2023, ഡിസംബർ 28, വ്യാഴാഴ്‌ച




കറുത്ത ചേലത്തുമ്പാൽ 
പൊതിഞ്ഞു പിടിച്ചെന്റെ
വെളുത്ത കിടക്കയിൽ
അമർന്നങ്ങിരുന്നതും

മൂക്കുത്തിയെവിടേന്ന് 
മുഖമൊന്നുഴിഞ്ഞു നീ
നെടിയ വീർപ്പോടെന്നെ 
അണച്ചുപിടിച്ചതും

തഴുകാൻ മുടിയില്ല!
വാക്കിനായ് പരതി നീ
നിറഞ്ഞ കണ്ണാൽ നോക്കി
തരിച്ചങ്ങിരുന്നതും.

പിന്നെ
വാക്കുകൾ മുറിഞ്ഞതും. 

ഒരു നിലാപ്പതിരെങ്ങാനും
ഉമ്മറം കടന്നാലും  
എങ്ങനെ മറക്കും ഞാൻ 
മരിക്കുംവരെ പൊന്നേ.

(ഇരുട്ടേ....)




2023, ഡിസംബർ 22, വെള്ളിയാഴ്‌ച


ഓർമ്മയുടെ  
പാളികൾകൊണ്ടു വേണം 
പുര പണിയേണ്ടതെന്ന്
പ്രത്യേകം പറഞ്ഞിരുന്നു.
നാലു ചുവരുകൾ
വെയിലിനിരിക്കാൻ
നീളത്തിലൊരു വരാന്തയും
കാറ്റിന് കയറിയിറങ്ങാൻ
വലിയ ജനാലകളും.
ഒന്നേ നോക്കിയുള്ളു
എന്തൊരുചേലെന്നുടനെ
വലതുകാൽവെച്ചു. 
തിളച്ചുതൂവിയ പാൽമണത്തിന്റെ 
വെളുത്ത രാശിയിൽ
'നിന്റെ പുര'യെന്ന് 
ഞാനെന്നെ അടക്കിപ്പിടിച്ചു. 

ഒരു രാവ് കൊണ്ട് 
ആയിരത്തൊന്നോർമ്മകൾ 
തൊട്ടെടുത്ത് മണക്കണം.
നോക്കിനടന്ന് കാൺകെ
ചോർച്ചയില്ലാത്ത 
ഒരു ചുവരുപോലുമില്ലെന്ന്
ഇരുട്ടിനോട് പരാതിപ്പെട്ട്
തെളിഞ്ഞുകാണുന്ന 
നനഞ്ഞ  കവിൾത്തടങ്ങളിൽ വിരലോടിച്ച് 
തണുത്ത നിലമെന്ന് ഞാൻ ചുരുണ്ടു. 
ഒച്ചയെടുക്കാനറിയാത്ത 
മുൻവാതിൽ 
അടുത്തേക്ക് വിളിച്ചതുപോലെ.
ഓർമ്മയുടെ ഏതുപാളിയിലാവും 
അത് ചെത്തിമിനുക്കിയിട്ടുണ്ടാവുക.  
മുറ്റം നിലാവ് കുടിച്ചുറക്കത്തിൽ.
ഒരിറ്റുപോലും ചോരാതെ
ഉറപ്പുള്ള മേൽക്കൂരയിൽ 
ആകാശമങ്ങനെ ഞാൻ ഞാനെന്ന്
തലയുയർത്തിപ്പിടിച്ച്. 
ഈരേഴുപതിനാലുലോകങ്ങളിൽ 
എവിടെങ്കിലും
എന്റെ പുര പോലൊന്ന്
പണിഞ്ഞിട്ടുണ്ടാവുമോ അവൻ...!


2023, ഡിസംബർ 13, ബുധനാഴ്‌ച

 
മുറിഞ്ഞു വീശുന്ന 
കനത്ത കാറ്റിൽ
ചുവന്നു കത്തുന്ന
കനൽതടം പോൽ
പരന്നു പെയ്യുന്ന
നിലാച്ചുവട്ടിൽ
തെളിഞ്ഞു പൊങ്ങുന്നു
ഒരു തുള്ളി ഓർമ്മ.
‐----------
ഒളിപ്പിച്ചതുമെന്തേ 
കറുത്ത ചേലത്തുമ്പാൽ
വിടർന്ന കണ്ണാലൊന്നു 
കുളിരെക്കണ്ടതുമില്ല.
ചേല നീ പിഴിഞ്ഞെന്റെ
നെറ്റിമേലിറ്റിച്ചതും
കണ്ടു ഞാനൊരുവട്ടം
മിന്നായംപോലെ കഷ്ടം.

2023, ഡിസംബർ 1, വെള്ളിയാഴ്‌ച

അ(ശ)യനം

നിനച്ചിരിക്കാത്ത
നേരത്തായിരുന്നു വരവ് 
ഒരുങ്ങിയിരുന്നില്ല തീരെ.
ഗാഢമായവൻ പ്രണയിക്കുമ്പോഴും
ചിറകടിച്ച് മറ്റെവിടെയോ.....

മാവിൻചോട്ടിലെ കസേരയിൽ 
നടുവു നിവർന്നിരിക്കുന്ന
പാതിനിർത്തിയ വായനയിൽ,
ചിറകുകളൊതുക്കി മൂലയിലേക്ക് 
സന്ധ്യയായെന്ന്
കലമ്പൽകൂട്ടുന്ന കൂട്ടിനുള്ളിൽ,
മറന്നുപോയോന്ന് അമറി
വാലിളക്കി അസ്വസ്ഥമാകുന്ന 
തൊഴുത്തിൽ,
ഒരു പകൽ മെഴുകിയിറക്കിയ
വിയർപ്പിന്റെ കഥയെഴുതിയെടുക്കാ-
നാവാത്ത വേദനയിൽ 
മുങ്ങിക്കിടക്കുന്ന കടവിൽ,
അവിടെ കാവൽനിൽക്കുന്ന 
പടവുകളിൽ,
ഈറൻമാറിയ നനവിൽ 
ഉടലൊന്ന് തഴുകിപ്പോകാവാതെ 
കുറുമ്പുമായ്
ചില്ലകളിളക്കുന്ന വിരലുകളിൽ 
അങ്ങനങ്ങനെ...

ഒരുങ്ങിയിരിക്കണം
ഒരു പകലോ ഒരു രാവോ 
നിന്നെയിങ്ങനെ കണ്ടിട്ടിട്ടേയില്ലാന്ന്
അതിശയപ്പെട്ട്
മൂക്കിൻതുമ്പത്ത് വിരൽവെയ്ക്കും-
വിധം.
തട്ടിൻപുറത്തുപോലുമില്ല
മായ്ച്ചുകളഞ്ഞ അക്ഷരങ്ങൾ.
കാണാമറയത്തുമില്ല
പറത്തിവിട്ട കുറുകലുകൾ,
ഒരു മേച്ചിൽപ്പുറത്തുമില്ല
അഴിച്ചുവിട്ട അയവിറക്കൽ 
തിരയിളക്കങ്ങളിലൊന്നുമില്ല
മുങ്ങിനിവർന്ന ഒഴുക്ക്,
ഒരിരവുപകലുകളിലുമില്ല
കുളിരു ചുറ്റിയ വിരലുകൾ.

വെറുതെയെന്നൊരു
വാക്കിന്റെ മുറ്റത്ത്
തൂവൽ കൊഴിച്ചിടുന്നു ചിറക്.

കാത്തിരിക്കുകയാണ്
പുനർജ്ജനിക്കാനാവാത്തവിധം 
ഈയുള്ളവൾക്ക്
അവന്റെ പ്രണയത്തിൽ മരിക്കണം.






2023, നവംബർ 15, ബുധനാഴ്‌ച

പേറ്റുനോവ് 
കലശലാവുന്ന നേരത്ത്
ചൂട്ടും കത്തിച്ചുപിടിച്ച് 
വഴിനീളെ മുറുക്കിത്തുപ്പി 
ചോന്നുചോന്ന് 
വയറ്റാട്ടിയെത്തും.
ഉടനെ,
ഊഴംവെച്ച് കൂട്ടിനെത്തിയവർ 
അവിടെനിന്ന്
തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി 
നടന്നുമറയാൻ തുടങ്ങും.

