന്നൊന്നും അറിയില്ല .പക്ഷേ .............

ചോദ്യം : കേരളത്തിലെ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ
ദുരന്തത്തെക്കുറിച്ച് എന്തു പറയുന്നു ? വാരാണസി പ്രസംഗത്തിൽ
അമിതമായ കീടനാശിനിപ്രയോഗം കാൻസർ പോലുള്ള മാരകരോഗങ്ങൾ
ക്ഷണിച്ചു വരുത്തുമെന്ന് താങ്കൾ മുന്നറിയിപ്പ് നൽകിയിരുന്നതാണല്ലോ ?

ഉത്തരം : എൻഡോസൾഫാനെക്കുറിച്ച് എനിക്കറിയില്ല . ശാസ്ത്രീയമായ
തെളിവുകൾ അടിസ്ഥാനമാക്കിയേ സംസാരിക്കാൻ പറ്റൂ .ഞാനോ നിങ്ങളോ
അല്ല വിധി പറയേണ്ടത് .അതേക്കുറിച്ച് വിശകലനം ചെയ്യാൻ കഴിയുന്ന
ഒരു സംഘം ശാസ്ത്രജ്ഞരാണ് അത് വിലയിരുത്തേണ്ടത് .അതിൽ
രാഷ്ട്രീയമുണ്ടാകാൻ പാടില്ല .ഞാൻ അതിന് മറുപടി പറയാതിരിക്കാൻ
കാരണം എനിക്ക് അതേക്കുറിച്ച് വേണ്ടത്ര അറിയില്ല എന്നതുകൊണ്ടാണ് .

( എം.എസ്.സ്വാമിനാഥൻ / പി.ടി .മുഹമ്മദ്‌ സാദിഖ്
മാതൃഭൂമി ആഴ്ചപ്പതിപ്പ് )

2013, നവംബർ 9, ശനിയാഴ്‌ച

വയനാട് / വയ + നാട്

കണ്ടിട്ട് ആറുമാസം തികയാൻ പോകുന്നു .
ഇന്നലെ എൻറെ പ്രിയസുഹൃത്തിന്റെ അന്വേഷണം ,
വയനാട് എങ്ങനെയുണ്ട് ? ഇഷ്ടമായോ ?
സുന്ദരിയാണെന്നും ഇഷ്ടമായിയെന്നും ഞാൻ ...ആ സുന്ദരിയെ
ഒന്ന് വർണിക്കാമോ എന്ന് അടുത്ത ചോദ്യം.വർണിക്കാനാവാത്തവിധം
സൗന്ദര്യം കാണാൻ കഴിയുമ്പോൾ ഭാഷ 'അപൂർണമായി തോന്നാറുണ്ട്
എന്ന് ഞാൻ .ഭാഷ അപൂർണമല്ല , മനോധർമം പോലെ പറയുക ,
കേൾക്കുന്നവൻ അവൻറെ മനോധർമം പോലെ കേൾക്കട്ടെ.....
' വയ ' എന്ന വാക്കിന്റെ അർത്ഥമെന്താ ?
ഇഷ്ടം .( ഊഹിച്ച് പറഞ്ഞതായിരുന്നു )
അപ്പോൾ ഇഷ്ടപ്പെട്ട സ്ഥലത്താണല്ലോ എത്തിയത് .
ശരിയാണ് .

'വയ ' എന്നാൽ ഇച്ഛ / ആഗ്രഹം (സുഖപ്രദമായ വസ്തുക്കളെ
പ്രാപിക്കുന്നതിൽ ശ്രദ്ധ ജനിപ്പിക്കുന്ന മനോവൃത്തി )

എന്നോ ഒരിക്കൽ ആഗ്രഹിച്ചിട്ടുണ്ടാവും ഈ മണ്ണിൽ ഒരു കൂടുകൂട്ടാൻ !

ഈ വാക്കിൻറെ പൊരുൾ ഇതുവരെ തിരഞ്ഞുപോകാതിരുന്നതിന്
പിഴ .....
വാക്കേ ,,,,, പൊറുക്കുക .

2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

സൂര്യനും ചന്ദ്രനും ഭാര്യാഭർത്താക്കന്മാർ ആയിരുന്നത്രെ !!!
ഇതെന്തു ന്യായം ?.....................

അത്രി അനസൂയ ദമ്പതിമാരുടെ പുത്രനായ ചന്ദ്രൻ ........ !

അശ്വതി തുടങ്ങി ഇരുപത്തിയേഴു പെണ്ണുങ്ങളെ കല്യാണം കഴിച്ച് ,
അതിൽ ഒരുവളായ രോഹിണിയെ എപ്പോഴും അടുത്തുനിർത്തി ,
ഇരുപത്തിയാറു പെണ്‍മക്കളുടെ പരാതി കേട്ടുകേട്ട്  സഹിക്കാനാവാതെ
ദക്ഷനെന്ന പിതാവിൻറെ ശാപം ഏറ്റുവാങ്ങി ക്ഷയരോഗിയായി
ഭവിച്ച ചന്ദ്രൻ ........................!

മനോഹരയുടെ നാല് പുത്രന്മാരുടെ അച്ഛൻ ചന്ദ്രൻ .........!

അതീവ സുന്ദരിയായ താരയെന്ന ഗുരുപത്നിയെ പ്രണയിച്ച്, അവളെ
ചന്ദ്രഗൃഹത്തിൽ കൂട്ടിക്കൊണ്ടുപോയി ,അതിഭയങ്കര യുദ്ധത്തിനൊടുവിൽ
ഗുരുവിനു അവളെ വിട്ടുകൊടുത്ത് , ഒടുവിൽ കുഞ്ഞിന്റെ പിതൃത്വം
അവകാശപ്പെട്ട ഗുരുവിൽ നിന്ന് , താരയുടെ വ്യക്തമാക്കലിനെത്തുടർന്ന്
ബ്രഹ്മാവിന്റെ നിർദേശപ്രകാരം വീണ്ടെടുത്തു കൊണ്ടുപോയി വളർത്തിയ,
ബുധന്റെ അച്ഛൻ ചന്ദ്രൻ ...................!

