ഉറങ്ങുംമുമ്പ് അച്ഛനാ കഥ പറഞ്ഞു തരാം - കുപ്പായത്തിന്റെയും ചെരുപ്പുകളുടെയും പഴയൊരു നാടോടിക്കഥ ...
ഇങ്ങനെ തുടങ്ങുന്നു സുദീപ് ( ന്യായാധിപൻ , പ്രശസ്തകഥാകാരി പ്രിയ .എ .എസ് ന്റെ
കൂടെപ്പിറപ്പ് ) സ്വന്തം മകൾ സുദീപ്തയ്ക്ക് ഒരു കഥ .....................
- പണ്ടൊരിക്കൽ ഒരു വീട്ടമ്മയ്ക്ക് ഒരു കഥയും ഒരു പാട്ടും അറിയാമായിരുന്നു.
പക്ഷേ അവർ ആ കഥ ആരോടും പറയാതെയും ആ പാട്ട് ആരോടും പാടാതെയും ഉള്ളിലടക്കി
വച്ചു.
അവരുടെ ഉള്ളിൽ തടവിലാക്കപ്പെട്ട കഥയും പാട്ടും പുറത്തു
കടക്കാനാകാതെ വീർപ്പുമുട്ടി. എങ്ങനെയെങ്കിലും പുറത്തു കടന്ന് ഓടി
രക്ഷപ്പെടാൻ അവ ആശിച്ചു. ഒരു നാൾ, വീട്ടമ്മ ഉറങ്ങുന്ന തക്കം നോക്കി, അവരുടെ
പാതി തുറന്ന വായിലൂടെ കഥ രക്ഷപ്പെട്ടു താഴെ വീണ്, ഒരു ജോഡി ചെരുപ്പുകളായി
രൂപം മാറി വാതിൽപ്പടിയിൽ ചെന്നിരുന്നു. പാട്ടും അതുപോലെതന്നെ രക്ഷപ്പെട്ട്
ഒരു കുപ്പായത്തിന്റെ രൂപമെടുത്ത്, വാതിലിനടുത്തുള്ള കുറ്റിയിൽ
തൂങ്ങിക്കിടന്നു.
അവിടെ കയറി വന്ന സ്ത്രീയുടെ ഭർത്താവ് വാതിലിനു പുറത്തെ കുപ്പായവും ചെരുപ്പുകളും കണ്ട് ഭാര്യയോടു ചോദിച്ചു:
- ആരാണിവിടെ വന്നിരിക്കുന്നത്?
- ആരുമില്ലല്ലോ.
അവൾ പറഞ്ഞു.
- അപ്പോൾ ഈ കുപ്പായവും ചെരുപ്പുകളും?
-എനിക്കറിയില്ല.
അയാൾക്കു സംശയം കലശലായി. വഴക്കായി. കോപം മൂത്ത ഭർത്താവ് വീട്ടിൽ
നിന്നിറങ്ങിപ്പോയി. അയാൾ ഉറങ്ങാനായി പോയത് തൊട്ടടുത്ത ഹനുമാൻ
ക്ഷേത്രത്തിലേയ്ക്കായിരുന്നു.
ആ സ്ത്രീ വീണ്ടും വീണ്ടും തനിയെ ചോദിച്ചു:
-ആരുടെയാണ് ആ കുപ്പായവും ചെരുപ്പുകളും?
അത്ഭുതവും സങ്കടവും തോന്നി അവർ വിളക്കണച്ച് ഉറങ്ങാൻ തുടങ്ങി.
ആ ഗ്രാമത്തിലെ വിളക്കുകളിലെ നാളങ്ങളെല്ലാം അണച്ചു കഴിഞ്ഞാലുടൻ ഹനുമാൻ
ക്ഷേത്രത്തിൽ സമ്മേളിച്ച് രാത്രി മുഴുവൻ വർത്തമാനം പറഞ്ഞിരിക്കുകയാണ്
പതിവ്. അന്ന് ഒരു നാളം മാത്രം വൈകിയാണെത്തിയത്.
മറ്റുള്ളവർ ചോദിച്ചു:
- ഇന്നെന്തേ ഇത്ര വൈകാൻ?