വയറൊഴിഞ്ഞ രാവും
വാരിയെടുത്ത വയറ്റാട്ടിയും
വെളുക്കെ ചിരിക്കാൻ തുടങ്ങും.
കുഞ്ഞിനെ നിലത്തുകിടത്തി
നോവകന്ന ചുണ്ട് തുറന്ന്
നനവുള്ള നാവ് കൊരുത്ത്
രാവ് അവന്റെ കാതിൽ
പേരുചൊല്ലി വിളിക്കും.
മടിക്കുത്തിലിരുന്ന് വെറ്റിലപ്പൊതി 
ആ പേര് ഏറ്റുചൊല്ലും. 
ഒത്തിരി നാവുകളതേറ്റുചൊല്ലാൻ 
തുടങ്ങുമ്പോൾ
അടുത്ത നോവിന് കാണാമെന്നവർ
രണ്ട് വഴികളായ് പിരിയും.

നോവിനെ
നേരാക്കുന്ന പ്രതിഭാസത്തെയാണ് 
നമ്മൾ വെളിച്ചമെന്ന് പേരിട്ട് വിളിക്കാറ്. 


2023, നവംബർ 9, വ്യാഴാഴ്‌ച

പറഞ്ഞതെന്തോ, 
തുടിക്കുന്നുണ്ട് 
പൂവിതൾ 
അടർന്നേറെയായിട്ടും.
കേൾക്കുന്നുണ്ടതിനെ 
തുടിയായ് മണ്ണ് 
കാറ്റേ കാറ്റേന്ന് 
നനഞ്ഞൊരീണത്തിൽ.

2023, നവംബർ 1, ബുധനാഴ്‌ച

ഇറങ്ങി വരും
നോക്കിനിൽക്കെ
നിലാവ്. 
കോരിയെടുക്കണം.
ഒക്കത്തുവെച്ച് 
മരങ്ങൾ കൊഴിച്ചിടുന്ന 
നിഴലുകളിലൂടെ
ഒട്ടുനേരം അങ്ങോട്ടിങ്ങോട്ട് 
മെല്ലെ നടക്കണം.
അവന് 
കുടിക്കാനൊരു വിരൽ, 
ഉള്ളിൽ
കിടക്കാനൊരു പുൽപ്പായ.
തുറന്ന ജനാലകൾക്കുനേരെ 
കണ്ണുകൾ പതിയെ അടയ്ക്കണം.
ഒഴുകിവരുന്ന പാട്ടിനൊപ്പം 
നീന്തിനീന്തി മറുകരയിലേക്ക്.
കാറ്റ് പതുങ്ങിയെത്തും
കിന്നാരംപറയാൻ നിക്കണ്ട.
കിനാക്കൾ 
പെയ്തിറങ്ങുന്നതു കാണാം. 
എണ്ണിയെടുക്കാൻ നോക്കരുത് 
അവർ പെയ്ത്ത് നിർത്തിയേക്കും. 

2023, ഒക്‌ടോബർ 29, ഞായറാഴ്‌ച

കണ്ണുകളടച്ച് 
പടവുകൾ എണ്ണിക്കൊണ്ടിരിക്കെ
ദേവകിയമ്മ കൈയിൽ പിടിച്ചു.
വേവിച്ചുടച്ച കപ്പയ്ക്ക് മീതെ വിളമ്പുന്ന
തിളച്ച മീൻകറിയുടെ മണത്തെ
ചന്ദനത്തിന്റെ ഗന്ധം കഴുകികളഞ്ഞിരിക്കുന്നു.
എന്നെ നന്നായി പുതപ്പിച്ചു കിടത്തി ഞങ്ങളിറങ്ങി.
പുറത്ത് കാത്തുകിടപ്പുണ്ട് 
കുഞ്ഞൂട്ടമ്മാവൻ ഓടിക്കുന്ന മൂക്കുനീണ്ട പച്ച കുടുക്ക ബസ്.
അച്ഛന്റെ മടിയിലിരുന്ന്
ഓടുന്ന മരങ്ങളും പാടങ്ങളും കണ്ട അതിശയവണ്ടി.
മഞ്ഞപ്പിത്തം കരൾ പറിച്ചാണത്രെ കുഞ്ഞൂട്ടമ്മാവൻ.........
മൂടുപടം അഴിച്ചുമാറ്റാത്ത മഞ്ഞിനോട് കലഹിച്ച്
ദൂരെ മാറിനില്പാണ് സൂര്യൻ.
കരിയിലകൂട്ടി ,തീകായാൻ തുടങ്ങിയിരിക്കുന്നു വല്യച്ഛൻ.  
തീയ്ക്കൊപ്പം കരുകരെ ശബ്ദത്തിൽ 
ചത്തുവീഴുന്ന പ്രാണികൾ.
വിരൽ നീട്ടിപ്പിടിച്ച്‌ ,പറ്റിച്ചേർന്നിരിക്കാൻ 
വെറ്റിലചെല്ലം കട്ടെടുത്ത് ,ചുണ്ട് ചോപ്പിച്ചവൾ ഇനിയും എത്തിയിട്ടില്ല .
കഥകേട്ട് , കഥകേട്ട് അവളൊരു കഥയില്ലാത്തവളായെന്ന്
വല്യച്ഛൻ എങ്ങനെ അറിയാൻ.
പാതയ്ക്കിരുവശവും ഒരേ വലുപ്പവും നിറവുമുള്ള വീടുകൾ.
ഇടതുവശത്തുള്ള ഒരു വീട്ടുമുറ്റത്ത് പത്രക്കാരൻ ചെക്കനെ
അക്ഷമയോടെ നോക്കിനിൽപ്പാണ് അച്ഛൻ.
വേഗതയില്ലാത്ത വണ്ടിയുടെ വേഗത എനിക്കായി വീണ്ടും കുറച്ച്
കുഞ്ഞൂട്ടമ്മാവൻ കരുണയുള്ളവനായി.
വിരലുകൾ കുറേക്കൂടി അമർത്തി ദേവകിയമ്മയും.

നിറഞ്ഞ അകിടുകൾ മൊന്തയിലേയ്ക്ക്  കറന്നെടുത്ത്
കരച്ചിൽ തീർത്ത് അകത്തേയ്ക്ക് കയറിപ്പോകുന്നു അമ്മിണീടമ്മ.
ശാന്തമ്മായീടെ തൂമ്പയുടെ അറ്റത്ത്‌
ചേമ്പ് പുഴുക്കിന്റെ കൊതിയൂറുന്ന മണം.
കുളക്കടവിൽ മുട്ടോളമെത്തുന്ന തലമുടി വിടർത്തിയിട്ട്
മേലെ നോക്കി സ്വപ്നം കണ്ടുനില്പാണ്  സുജാത.
സാന്ത്വനചികിത്സാമുറിയിൽ കണ്ട ആ പാതിയടഞ്ഞ കണ്ണുകൾ
വേണ്ടാ...... ഓർക്കണ്ട.

കവലയിൽ തുണിക്കട നടത്തിയിരുന്ന മജീദ്‌ക്ക കോലായിലിരുന്ന് 
നസീറാടെ ഉമ്മയെ നീട്ടിവിളിക്കുന്നു.
'നസീറാ സ്റോറിലായിയിരുന്നു 
അച്ഛൻ  തുണിമുറിച്ചു വാങ്ങലും
അളവെടുക്കാൻ ശ്വാസംപിടിച്ചു നിന്ന എന്റെ ചില വൈകുന്നേരങ്ങളും.
സ്കൂൾമുറ്റത്ത് ,ഒരേ നിറത്തിൽ നസീറയും ഞാനും ഇരട്ടക്കുട്ടികളാകും.
പിന്നെ അങ്ങോട്ടുമിങ്ങോട്ടും ചന്തം നോക്കി നില്ക്കും.
ഈ മജീദ്‌ക്കയ്ക്ക് ഒരു മാറ്റോമില്ല. 
കുഞ്ഞൂട്ടമ്മാവന്റെ ബസ് ഒന്നു മുരണ്ട്, നിന്നു.
അങ്ങുദൂരെ നിന്നൊരു നിഴൽ
ഒരാണ്‍കുട്ടിയായി രൂപാന്തരം പ്രാപിക്കുന്നു
മണ്ണപ്പം ചുട്ടുവെച്ച് വട്ടയിലകൾ നിരത്തിയിട്ട് 
വലിയ ചിരിപൊട്ടുന്നിടത്ത് 
പിണങ്ങി  മുഖം കനപ്പിച്ച്‌ 
'നിങ്ങട പാട് നോക്കെന്ന് തിരിഞ്ഞുനടന്ന
കുറുമ്പിന്റെ പന്ത്രണ്ടുകാരൻ.
ഒടുവിൽ.........
വാക്ക് തെറ്റിച്ച് 
ആരുടെയോ വിരൽപിടിച്ച്
അവളെക്കൂട്ടാതെ ഇങ്ങോട്ട്  പുറപ്പെട്ടതാണവൻ.
അവനിപ്പൊഴും അതേ പ്രായം.