ചാഗവർഗക്കാരുടെ( ആഫ്രിക്ക ) ഒരു കഥ ഇങ്ങനെ :

പണ്ട് സൂര്യനും ചന്ദ്രനും ഭാര്യാഭർത്താക്കന്മാരായിരുന്നു.ഭൂമിയിൽ
താമസിച്ചിരുന്ന സൂര്യൻ , സുഹൃത്തായ നദിയെ തന്റെ ഒപ്പം
വീട്ടിൽ താമസിക്കാൻ നിരന്തരം ക്ഷണിച്ചുകൊണ്ടിരുന്നു.തന്റെ വലിയ
കുടുംബം അങ്ങോട്ട്‌ ചെന്നാൽ സൂര്യനും ചന്ദ്രനും വഴിയാധാരമാവുമെന്നു
നദി പറഞ്ഞതു കേട്ട് സൂര്യൻ വീട് പുതുക്കി പണിതു . സുഹൃത്തിനു വിഷമം
തോന്നണ്ടാന്നു കരുതി നദി സൂര്യഗൃഹത്തിലേയ്ക്ക് കുടുംബസമേതം ഒഴുകാൻ
തുടങ്ങി .ജലനിരപ്പ് അടിക്കടി ഉയർന്നുകൊണ്ടിരുന്നു. സൂര്യനും ചന്ദ്രനും
വീടിന്റെ മേല്ക്കൂരയിലായി താമസം. എന്നിട്ടും തന്റെ വാക്ക് തിരുത്താതെ
സൂര്യൻ അവരെ സഹർഷം സ്വാഗതംചെയ്തുകൊണ്ടിരുന്നു.ഒഴുകിയൊഴുകി
നദി സൂര്യഗൃഹം മുഴുവൻ നിറഞ്ഞു, തുളുമ്പി, അങ്ങനെ സൂര്യചന്ദ്രന്മാർ
ആകാശത്ത് കയറിക്കൂടി അവിടത്തെ സ്ഥിരവാസികളായി .

" ഇത് കഥയല്ല,സ്വാരസ്യവുംഉള്ളർത്ഥവും നിറഞ്ഞ ലോകത്തിലെ ഏറ്റവും
സാധകമായ കവിതകളിലൊന്ന് .സ്വാർത്ഥതയില്ലാത്ത പ്രകൃത്യാഴം.''

( കടപ്പാട് : ലോക ഇതിഹാസകഥകൾ )

2013, ഒക്‌ടോബർ 23, ബുധനാഴ്‌ച



മുടിനിറയെ പൂചൂടിയവളെ
കണ്ടു മോഹിച്ചതും
പൂവില്ലാതൊരു മുടി മുറിച്ചുവാങ്ങി
മുറ്റത്ത്‌ കുടിയിരുത്തിയതും
വെയിലേറ്റു തളരാതെ കുടചൂടിച്ച്
തളിർ കാത്തിരുന്നതും
ഇലചൂടി നിറഞ്ഞ നാൾ പകലോനെ
കണിയായ്  കൊടുത്തതും
'മൊട്ടിടാത്തതെന്തേ'ന്ന് ചോദിച്ച്
മുള്ളിനെ പഴിച്ചതും
പിന്നെ  
മൊട്ടു കാണിച്ചൊരുഷസ്സിനെ
ഉമ്മവെച്ചുണർത്തിയണച്ചതും
'വിടരാത്തതെന്തേ'ന്ന്  കരഞ്ഞ്
കാൽമുട്ടിൽ മുഖംചേർത്തിരുന്നതും
പിന്നെ  
ചോരപോൽ ചുവന്ന ചുണ്ടിന്
കുളിരായ് കവിൾ കൊടുത്തതും.

കണ്ണുകെട്ടിക്കളിപ്പാണുള്ളിൽ
ഒരുപൂവൊരുവസന്തംതീർത്ത നാൾ'.


2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച


ഉറങ്ങിയുറങ്ങി,
പടവുകൾ എണ്ണിക്കൊണ്ടിരിക്കെ
ദേവകിയമ്മ കൈയിൽ പിടിച്ചു.
വേവിച്ചുടച്ച കപ്പയ്ക്ക് മീതെ വിളമ്പുന്ന
തിളച്ച മീൻകറിയുടെ മണത്തെ
ചന്ദനത്തിന്റെ ഗന്ധം കഴുകികളഞ്ഞിരിക്കുന്നു.
എന്നെ നന്നായി പുതപ്പിച്ചു കിടത്തി ഞങ്ങളിറങ്ങി.
പുറത്ത് കാത്തുകിടപ്പുണ്ട് 
കുഞ്ഞൂട്ടമ്മാവൻ ഓടിക്കുന്ന മൂക്കുനീണ്ട പച്ച കുടുക്ക ബസ്.
അച്ഛന്റെ മടിയിലിരുന്ന്
ഓടുന്ന മരങ്ങളും പാടങ്ങളും കണ്ട അതിശയവണ്ടി .
മഞ്ഞപ്പിത്തം കരൾ പറിച്ചാണത്രെ കുഞ്ഞൂട്ടമ്മാവൻ.........
മൂടുപടം അഴിച്ചുമാറ്റാത്ത മഞ്ഞിനോട് കലഹിച്ച്
ദൂരെ മാറിനില്പാണ് സൂര്യൻ.
കരിയിലകൂട്ടി ,തീകായാൻ തുടങ്ങിയിരിക്കുന്നു വല്യച്ഛൻ.  
തീയ്ക്കൊപ്പം കരുകരെ ശബ്ദത്തിൽ ചാവുന്ന പ്രാണികൾ.
വിരൽ നീട്ടിപ്പിടിച്ച്‌ ,പറ്റിച്ചേർന്നിരിക്കാൻ 
വെറ്റിലചെല്ലം കട്ടെടുത്ത് ,ചുണ്ട് ചോപ്പിച്ചവളിനിയും എത്തിയിട്ടില്ല.
കഥകേട്ട് , കഥകേട്ട് അവളൊരു കഥയില്ലാത്തവളായെന്ന്
വല്യച്ഛൻ എങ്ങനെ അറിയാൻ.
പാതയ്ക്കിരുവശവും ഒരേ വലിപ്പവും നിറവുമുള്ള വീടുകൾ.
ഇടതുവശത്തുള്ള ഒരു വീട്ടുമുറ്റത്ത് പത്രക്കാരൻ ചെക്കനെ
അക്ഷമയോടെ നോക്കിനിൽപ്പാണ് അച്ഛൻ.
വേഗതയില്ലാത്ത വണ്ടിയുടെ വേഗത എനിക്കായി വീണ്ടും കുറച്ച്
കുഞ്ഞൂട്ടമ്മാവൻ കരുണയുള്ളവനായി.
വിരലുകൾ കുറേക്കൂടി അമർത്തി ദേവകിയമ്മയും.