നാളം പറഞ്ഞു:
-ഞങ്ങളുടെ വീട്ടിലെ ഭാര്യയും ഭർത്താവും രാത്രി വൈകുവോളം വഴക്കിടുകയായിരുന്നു.
- അവരെന്തിനാണു വഴക്കിട്ടത്?
- ഭർത്താവ് വീട്ടിലില്ലാത്ത നേരത്ത് ഒരു ജോഡി ചെരുപ്പുകളും ഒരു കുപ്പായവും
വാതിൽക്കൽ ഉണ്ടായിരുന്നു. അവ ആരുടേതാണെന്നു ഭർത്താവു ചോദിച്ചു.
അറിയില്ലെന്നു ഭാര്യ പറഞ്ഞു. അങ്ങനെ വഴക്കായി.
- എവിടുന്നാണാ ചെരുപ്പുകളും കുപ്പായവും വന്നത്?
- ആ വീട്ടമ്മയ്ക്ക് ഒരു കഥയും പാട്ടും അറിയാമായിരുന്നു. അവരാകട്ടെ ആരോടും ആ
കഥ പറയുകയോ ആ പാട്ടുപാടുകയോ ചെയ്തില്ല. അവരുടെ അകത്തിരുന്നു
വീർപ്പുമുട്ടിയ കഥയും പാട്ടും വല്ല വിധേനയും പുറത്തു കടന്ന് ചെരുപ്പും
കുപ്പായവുമായി മാറി ആ സ്ത്രീയോടു പകരംവീട്ടി. പക്ഷേ ആ കാര്യം ആ സ്ത്രീ
അറിഞ്ഞതുമില്ല.
ക്ഷേത്രത്തിൽ കിടക്കുകയായിരുന്ന ഭർത്താവ്
തീനാളങ്ങളുടെ വർത്തമാനം കേട്ടു. അയാളുടെ സംശയം മാറി. പുലർച്ചെ അയാൾ വീട്ടിൽ
തിരിച്ചെത്തി. അയാൾ ഭാര്യയോട് ആ കഥയെക്കുറിച്ചും പാട്ടിനെക്കുറിച്ചും
ചോദിച്ചു. പക്ഷേ അവർ അപ്പോഴേയ്ക്കും അക്കാര്യം മറന്നു പോയിരുന്നു.
- എന്തു കഥ?ഏതു പാട്ട്?
അവർ ചോദിച്ചു.
--------------------------------------------------
കരയാതിരിക്കാനാവില്ലെന്ന് വീണ്ടും ....
ചെരുപ്പുകളായി രൂപം മാറിയ കഥയും,കുപ്പായമായി രൂപം മാറിയ പാട്ടും
എവിടെയൊക്കെയോ നിഴൽപരത്തി , വീണ്ടെടുക്കാനാവാത്ത ഒരു കാലത്തെ
മുന്നിൽ കൊണ്ടുവെച്ച് , കൊതിപ്പിച്ച് ഓർമ്മകളുടെ കയത്തിലേയ്ക്ക്
എന്നെ വീണ്ടും .!
പഠിത്തം മാത്രമെന്ന് കേട്ടെഴുതിയ കാലത്തെ
നിഷേധിയാകാൻ കഴിയാതെ പോയ കാലത്തെ
വായനയെ വസന്തമെന്നു പേരിട്ട് വിളിച്ച കാലത്തെ
രഹസ്യമായി കുറിച്ചിട്ട വരികളിൽ മഴവില്ല് വിരിയുന്നത്
നോക്കിനിന്ന് നനഞ്ഞ കാലത്തെ ഓർത്തെടുക്കുമ്പോൾ ..
ചാരമായ വരികൾക്ക് ഏറെ പ്രായമായിരിക്കുന്നു .
' - എന്തു കഥ?ഏതു പാട്ട്?'.........എവിടെ തിരഞ്ഞാലാണ് കിട്ടുക ?
ഒരു തീനാളത്തിനും അവരെ മുന്നിൽ കൊണ്ട് നിർത്താനാവില്ലെന്നു
അറിഞ്ഞുകൊണ്ടുതന്നെ , ആരോടെന്നില്ലാതെ ഞാൻ ..............