നിറയെക്കാണാൻ ,കണ്ണുകൾ ആവുന്നിടത്തോളം തുറന്നുപിടിച്ചു.
പെട്ടെന്ന്  ഒരപശകുനത്തിന് ചിറകുമുളച്ചതുപോലെ
വരിക്കപ്ലാവിന്റെ കൊമ്പിൽനിന്ന്‌
കണ്ണാടി തകർത്തുകൊണ്ട് കൂവി പതിച്ച രണ്ടുൾക്കകൾ.!
കമ്പിയിൽ ആഞ്ഞിടിച്ച മൂക്ക്‌ പൊത്തിപ്പിടിച്ച്
വേദനയോടെ,നിശബ്ദമായിക്കരഞ്ഞ്
ഞാനിതാ, ഇരുട്ടിന്റെ അവസാനപടവും
എണ്ണിത്തീർത്തിരിക്കുന്നു .

2023, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

ഇതാ ആകാശം
നീ വരച്ചത് 
അതാ കടൽ
അതും നീ വരച്ചത് 
വിരലമർത്തി പിടിച്ചിരിക്കുന്നു 
ഒരു കുഞ്ഞിനെയെന്നപോലെ. 
കാണാനാവുന്നില്ലെനിക്ക്,
നിറംമങ്ങിയും തിരയടങ്ങിയും 
വിയർത്തുകിടക്കുകയാവും.

ഒരു നിമിഷത്തിന്റെ നിർവേദംകൊണ്ട് 
ചലനമറ്റുപോയ ഘടികാരം. 
മുനയുടെ അറ്റങ്ങളിൽ പറ്റിനിൽക്കുന്ന
ചരമമടഞ്ഞ ചോരത്തുള്ളികളുടെ
പ്രവാഹം.

ഏതു യാമത്തിലാവും 
ഞാനുണർന്നെണീറ്റത് 
പറന്നുയരാൻ ഒരു തൂവൽകനം 
കടമെടുത്തത്.

കാണാനാവുന്നില്ല,
ഉറക്കത്തിലാണ്ടുകിടക്കുന്ന മണ്ണും
നടന്നുതീർത്ത വഴികളും 
കുഴഞ്ഞുവീണ നിഴലുകളും.
ഉറക്കംനടിച്ചു കിടപ്പുണ്ടാവും 
തൊട്ടുരുമ്മിനടന്നൊരോർമ്മയിൽ 
എന്റെ കരിനീലക്കണ്ണുള്ള പൂച്ച
വിരലുകൾ മോഹിച്ച്
അറിയാതുറങ്ങിപ്പോയ വയലിൻ
പുലർച്ചെ മുറ്റത്ത് 
തീറ്റയ്ക്കെത്തുന്ന കരിയിലക്കിളികൾ.

ഒറ്റയ്ക്ക് പറക്കണം
കാട്ടിത്തന്നതല്ല
പക്ഷേ കാണാനാവുന്നുണ്ട് 
ദൂരെ
ഇരുട്ടെടുത്തണിഞ്ഞ 
സൂര്യകാന്തക്കല്ലിന്റെ മൂക്കുത്തി.
പറന്നുയരണം 
കിനാവുദിക്കുന്ന ആ ദേശത്തേയ്ക്ക്.





2023, ഒക്‌ടോബർ 3, ചൊവ്വാഴ്ച

ആർത്തലച്ച് മഴ വരുന്ന ചില കാലങ്ങളിൽ 
എന്റെ പുരയിലെ കലങ്ങളും ചട്ടികളും 
കുഞ്ഞുപെട്ടിയുമൊക്കെ ആരോടും        മിണ്ടാതെ 
പുഴയ്ക്കൊപ്പമിറങ്ങിപ്പോകും.
കോഴികളും ആടുകളുമൊക്കെ 
വെള്ളത്തിനു മുകളിലൂടെ ചിറകിട്ടടിച്ചും 
ചെവിയിട്ടടിച്ചും 
നീന്തിനീന്തി കാണാതാവും.
മഴയിറങ്ങിപ്പോകുമ്പോൾ കുമ്പിട്ടു-
നിൽക്കുന്ന പുരയെ നാലാളൊരുമിച്ച് 
നിവർത്തി നിർത്തും. 
ഒടിഞ്ഞ കൈകാലുകളിൽ പ്ലാസ്റ്ററിട്ട് 
ഉറപ്പിക്കും. 
അയ്യത്ത് മേയുന്ന അടുത്ത വീട്ടിലെ 
പശുവിന്റെ ചാണകമെടുത്തുകൊണ്ടു-
വന്ന് നിലം മെഴുകിയൊരുക്കും. 
ഒട്ടിയൊട്ടിയില്ലാതായ വയറുമായി
കുഞ്ഞുങ്ങൾ 
മഴയും പുഴയും ഒരുമിച്ചിറങ്ങിപ്പോയ 
മുറ്റത്തെ ചെളിവെള്ളത്തിൽ ചവിട്ടി 
ചെരുപ്പിട്ടതായി അഭിനയിച്ചു കളിക്കും. 
വെയില് വരുമ്പോൾ 
അടുപ്പ് ചിരിക്കാൻ തുടങ്ങുമ്പോൾ 
ഒക്കെയും മറക്കും.
അടച്ചുറപ്പില്ലാത്തതുകൊണ്ട് രാത്രി 
പുഴ പറയുന്നതൊക്കെ അക്ഷരംവിടാതെ കേൾക്കാം. 
പണ്ട് മഴ ഊക്കോടെ ചാടിവീണൊഴുകി-
യിരുന്ന തന്റെ കൂട്ടരെയും
അവരുടെ കൈവഴികളെയും 
ജീവനോടെ കുഴിച്ചുമൂടിയവരുടെ- ചരിത്രം 
എണ്ണിയെണ്ണി പറഞ്ഞവൾ
നെടുവീർപ്പിടും. 
അവരുയിർത്തെഴുന്നേറ്റൊഴുകട്ടെ
ഞാനീ മണ്ണിൽനിന്നെവിടേയ്ക്കുമില്ല.
പുഴയുടെ മണമാണോരോ അണുവിലും. 
ഇനിയും മഴ കലിതുള്ളി വരും 
ഒരു നാൾ ഞാനും നീന്തിനീന്തി 
അക്കരെയെത്താതെ 
അറിയപ്പെടാത്ത ഒരു ചരിത്രമായേക്കും.




2023, ഒക്‌ടോബർ 2, തിങ്കളാഴ്‌ച

അഴിച്ചും കെട്ടിയും 
പുരയൊരുക്കുന്ന 
കലിയിളകിയ മുകിൽപെണ്ണാളിന് 
നിറങ്ങളേഴെണ്ണമടുക്കിവെച്ചൊരു 
കരുത്തൻ മേൽക്കൂരയൊരുക്കുന്നാകാശം.

2023, സെപ്റ്റംബർ 30, ശനിയാഴ്‌ച



ഉയർന്നുപൊങ്ങിത്തെളിയുന്നൊ-
രോർമ്മ
അണഞ്ഞുപോം തിരി കെടുന്ന മാത്ര.
കാറ്റൊന്നു ചികഞ്ഞപാടുണർ-
ന്നെണീക്കും 
കരിഞ്ഞയിലതൻ ചടുമർമ്മരം പോൽ. 

(സ്വതന്ത്രപരിഭാഷ)

(memory is an autumn leaf that murmers
a while in the wind and then is heard no more.....Kahlil Gibran)

2023, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

തിരശ്ശീലയ്ക്ക് പുറകിൽ 
ഒരു നിഴലായ് കണ്ടു എന്നത് നേര് 
തൊട്ടില്ല, 
അതിരില്ലാ പാടത്തിനപ്പുറമെന്ന് 
കേൾക്കാതെപോയൊരു
കൊയ്ത്തുപാട്ടിന്റെ കിനാച്ചരട് 
കെട്ടിയെന്നു മാത്രം
ഒരു അലയായ് കേട്ടു എന്നത് നേര് 
കരകാണാക്കടലിനക്കരെയെന്ന് 
പറയാതെപോയൊരു 
കഥയുടെ രസച്ചരട് 
അഴിച്ചുവെച്ചു എന്നു മാത്രം 
നിലാവലക്കിയ പുതപ്പിനുള്ളിൽ
കിനാവായ് വന്നെങ്കിലെന്ന് 
പലവട്ടം മോഹിച്ചു എന്നതും നേര് 
വന്നില്ല,
കുളിച്ചുകയറി വരുന്നേരം 
ജനലിനിപ്പുറം മറഞ്ഞ്
പാദങ്ങൾ നോക്കിനിന്നുവെന്നു മാത്രം. 

പടിയിറക്കിവിട്ടതാണ്.........
ഞാൻ, സ്മാർത്തവിചാരം ചെയ്യപ്പെട്ട 
ഒരു വാക്ക്.