നിറഞ്ഞ അകിടുകൾ മൊന്തയിലേയ്ക്ക്  കറന്നെടുത്ത്
കരച്ചിൽ തീർത്ത് അകത്തേയ്ക്ക് കയറിപ്പോകുന്നു അമ്മിണീടമ്മ.
ശാന്തമ്മായീടെ തൂമ്പയുടെ അറ്റത്ത്‌
ചേമ്പ് പുഴുക്കിന്റെ കൊതിയൂറുന്ന മണം.
കുളക്കടവിൽ മുട്ടോളമെത്തുന്ന തലമുടി വിടർത്തിയിട്ട്
മേലെ നോക്കി സ്വപ്നം കണ്ടുനില്പാണ്  സുജാതേച്ചി.
സാന്ത്വനചികിത്സാമുറിയിൽ കണ്ട ആ പാതിയടഞ്ഞ കണ്ണുകൾ
വേണ്ടാ...... ഓർക്കണ്ട.

കവലയിൽ തുണിക്കട നടത്തിയിരുന്ന മജീദ്‌ക്ക കോലായിലിരുന്ന് 
നസീറാടെ ഉമ്മയെ നീട്ടിവിളിക്കുന്നു.
'നസീറാ സ്റ്റോറിലായിരുന്നു
അച്ഛൻ  തുണിമുറിച്ചു വാങ്ങലും
അളവെടുക്കാൻ ശ്വാസംപിടിച്ചു നിന്ന എന്റെ ചില വൈകുന്നേരങ്ങളും.
സ്കൂൾമുറ്റത്ത് ,ഒരേ നിറത്തിൽ നസീറയും ഞാനും ഇരട്ടക്കുട്ടികളാകും.
പിന്നെ അങ്ങോട്ടുമിങ്ങോട്ടും ചന്തം നോക്കി നില്ക്കും.
ഈ മജീദ്‌ക്കയ്ക്ക് ഒരു മാറ്റോമില്ല. 
കുഞ്ഞൂട്ടമ്മാവന്റെ ബസ് ഒന്നു മുരണ്ട്, നിന്നു.
അങ്ങുദൂരെനിന്നൊരു നിഴൽ
ഒരാണ്‍കുട്ടിയായി രൂപാന്തരപ്പെടുന്നു.
മണ്ണപ്പം ചുട്ടുവെച്ച് വട്ടയിലകൾ നിരത്തിയിട്ട് 
കുഞ്ഞുങ്ങളെ ആവോളമൂട്ടാൻ അമ്മചമഞ്ഞിരുന്ന ഒരുവളെ
കുഞ്ഞു തോർത്തു കൊണ്ട്  സാരിയുടുപ്പിച്ച്,
വലിയ ചിരിപൊട്ടുന്നിടത്ത് ,പിണങ്ങി  മുഖം കനപ്പിച്ച്‌
ഒടുവിൽ
വാക്ക് തെറ്റിച്ച് 
ആരുടെയോ വിരൽപിടിച്ച്
അവളെക്കൂട്ടാതെ ഇങ്ങോട്ട്  പുറപ്പെട്ടതാണവൻ,
അവനിന്നും അതേ പ്രായം.
കണ്ണുകൾ ആവുന്നിടത്തോളം തുറന്നുപിടിച്ചു.
പെട്ടെന്ന്  ഒരപശകുനത്തിന് ചിറകുമുളച്ചതുപോലെ
വരിക്കപ്ലാവിന്റെ കൊമ്പിൽനിന്ന്‌
കണ്ണാടി തകർത്തുകൊണ്ട് കൂവി പതിച്ച രണ്ടുൾക്കകൾ.!
കമ്പിയിൽ ആഞ്ഞിടിച്ച മൂക്ക്‌ പൊത്തിപ്പിടിച്ച്
വേദനയോടെ,നിശബ്ദമായിക്കരഞ്ഞ്
ഞാനിതാ, ഇരുട്ടിന്റെ അവസാനപടവും
എണ്ണിത്തീർത്തിരിക്കുന്നു .









2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

2013, ഒക്‌ടോബർ 11, വെള്ളിയാഴ്‌ച

കല്പറ്റ കണ്ടിട്ട് ഒരു കാക്കയെക്കാണാൻ അഞ്ചുമാസം നോക്കിയിരിക്കേണ്ടി വന്നു .
ചിത്രങ്ങളിൽ മാത്രം കണ്ടതും അല്ലാത്തതുമായി ഒട്ടനേകം കിളികൾ ,പറന്നും  പാടിയും
ചിലച്ചും ....മലമുഴക്കിക്കൊണ്ട് ,പാടാനറിയാത്ത വേഴാമ്പൽ വരെ തൊട്ടടുത്ത്‌ !

ഉള്ളിൽ പൊതിഞ്ഞു വച്ചിരിക്കുന്ന കാക്കപുരാണം വീണ്ടും നിവർത്തിവച്ചു .കുഞ്ഞു
ബഞ്ചിലിരുന്ന് വീട്ടുമുറ്റം വെടിപ്പാക്കിത്തരുന്ന കാക്കവിശേഷം കേട്ട് ,വർണങ്ങളില്ലാത്ത
ആ ചിറകുകളെ അറിയാതെ സ്നേഹിക്കാൻ തുടങ്ങി .പിന്നീട് അവധിദിവസങ്ങളിൽ ,
മുറ്റത്ത്‌ പായ വിരിച്ച് , ഉണക്കാനിടുന്ന പുഴുങ്ങിയ നെല്ലിനും ചന്ദ്രക്കലയുടെ ആകൃതിയിൽ
മാനത്തു നോക്കി വെളുക്കെ ചിരിച്ചു കിടക്കുന്ന തേങ്ങാചീളുകൾക്കും കാവലിരിക്കാൻ
തുടങ്ങിയപ്പോൾ അറിയാതെ വെറുക്കാൻ തുടങ്ങി . കഥയിലെ മോഹിപ്പിക്കുന്ന ഒരു
കഥാപാത്രമായി വേഷപ്പകർച്ചനടത്തി ഞാനൊന്ന് പറക്കാൻ തുടങ്ങുമ്പോഴാവും
അവറ്റകൾ പറന്നിറങ്ങി ,ചുണ്ട് നിറച്ച് ,എന്നെ പറ്റിച്ച് മറയുന്നത് . ' വകതിരിവില്ലാത്ത
ജന്തുക്കൾ ' എന്നൊരു പട്ടവും ചാർത്തി മാറ്റിനിർത്തി പിന്നീടെപ്പോഴും.വർഷങ്ങൾക്കു
ശേഷം ബലിച്ചോറുണ്ണാൻ കൈകൊട്ടിവിളിച്ചതു കേട്ട്  എങ്ങുനിന്നോ പറന്നു വന്ന
അവരെ വീണ്ടും സ്നേഹിക്കാൻ തുടങ്ങി .മനുഷ്യൻ ഇങ്ങനെയൊക്കെയാണ് എന്ന്
ചിന്തിച്ച് കുറേക്കൂടി ചെറുതാകാനും ...........)