2023, സെപ്റ്റംബർ 23, ശനിയാഴ്‌ച

തനിച്ചു നിൽക്കുന്ന മടിച്ചി മാവുണ്ട് 
കുനിഞ്ഞുവന്നെന്റെ നെറുകയിൽതൊട്ട് 
വിറപൂണ്ടെന്നോട് പതിയെ ചൊല്ലുന്നു
പറന്നുവന്നൊരാ കിളികളൊത്തു നീ 
മുഴുത്ത മാമ്പഴം പകുത്തു തിന്നതിൻ 
കൊതി അടങ്ങിയിട്ടില്ലെനിക്കിന്നുമേ. 

2023, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

അന്നൊരു മൂവന്തി
മഴയും നനഞ്ഞൊരു പുഴ
പുരയിലേയ്ക്കു കയറിവന്നു
നടക്കാൻ പഠിക്കുന്നൊരു
കുഞ്ഞിനെപ്പോലെ. 
ഇറങ്ങിപ്പോയപ്പോഴുണ്ട്
കമഴ്ത്തിവെച്ചിരുന്ന മൺകലങ്ങളുടെ
വായ പിളർന്ന്
നിറയെ തിളങ്ങുന്ന പരൽമീനുകൾ. 
മഴ മാഞ്ഞുപോയി 
നോക്കുമ്പോൾ
മെഴുകിവെടിപ്പാക്കിയ നിലത്ത് 
നിറയെ സൂര്യന്റെ വിരലുകൾ 
കണേണ്ട കാഴ്ച !
ആരോടെങ്കിലും പറയാതെങ്ങനെ
പുഴയെ നോക്കി ചെന്നപ്പൊഴോ 
കണ്ണൊക്കെ കലങ്ങി
അവൾ പനിപിടിച്ച് കിടപ്പാണ്.
പറഞ്ഞിട്ടെന്തു കാര്യം 
മഴയത്ത് കുടയെടുക്കാതെ 
വന്നതെന്തേന്ന് ചോദിക്കാനും മറന്നു. 

2023, സെപ്റ്റംബർ 7, വ്യാഴാഴ്‌ച

തിണ്ണയിലൊറ്റക്കിരുന്ന് 
ഒരു പകൽക്കിനാവിന്റെ
മുടിയുടക്കറുക്കുന്നതിനിടെ 
മുങ്ങാങ്കുഴിക്ക് പോയൊരോർമ്മയെ
കുരുക്കഴിച്ചെടുക്കുന്നു   
അരിച്ചരിച്ചിറങ്ങുന്ന വെയില്.

ഇല്ലാത്ത പേനിനെ തപ്പിയെടുക്കാൻ
പരതിനടക്കുന്നതിനിടെ  
ആകാശത്തിന്റെയൊരു വാൽക്കഷണം മുറിച്ചെടുത്ത്
അതിൽ മഴവില്ലും പതിച്ചുവെച്ച് 
കരിപുരണ്ട വിരലുകൾ 
കൂട്ടിപിടിച്ചതിൽ ചുണ്ടമർത്തുന്നു തോരാതെ.

കടലു പോലെ നീലിച്ച കണ്ണിൽ
പുഴയൊഴുക്കിവിട്ട് മാഞ്ഞിട്ടും 
തോരാതെ നുരയുന്ന ഉന്മാദത്തിന്റെ 
തിര.

മൂക്കിൻ തുഞ്ചത്തു തട്ടിത്തെറിച്ച്  
തിളച്ചയെണ്ണയിലെ കടുകുമണി
തിളവരാതെ പിണങ്ങിക്കിടക്കുന്ന
തെറ്റായളന്നിട്ട കുത്തരി
പാതി ചിരകിക്കളഞ്ഞ തേങ്ങാമുറി
കറിക്കഷണങ്ങളിലേയ്ക്കെ-
ത്തിനോക്കുന്ന മുറിഞ്ഞ വിരല്....

തിടുക്കത്തിലൊരു വട്ടംകൂട്ടൽ.
എന്നിട്ടും 
ഉപ്പും മുളകും പുളിയും പാകമെന്നും
ഇന്നലത്തെക്കാളേറെ രുചിയാണെന്നും
ഉണ്ടു നിറയുന്ന വിശപ്പ്.

കടലിനുമതേ രുചി 
ഇന്നലെ കുറുക്കിയതു പോലെ.!
പുതച്ചുറങ്ങാൻ
ഒരുനൂൽ തണുപ്പെന്ന് 
വിയർത്ത് കേഴുന്നെൻ 
വിളർത്ത മൺപുര. 

പതിഞ്ഞ പാട്ടിന്റെ 
കരിഞ്ഞൊരീരടി 
മറിച്ചുനോക്കുന്നു 
മെലിഞ്ഞവൾ രാത്രി. 

തളർന്ന മുറ്റത്തെ 
ഇളിച്ചു കാട്ടുന്നു 
തലയ്ക്കൽ നിൽക്കുന്ന 
മദിച്ച ചന്തിരൻ. 

ഉണർന്ന കാറ്റിന്റെ
വിരൽ കൊരുത്തതാ 
പുതപ്പ് തുന്നുന്നു 
പടർന്ന തേന്മാവ്. 






2023, സെപ്റ്റംബർ 2, ശനിയാഴ്‌ച

തികച്ചും ശൂന്യമായ
ചില ഇടവേളകളുണ്ട്
വായിക്കാനാവാതെ
പാട്ടുകേൾക്കാനാവാതെ
നിസ്സംഗതയുടെ ഒറ്റപ്പെടലിന്റെ
ഒരു നേർചിത്രം പോലെ.

മയക്കത്തിന്റെ ചിറകുകൾ
വാരിയെടുത്തു കൊണ്ടുപോകാറുണ്ട്
ഓർമ്മകളെ മേയാൻ വിടുന്ന
തണൽവഴികളിലൂടെ.
പ്രത്യാശയുടെ കൂട്ടിലോ
നിരാശയുടെ മരുഭൂവിലോ
അവസാനിപ്പിക്കും 
വഴിതെറ്റിപ്പോകാത്ത ചിറകടക്കം.

നെഞ്ചോടുചേർത്തു പിടിച്ച
സ്ലേറ്റും പുസ്തകവുമായി
പാടവരമ്പിലൂടെ 
അമ്മയുടെ പിറകേ  നടന്നുനടന്ന്
ഞാൻ ഒന്നാം ക്ലാസ്സിലെ
മുൻബെഞ്ചിൽ ചെന്നിരിക്കുന്നു.
പാറുക്കുട്ടി ടീച്ചറിന്റെ കേട്ടെഴുത്ത് 
ഒരക്ഷരതെറ്റും വരുത്താതെ
ഒന്നാമതെത്തുന്നു.
അവിടുന്ന് വരാന്തയിലൂടെ
നാലാംക്ലാസ്സിലേയ്ക്ക്.
നിലത്ത് വട്ടത്തിൽ ചമ്രംപടിഞ്ഞിരുന്ന്
കൂട്ടുകാരുമൊത്ത് 
പൊതിച്ചോർ പങ്കിട്ടുകഴിക്കുന്ന ഉച്ച.
ചെറിയ കെട്ടിടത്തിൽനിന്ന്
അമ്മയുള്ള വലിയ കെട്ടിടത്തിലേയ്ക്ക്. 
കുട്ടികളില്ലാത്ത സീത ടീച്ചറിന്റെ വീട്ടിൽ
പലഹാരം കഴിച്ച് കഥയും കേട്ടിരിക്കുന്ന 
ചില രാത്രികൾ.

കലാലയത്തിലെ വിശാലമായ
ക്ലാസ്സ് മുറിയുടെ മുഴക്കത്തിൽ 
ഒരു കുഴലൂത്തുകാരന്റെ 
പിന്നാലെയെന്നപോലൊരു കവിത 
മുന്നിലിരിക്കുന്ന കുട്ടികൾക്ക് 
അഭിമുഖമായി 
എന്റെ വിരൽപിടിച്ചങ്ങനെ
'മനസ്വിനി'യായി ഒഴുകിപ്പരക്കുന്നു
നീണ്ട കരഘോഷം 
എത്തിനോക്കുന്ന അപരിചിതരായ കുട്ടികൾ.

ജന്തുശാസ്ത്രവും ജനിതകഘടകങ്ങളും
കൂട്ടുകൂടാനാളില്ലാതെ
കട്ടിയുള്ള പുതപ്പിനുള്ളിൽ
ഉറങ്ങിക്കിടക്കുന്ന
എന്റെ ചെറിയ വായനമുറിയുടെ
നിശ്ചലദൃശ്യങ്ങൾ. 

കത്തിക്കരിഞ്ഞ
കവിതകൾ,ഡയറിക്കുറിപ്പുകൾ,
ആസ്വാദനങ്ങൾ.........
ഒലിച്ചുപോകുന്ന ചാരക്കൂട്ടിന്  മുകളിലൂടെ
വിരൽതുമ്പുപിടിച്ച്  നടന്നുപോകുന്നു 
നിഷേധമെന്ന വാക്കെഴുതാനറിയാതെ
തോറ്റുപോയൊരു കവിത.

മയക്കത്തിൽ നിന്നുണരുമ്പോൾ
സമയസൂചികളിൽ
അടയാളപ്പെടുത്തി വെച്ചിരിക്കുന്നു 
എന്റെ ഒടിഞ്ഞുപോയ കാലുകൾ.


2023, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

ഒറ്റയായ്.....
കൂട്ടംതെറ്റിനിന്ന് 
താഴേയ്ക്കുറ്റുനോക്കുന്ന 
നിന്നോടിപ്പോൾ
അവർ ചോദിച്ചതെന്തെന്നറിയാൻ
എനിക്ക് നക്ഷത്രങ്ങളുടെ ഭാഷ പഠിക്കേണ്ടതില്ല.

ഇവിടെ നിശാഗന്ധി ചിരിക്കാൻ 
തുടങ്ങുന്നു.
ജരാനര ബാധിക്കാത്ത 
ആ നാട്ടുവഴികളിൽ
ഋതു ഇടയ്ക്കിടയ്ക്ക് കുപ്പായം മാറാറുണ്ടോ?
മഴയോട് പൊരുതിത്തോറ്റ നിറങ്ങളാണ്
മുറ്റം നിറയെ. 
കാറ്റിനുറങ്ങാൻ ചില്ലകൾ കൂടൊരുക്കുന്നുണ്ട് 
കിളികൾ പഠിപ്പിച്ച പാട്ടുകൾ 
മൂളിനോക്കുന്നുണ്ടിലകൾ
ദേ, ഇരുട്ട് വീണ്ടുമിരുളാൻ തുടങ്ങുന്നു.

നീയൊരു താമരത്തണ്ട് താഴേയ്ക്കിട്
മുത്തശ്ശി പ്ലാവിന്റെ കൊമ്പിലൊരൂഞ്ഞാൽ കെട്ടി
ആയത്തിലായത്തിലാടി 
ഞാൻ നിന്റെ വിരൽപിടിക്കട്ടെ.

2023, ഓഗസ്റ്റ് 26, ശനിയാഴ്‌ച

ഇന്നലെയും 
പാടവരമ്പത്ത് വന്നുനിന്ന്
നീയെന്റെ പേര് നീട്ടിവിളിച്ചിട്ടുണ്ടാവും
പതിവുപോലെ.
മറുവിളിക്കുമപ്പുറത്തൊരു 
ലോകത്താണ്
ഞാനെന്നറിയാതെ 
നീ 
അരിശം മൂത്തുമൂത്ത് 
ഊക്കോടെ 
മുറുക്കിത്തുപ്പിയിട്ടുണ്ടാവും.
ആ 
ഒരുമ്പെട്ടോൾ കിണറുകളിൽ 
വെള്ളം നിറയ്ക്കാനോ 
ആകാശത്ത് 
മഴവില്ലു വരയ്ക്കാനോ 
ചെടികളെ നിരയായ് നിർത്തി
പൂക്കൾ ചൂടിച്ച് രസിക്കാനോ 
അതോ 
കടല് തേകി തിരവറ്റിക്കാനോ 
പോയതാവാമെന്ന് പിറുപിറുത്ത് 
അമർത്തിച്ചവിട്ടി 
നീ
വരമ്പ് മുറിച്ച് 
അക്കരെയെത്തിയിട്ടുണ്ടാവും. 

നിന്റെ സൂര്യനിപ്പോൾ കുളിക്കാനിറങ്ങുന്ന നേരം.
ഇവിടെയവൻ മലമുകളിൽ 
വലംകാൽ കയറ്റിവെച്ച് 
ഒരേ നില്പാണ്, അനങ്ങാതെ.


2023, ഓഗസ്റ്റ് 16, ബുധനാഴ്‌ച

ചില രാത്രികളിൽ 
ഉറക്കത്തിനത്താഴമൊരുക്കിവെച്ച് 
നിലാവ് താഴേയ്ക്കിറങ്ങും. 
മുലകുടിച്ചുകൊണ്ടൊക്കത്തിരിക്കുന്ന 
കിനാക്കുഞ്ഞിനെ ചേലകൊണ്ട് 
മറച്ചുപിടിക്കും.
വിരിതൊടാത്ത ജനലിനരികത്ത് 
പതിവുപോലെ നിലയുറപ്പിക്കും. 
പള്ളനിറഞ്ഞ കുഞ്ഞ് 
നിലാവിനേക്കാൾ ചന്തത്തിൽ ചിരിക്കും.
ചുവരുകൾ തമ്മിൽ തമ്മിൽ 
അടക്കംപറയുന്നിടത്തൊട്ടുനേരം 
ചെവികൂർപ്പിച്ചങ്ങനെ നിൽക്കുമവൾ.
ഇന്നലെയുമവർ കേട്ടതാണത്രെ 
നേർത്തുനേർത്തലിഞ്ഞലിഞ്ഞില്ലാ-
തായൊരു തേങ്ങൽ,
മൂടപ്പെട്ട ഏതോ പുഴയുടേതുപോലെ. 

തുടികൊട്ടുന്ന നെഞ്ചോടുചേർന്ന് 
ആ വിരലിൽ മുറുകെപ്പിടിച്ച് 
കൈകാലിളക്കിക്കളിക്കുന്ന 
കുഞ്ഞിനെയും 
ചിരിപടരുന്ന ചുവരുകളെയും 
തെല്ലുനേരം നോക്കിനിന്നിട്ട് 
അവൾ പടവുകൾ കയറാൻ തുടങ്ങും.

അത്താഴമുണ്ടുനിറഞ്ഞവന് 
കൈകഴുകിത്തുടയ്ക്കാനവളുടെ 
ചേലത്തുമ്പ് നീട്ടിക്കൊടുക്കേണ്ടതുണ്ട്.


2023, ഓഗസ്റ്റ് 9, ബുധനാഴ്‌ച

മഴ തൊട്ടു തണുക്കാൻ 
ജനലരികു ചേർന്നുനിന്ന്
കൈ നീട്ടിപ്പിടിക്കുന്നണിയാത്ത
കറുത്ത കുപ്പിവളകൾ.

പേരില്ലാരാജ്യത്തെ 
രാജകുമാരീയെന്നുറക്കെ 
കൂകിവിളിച്ച് കടന്നുപോകുന്നു 
കുപ്പായമിടാത്തൊരു കാറ്റ്.
 
ഇതാ ഭൂമിയുടെ അറ്റമെന്ന് 
ഉറക്കത്തിനിടയിൽ കയറിവന്ന്
പതിയെ ചിരിച്ചുകാട്ടുന്നു 
കിനാവിൽ വരാത്തൊരാൾ. 

2023, ജൂലൈ 26, ബുധനാഴ്‌ച

എത്രയോവട്ടം 
അടിച്ചുവാരിത്തളിച്ചു. 
മാഞ്ഞുപോകുന്നില്ല, 
പറന്നുപോയൊരു പാട്ടിന്റെ 
നിഴൽ. 
ഓരോ മൺതരിയിലും 
ഇടമുറിയാതുയരുന്നുണ്ട് 
നനഞ്ഞ തൂവലിന്റെ പിടച്ചിൽ. 

2023, ജൂലൈ 14, വെള്ളിയാഴ്‌ച

നിലാവിനെന്തിത്ര
നിലാവെന്ന് 
ഇലമറവിലൊളിച്ചിരുന്ന്
കുശുമ്പു പറയുന്നിരുട്ട്.
അറിഞ്ഞു വിളമ്പണം 
നാളെയെന്ന് 
ആകാശത്തിനോടൊരു 
പയ്യാരം. 
വിളക്കുകത്തിയപോൽ 
പരന്ന വെളിച്ചത്തിൽ 
എങ്ങനെ മുങ്ങിനിവരാനെന്ന് 
ഇന്നലെ ഏതോ ഒരു കിളി 
മറന്നുവെച്ച പാട്ടിനോട് 
വിസ്തരിക്കുന്നവൾ, 
പുഴ കേൾക്കാനെന്നവിധം.
'ഇരുട്ടേ'ന്ന് വിളിച്ചോടിവരുന്ന
കാറ്റിന്റെ ചില്ലകൾ തട്ടി 
മുറിയാതെ ചിന്താതെ
ആ പേര് പൊതിഞ്ഞുപിടിക്കുന്നു 
നിലാവിന്റെ ചേലത്തുമ്പാൽ
വെളിച്ചപ്പെട്ട ഇരുട്ട്..!