ഇന്ന് രാവിലെ കണ്ടു . പേരറിയാത്തൊരു മരക്കൊമ്പിൽ രണ്ടു കാക്കകൾ .കൂട്ടംതെറ്റി
വന്നവരെപ്പോലെ ചില്ലകൾ മാറിമാറി ,കാ കാ ന്നു കരഞ്ഞ് ....... മാനത്തു നിന്ന്
പൊട്ടി വീണ ഒരതിശയമെന്ന പോലെ നോക്കി നിന്നുപോയി . അധികം ആയുസ്സില്ലാതിരുന്ന  ആ കാഴ്ചക്ക് വിരാമമിട്ടുകൊണ്ട് ഒരെണ്ണം തെക്കോട്ട്‌ പറന്നു .
മറ്റേത് കുറേനേരം അസ്വസ്ഥതയോടെ ഒച്ചവച്ച്  ചില്ലയിലിരുന്നു . പക്ഷികളുടെ
ഭാഷ അറിയാമായിരുന്നെങ്കിൽ എന്ന് ഒരിക്കൽക്കൂടി വ്യാമോഹിക്കുമ്പോൾ ,
അറിയില്ലല്ലോ എന്ന് സ്വയം ആശ്വസിക്കുമ്പോൾ ,  മറ്റേത് വടക്കോട്ട്‌ പറന്നു .
അവർ പരസ്പരം ആരായിരുന്നിരിക്കും ...........വീണ്ടുമൊരു വഴിയിൽ ...........
ജോലികളിൽ മുഴുകാൻ ശ്രമിച്ചിട്ടും 'കാ കാ എന്ന കരച്ചിൽ പറന്നുപോകുന്നേയില്ല.

കൊല്ലണം ഇവറ്റകളെ ...കാക്കകളെയല്ല . ചിറകുമായെത്തുന്ന മോഹങ്ങളെ .


2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

'' ഒളൈകൾ ''

കള കള ശബ്ദത്തോടെ ഒഴുകിയെത്തിയ ഒരു വാക്ക് .
ഉള്ളം നിറഞ്ഞു കവിയാൻ ഒരൊറ്റ വാക്ക് മതിയെന്ന് ഒരിക്കൽക്കൂടി !
' അമ്മ പോലെ ..........................
മലപോലെ ,മഴ പോലെ , മഞ്ഞ് പോലെ , മലർ പോലെ ...
ഉയിരിലുണരുമൊരു കിനാവുപോലെ ..................

( ബാവലിയിലും( മാനന്തവാടി ) സമീപപ്രദേശങ്ങളിലും
താമസിക്കുന്ന വേടഗൗഡരുടെ ഭാഷയിൽ ' ഒളൈകൾ എന്നാൽ പുഴ.
ബാവലി , ഗവ .യു . പി . സ്കൂളിലെ കുട്ടികളുടെ വെബ് ലോകത്തേയ്ക്കുള്ള 
പ്രവേശനം , ഒളൈകൾ' എന്ന് പേരിട്ട ബ്ലോഗിലൂടെ .)
ഇന്നത്തെ മാതൃഭൂമി ദിനപ്പത്രത്തോട്‌ കടപ്പാട് .

www.olaigal.com

2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

ഒരു ജീവി ഞെരിഞ്ഞമർന്നു മരണപ്പെടുന്നതിന്
ഒരു താളമുണ്ടെന്ന് നിങ്ങളാരെങ്കിലും  അറിഞ്ഞിട്ടുണ്ടോ?

ഞാനറിഞ്ഞിട്ടുണ്ട്‌
ഒരിക്കലല്ല  പലതവണ.
ഒരുറുമ്പിനെപ്പോലും 
നോവിക്കാൻ പാടില്ലെന്ന്
ആവർത്തിക്കുമ്പോഴും കേൾക്കാൻ കൊതിച്ചിട്ടുണ്ട്
ആ ഒരു കുഞ്ഞുസ്വപ്നത്തിനായി നോമ്പുനോറ്റിട്ടുമുണ്ട്.

പുഴയുടെയും മലയുടെയും നാട്ടിൽ നിന്നായിരുന്നു
എന്റെ അമ്മമ്മ ഇടയ്ക്കിടയ്ക്ക് 
വിരുന്നു വന്നിരുന്നത്.
കൂടെ ഒരു സഞ്ചി നിറയെ വിയർത്തുണ്ടാക്കിയ വിളകളും
ആരും കാണാത്ത കൊട്ടയിൽ 
എനിക്കുള്ള കഥകളും.

തലയിണയെക്കാൾ സുഖംതരുന്ന 
ആ കൈയിൽ തലവെച്ച്
ഒരു കിളിക്കുഞ്ഞിനെപ്പോലെ ചൂടേറ്റു ഞാനമർന്നു കിടക്കും.
അപ്പോൾ  കൊടുംകാട് കയറിയ  ഒരു വേടനെപ്പോലെ
ആ വിരലുകളെന്റെ തലയിൽ 
പതുങ്ങിനടന്നു ലക്‌ഷ്യം കാണും.

കഥപറച്ചിൽ  
തൽക്കാലം നിർത്തിവെച്ചിട്ട് 
ചുണ്ടും നാവും ചേർന്ന്  വായുവിനെ  ആവാഹിച്ചെടുത്ത
ഒരു പ്രത്യേക രാഗത്തിന്റെ അകമ്പടിയോടെയാണ്
കട്ടിലിന്റെ പടിയിൽവെച്ച് കൂരിരുട്ടിൽ 
കൊല നടത്തുക.

താളിതേയ്ച്ചു കുളിപ്പിക്കാത്തതിന്  
അമ്മയെ കുറ്റംപറയും
'അവൾക്കെപ്പോഴാണിതിനൊക്കെ നേരമെന്നുടനെ തിരുത്തും
മുറിഞ്ഞു പോയ കഥ വീണ്ടുമൊരിക്കൽക്കൂടി കൂട്ടിത്തുന്നും
കേട്ടുകേട്ട് ഞാനുറങ്ങും
പിന്നീടെപ്പൊഴോ അമ്മമ്മയും.