2023, മേയ് 19, വെള്ളിയാഴ്‌ച

ജനലിനപ്പുറമൊരു 
വിശാലമായ മുറ്റമുണ്ട്
ഞാൻ 
നനച്ചുവളർത്തിയത് 
പൂക്കളുണ്ട് 
ശലഭങ്ങളുണ്ട് 
കിളികളുണ്ട് 
കൊഞ്ചിക്കാൻ കാറ്റുമുണ്ട് 
കയ്യെത്തുംദൂരത്ത് പെയ്യുന്നു 
നനുനനുത്ത മഴ 
തൊടാനാവുന്നില്ലെങ്കിലും 
അറിയാനാവുന്നുണ്ട് 
ഉള്ളം കുളിർക്കുന്ന തണുപ്പ് 
കാണാമറയത്തിരുന്ന് 
നീയെന്നെ തൊടുന്നതുപോലെ. 


2023, മേയ് 15, തിങ്കളാഴ്‌ച

കുളിരുപുതപ്പ് 
നന്നായ് മടക്കിവെച്ച് 
നടക്കാനിറങ്ങുന്നു 
രാത്രി.
ഇടവഴിനീളേ
തളർന്നുറങ്ങുന്നു
കൂട്ടമായും ഒറ്റതിരിഞ്ഞും
പല പ്രായത്തിലുള്ള 
നിഴലുകൾ.
ഒതുക്കുകല്ലുകളുടെ 
കയറ്റത്തിനൊടുവിൽ  
പഴയൊരു വീടിന്റെ പൂമുഖം. 
കത്തിച്ചുവെച്ചിരിക്കുന്ന 
റാന്തലിനു ചുറ്റും
തുള്ളിച്ചാടി ആത്മഹത്യചെയ്ത 
ഈയാംപാറ്റകളുടെ 
മരിച്ചിട്ടും ശവമാകാത്ത 
ശരീരങ്ങൾ.
തുറന്നുകിടക്കുന്ന വലിയ 
മരവാതിൽ.
താളംമുറിയാത്ത 
സമയസൂചികളുടെ 
ചുവര്.
വരച്ചുവെച്ചിരിക്കുന്ന 
ഛായാചിത്രങ്ങളിൽ
മരിച്ചുപോയവരുടെ മായാത്ത 
ചിരി.
ചാറ്റൽമഴയുടെ വിരിയിട്ട 
മേശമേൽ 
മൂടിയുള്ളൊരു മൺപാത്രം.
നിറച്ചുവെച്ചിട്ടുണ്ടതിൽ 
പാകമായ് പഴുത്ത വാക്കുകളുടെ 
മധുരം. 
ഉള്ളം നിറച്ചെടുത്ത്
ഒതുക്കുകളിറങ്ങുന്നവളുടെ  വിരലുകളുരുമ്മി 
കട്ടെടുത്തിട്ടില്ലെന്നു ചിരിച്ച്
പറന്നു മറയുന്നു കാറ്റ്.




2023, മേയ് 6, ശനിയാഴ്‌ച

ഉള്ളകത്ത് 
തോർന്നിട്ടില്ലിതുവരെ, 
കുടയെടുക്കാതെ
വിരുന്നുവന്ന് 
പുരനിറച്ചുപോയൊരു 
പെരുമഴക്കാലം.
മെഴുകിമിനുക്കിയ നിലത്ത്
കാറ്റുമ്മവെച്ചിടങ്ങളിലൂടെ 
തെളിഞ്ഞുവരും 
ഒരുനൂറ് സൂര്യന്മാർ. 
ഇരുളുമ്പൊഴും വെളിച്ചമാണുളളിൽ, 
കനലെരിയുന്നതിന്റെ. 

2023, മേയ് 1, തിങ്കളാഴ്‌ച

പലരോടും
പറഞ്ഞിരുന്നു 
പല പല നേരങ്ങളിൽ,
മരിക്കുമ്പൊ കരയരുതെന്ന്. 
കേട്ടും കണ്ടുമറിഞ്ഞ ചിരി 
ഓർത്തെടുത്ത് പടർത്തണമെന്ന്. 
പറഞ്ഞിരുന്നു 
നോക്കിനിൽക്കരുതെന്ന് 
ചോരവറ്റിയ 
ചുണ്ടുകളിലേക്കും 
നിറംമങ്ങിയ  
വിരൽനഖങ്ങളിലേക്കും.
കാണുന്നുണ്ട് 
അടുക്കളച്ചുവരിൽ 
രണ്ടു നേർത്ത ജലരേഖകൾ.
സാരിത്തലപ്പുകൊണ്ടത് 
തുടച്ചുകൊടുക്കുന്ന, 
എന്റെയതേ ജന്മനക്ഷത്രമുള്ള 
ഒരുവളെയും. 
പറഞ്ഞിരുന്നതാണ് 
ഊട്ടിനിറച്ച രുചിഭേദങ്ങളോട്.....
ഒരു ചിരിയിലൂടെനിക്ക് തിരിച്ചുപോകണം




2023, ഏപ്രിൽ 19, ബുധനാഴ്‌ച

വിയർത്ത് 
വീണ്ടും വിയർത്ത് 
കുളിക്കാനിറങ്ങുന്നു, 
വറണ്ട ഇടവഴിയിലൂടെ 
വറ്റിയ കടവിലേക്ക് 
പാട്ട് മറന്ന രാവ്.

വിരലുകൾ നീട്ടി 
ഗർഭത്തിൽനിന്നിനിയും 
പുറത്തേക്കുവരാത്ത 
തണുപ്പിന്റെ കുഞ്ഞുങ്ങളെയും 
കാത്തുകാത്ത് 
തളർന്നുകിടക്കുന്നു 
വഴിയോരത്ത് 
പാമ്പുകളെപ്പോലെ
കെട്ടുപിണഞ്ഞ  നിഴലുകൾ. 

രാവിനു തെളിയാൻ 
ഇത്തിരിപ്പോന്ന 
ജലത്തിന്റെ പള്ളയിലേക്ക് 
ചൂട്ടുകത്തിച്ചുപിടിക്കുന്നു 
ആകാശം 
ചിതറിവീഴുന്നു വെളിച്ചത്തിന്റെ 
പൊട്ടുകൾ. 

നാളെ നാളെയെന്ന് 
ചിറകടിച്ച് പറന്നുപോകുന്നു 
കിനാവിലൊരു രാക്കിളിക്കൂട്ടം. 



2023, ഏപ്രിൽ 9, ഞായറാഴ്‌ച

വരൂ'  
സമയമായ് 
വിളിക്കുന്നു മഹാരഥൻ 
ഒടിക്കുന്നു നാരായമുന 
മുറിക്കുന്നെൻ വിരൽത്തുമ്പും.
ആകാശത്തെ 
മുറ്റത്തേയ്ക്കഴിച്ചുകെട്ടി 
നക്ഷത്രക്കുഞ്ഞുങ്ങളെ 
മാമൂട്ടി, പാടിയുറക്കി 
ഞാനെന്റെ കണ്ണുകളെ മേയാൻ
വിടുന്നു. 
ഇരുട്ടിൻപറ്റങ്ങൾ 
ചവിട്ടിമെതിച്ചിട്ടയിടങ്ങളിൽ 
മുളച്ചുവന്നേക്കുമൊരുപക്ഷേ 
എന്നോ വേരറ്റുപോയൊരു മഴയിൽ-
കുതിർന്ന
വാക്കിന്റെ വിത്തുകൾ.
വെയിലുരുക്കുന്നു പൊന്നരഞ്ഞാണം
മണികൾ കെട്ടിയൊരുക്കുന്നു നേർമഴ 
എന്തുചേലെന്ന് മാമരക്കൊമ്പത്ത് 
ചാഞ്ഞുറങ്ങാൻ തുടങ്ങുന്നു കാറ്റ്.

2023, ഏപ്രിൽ 5, ബുധനാഴ്‌ച

ഉത്സവത്തിന് 
പുത്തനുടയാടയില്ലാഞ്ഞ്
അത്താഴമുണ്ണാതെ 
മുടിവാരിക്കെട്ടാതെ 
കരഞ്ഞ്
പെയ്യുന്നു
കരിങ്കുഴലി. 
കൊതിച്ചതാണവൾ 
നാലാള് കാൺകെ
നിറഞ്ഞ്
പെയ്യാൻ
വെട്ടിത്തിളങ്ങുന്ന
പുരം തിളക്കുന്ന  
കുളിര് ചൂഴുന്ന
നിലാവണിക്കുപ്പായം.