ഒരിടത്ത് പനിച്ചുവിറച്ചു കിടന്ന എന്റെയടുത്തേക്ക്
മറ്റൊരിടത്ത് മരിച്ചുവിറങ്ങലിച്ചു കിടന്ന ഉടലിൽ  നിന്നാണ് 
അവസാനമായി  അമ്മമ്മ  ഇറങ്ങി  ഓടിവന്നത്.
ആ വിരലുകളുടെ മാന്ത്രികത  ഞാനറിയുന്നുണ്ടായിരുന്നു.

സങ്കടപ്പെരുമഴ പെയ്യുന്ന 
ചില രാത്രികളിൽ
അമ്മയുടെ മടിയിൽ തലവെച്ച്  കൊതിയോടെ  ഞാൻ  കിടക്കും
നിരാശയോടെ അമ്മ വിരലുകൾ പിൻവലിക്കുമ്പോൾ 
മറഞ്ഞുപോയ  വിരലുകളെയോർത്ത്  
എന്റെ നെഞ്ച് പിടയും.






2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച



പരിഭവം പറയാതെ അടുക്കള കാക്കുന്നവളെ
കണ്ടുകണ്ട് അലിവു തോന്നിയിട്ടാവും
ഇന്നത്തെ പുലരി ഒരു സമ്മാനപ്പൊതി
ജനാലവഴി നീട്ടിത്തന്നത് .
നിവർത്തിപ്പിടിച്ച്  ഒരു നിമിഷം
ഞാനൊരു ആലീസായി
അത്ഭുതലോകം കണ്ട് മതിമറന്ന അതേ  ആലിസ്

കടുക് പൊട്ടുന്ന ഒച്ചയെ തോൽപ്പിച്ച്
ഓടിവന്ന്  കുടുകുടെ പെയ്തൊടുങ്ങി ഒരു  മഴ
തക്കംനോക്കിയിരുന്നതുപോലെ
ഓടിയെത്തി, ചിരിച്ചുനിന്നു
പൊന്നിൽ കുളിച്ച് , ഒരു വെയിൽ
അവളോട്‌ കിന്നാരം പറയാൻ
ചൂളം വിളിച്ച് , ചുരം കയറിയെത്തി
ഒരു താന്തോന്നിക്കാറ്റ്
മരങ്ങൾ കൂട്ടത്തോടെ ഒന്നുലഞ്ഞു
അവർക്കുമെലെയൊരു വസന്തമാകാൻ
നീർത്തുള്ളികൾ തുരുതുരെ അടർത്തിയിട്ട്
ആടിയുലഞ്ഞു  പച്ചിലക്കൂട്ടങ്ങൾ
വെയിലിനെ മുത്തിച്ചുവന്ന് , ചുവപ്പിച്ച്
ഊർന്നുവീണു കുഞ്ഞുഗോളങ്ങൾ !

വജ്രപ്പതക്കങ്ങളുടെ  ഒരു മായികലോകം!
അനുഭവിച്ചിട്ടില്ല  ഞാനിതുവരെയിങ്ങനെ .

ഇനിയുമൊരു കാറ്റ്  പൊൻവെയിൽ തേടിവന്നാൽ
അടർത്തിയിടാൻ ഒരു നീർമണിയില്ലെന്ന്
കരയുന്ന മരങ്ങളെ നോക്കി
ഞാനുമെന്റെ അടുക്കളയും വീണ്ടുമൊരു
മഴകാത്ത് , വെയിൽ കാത്ത്‌  ............




2013, സെപ്റ്റംബർ 10, ചൊവ്വാഴ്ച

നിലാവേ , നിറവേ .............

 ജാലകപ്പഴുതിലൂടെത്തിനോക്കുന്നുണ്ടൊരാൾ
പണ്ടു കണ്ടതേ മുഖം , മിന്നുന്ന കുപ്പായവും!
വിരൽ കോർക്കുക സഖേ ,നടക്കാം നമുക്കൽപ്പം
രാവുറങ്ങുമീ നാട്ടുവഴിയെ പകുത്തിടാം .

പൂക്കൂട വിരലില്‍ തൂക്കി തൊടിയിലലഞ്ഞതും
കൂട്ടരെ വിളിച്ചാർത്ത് സന്തോഷം പങ്കിട്ടതും
പൂവിറുക്കുവാനോടി കാല്‍മുട്ടു  മുറിഞ്ഞതും
കുഞ്ഞുടുപ്പിനാലതു  മറച്ച് , പൂവിട്ടതും

പൂക്കളമൊരുക്കിയ മുറ്റത്തിൻ മേലെയന്ന്
കാവലായ് പാൽപ്പുഞ്ചിരി പൊഴിച്ചു നീ നിന്നതും
നിൻ കണ്ണുവെട്ടിച്ചന്നു 'കള്ളത്തി' മഴ വന്നതും
പൂക്കളം വിരൽതുമ്പാലടർത്തിയെറിഞ്ഞതും

'കല്ലെടുക്കുക തുമ്പീ' ന്നലറും ചങ്ങാതിയെ
കൂട്ടിനായ് വിളിക്കില്ലെന്നുറക്കെ പറഞ്ഞതും
വിരലില്‍ വര്‍ണംചോർന്ന്  പാറിയ ശലഭത്തെ
കണ്ണീരും നോവും കൊണ്ട് തിരഞ്ഞു നടന്നതും

മുറ്റത്ത് താളത്തോടെ കളിക്കും പുലികളെ
വാതിലിന്‍ വിടവിലൂടൊന്നു നോക്കി നിന്നതും
അരണ്ട വെളിച്ചത്തില്‍ തുള്ളുന്ന വേഷം കണ്ട്
പേടിച്ചു മിഴി പൊത്തി വാവിട്ടു കരഞ്ഞതും

ഊഞ്ഞാലിന്‍ പടിമേലെ ആയത്തിലാടുന്നോരെ
വിടരും മിഴികളാല്‍ കണ്ടുനിന്നതും പിന്നെ
അമ്മതന്നടുത്തെത്തി പലഹാരവും വാങ്ങി
കൂട്ടുകാരുമൊന്നിച്ച്  രുചിയായ് കഴിച്ചതും

ഉമ്മറപ്പടിയിന്മേല്‍ അച്ഛനായ് കണ്‍പാര്‍ത്തതും
തുന്നിയോരോണക്കോടിയണിഞ്ഞു രസിച്ചതും
കുഞ്ഞുതുമ്പിലയിലെ സദ്യയും കഴിച്ചിട്ട് ,
അമ്മതന്‍ സാരിത്തുമ്പില്‍ ചുണ്ടുകള്‍ തുടച്ചതും

മഴവില്ലുപോല്‍ മിന്നും വളകള്‍ പെറുക്കി ഞാന്‍
കുഞ്ഞുപെട്ടിയില്‍ പൊട്ടാതടുക്കി സൂക്ഷിച്ചതും
ഓര്‍മകളെല്ലാമിന്നും ഉടയാതിരിക്കുന്നു
കാലചക്രത്തിന്‍ ഗതിയറിയും പെട്ടിയ്ക്കുള്ളില്‍ !!!

#

2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ഞാനിങ്ങനെയാണ്‌ ...


പണ്ട്  പണ്ട്
എന്നുവെച്ചാൽ  വളരെ പണ്ട്
ഈ മുറ്റം,ദേഹമാസകലം മണൽ പുതച്ചിരുന്നു
പുറം നോവിക്കാതെ ഞാനന്ന്  മുറ്റമടിച്ചു
കരിയിലകളുടെ  പിന്നാലെ മണലിറങ്ങിപ്പോയാൽ
അമ്മയുടെ നെഞ്ച്  പിടയും .
അതുകൊണ്ടാവും  തൊടുന്ന മാത്രയിൽ
ചൂൽ ഓർമപ്പെടുത്തും , ' പതിയെ , പതിയെ '.

മഞ്ഞ്  പൊഴിഞ്ഞു വീണ മണലിൽ
കുടിലും കൊട്ടാരവും പണിത് , പിന്നെ
ചാഞ്ഞും ചരിഞ്ഞും കിടന്ന്  ചന്തം നോക്കി
രസിച്ചു , ഞാനുമെന്റെ  കൂട്ടാരും .
നായ മൂത്രിച്ചോ ,പൂച്ച  അപ്പിയിട്ടോ ...
ആര്  അന്വേഷിക്കാൻ മിനക്കെടുന്നു അതൊക്കെ !
പെറ്റിക്കോട്ടിലൊളിച്ച് , വീട്ടിനുള്ളിൽ കയറിക്കൂടി
ചിതറിപ്പെയ്യുന്ന  മണൽത്തരികളോട്
അമ്മ വല്ലാതെ  കലഹിക്കും
അതാണെനിക്ക്  മനസ്സിലാകാതിരുന്നത് .

പിന്നീടെന്നോ , മണൽ നഷ്ടപ്പെട്ട്
പുഴയുടെ കണ്ണ്  ചുവന്നു
മുറ്റത്തിന്റെ  നെഞ്ച്  ഓടുകൊണ്ടുറച്ചു
അവളൊറ്റയ്ക്ക്  മാനം നോക്കിക്കിടന്നു തേങ്ങി .

ഇന്നീ  മുറ്റത്ത്  കാൽതൊടുമ്പോൾ പഴയ തണുപ്പ് ,
ഒരു കിളിയെപ്പോലെ ഉള്ളിലിരുന്നു കുറുകുന്നു 
ഞാനുണ്ടാക്കിയ കുടിലും കൊട്ടാരവും
മണലിൽ  പൂത്തുനിന്ന മരക്കൊമ്പും
ഇടിഞ്ഞുവീഴാതെ,വാടിക്കരിയാതെ
അവിടെത്തന്നെയുണ്ടാവും
എനിക്കങ്ങനെ  വിശ്വസിക്കാനാണിഷ്ടം ,
മണ്ണായിത്തീരുംവരെ ...

#


2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച



ചിങ്ങപ്പെണ്ണുണർന്നല്ലോ , പൂവേ,
കണ്ണിനു വിരുന്നൊരുക്ക നീ .
കാറ്റേ , താളം പിടിച്ചാട്ടെ,
കുഞ്ഞു  തുമ്പപ്പൂവിന്നാടുവാൻ !

2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച



 സ്വാതന്ത്ര്യദിനപ്പുലരി, അറുപത്തേഴാം വയസ്സിലേക്ക് ...


ഇവിടെ ,

മല നിറഞ്ഞ് മരങ്ങൾ , മരം നിറയെ കിളികൾ ,
നൂറുനൂറ് രാഗങ്ങൾ കോർത്തൊരു കിളിപ്പാട്ട് ,
വിതയ്ക്കാത്തതിന്റെ , കൊയ്യാത്തതിന്റെ  ഈണം ,
സ്വാതന്ത്ര്യമെന്നാൽ ' ചിറക് ' എന്നൊരൊറ്റവരി ! .

2013, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച



ഇന്നലെ '  വീട്ടിലേയ്ക്കുള്ള യാത്ര , ധന്യമാക്കി മാറ്റിയ  ഉച്ചനേരം !
തൃശൂർ വഴി വയനാട് , 'ആര്യാസിൽ കൈകഴുകി ഊണിനു കാത്തിരിക്കുന്ന നേരം .
ഊണ്  കഴിഞ്ഞ്  , കൈതുടച്ചു  മുന്നിലൂടെ നടന്നടുക്കുന്ന ഒരു  വലിയ 'മനുഷ്യൻ .
എഴുത്തുകാരനിൽ ഒതുങ്ങാത്ത , ഒരുപാട് വിശേഷണങ്ങൾ  സ്വന്തമായിട്ടുള്ള ഒരു
വലിയ കലാകാരൻ . ശ്രീ . മാടമ്പ്‌ കുഞ്ഞിക്കുട്ടൻ .

ശ്രീ .  മാടമ്പ്‌  അടുത്തെത്തിയയുടനെ  ഞാനെഴുന്നേറ്റ് , കൈകൂപ്പി .അദ്ദേഹം
തിരിച്ചും . ഓർത്തു നോക്കി തിരിച്ചറിയാനാവുന്നില്ലല്ലോയെന്ന കുറ്റബോധത്തോടെ
അന്വേഷണം . അദ്ദേഹത്തിന്  തിരിച്ചറിയാൻ പാകത്തിൽ ഞാൻ ആരുമല്ലല്ലോ.
അതുതന്നെ ഞാൻ മറുപടിയായി പറഞ്ഞു . ചിരിച്ചുകൊണ്ടു തന്നെ എന്നെക്കുറിച്ച്
പറയാനുള്ളതൊക്കെ ചോദിച്ചറിഞ്ഞു . ഒരു ഡോക്കുമെന്ററിയുടെ വർക്കിലാണെന്ന്
പറഞ്ഞ്  കൈകൂപ്പി  യാത്ര പറഞ്ഞു . ഒരു വലിയ മനുഷ്യന്റെ മഹാമനസ്കതകൊണ്ട്‌
എന്റെ ആ  ഉച്ചനേരം ദൈവീകമാക്കപ്പെടുകയായിരുന്നു !