2023, ഏപ്രിൽ 1, ശനിയാഴ്‌ച

മുടിപ്പിന്നൽ 
മുന്നിലേയ്ക്കെടുത്തിട്ട് 
നേർത്തവിരലുകൾ
മീ....ട്ടി 
തിരുകിവെച്ചത്
മിനുക്കിവെയ്ക്കുന്നു 
രാവ്.
നിലാവുമ്മവെച്ചിടങ്ങൾ
തിണർത്തുവരുന്നതാണത്രേ 
വെള്ളനിറമുള്ള പൂമൊട്ടുകൾ.

2023, മാർച്ച് 29, ബുധനാഴ്‌ച

 
ചിരിക്കും കരയും 
കിനാവിലെന്നപോലെ. 
നെഞ്ചിനുമീതെ 
വിടർത്തിവെച്ചിരിക്കുന്ന 
വിരലുകളിൽ നീ താളമിടും,
ഒരു പിഞ്ചുകുഞ്ഞിനെ
ഉറക്കുന്നതുപോലെ.
പിടിവിടാനാവാത്തവിധം 
ഞാൻ നിന്റെ ചൂണ്ടുവിരൽ 
എന്റെ നാഴികമണിയുടെ 
ചാവിയെന്നപോലെ 
മുറുക്കിപ്പിടിക്കും. 

നീയിങ്ങനെ 
നോക്കിയിരിക്കുമെന്നു-
റപ്പുള്ളതുകൊണ്ടു മാത്രമാണ്
ഞാനെന്നെയിങ്ങനെയുറക്കുന്നത്. 

2023, മാർച്ച് 26, ഞായറാഴ്‌ച

കണ്ണുകൊണ്ട്  
ആകാശം തൊട്ട്
ഒഴുകുന്നത് പുഴയല്ലെന്ന് 
വരച്ചുവെക്കുന്നു ജലം,
അതിന്റെ 
മെലിഞ്ഞ വിരലുകളാൽ.
അവളെ
മടിയിൽക്കിടത്തി 
വരണ്ട ചുണ്ടിൽ 
കിനാവുചുരത്തുന്നു നിലാവ്,
രാവറിയാതെ..കാറ്ററിയാതെ. 


2023, മാർച്ച് 19, ഞായറാഴ്‌ച

നീ പാടിയ ചില്ലയിൽ സദാ 
വെയിലേറ്റു കരിഞ്ഞു ഞാനിതാ
മറുവാക്കു ചൊല്ലുവാൻ പ്രിയം
മുറിവേറ്റു തകർന്നു രാഗവും.

നിറയെ കുളിർപൂത്ത സന്ധ്യയിൽ
ഉണരും താരകമേട പൂകി നാം
തിരി കത്തിച്ചു തിരിച്ചു പോന്നിടം
ഉയിരിൽ അണയാതെ കാത്തിടാം. 

2023, മാർച്ച് 15, ബുധനാഴ്‌ച

പതിവുപോലെ 
വേലിനിറയെ പൂത്ത 
ചെമ്പരത്തിക്കാടുകൾ 
വകഞ്ഞുമാറ്റി അവളെത്തി. 
മുറ്റം കടന്ന് 
ഒച്ചയുണ്ടാക്കാതെ 
ജനലരികത്തേയ്ക്ക്.
മുട്ടിവിളിച്ച്
ആരുമില്ലെന്നുറപ്പാക്കി 
അഴികളിലൂടകത്ത്. 
ഞങ്ങളെഴുതാനിരുന്നു. 
പതിവുപോലെ.
മേലാകെ ഇരുട്ടെടുത്തണിഞ്ഞ 
അവൾ തൊട്ടെഴുതിയാൽ 
കൺമഷി എന്റെ കവിളാകെ 
പടരുമെന്ന്.
അവൾ തുടങ്ങി,
എന്റെ വിരലുകൾ കടമെടുത്ത്.

എന്തൊരു ചേലാണ് നിനക്കെന്ന് 
ഒരു പകലോ 
എന്റെ ചുവരിലെ കണ്ണാടിയോ 
പറഞ്ഞിട്ടില്ലിതേവരെ.

2023, മാർച്ച് 13, തിങ്കളാഴ്‌ച

പുരപെയ്തൊലിച്ചതാ-
ണകത്തെ മൺകലം 
തുളുമ്പി മറിയുന്ന 
തെറിച്ചവൻമഴ.
കോർത്തെടുത്തൊരു 
പഴുത്തിലക്കൂട്ട-
മെടുത്തടയ്ക്കണമത് 
വെയിൽച്ചുണ്ടെടുക്കാതെ.


2023, മാർച്ച് 5, ഞായറാഴ്‌ച

വിണ്ടുകീറിയ 
മണ്ണടരുകൾ 
പെറുക്കിയെടുത്ത് 
അടുപ്പുകൂട്ടുന്നു വേനൽ
കനലൂതുന്നു കാറ്റ്
വെന്ത മൺചട്ടിയിൽ 
തിളച്ചു കുറുകുന്നു
ജനാലക്കപ്പുറം
കണ്ണെത്തുംദൂരത്ത്
ഞാനുണർത്തിവിട്ട തിരകൾ 
കെട്ടിയിട്ട വള്ളം 
ചാരിവെച്ച തുഴ 
അതിൽ 
ഞാനഴിച്ചുവെച്ച പാട്ട്
രാവറിയാതെ 
നിലാവുറിയിലുറുമ്പെടുക്കാതെ 
ഞാനടച്ചുവെച്ച കിനാവുകൾ.

2023, ഫെബ്രുവരി 28, ചൊവ്വാഴ്ച

പണ്ടു പണ്ട്
വളരേ പണ്ടൊരിക്കൽ
പുൽപ്പായ നീട്ടിവിരിച്ചിട്ടിരുന്ന് 
(ഞാൻ)
നേരിയ വെട്ടം തൊട്ട്
പേന തുറന്നുപിടിച്ച് 
കടല് നിറച്ച് 
തിരിച്ചും മറിച്ചും
ആകാശമെന്നെഴുതാനെടുത്ത- 
നേരം.
കാറ്റിന് കലിയിളകി.
മണല് പറന്നുകളിച്ചു.
കൂട്ടംതെറ്റി നക്ഷത്രങ്ങൾ.
കാൽവഴുതിവീഴാതെ
അവർ
മേഘച്ചീളുകൾ കടന്ന്
ചാടിവന്നൊളിച്ചത് 
മീനുകളുടെ കണ്ണിൽ.
തിരക്കിട്ടോടിവന്ന പകൽ  
അവരെ കണ്ടെടുത്ത്  
ഒക്കത്തിരുത്തി 
കൊണ്ടുപോയതിൽപ്പിന്നെ
മീനുകളൊന്നും കണ്ണടച്ചുറങ്ങീട്ടില്ല.!
ഞാനുമതേ............

2023, ഫെബ്രുവരി 19, ഞായറാഴ്‌ച

മുഷിഞ്ഞ രാവിന്റെ കറുത്ത കമ്പളം 
നിലാവലക്കല്ലിലലക്കി വെച്ചിട്ട് 
നനുത്ത പൂഞ്ചേലയഴകിനാൽ ചുറ്റി
വെളിച്ചം തൊട്ടങ്ങ് മഷിയെഴുതണം.


2023, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

മിഴി നട്ട് കരിഞ്ഞൊരു പെണ്ണിന് 
മഴയെന്ന് വരച്ച് കിളിർക്കാൻ 
മലമേട്ടിലിരുന്നൊരു കനവ്
നിറക്കുപ്പി മറിക്കണ്...കണ്ടാ.!!

2023, ഫെബ്രുവരി 16, വ്യാഴാഴ്‌ച

വിളിക്കുമ്പൊ 
ഓടിവന്ന് മുന്നിൽ നിക്കും.
അവളുടെ വിരൽ 
പതിയുമ്പൊ 
തലമുടിയിഴകൾ, 
കാറ്റിനെയഴിച്ചുവിട്ട് 
ഒതുങ്ങിക്കിടക്കും.
കണ്ണുകൾ, 
കണ്ടിട്ടില്ലാത്ത 
ഒരു സ്വപ്നത്തിലേക്ക് 
ആ വിരലുകൾക്കൊപ്പം 
പതിയെ നീന്താൻ 
തുടങ്ങും.
ചുണ്ടുകൾ, 
ഒരു പൂവ് 
അത്രയുമത്രയും 
മനോഹാരിതയോടെ 
ആ വിരൽത്തുമ്പിൽ  
വിടരുന്നതുപോലെയും.
 
മരിച്ചവളുടെ 
വിരലുകൾക്കെന്തൊരു തണുപ്പാണ്.