ഏകദേശം രണ്ടു  വർഷങ്ങൾക്കു മുൻപും കിട്ടി സമാനമായ ഒരനുഭവം .അതും ഒരു
ഉച്ചനേരം . കായംകുളത്തുവച്ച്  , ഫോട്ടോഗ്രാഫർ ശ്രീ .ശിവനും ഗായകൻ
ശ്രീ . ഉദയഭാനുവും . ഊണ് കഴിക്കുന്നതിനിടെ കണ്ടു , ദൂരെ രണ്ടാളെയും .ഊണ് കഴിച്ച്
കഴിയുന്നതുവരെ കാത്തു . കൈകഴുകി മാറുമ്പോൾ  കൈകൂപ്പി വന്ദിച്ചു . ഒരുപാട്
കേട്ട ശബ്ദം നേരിൽ  കേൾക്കണം എന്നൊരു  ആഗ്രഹം പറഞ്ഞു . അദ്ദേഹം ചിരിച്ചു .
'എറണാകുളത്ത്  ഒരു കല്യാണം കൂടാൻ പോകുകയാണ് , തീരെ വയ്യാ , വല്ലാത്ത
ചുമയുണ്ട്‌ ' , പറഞ്ഞു തീരും മുന്പ്  അദ്ദേഹം ചുമക്കാൻ തുടങ്ങി .പിന്നെ വിശേഷങ്ങൾ
ചോദിച്ചറിഞ്ഞതൊക്കെ  ശ്രീ .ശിവനായിരുന്നു .പതുക്കെപ്പതുക്കെ  നടന്നു  നീങ്ങുന്ന
ആ  കൂട്ടുകാരെ നോക്കി ഞാൻ നിന്നു . അപ്പോൾ  ഞാൻ  അറിയാതെ  മൂളിപ്പോയി
'' പൊൻവളയില്ലെങ്കിലും പൊന്നാടയില്ലെങ്കിലും ...................................................
.............................................................ഒരു വരിയും പാടിക്കേൾക്കാനായില്ലെങ്കിലും
കുറച്ചു വാക്കുകൾ ,അതുതന്നെ ധാരാളമായിരുന്നു എനിക്ക് . അനുഗ്രഹിക്കപ്പെട്ടവരുടെ
സാമീപ്യത്തിൽ ദൈവത്തെ കാണുന്ന അനുഭവം.













2013, ജൂലൈ 30, ചൊവ്വാഴ്ച

തൂവെള്ള വിരിയിട്ട കിടക്കയിൽ  ശരീരം ലംബമാക്കിവച്ച്  അച്ഛനിരുന്നു.  എന്തൊരു തിളക്കമായിരുന്നു ആ മുഖത്ത് . ഒരു തിരിച്ചുവരവിന്റെ അതിരില്ലാത്ത ആഹ്ളാദം !
മൗനവ്രതം  അവസാനിപ്പിച്ച  ഒരാളെപ്പോലെ അറിയാതെപോയതൊക്കെ 
ചോദിച്ചറിയാനുള്ള ആവേശമായിരുന്നു വാക്കുകളിൽ .

എന്റെ  നോട്ടം അച്ഛന്റെ ഒഴിഞ്ഞ ഇടംകൈത്തണ്ടയിലേക്ക് ഞാനറിയാതെ
ചിതറി വീണുകൊണ്ടിരുന്നു . അച്ഛന്റെ  സന്തതസഹചാരിയായ വാച്ച് , വീട്ടിലെ
മേശപ്പുറത്ത് അനാഥമായിട്ട് പത്തു ദിവസമായിരിക്കുന്നു .ഓർത്തെടുത്തു അച്ഛൻ .
വാച്ചിനൊപ്പംകുടയെടുക്കാൻ പറഞ്ഞില്ല .ആശുപത്രി കിടക്കയിൽ കുടയ്ക്കെന്തു
കാര്യം .

അച്ഛന്റെ അവസാനത്തെ ആവശ്യം നിറവേറ്റികൊടുക്കാനായില്ല .രാത്രിയോടെ
അച്ഛൻ  ബോധരഹിതനായി . വെന്റിലേറ്ററിനുള്ളിൽ  അവസാന ശ്വാസത്തിനായി
കാത്തുകിടന്നപ്പോഴും , അച്ഛന്റെ ഒഴിഞ്ഞ കൈത്തണ്ട ,സമയസൂചികളുടെ
ചലനത്തിന്  കാതോർത്തിട്ടുണ്ടാവും .

അച്ഛന്റെ കറുത്ത ഡയലുള്ള എച്ച് എം ടി  വാച്ച് ...
ഞാൻ സൂക്ഷിക്കുന്ന ഏറ്റവും വിലപ്പെട്ട സമ്പാദ്യം. അച്ഛനെപ്പോലെ
സമയനിഷ്ഠ  പാലിക്കുന്ന മറ്റൊരാളെ  കിട്ടില്ലെന്ന്  ഉറപ്പുള്ളതുകൊണ്ട്
തേങ്ങിയും കിതച്ചും കുറെ ഓടിയ ശേഷം അത്  നിശ്ചലമായി .നിഷ്ഠയോടെ ഓരോ
രാപകലുകളെ കൃത്യതയോടെ പകുത്തെടുക്കാത്തതിന്  മാത്രമാണ് എന്നെ  അച്ഛൻ
വഴക്ക് പറഞ്ഞിരുന്നത് . രാവിലെ അഞ്ചുമണിക്ക്  ഉണരുന്നതു മുതൽ  മുടങ്ങാത്ത
വൈകുന്നേരനടത്തത്തിലും  ഉറക്കത്തിലും  ഒക്കെ വഴികാട്ടിയായി  അച്ഛനൊപ്പം
വാച്ചുണ്ടാവും , ഇടയ്ക്കിടയ്ക്ക് അച്ഛന്റെ കൈയിലെ നീണ്ടുചുരുണ്ട രോമങ്ങളെ പിടിച്ചു
വലിച്ച്  നോവിച്ചുകൊണ്ട് .