2023, ഫെബ്രുവരി 4, ശനിയാഴ്‌ച

ഒര് 
കിനാവെടുത്ത് 
രാത്രിയെ 
തുഴഞ്ഞു തുഴഞ്ഞ് 
മറുകരയെത്തിച്ച്,
കടവിലൊറ്റക്കിരിക്കുന്ന
പകലിന്റെ 
കുപ്പായമഴിച്ചുമാറ്റി 
ചൂടുകായാനിരുത്തി,
വെയിലിന്റെ വിയർപ്പാറ്റി 
കഞ്ഞി പകർന്ന്,
സിന്ധൂരച്ചെപ്പിൽ-
നിന്നൊരു നുള്ളെടുത്ത്
ആകെ ചുവന്ന്,
വീണ്ടുമൊരു കിനാപ്പെയ്ത്തിനെ 
കിനാവുകണ്ട്......................



2023, ഫെബ്രുവരി 2, വ്യാഴാഴ്‌ച

മുറ്റത്തു നിക്കുന്ന-
മാവിന്റെ കൊമ്പില് 
പൊതിഞ്ഞുവെച്ചിരുന്ന- 
കാറ്റിനെ 
ആരോ 
അഴിച്ചെടുത്തിരിക്കുന്നു.
കൂടെയുണ്ടായിരുന്ന 
മണങ്ങൾ 
വഴി മറന്നിട്ടാവും 
പൂക്കളുടെ നെറുകയിൽ 
പറ്റിപ്പിടിച്ചിരിപ്പുണ്ട്.
അവളറിഞ്ഞിട്ടുണ്ടാവില്ല.
കറുത്ത കുപ്പായങ്ങളും 
തുന്നിക്കൂട്ടിയെടുത്ത് 
പോയിട്ടുണ്ടവൾ,
മേഘങ്ങളെയണിയിച്ച് 
അവരെ കൂടുതുറന്നുവിടാൻ.
അവൾ.......
പണ്ടേക്കു പണ്ടേ
മഴതീണ്ടി മരണപ്പെട്ടതാത്രെ.


2023, ജനുവരി 31, ചൊവ്വാഴ്ച

നിലാവിന്
ഇത്രയും ഭംഗിയായി 
ചിരി വരച്ചതാരായിരിക്കും 
അവളല്ല 
അവൾ.......
രാത്രിക്ക് കണ്ണെഴുതുന്നവൾ,
പണ്ടേക്കു പണ്ടേ 
വെയില് തീണ്ടി തീപ്പെട്ടവൾ.


2023, ജനുവരി 25, ബുധനാഴ്‌ച

നിലത്തുകിടന്ന്
അവളുറങ്ങുന്നു,
ഉയർന്നുതാഴുന്ന ഒച്ചകൾക്ക്
നടുവിൽ 
ഒരു ശ്വാസംകൊണ്ടുപോലും
ഉറക്കത്തെയുണർത്താതെ.

ഒച്ചവെക്കുന്നേരം 
തെല്ലിട അടുക്കളയെ 
ഒക്കത്തുനിന്നടർത്തിവെച്ച് 
ജനലഴികളിൽ ചേർന്നുനിന്ന് 
അത്രയും പ്രണയാർദ്രമായ് 
അവളെന്തോ......
വെയിലറിയാതെ 
വിയർപ്പുമണികളൊന്നൊന്നായ് 
പെറുക്കിയെടുക്കുമ്പൊ
ഒരു പൂവടരുന്ന ഒച്ചയിൽ 
അവളെന്തോ.....
കാണാതിരുന്നാൽ 
ഇലയനക്കങ്ങളിൽ കണ്ണുംനട്ട് 
ആരോടെന്നില്ലാതെ
അവളെന്തോ.....
പൂക്കളെയുറക്കുന്നേരം 
ചേലയൊന്നു പിടിച്ചുവലിച്ചാൽ 
ചുണ്ടത്ത് വിരൽവെച്ച് 
അവളെന്തോ.....
രാവുറങ്ങുന്നേരത്ത് 
ജനാലകളടയ്ക്കുമ്പൊ 
ആരും കേൾക്കാതെന്നോട് 
അവളെന്തോ.....

അത്രമേലത്രമേൽ വാചാലമായിരുന്നു 
മൗനംകൊണ്ടെഴുതിയിരുന്ന
ആ കവിതകൾ.

2023, ജനുവരി 15, ഞായറാഴ്‌ച

നിഴലിനെ പിടിച്ച് 
കുറ്റിയിൽ കെട്ടിയിട്ട് 
പയ്യിനേം പിടിച്ചോണ്ട്,
പയ്യോ കാറ്റോ ചവിട്ടിമെതിച്ചതെന്നറിയാത്ത-
പുൽക്കൊടികളുടെ 
ഞരക്കത്തിനു മീതേ നടക്കെ, 
ആത്മഹത്യ ചെയ്തൊരു മഴത്തുള്ളി 
മരച്ചില്ലയിൽനിന്ന് 
ഉച്ചിയിൽത്തന്നെ വീണു ചിതറി.
ദൂരെനിന്നോടിവന്നൊരു- 
വെളിച്ചത്തിന്റെ പൊട്ട് 
സ്ഥാനംതെറ്റാതെ നെറ്റിയിൽവന്നിരിപ്പായി.
നാളെ നാളെയെന്നെന്തോ 
മന്ത്രിക്കുന്നതുപോലെ.
കയറില്ലാത്ത കൈവെള്ളയിൽ
മായാതെ നീലിച്ച തഴമ്പ്.
വീടണഞ്ഞിട്ടുണ്ടാവുമിപ്പൊ പയ്യ്. 
മുറ്റം മഷിയെഴുതാൻ
തുടങ്ങിയിരിക്കുന്നു.
കത്തിച്ചുവെച്ച വിളക്ക്
വെളിച്ചമഴിച്ചുടുത്ത് പുഴയിലിറങ്ങി 
കുളിച്ച് തുടിച്ച് രസിപ്പാണ്.
രാവ് കനക്കുംമുമ്പേ 
ഞാനൊന്നു വേഗം മുങ്ങിനിവരട്ടെ.
കരിയിലയിൽ
മഞ്ഞുതുളളികൾ 
താളമിടുന്നതിന്റെ ഒച്ച.
ചെവിയോർക്കെ കേൾക്കാം 
പച്ചയായൊരോർമ്മയിൽ  
മണ്ണ് തളിരിടുന്നതിന്റെ രാഗം.

2023, ജനുവരി 7, ശനിയാഴ്‌ച

നിന്റെ വിരലുകൾ 
എന്റെ പിൻകഴുത്തിൽ 
നേർരേഖകൾ വരയ്ക്കുമ്പോൾ 
എന്റെ വിരലുകൾ 
വരയ്ക്കുന്ന നേർരേഖകൾ 
പാമ്പുകളെപ്പോലെ മുറ്റത്ത് 
കെട്ടുപിണഞ്ഞ് ഇഴയാൻ തുടങ്ങും.
ചാഞ്ഞുകിടക്കുന്ന കൊമ്പിലേക്ക് 
പേടിച്ചരണ്ട കലപിലകൾ 
ചാടിക്കയറും.
പച്ചയിലകളിലേക്ക് 
നിറങ്ങൾ മുഖംമറയ്ക്കും.
പാട്ടൊഴിഞ്ഞ കിളിമരം 
പറക്കാനാവില്ലല്ലോന്ന് നിശ്വസിക്കും.
നീട്ടിപ്പിടിച്ചുവെച്ച തല,
തൊഴുത്ത് 
പൂർവ്വസ്ഥിതിയിലേക്കു മടക്കും.
കൊത്തിരസിച്ച്,
കൂവാൻ മറന്ന കൂട് 
തലകൾ പുറത്തേക്കിട്ട് രഹസ്യം
ചികയും.
വെളുത്ത മൂക്കുത്തി കുടഞ്ഞെറിഞ്ഞ്
മുക്കുറ്റിച്ചെടി തലതാഴ്ത്തിനിൽക്കും.

മറച്ചുപിടിക്കാൻ
ഒരു സാരിത്തലപ്പു മതിയെന്നിരിക്കെ
ഞാനെന്താണിങ്ങനെ.....?

നിനക്ക് വഴിയൊരുക്കാൻ
കിണറ്റിൻകരെ നിൽക്കുന്ന വരിക്ക- 
പ്ലാവിന്റെ   ഒരു ചില്ല മുറിച്ചുമാറ്റിയിട്ടുണ്ട്.

(പെരും നുണയാണെ,
ഒറ്റയ്ക്കൊന്ന് മുറ്റത്തേയ്ക്കിറങ്ങി
നടക്കാൻ കൊതിയായിട്ട് വയ്യ.)