കറുത്ത നിറമുള്ള പെട്ടിക്കുള്ളിൽ മൂന്ന്  ദിശകളിലേയ്ക്ക്  നോക്കിക്കിടക്കുന്നു ,
മരിച്ച മൂന്നു കുട്ടികളെയെന്നപോലെ സൂചികളും പേറി ആ  വാച്ച്‌ . മരിക്കാത്ത
ഓർമകളും  പേറി , ഞാനും .

( അച്ഛൻ  പോയിട്ട്  ഇന്ന് നാലുവർഷം )

#

2013, ജൂലൈ 29, തിങ്കളാഴ്‌ച

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം / സഹ്യമലക്ഷേത്രം .

#

ചുറ്റും മലനിരകൾ .മീതെ കുടമാറ്റം നടത്തുന്ന ആകാശം .പൊട്ടിച്ചിരിച്ച് ,
ആർത്തുല്ലസിച്ചൊഴുകുന്ന പാപനാശിനി .വരദാനമായൊരരുവി .
കല്ലുകളിൽ , വെറുംകാൽ ചവിട്ടി ,ഓരം ചേർന്ന് ,നടന്നപ്പോൾ കിട്ടിയ
അനുഭൂതി !പ്രകൃതിയെ അറിയുന്ന സ്വർഗീയമായ അവസ്ഥാവിശേഷം !!!

മന്ത്രങ്ങളുരുവിട്ട് , പിതൃതർപ്പണം .
മണ്‍മറഞ്ഞ  പിതാമഹരുടെ ആത്മാക്കൾക്ക്  നിത്യശാന്തിക്കായി
പ്രാർത്ഥന .അറിഞ്ഞോ   അറിയാതെയോ  ചെയ്തുപോയ തെറ്റുകൾക്ക്
ജലത്തെ സാക്ഷിയാക്കി മാപ്പിരക്കൽ . പിതൃക്കളെ   പ്രീതിപ്പെടുത്തൽ .
പാപനാശിനിയിൽ മുങ്ങി നിവർന്നപ്പോൾ ശരീരവും മനസ്സും പാടെ
ശുദ്ധീകരിക്കപ്പെട്ടതുപോലെ !

ഈറനുമായി  ഗണപതിക്കും ശിവനും മുന്നിൽ സമർപ്പണം .

ഓരോ കല്ലിലും പാദം തൊടുമ്പോഴും കണ്ണുകൾ ഇരുവശത്തേക്കും
തിരഞ്ഞുകൊണ്ടിരുന്നു .എല്ലാ മരങ്ങളെയും കണ്ണാലുഴിഞ്ഞു .അവയിൽ
ഏതിനായിരിക്കും എന്റെ അച്ഛന്റെ അസ്ഥി  വളമായിത്തീർന്നത്‌ ..
അച്ഛന്റെ അസ്ഥിക്ക് മേൽ മുളപൊട്ടിയ ചെടിക്ക്‌ ഇപ്പോൾ നാലുവയസ്സ്
പ്രായം .അച്ഛന്റെ മകളിതാ തൊട്ടടുത്തുണ്ടെന്ന്  ഏതു മരത്തിന്റെ വേരുകളാവും
അതിന്റെ ശിഖരങ്ങളോട്  രഹസ്യമായി പറഞ്ഞിട്ടുണ്ടാവുക?..

പടവുകൾ കയറി മുകളിൽ ചെന്നുനിന്ന്‌ ഒന്നുകൂടി നോക്കി .

മഹാവിഷ്ണുവിന്റെ തിരുസന്നിധിയിൽ  നെയ് വിളക്ക് സമർപ്പിച്ച്‌ ,കണ്ണുനിറയെ
പ്രാർത്ഥന .

ഇനി മടക്കം . തിരിച്ചറിയാനാവാതിരുന്ന ആ മരത്തെയും കൂടെയുള്ള എല്ലാ
മരങ്ങളെയും , അച്ഛൻ അസ്ഥിയായ്  ഉറങ്ങിയ , ആ  തെളിനീരരുവിയുടെ
മടിത്തട്ടിനെയും ഞാനെന്റെ  കരളിൽ പതിച്ചെടുത്തു വച്ചു . എനിക്കെന്നും
തണൽ വേണം , പുതച്ചുറങ്ങാൻ കുളിരും .

2013, ജൂലൈ 23, ചൊവ്വാഴ്ച

പ്രാർത്ഥിക ...

#

എത്ര വേഗത്തിലോടിയിട്ടും
ഞാനെന്താണെന്നും
ബാല്യത്തിന്റെ
ഉമ്മറപ്പടിയിൽത്തന്നെ
ജയിക്കുന്നു !

തൊഴുത്തിലെ ഓലവിടവിലൂടെ
പൂവാലിപ്പശുവിന്റെ  വയറിൽ
സൂര്യനെക്കണ്ടതും
നുള്ളിയെടുക്കാൻ നോക്കിയതും
ഇന്നലെ .

പത്തായത്തിനുള്ളിൽ തിരികത്തിച്ച്
പൂട്ടിവച്ച കദളിക്കുല
മഞ്ഞയുടുപ്പിട്ടോന്നു നോക്കാൻ
പതുങ്ങിപ്പതുങ്ങി പോയതും
ഇന്നലെ .

ആയമ്മ കനലിൽ ചുട്ടെടുത്ത കപ്പ
കൊതിമൂത്ത്‌  തട്ടിയെടുത്ത്
നാക്കു പൊള്ളിച്ചതു കണ്ട്
ചിരട്ടയിലിടിച്ച ചമ്മന്തി കളിയാക്കിച്ചിരിച്ചതും
ഇന്നലെ .

അച്ഛൻ  തന്ന പൈസ
കൈകുത്തി നിരങ്ങുന്ന ലക്ഷ്മണനു കൊടുത്തിട്ട്
അവന്റെ ചിരി തിരികെ വാങ്ങിയതും
കുറ്റിപ്പെൻസിൽകൊണ്ടെഴുതിയതും
ഇന്നലെ .

എന്നിട്ടുമെന്നിട്ടുമെന്തേ
ഭരണി നിറച്ച കുന്നിമണികൾക്കിടയിൽ നിന്ന്
കണ്ടെടുക്കാനാവുന്നില്ല
ആദ്യമായ്
കൂട്ടിവായിച്ച വാക്ക് ???!

#